UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ടാഗോറിന്റെ മരണവും ഗുവാഡല്‍ കനാല്‍ യുദ്ധവും

Avatar

1941 ആഗസ്റ്റ് 7 

രബീന്ദ്രനാഥ് ടാഗോര്‍ അന്തരിച്ചു

നവഭാരതത്തിലെ അതുല്യനായ സാഹിത്യകാരനും 1913 ല്‍ യൂറോപ്പിന് പുറത്ത് നിന്ന് ആദ്യമായി സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം നേടുകയും ചെയ്ത രബീന്ദ്രനാഥ് ടാഗോര്‍ 1941 ആഗസ്റ്റ് 7 ന് കല്‍ക്കട്ടയില്‍ അന്തരിച്ചു. ഇതിഹാസ തുല്യനായ ഈ വാഗ്മി രണ്ടു സ്വതന്ത്ര രാജ്യങ്ങളിലെ ദേശീയഗാനങ്ങളുടെ രചയിതാവ് കൂടിയാണ്. ഭാരതത്തിന്റെ ജനഗണമന, ബംഗ്ലാദേശിന്റെ അമര്‍ സോനാര്‍ ബംഗ്ല എന്നിവയാണ് ഗുരുദേവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടാഗോര്‍ രചിച്ചത്.

1861 മേയ് 7 ന് കല്‍ക്കട്ടയിലാണ് ടാഗോര്‍ ജനിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബമാണ് ബ്രഹ്മ സമാജം, അദി ധരം എന്നിവ സ്ഥാപിക്കുന്നത്. ചെറുപ്പത്തില്‍ ഇംഗ്ലണ്ടിലേക്ക് പോയ ടാഗോര്‍ അവിടെ ലണ്ടന്‍ സര്‍വകലാശാല കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാതെ ഇന്ത്യയിലേക്ക് മടങ്ങിപ്പോരുകയായിരുന്നു. 1880 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ടാഗോറിന്റെ ആദ്യ കവിതാസമാഹാരമായ ‘മാനസി’ പ്രസിദ്ധീകരിക്കുന്നത് 1890ല്‍ ആണ്.

1901ല്‍ ടാഗോര്‍ ശാന്തിനികേതനില്‍ ഒരു ആശ്രമം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കൃതികളായ ‘ഘൊറെ ബായിരെ'( വീടും ലോകവും),’ഗോറ'(സുന്ദരന്‍), ‘ചോക്കര്‍ ബാലി( മിഴികളിലെ മണ്ണ്), ‘ശേഷേര്‍ കൊബിത'( അവസാനത്തെ കവിത) എന്നിവ ബംഗാളിലും പുറത്തും ഗൃഹനാമങ്ങളായി തീര്‍ന്നിട്ടുണ്ട്. കവിതാസമാഹരമായ ‘ഗീതാഞ്ജലി’ക്കാണ് അദ്ദേഹം നോബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായിത്തീര്‍ന്നത്.

1942 ആഗസ്റ്റ് 7 

ഗുവാഡല്‍കനാല്‍ യുദ്ധം ആരംഭിച്ചു

രണ്ടാം ലോകമഹായുദ്ധം അതിന്റെ പാരമ്യതയിലെത്തുന്നത് 1941 ഡിസംബറില്‍ അമേരിക്കയുടെ പസഫിക് സമുദ്രത്തിലെ ഹവായില്‍ സ്ഥിതി ചെയ്യുന്ന നാവികസേന കേന്ദ്രമായ പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിക്കുന്നതോടെയാണ്. ജപ്പാന്റെ ആക്രമണത്തില്‍ മാരകമായ നാശം വിതയ്ക്കപ്പെട്ട പേള്‍ ഹാര്‍ബറില്‍ അമേരിക്കയുടെ മുഴുവന്‍ പടക്കപ്പലുകളും തകര്‍ക്കപ്പെട്ടിരുന്നു. ഈ വിജയത്തോടെ പിടിച്ചുനിര്‍ത്താന്‍ പറ്റാത്തതരത്തിലുള്ള മുന്നേറ്റം നടത്തിയ ജപ്പാന്‍ സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഫിലിപ്പൈന്‍സ്, തായ്‌ലാന്‍ഡ്, മലയ, സിംഗപ്പൂര്‍, ഗുവാം എന്നിവിടങ്ങളിലെ നിയന്ത്രണവും തങ്ങളുടെ വരുതിയിലാക്കി. ജപ്പാന്റെ ഈ മുന്നേറ്റം തടയാന്‍ ഇതോടെ സഖ്യകക്ഷികള്‍ തീരുമാനിച്ചു.

പസഫിക് സമുദ്രത്തില്‍ ജപ്പാന്‍ താവളമാക്കിയ സോളമന്‍ ദ്വീപുകള്‍ തിരിച്ചുപിടിക്കാന്‍ സഖ്യകക്ഷികള്‍ തീരുമാനിച്ചു. തെക്കന്‍ സോളമന്‍ ദ്വീപുകള്‍, തുലാഗി, ഫ്‌ളോറിഡ ദ്വീപുകള്‍ എന്നിവയായിരുന്നു സഖ്യസേനയുടെ ആദ്യലക്ഷ്യങ്ങള്‍. തുലാഗി ജപ്പാന്റെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു. 1942 ആഗസ്റ്റ് 7 ന് ഗുവാഡല്‍ കനാല്‍ യുദ്ധം ആരംഭിച്ചു. ജപ്പാന്‍ സാമ്രാജ്യത്തിനെതിരെ സഖ്യസേനയുടെ ആദ്യ ആക്രമണം ഇതായിരുന്നു.

അമേരിക്കയുടെ വന്‍ സൈന്യം ആഗസ്റ്റ് 7 ന് ഗുവാഡല്‍ കനാല്‍, തുലഗി, ഫ്‌ളോറിഡ ദ്വീപുകളില്‍ എത്തി. അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള ജപ്പാന്റെ ആധിപത്യം അവസാനിപ്പിക്കുക എന്നതായിരുന്ന സഖ്യസേനയുടെ ഉന്നം. സംഖ്യാബലത്തില്‍ മുന്നില്‍ നിന്ന സഖ്യസേനയുടെ ആക്രമണത്തില്‍ ജപ്പാന്‍ തളര്‍ന്നു.

ചരിത്രത്തില്‍ പിന്നീട് ഹെന്‍ഡേഴ്‌സണ്‍ ഫീല്‍ഡ് എന്നറിയപ്പെട്ട മേഖലയില്‍ സഖ്യസേന വ്യോമാക്രമണം നടത്തി. ഹെന്‍ഡേഴ്‌സണ്‍ ഫീല്‍ഡില്‍ നിന്ന് പിടിവിടാതിരിക്കാനായി 1942 ആഗസ്റ്റ് മുതല്‍ നവംബര്‍ വരെ തങ്ങളെക്കൊണ്ട് ആവുന്നവിധത്തില്‍ ജപ്പാന്‍ സേന പൊരുതി. പലതവണ ജപ്പാന്റെ യുദ്ധവിമാനങ്ങള്‍ ദ്വീപില്‍ ആക്രമണം നടത്തി. നാവിക ശക്തിയും കാര്യമായി ഉപയോഗിച്ചു. 1942ല്‍ ഗുവാഡല്‍ കനാലിലെ അവസാന അങ്കത്തില്‍ കരയില്‍ നിന്നും കടലില്‍ നിന്നും ഒരു പോലെ സഖ്യസേനയ്ക്കെതിരെ ജപ്പാന്‍ പട നയിച്ചെങ്കിലും തോല്‍ക്കാനായിരുന്നു അവരുടെ വിധി. 1943ല്‍ സഖ്യസേനയുടെ ആക്രമണത്തിന് മൂര്‍ച്ചയേറിയതോടെ ജപ്പാന്റെ പരാജയം പൂര്‍ണമാവുകയും ദ്വീപുകള്‍ സഖ്യസേനയുടെ കൈകളിലാവുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍