UPDATES

പ്രവാസം

താന്‍ വംശീയമായി ആക്രമിക്കപ്പെട്ടത് ‘ട്രംപ് സ്വാധീനം’ മൂലമെന്ന് കോട്ടയം സ്വദേശി

‘തന്തയില്ലാത്ത കറുത്ത ഇന്ത്യക്കാര്‍’ എന്ന് ആക്രോശിച്ചുകൊണ്ടാണ് അഞ്ചംഗ സംഘം ലി മാക്‌സിനെ മര്‍ദ്ദിച്ചത്

താന്‍ വംശീയമായി ആക്രമിക്കപ്പെട്ടത് ‘ഡൊണാള്‍ഡ് ട്രംപ് സ്വാധീനം,’ മൂലമാണെന്ന് ഓസ്‌ട്രേലിയയില്‍ ആക്രമണത്തിനിരയായ കോട്ടയം പുതുപ്പള്ളി സ്വദേശി ലി മാക്‌സ് ജോയ് മാധ്യമങ്ങളോട് പറഞ്ഞു. ഹൊബാര്‍ട്ടിലെ ഒരു റസ്റ്റോറന്റില്‍ വച്ച് ഒരു സംഘം കൗമാരക്കാരാണ് ഇന്ത്യക്കാരനല്ലെ എന്ന് ചോദിച്ചുകൊണ്ട് ലി മാക്‌സിനെ ശനിയാഴ്ച രാത്രിയില്‍ മര്‍ദ്ദിച്ചത്. ഓസ്‌ട്രേലിയയിലെ വംശീയ മനോഭാവങ്ങളില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വംശീയ അധിക്ഷേപങ്ങള്‍ സാധാരണമായി വരികയാണ്.

‘തന്തയില്ലാത്ത കറുത്ത ഇന്ത്യക്കാര്‍’ എന്ന് ആക്രോശിച്ചുകൊണ്ടാണ് അഞ്ചംഗ സംഘം ലി മാക്‌സിനെ മര്‍ദ്ദിച്ചതെന്ന് മെര്‍ക്കുറി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ റസ്‌റ്റോറന്റില്‍ എത്തുമ്പോള്‍ സംഘം മാനേജരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് 33 കാരനായ ഈ ടാക്‌സി ഡ്രൈവര്‍ പറഞ്ഞു. തന്നെ ശ്രദ്ധയില്‍ പെട്ടതോടെ സംഘം തനിക്കെതിരെ തിരിയുകയായിരുന്നു. കാര്‍ പാര്‍ക്കില്‍ വച്ചും പിന്നീട് റസ്റ്റോറന്റിന് അകത്ത് വെച്ചും ഏകദേശം നാല്‍പത് മിനിട്ടോളം മര്‍ദ്ദനം തുടര്‍ന്നു. ഗുരുതരമായി പരിക്കേറ്റ് ലി മാക്‌സിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം പോലീസിന് പരാതിപ്പെട്ടത്.

ഡ്രൈവര്‍മാരാണ് വംശീയ അധിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാവുന്നതെന്നും എ്ന്നാല്‍ പലരും പോലീസില്‍ പരാതിപ്പെടാന്‍ മടിക്കുകയാണെന്നും ലി മാക്‌സ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയും തനിക്ക് സമാനമായ ഒരനുഭവം ഉണ്ടായതായി എട്ടുവര്‍ഷമായി ഹൊബാര്‍ട്ടില്‍ താമസിക്കുന്ന ലി മാക്‌സ് പറഞ്ഞു. ഗ്ലെനോറിയില്‍ അദ്ദേഹം വണ്ടിയുമായി കാത്തിരിക്കുമ്പോള്‍ ഒരു പ്രൈമറി സ്‌കൂള്‍ കുട്ടി വായില്‍ വെള്ളം നിറച്ചിട്ട് അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുകയായിരുന്നു. സംഭവങ്ങള്‍ വിവരിച്ചുകൊണ്ട് വിശദമായ ഒരു ഇ-മെയില്‍ അദ്ദേഹം വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അയച്ചിട്ടുണ്ട്. ഹൊബാര്‍ട്ടില്‍ വച്ച് കഴിഞ്ഞ ജൂണില്‍ നാല് പേര്‍ ചേര്‍ന്ന് മറ്റൊരു ടാക്‌സി ഡ്രൈവര്‍ വംശീയമായി ആക്രമിക്കപ്പെട്ടിരുന്നു.

അതേ സമയം ഇന്ത്യാക്കാരന് നേരെയുണ്ടായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച ഓസ്ട്രേലിയന്‍ ഗവണ്‍മെന്‍റ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍