UPDATES

വിദേശം

അമേരിക്കയില്‍ തുടരുന്ന വംശീയാധിക്ഷേപങ്ങള്‍; ഹോംങ്കോങ് വിദ്യാര്‍ത്ഥിക്ക് മുട്ടയേറ്

Avatar

മൈക്കല്‍ ഇ മില്ലര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ഹോങ്കോങ്ങില്‍ നിന്ന് സൗത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെത്താന്‍ ഇവാന്‍ സാങ്ങിനു പ്രചോദനമായത് അവിടത്തെ സൗമ്യമായ കാലാവസ്ഥ മാത്രമായിരുന്നില്ല. പഠനം പോലുമായിരുന്നില്ല. സ്വന്തമെന്നു തോന്നുന്ന ഒരു സ്ഥലം അന്വേഷിക്കുകയായിരുന്നു സാങ്. സൗത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ തിളയ്ക്കുന്ന ക്യാംപസില്‍ അതു കണ്ടത്തിയതായി സാങ്ങിനു തോന്നി.

‘ഞാന്‍ സൗത്ത് കരോലിന യൂണിവേഴ്‌സിറ്റി തിരഞ്ഞെടുത്തത് വംശവിദ്വേഷമെന്ന യാഥാര്‍ത്ഥ്യത്തില്‍നിന്നു രക്ഷപ്പെeടാനാണ്. കൂടുതല്‍ കാലാനുസൃതവും വൈവിധ്യം നിറഞ്ഞതുമായ സമൂഹത്തില്‍ ഇഴുകിച്ചേരാനാകുമെന്ന പ്രതീക്ഷയിലാണ്,’ ഫേസ്ബുക്കില്‍ സാങ് ഇങ്ങനെ എഴുതി.

‘എനിക്കു തെറ്റിപ്പോയെന്നു തോന്നുന്നു.’

കഴിഞ്ഞ ശനിയാഴ്ച രാത്രി സഹപാഠി എറിഞ്ഞ മുട്ടകള്‍ക്കൊപ്പം പൊട്ടിയത് സാങ്ങിന്റെ പ്രതീക്ഷകള്‍ കൂടിയാണ്. മുട്ടയ്‌ക്കൊപ്പം വംശവിദ്വേഷം നിറഞ്ഞ വാക്കുകളും സാങ്ങിനു നേരെ പാഞ്ഞുവന്നു.

മൂന്നുമുട്ടകളാണ് സഹപാഠി എറിഞ്ഞതെന്ന് സാങ് ഫേസ്ബുക്കില്‍ പറയുന്നു. സര്‍വകലാശാല ഉടന്‍തന്നെ സംഭവത്തെ അപലപിച്ചു.

‘ഞായറാഴ്ച രാവിലെ സൗത്ത് കരോലിന യൂണിവേഴ്‌സിറ്റി സമൂഹത്തിലെ ഒരാള്‍ വിവേചനവും മുന്‍വിധിയും നിറഞ്ഞ പെരുമാറ്റത്തിനിരയായെന്ന് അറിയിച്ചു. അത് ഭീഷണിപ്പെടുത്തലും മനസാക്ഷിക്കു നിരക്കാത്തതുമാണ്,’ വിദ്യാര്‍ത്ഥികാര്യങ്ങള്‍ക്കുള്ള വൈസ് പ്രസിഡന്റ് ഐന്‍സ്ലി കാരി ഞായറാഴ്ച രാത്രി വിദ്യാര്‍ത്ഥികള്‍ക്കയച്ച പ്രസ്താവനയില്‍ പറഞ്ഞു. ‘ക്യാംപസിലെ താമസസ്ഥലത്തിനടുത്ത് ഇരിക്കുമ്പോള്‍ മുട്ടയേറും വംശീയ അധിക്ഷേപവും നേരിട്ടതായി ഒരു ബിരുദ വിദ്യാര്‍ത്ഥി അറിയിച്ചിട്ടുണ്ട്. അത് ലജ്ജാകരമാണ്. ഇത്തരം പെരുമാറ്റം യൂണിവേഴ്‌സിറ്റി ഒരിക്കലും അനുവദിക്കില്ല.’

ലോസ് ആഞ്ചലസ് പൊലീസും സംഭവത്തെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്.

ആറുമാസം മുന്‍പ് മറ്റൊരു ഏഷ്യന്‍ വിദ്യാര്‍ത്ഥിയും ഇവിടെ വംശീയ അധിക്ഷേപത്തിനു വിധേയയായിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റിനു നേരെ പാനീയം എറിയുകയും അധിക്ഷേപം നടത്തുകയുമാണ് അന്നുണ്ടായത്.

ദീര്‍ഘകാലമായി അമേരിക്കയില്‍ ഏഷ്യക്കാരും ഏഷ്യന്‍ അമേരിക്കക്കാരും നേരിടുന്ന വംശീയ അധിക്ഷേപത്തെപ്പറ്റി പരാതികളുണ്ട്. ഓസ്‌കറില്‍ ഏഷ്യക്കാരെപ്പറ്റിയുള്ള ക്രിസ് റോക്കിന്റെ വിവാദപരാമര്‍ശങ്ങളും ന്യൂയോര്‍ക്കില്‍ ചൈനീസ് അമേരിക്കന്‍ പൊലീസുകരന്റെ നരഹത്യാ കുറ്റവിധിയുമെല്ലാം ഇതില്‍പ്പെടും.

യൂണിവേഴ്‌സിറ്റിയില്‍ അക്രമത്തിന് ഇരയായ ഇരുവിദ്യാര്‍ത്ഥികളുടെയും പ്രതിരോധനിലപാട് വംശീയതയോട് ഏഷ്യന്‍ അമേരിക്കക്കാരുടെ ചെറുത്തുനില്‍പ് വ്യക്തമാക്കുന്നു.

ഏഷ്യക്കാരോടുള്ള അമേരിക്കക്കാരുടെ വിരോധം 19ാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ പുറത്തുവന്നിട്ടുള്ളതാണ്. ചൈനയില്‍നിന്നുള്ള കരാര്‍ തൊഴിലാളികളായിരുന്നു പ്രധാന ഇരകള്‍. സ്വര്‍ണഖനികളിലും ഭൂഖണ്ഡത്തിനു കുറുകെയുള്ള റയില്‍പ്പാതയിലും പണിയെടുത്തിരുന്ന ഇവര്‍ കൂലികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.  ഇടുങ്ങിയതും പട്ടിണി നിറഞ്ഞതുമായ സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ഇവര്‍ കുടിയേറ്റക്കാര്‍ക്കെതിരായ അക്രമങ്ങള്‍ക്കിരയായി. 1871ല്‍ 17 ചൈനക്കാര്‍ കൊല്ലപ്പെട്ടത് ഇതില്‍പ്പെടും.

തുടര്‍ന്നുള്ള നൂറ്റാണ്ടില്‍ യുഎസ് സര്‍ക്കാരും ഇവര്‍ക്കെതിരെ വ്യക്തമായ വിവേചനം കാണിച്ചു. 1882ല്‍ കോണ്‍ഗ്രസ് ‘ചൈനീസ് എക്‌സ്‌ക്ലൂഷന്‍ ആക്ട്’ പാസാക്കി. ഈ നിയമം 60 വര്‍ഷം നിലനിന്നു. ദേശീയത അനുസരിച്ച് ആളുകളെ ഒഴിവാക്കാനുള്ള ഏക ഫെഡറല്‍ നിയമമായിരുന്നു ഇത്. 1923ല്‍ ദക്ഷിണേഷ്യക്കാരെ സ്വാഭാവിക പൗരന്മാരായി കാണാനാവില്ലെന്ന് സുപ്രിം കോടതി വിധിച്ചു. അവര്‍ വെളുത്തവരല്ല എന്നതായിരുന്നു കാരണം.

ഏഷ്യന്‍ കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും താമസിക്കുന്ന കലിഫോര്‍ണിയയില്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാണ്. 1913ല്‍ സംസ്ഥാനം പാസാക്കിയ ‘ഏലിയന്‍ ലാന്‍ഡ് ലോ’ നിരവധി ഏഷ്യക്കാര്‍ക്ക് സ്വത്തും ബിസിനസും നഷ്ടമാകാന്‍ ഇടയാക്കി.

‘എനിക്കും കുട്ടികള്‍ക്കുമായി ഞാന്‍ എന്താണ് ഉണ്ടാക്കിയിരിക്കുന്നത്?’, സാന്‍ ജോസിലെ ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരന്‍ 1928ല്‍ തന്റെ ആത്മഹത്യക്കുറിപ്പില്‍ ഇങ്ങനെ എഴുതി. ‘ഞങ്ങള്‍ക്ക് അവകാശങ്ങളില്ല. മാനക്കേടും അപമാനങ്ങളും മാത്രം. ആരാണ് ഇതിന് ഉത്തരവാദി? ഞാനും അമേരിക്കന്‍ സര്‍ക്കാരും. ഈ വഴിയില്‍ തടസങ്ങള്‍, ആ വഴിയില്‍ തടസങ്ങള്‍. ബന്ധങ്ങള്‍ ഇല്ലാതായിരിക്കുന്നു.’

ജാപ്പനീസ് അമേരിക്കക്കാരെ തടവിലാക്കിയ ലോകമഹായുദ്ധകാലത്ത് നിയമപരമായ വിവേചനം പരകോടിയിലെത്തി. പിന്നീട് പൗരാവകാശ സമരങ്ങളും 1965ലെ ‘ഇമിഗ്രേഷന്‍ ആന്‍ഡ് നാഷനാലിറ്റി ആക്ടും’ ഇവയെ ഇല്ലാതാക്കി. എന്നാല്‍ ഏഷ്യക്കാര്‍ക്കു നേരെ ശാരീരികമായും വാക്കുകള്‍ കൊണ്ടുമുള്ള ആക്രമണം ഇപ്പോഴും തുടരുകയാണ്.

പ്രചാരണത്തിനിടെ ഡൊണാള്‍ഡ് ട്രംപ് ഏഷ്യക്കാരെ കളിയാക്കി. ജെബ് ബുഷ് ‘ആന്‍കര്‍ ബേബികള്‍’ എന്നാണ് അവരെ വിശേഷിപ്പിച്ചത്.

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനം ആഫ്രിക്കന്‍ അമേരിക്കക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി ഉറക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ അതേ പ്രശ്‌നങ്ങള്‍ നിശബ്ദരായി സഹിക്കുകയാണ് ഏഷ്യക്കാരെന്ന് പല ഏഷ്യന്‍ അമേരിക്കക്കാരും കരുതുന്നു. ഒരു യേല്‍ ഏഷ്യന്‍ അമേരിക്കന്‍ ഗവേഷകന്‍ ഈയിടെ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘ ഏഷ്യക്കാര്‍ക്കും ഏഷ്യന്‍ അമേരിക്കക്കാര്‍ക്കുമെതിരെയുള്ള വംശീയ അധിക്ഷേപം ഇപ്പോഴും നിങ്ങള്‍ക്ക് രക്ഷപെടാവുന്ന മുന്‍വിധിയാണ്.’

ഓസ്‌കര്‍ ഹോസ്റ്റ് ക്രിസ് റോക്ക് അമേരിക്കന്‍ വംശബന്ധങ്ങളെപ്പറ്റി നടത്തിയ ആത്മഗതത്തില്‍ ഏഷ്യക്കാരെപ്പറ്റിയുള്ള നിലവാരമില്ലാത്ത തമാശകളും ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ വാദം വീണ്ടും ശക്തമായി. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫിസര്‍ പീറ്റര്‍ ലിയാങ് നരഹത്യാക്കേസില്‍ കുറ്റക്കാരനാണെന്നു വിധിക്കപ്പെട്ടപ്പോള്‍ ആയിരക്കണക്കിന് ചൈനീസ് അമേരിക്കക്കാരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സമാനമായ സംഭവങ്ങളില്‍ നിരവധി വെളുത്ത വര്‍ഗക്കാര്‍ കുറ്റവിമുക്തരാക്കപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ഏഷ്യക്കാര്‍ക്കും ഏഷ്യന്‍ വംശജര്‍ക്കുമെതിരെയുള്ള വിവേചനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഏറ്റവും തീവ്രമായത് അമേരിക്കന്‍ കോളജ് ക്യാംപസുകളിലാണ്. പ്രത്യേകിച്ച് ജനസംഖ്യയുടെ 11 ശതമാനം ഏഷ്യക്കാരായ കലിഫോര്‍ണിയയില്‍. യൂണിവേഴ്‌സിറ്റി ക്യാംപസുകളില്‍ ശതമാനക്കണക്ക് മിക്കവാറും ഇരട്ടിയാണ്. സൗത്ത് കരോലിന യൂണിവേഴ്‌സിറ്റിയില്‍ 18 ശതമാനം വിദ്യാര്‍ത്ഥികള്‍ ഏഷ്യക്കാരാണ്.

2011ല്‍ ഒരു വെളുത്ത വിദ്യാര്‍ത്ഥി യുട്യൂബില്‍ പോസ്റ്റ് ചെയ്ത മൂന്നു മിനിറ്റ് വിഡിയോ വിവാദമായിരുന്നു. ജപ്പാനില്‍ സുനാമിയും ഭൂകമ്പവുമുണ്ടായപ്പോള്‍ ലൈബ്രറിയില്‍ നിന്ന് ഏഷ്യന്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളിലേക്കു ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വിഡിയോയില്‍. ലൈബ്രറിയില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നു എന്നായിരുന്നു അലെക്‌സാന്ദ്ര വാലസിന്റെ പരാതി.

‘ഓരോ വര്‍ഷവും സൗത്ത് കരോലിന യൂണിവേഴ്‌സിറ്റി പ്രവേശനം നല്‍കുന്ന ഏഷ്യക്കാരാണ് പ്രശ്‌നം,’ ഏഷ്യക്കാരുടെ ഭാഷയെ അനുകരിച്ച് അലെക്‌സാന്ദ്ര വാലസ് പറഞ്ഞു. ‘സൗത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലേക്കു വരികയാണെങ്കില്‍ അമേരിക്കന്‍ മര്യാദകള്‍ പാലിക്കുക.’

വാലസിന്റെ വിഡിയോ പരക്കെ പ്രതിഷേധമുണ്ടാക്കി. പിന്നീട് വാലസ് മാപ്പുപറയുകയും ചെയ്തു.

പിന്നീട് പലതവണ ഈ പ്രശ്‌നം ഉയര്‍ന്നിട്ടുണ്ട്. സൗത്ത് കരോലിന യൂണിവേഴ്‌സിറ്റിയില്‍ രണ്ടു തവണ ഉള്‍പ്പെടെ. സെപ്റ്റംബറില്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് റിനി സമ്പത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്ന് വീട്ടിലേക്കു പോകുമ്പോള്‍ ആരോ വീടിന്റെ ജനാലയിലൂടെ പാനീയക്കുപ്പി എറിയുകയും അധിക്ഷേപകരമായ വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു.

‘ഇത് മറ്റൊരാള്‍ക്കാണു സംഭവിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു എന്നാണ് ഞാന്‍ ആലോചിക്കുന്നത്’ അടുത്ത ദിവസം റിനി ഫേസ്ബുക്കില്‍ കുറിച്ചു. ‘ ഇക്കാര്യമാണ് എന്നെ അസ്വസ്ഥതപ്പെടുത്തുന്നത്. ഇങ്ങനെയാണോ അവര്‍ നമ്മെ കാണുന്നത്? തൊലിയുടെ നിറം മാത്രം?’

ശനിയാഴ്ച ഇര സാങ്ങായിരുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹൗസിങ് കോംപ്ലക്‌സായ കാര്‍ഡിനല്‍ ഗാര്‍ഡന്‍സിനടുത്ത കമ്യൂണിറ്റി ഫയര്‍പ്ലേസില്‍ ഇരിക്കുകയായിരുന്നു സാങ്. തൊപ്പി വച്ച ഒരു വിദ്യാര്‍ത്ഥി സാങ്ങിനുനേരെ അധിക്ഷേപം തുടങ്ങി. പിന്നീട് ഒരു മുട്ട സാങ്ങിനടുത്തുവീണു പൊട്ടി.

‘അത് ഞാന്‍ കാര്യമായെടുത്തില്ല. പക്ഷേ പിന്നീട് അവര്‍ തിരിച്ചുവന്ന് രണ്ടാമതൊരു മുട്ട എനിക്കു നേരെ എറിഞ്ഞു. ‘ചിങ് ചോങ്  ഇവിടെത്തന്നെയുണ്ടല്ലോ’ എന്നു പറഞ്ഞായിരുന്നു തുടക്കം. മൂന്നാമതൊരു മുട്ടയും കൂടുതല്‍ അധിക്ഷേപങ്ങളും തുടര്‍ന്നു,’ സാങ് പറഞ്ഞു.

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിയായ താന്‍ ഇതാദ്യമായല്ല വംശീയ അധിക്ഷേപത്തിനു വിധേയനാകുന്നതെന്ന് സാങ് പറഞ്ഞു. പക്ഷേ സംരക്ഷിതമേഖലയായ കമ്യൂണിറ്റി പ്ലേസില്‍ ഇതു സംഭവിച്ചത് ഞെട്ടലുണ്ടാക്കുന്നു. ‘ സുരക്ഷിതനാണെന്ന തോന്നലോടെയാണ് ഞാന്‍ അവിടെ ഇരുന്നത്. എനിക്ക് ഒരു ഭയവും ഉണ്ടായിരുന്നില്ല.’ സംഭവത്തെപ്പറ്റി യൂണിവേഴ്‌സിറ്റിയുടെ പൊതുസുരക്ഷാ വിഭാഗത്തില്‍ സാങ് പരാതി നല്‍കി.

ഞായറാഴ്ച രാവിലെ തന്നെ ആക്രമിച്ചയാളെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സാങ് നിശിതമായി വിമര്‍ശിച്ചു. ‘ എല്ലാവര്‍ക്കും ഗുഡ് മോണിങ്! ഞാന്‍ പൊതുവെ ഉച്ചത്തില്‍ ആളുകളെ ആശംസിക്കാറില്ല. എന്നാല്‍ മനോഹരമായൊരു ആശംസ കാര്‍ഡിനല്‍ ഗാര്‍ഡന്‍സിലെ ആളുകള്‍ക്കു നല്‍കുന്നു. റൂം നമ്പര്‍ എഫ് 552. പ്രത്യേകിച്ച് തൊപ്പിവച്ചയാള്‍ക്ക്.

ഫയര്‍പ്ലേസിനടുത്ത് ഞാന്‍ ഒറ്റയ്ക്ക് സന്തുഷ്ടനായിരിക്കുകയായിരുന്നു. പക്ഷേ എന്റെ രാത്രി വര്‍ണാഭമാക്കാന്‍ നിങ്ങള്‍ ഒന്നും രണ്ടുമല്ല മൂന്നു മുട്ടകള്‍ എറിഞ്ഞു. ഒപ്പം എന്നെ മനോഹരമായ പേരുകള്‍ വിളിച്ചു. ചിങ് ചോങ്….. പിന്നെ മറ്റ് തിരഞ്ഞെടുത്ത പേരുകളും.’

‘ദൂരെയുള്ള നിങ്ങളുടെ ബാല്‍ക്കണിയില്‍നിന്ന് ഞാന്‍ ചൈനക്കാരനാണെന്നു നിങ്ങള്‍ കണ്ടെത്തിയത് എന്നെ അതിശയിപ്പിക്കുന്നു. നിങ്ങള്‍ മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്തിരിക്കില്ല അല്ലേ? എന്തായാലും നിങ്ങള്‍ യൂണിവേഴ്‌സിറ്റിയിലെ വംശവിദ്വേഷത്തെയും അറിവില്ലായ്മയെയും പറ്റി എനിക്ക് നല്ല ധാരണ തന്നു.’

റിനി സമ്പത്തിനെപ്പോലെ തന്നെ സാങ്ങും ഫേസ്ബുക്കിലാണ് ക്യാംപസിലെ വിവേചനം തുറന്നുകാട്ടിയത്. എന്നാല്‍ പരാതികളുമായി കോടതിയിലെത്തിയ ഏഷ്യന്‍, ഏഷ്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളുമുണ്ട്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രവേശനഘട്ടത്തില്‍ ഏഷ്യന്‍ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുന്നതായി ആരോപിച്ച് 64 ഏഷ്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസവകുപ്പിനു പരാതി നല്‍കിയിരുന്നു. മുന്‍പ് നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിക്കെതിരെയും സമാനമായ കേസുകള്‍ ഉണ്ടായിട്ടുണ്ട്.

ആവര്‍ത്തിക്കപ്പെടാത്തിടത്തോളം തനിക്കെതിരെ ഉണ്ടായ ആക്രമണത്തിന് യൂണിവേഴ്‌സിറ്റിയെ കുറ്റപ്പെടുത്തുന്നില്ലെന്ന് സാങ് തന്റെ പോസ്റ്റില്‍ പറയുന്നു.

അക്രമിയോട് തമാശ പറയാനും സാങ് മടിച്ചില്ല. ‘ ഞാന്‍ ഇനിയും നിങ്ങളുടെ മുട്ടകള്‍ക്കായി കാത്തിരിക്കുന്നു.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍