UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂഡല്‍ഹിയില്‍ മണിപ്പൂര്‍ സ്വദേശിയ്ക്ക് ബിപിഒ ഉടമസ്ഥരുടെ മര്‍ദ്ദനവും വംശീയാധിക്ഷേപവും

ബിപിഒ കമ്പനിക്ക് രണ്ട് കോടി രൂപയുടെ നഷ്ടം വരുത്തുന്ന തരത്തിലുള്ള രേഖകള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് അബ്രാംബാമിനെ ബല്‍റ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ‘മോമോ’ എന്നും ‘ചിങ്കി’ എന്നും വിളിച്ച് തുടര്‍ച്ചയായി അധിക്ഷേപിക്കുകയും ചെയ്തതായാണ് ആരോപണം.

ന്യൂഡല്‍ഹിയില്‍ വീണ്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ നേരെ വംശീയാക്രമണം നടന്നതായി പരാതി. രേഖകള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് മണിപ്പൂര്‍ സ്വദേശിയായ റോമെന്‍ അബ്രാംബാമിനെ തൊഴില്‍ദാതാക്കളും ഗുണ്ടകളും ചേര്‍ന്ന് ആക്രമിക്കുകയും ‘മോമോ’ എന്നും ‘ചിങ്കി’ എന്നും വിളിച്ച് തുടര്‍ച്ചയായി അധിക്ഷേപിക്കുകയും ചെയ്തതായാണ് ആരോപണം. ബിപിഒ കമ്പനിക്ക് രണ്ട് കോടി രൂപയുടെ നഷ്ടം വരുത്തുന്ന തരത്തിലുള്ള രേഖകള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് അബ്രാംബാമിനെ ബല്‍റ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം ഉദ്യോഗ് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

കലാപം, നിയമവിരുദ്ധമായ കൂടിച്ചേരല്‍, ബോധപൂര്‍വമുള്ള മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗ് വിഹാര്‍ പോലീസ് അസിസ്റ്റന്റ് സബ്-ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് അബ്രാംബാം ഉദ്യോഗ് വിഹാര്‍ ഫേസ് രണ്ടിലുള്ള ടിജിഎസ് ഐടി സൊല്യൂഷന്‍സ് എന്ന ബിപിഒ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. ജനുവരി 13ന് ഇയാളെ കമ്പനിയിലേക്ക് വിളിച്ചുവരുത്തിയ ഉടമകളും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. തന്നെ നഗ്നാക്കിയ ശേഷം ബല്‍റ്റ് ഉപയോഗിച്ച് തല്ലുകയും ദേഹത്ത് തണുത്ത വെള്ളം ഒഴിക്കുകയും ചെയ്തതായി അബ്രാംബാം പറയുന്നു. തന്റെ ഫോണ്‍ പിടിച്ചെടുക്കുകയും അതിലെ സന്ദേശങ്ങളും ഇ-മെയിലുകളും പരിശോധിക്കുകയും ചെയ്തതായും ഇദ്ദേഹം ആരോപിക്കുന്നു. തുടര്‍ന്ന് ഫേസ് മൂന്നിലുള്ള ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോവുകയും പോകുന്ന വഴിക്ക് കെട്ടിടത്തിന് മുകളില്‍ നിന്നും വീണതാണെന്നെ ഡോക്ടറോട് പറയാവൂ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും അബ്രാബാം പറയുന്നു.

സംഭവത്തിന് ശേഷം വടക്കുകിഴക്കന്‍ ഹെല്‍പ്പ്‌ലൈനുമായി അബ്രാംബാം ബന്ധപ്പെട്ടിരുന്നു. ഗുര്‍ഗാവ് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അവര്‍ ഉപദേശിച്ചത്. ഡല്‍ഹി പോലീസ് കമ്മീഷണറുമായി തങ്ങള്‍ സംസാരിച്ചെന്നും അബ്രാംബാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് നോര്‍ത്ത്ഈസ്റ്റ് പ്രതിനിധി റെബേക്ക റായി പറഞ്ഞു. അബ്രാംബാം ചെയ്ത തെറ്റ് മറയ്ക്കാന്‍ കേസ് കൊടുക്കുകയും സമൂദായിക കാര്‍ഡ് കളിക്കുകയുമാണെന്നാണ് കമ്പനി സിഇഒ പുനീത് കുമാറിന്റെ ന്യായീകരണം. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ വംശീയമായി അധിക്ഷേപിക്കുന്നു എന്ന ആരോപണം രാജ്യതലസ്ഥാനത്ത് നിന്നും മുമ്പും ഉയര്‍ന്നിട്ടുണ്ട്. ഒരു പ്രത്യേക വംശക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഭവങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍