UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തെ ബോയ്‌ക്കോട്ട് ചെയ്യാൻ വരുന്നവർക്ക് ഒരു മലയാളിയുടെ തുറന്ന കത്ത്

Avatar

സുധീഷ് സുധാകരന്‍

പ്രിയപ്പെട്ട വടക്കേ ഇന്ത്യൻ സുഹൃത്തുക്കളെ,

നിങ്ങൾ കേരളത്തെ ബോയ്‌ക്കോട്ട് ചെയ്യാൻ ഒരു കാമ്പയിൻ തുടങ്ങിയ കാര്യം അറിയുന്നു. തെരുവു നായ്ക്കളെ കൊന്നൊടുക്കാൻ കേരള സർക്കാർ തീരുമാനമെടുത്തതിൽ മനം നൊന്താണ് ഇത്തരമൊരു കാമ്പയിൻ നടത്തുന്നത് എന്ന് നിങ്ങളുടെ പേജുകള്‍ വഴി അറിയാന്‍ സാധിച്ചു.

ഞങ്ങൾ കേരളത്തിലെ ജനങ്ങൾ നായ്ക്കളുടെ ജീവനേക്കാൾ വില വെയ്ക്കുന്നത് മനുഷ്യന്റെ ജീവനും സുരക്ഷിതത്വത്തിനുമാണ്. തെരുവുനായ എന്നത് ഒരു വംശനാശ ഭീഷണി നേരിടുന്ന ജീവിയല്ല. എന്നാൽ പാരിസ്ഥിതിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽ അവയുടെ എണ്ണം വർദ്ധിക്കുകയും അത് മനുഷ്യന്റെയും മറ്റു ജീവികളുടെയും ജീവനും സ്വൈര്യജീവിതത്തിന് ഭീഷണിയാകുകയും ചെയ്യുമ്പോൾ അവയെ ഇല്ലാതാക്കുക എന്നതാണ് ഏറ്റവും യുക്തിസഹമായ തീരുമാനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വികസിത രാജ്യങ്ങൾ അടക്കം ലോകമൊട്ടുക്ക് ഉള്ള ആളുകൾ പിന്തുടരുന്ന മാർഗ്ഗം തന്നെയാണ് ഇത്.

കേരളത്തെ ബഹിഷ്‌കരിക്കാൻ മുന്നിൽ നിൽക്കുന്നത് ബീഹാറും ഉത്തർപ്രദേശും രാജസ്ഥാനും ഗുജറാത്തും ബംഗാളും ത്സാർഖണ്ഡും കർണ്ണാടകയും ഒക്കെ ആണെന്നത് വളരെയധികം നല്ല കാര്യം തന്നെ. കേരളം ഇന്ത്യയിലെ ഏറ്റവും ഭീകരമായ രാജ്യം ആണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അഴിച്ചുവിടുമ്പോൾ നിങ്ങൾ ലക്ഷ്യം വെയ്ക്കുന്നത് യഥാർത്ഥത്തിൽ ഇവിടുത്തെ പട്ടികളുടെ സംരക്ഷണം അല്ലെന്നും മറിച്ചു, കേരളത്തിലെ ജനങ്ങൾ നിങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തോട് കാണിക്കുന്ന വിമുഖതയോടുള്ള വൈരാഗ്യം ആണെന്നും നിങ്ങളുടെ തന്നെ പല പോസ്റ്റുകളിലും വ്യക്തമാണ്. ഇവിടെ ന്യൂനപക്ഷങ്ങൾക്ക് മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം ഉണ്ടെന്നതും മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു ജനവിഭാഗങ്ങൾ ധ്രുവീകരിക്കാൻ ആകാത്തവിധം ഇഴചെർന്നാണ് ജീവിക്കുന്നത് എന്നതും വടക്കേ ഇന്ത്യയുടെ ബ്രാഹ്മണിക് മനോഭാവത്തിനു സഹിക്കുന്നില്ല എന്നതും നിങ്ങളുടെ വാക്കുകളിലൂടെ തന്നെ ഞങ്ങൾ മനസ്സിലാക്കുന്നു.

‘ഏറ്റവും കൂടുതൽ സാക്ഷരതയുണ്ടെങ്കിലും അവർ ബീഫ് തിന്നുന്നവരാണ്’, ‘ശരീരം പോലെ തന്നെ കറുത്ത ഹൃദയവുമുള്ള രാക്ഷസന്മാരാണ് കേരളീയർ’ എന്നൊക്കെപ്പറയുന്നതിലൂടെ തന്നെ നിങ്ങളുടെ ഉള്ളിലെ വംശീയ നീലക്കുറുക്കന്മാരുടെ ഓരിയിടൽ ഞങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ട്. അതെ സുഹൃത്തുക്കളെ ലോകത്തെ മറ്റു ഭൂരിപക്ഷം ജനങ്ങളെയും പോലെ തന്നെ ഞങ്ങൾ ബീഫ് തിന്നുന്നവരാണ്. ഞങ്ങളിൽപ്പലരും കറുത്തവരും തവിട്ടുനിറമുള്ളവരുമാണ്. പക്ഷെ ഞങ്ങൾ ന്യൂനപക്ഷങ്ങളെ വെട്ടയാടാറില്ല. ജാതി വംശീയവെറി മൂത്ത് ദളിതരെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്യാറില്ല. ‘ഗർഭിണിയുടെ ഭ്രൂണം ശൂലത്തിൽക്കുത്തിയെടുത്തു തീയിലിട്ടു കരിച്ചപ്പോൾ എനിക്ക് ഞാൻ റാണാപ്രതാപ് സിംഗ് ആയതുപോലെ തോന്നി ‘ എന്ന ബാബു ബജ്രംഗിയുടെ വാചകം ഞങ്ങളെ ആവേശം കൊള്ളിക്കാറില്ല, മറിച്ചു ഞെട്ടലും അറപ്പും വെറുപ്പും ആണ് ഉണ്ടാക്കുന്നത്. ബീഹാറിലെ രണ്‍വീർ സേനയുടെ ദളിത് കൂട്ടക്കൊലകൾ ഞങ്ങൾ ഞെട്ടലോടെയാണ് ശ്രവിക്കാറ്. എന്തായാലും മേൽപ്പറഞ്ഞ കൂട്ടക്കൊലകളുടെ നാട്ടിൽ നിന്നും വരുന്ന സുഹൃത്തുക്കൾക്ക് കേരളത്തിലെ പട്ടികളോട് പെട്ടെന്നൊരു ദിവസം പൊട്ടിപ്പുറപ്പെട്ട സ്‌നേഹത്തെയാണ് നിങ്ങൾ ‘മനുഷ്യത്വം ‘ എന്ന് വിളിക്കുന്നതെങ്കിൽ ആ മനുഷ്യത്വത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ല. ദളിതരെയും മുസ്ലീങ്ങളെയും സ്ത്രീകളെയും അടിച്ചമര്‍ത്തിയും കൂട്ടക്കൊലകളും കലാപങ്ങളും നടത്തി അധികാരം നിലനിര്‍ത്തിയും പോകുന്ന രാഷ്ട്രീയം ഞങ്ങള്‍ക്ക് പരിചയമില്ല.

മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം , ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്നതും യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്നതുമായ ജീവിതനിലവാരം, നൂറു ശതമാനത്തോട് അടുത്ത് നിൽക്കുന്ന സാക്ഷരതയും ഉയർന്ന വിദ്യാഭ്യാസ നിലവാരവും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ആരോഗ്യകരമായ സ്ത്രീപുരുഷ അനുപാതം, നല്ല രീതിയിൽ നടപ്പാക്കപ്പെടുന്ന നിയമവാഴ്ച എന്നിങ്ങനെ എല്ലാറ്റിലും മുന്നിൽ നിൽക്കുന്ന കേരളത്തെ പട്ടികളെ കൊല്ലുന്നു എന്ന് പറഞ്ഞു താഴ്ത്തിക്കെട്ടാൻ നിങ്ങൾ ശ്രമിച്ചാൽ ഞങ്ങൾക്ക് ഒരു ചുക്കും വരാനില്ല. കാരണം, നിങ്ങളുടെ ഫോട്ടോഷോപ്പ് ചിത്രങ്ങളിലല്ല സ്ഥിതിവിവരകണക്കുകളിലാണ് യാഥാർത്ഥ്യം.

പിന്നെ കേരളത്തെ ബഹിഷ്കരിക്കുന്ന കാര്യം. ഈ പറയപ്പെടുന്ന ബീഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ മിക്കവാറും നിലവാരമുള്ള സ്വകാര്യസ്‌കൂളുകളും നടത്തുന്നത് മലയാളികളാണ്. അല്ലെങ്കിൽ ഭൂരിപക്ഷം അധ്യാപകരും മലയാളികൾ ആയിരിക്കും. അതുപോലെ ബുദ്ധിയും കഴിവുമാവശ്യമുള്ള പല സ്ഥലങ്ങളിലും നിങ്ങൾ മലയാളികളെ ഉപയോഗിക്കുന്നുണ്ട്. മലയാളികളെ ബഹിഷ്കരിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ട്. മലയാളിയായ വർഗീസ് കുര്യൻ സ്ഥാപിച്ച അമുൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും നിങ്ങൾ തയ്യാറാകുമോ ? മലയാളിയായ മാധവൻ നായരും കെ രാധാകൃഷ്ണനും ചെയർമാൻമാര്‍ ആയിരിക്കുമ്പോൾ അവരുടെ ആസൂത്രണത്തിന് കീഴിൽ ഐ എസ് ആർ ഒ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ സേവനം നിങ്ങൾ വേണ്ടെന്നു വെയ്ക്കുമോ? എന്തിനേറെപ്പറയുന്നു, മലയാളികളുടെ ടീം നടത്തിയ ഓൺലൈൻ കാമ്പയിൻ വഴി പ്രധാനമന്ത്രിയായ നിങ്ങളുടെ ദൈവം നരേന്ദ്ര മോദിയെ ബഹിഷ്കരിക്കാൻ നിങ്ങൾ തയ്യാറാണോ ? ഇതെല്ലാം പോട്ടെ, കേരളത്തിലെ ഉയർന്ന വേതനം കണ്ടു കേരളത്തെ ഗൾഫ് ആയിക്കണ്ട് ഇവിടെ വന്നു തൊഴിലെടുത്ത് ജീവിതം പുലർത്തുന്ന അടിസ്ഥാനവർഗ്ഗത്തിൽപ്പെട്ട തൊഴിലാളികൾ ഈ കാംപയിൻ കണ്ടിട്ട് കേരളത്തിലെ തൊഴിൽ ഉപേക്ഷിച്ചു നിങ്ങളുടെ നാട്ടിലേയ്ക്ക് വരുമോ ? കേരളത്തെ ബോയ്‌ക്കോട്ട് ചെയ്യാൻ ഘോരഘോരം വാദിക്കുന്ന തമിഴ് സുഹൃത്തുക്കൾ കേരളത്തിന് ഇനിമുതൽ പച്ചക്കറി വിൽക്കുന്നില്ല എന്ന് തീരുമാനിച്ചു വേറെ മാർക്കറ്റ് കണ്ടെത്തുമോ? കേരളത്തിലെ മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളവും വൈദ്യുതിയും വേണ്ടെന്നു വെയ്ക്കുമോ?

പറഞ്ഞു വന്നതിന്റെ സാരം ഇതാണ്. കേരളത്തെ ബോയ്‌ക്കോട്ട് ചെയ്യുന്നത് മറ്റു സംസ്ഥാനങ്ങൾക്കോ , മറ്റു സംസ്ഥാനങ്ങളെ ബോയ്‌ക്കോട്ട് ചെയ്യുന്നത് കേരളത്തിനോ പ്രായോഗികമായ ഒരു കാര്യമല്ല. സംഘപരിവാർ പോലെയുള്ള സംഘടനകൾ തിരികൊളുത്തി വിടുന്ന ഇത്തരം വംശീയ പ്രചാരണങ്ങളിൽ സാമാന്യ വിവരവും സാമൂഹികബോധവും ഉള്ളവരെങ്കിലും പങ്കെടുക്കാതെയിരിക്കുക. ഇത്തരം കാംപയിനുകളിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾ സ്വയം അപഹാസ്യരാകുകയാണ്. ഒരാളെക്കണ്ടാൽ അയാളുടെ സർനെയിം ചോദിച്ചു ജാതി ഉറപ്പു വരുത്തിയശേഷം മാത്രം സഹകരണത്തിന്റെ പരിധി തീരുമാനിക്കുന്ന, ഏതു നാട്ടിൽച്ചെന്നാലും ശുദ്ധ ശാകാഹാരി ഹോട്ടൽ (വെറും വെജിറ്റെറിയൻ ഫുഡ് അല്ല ലക്ഷ്യം മറിച്ച് ബ്രാഹ്മണർ നടത്തുന്ന ഹോട്ടൽ) അന്വേഷിക്കുന്ന നിങ്ങളിൽ നിന്നും ഞങ്ങൾക്ക് മനുഷ്യത്വത്തിന്റെയും മര്യാദയുടെയും പാഠങ്ങൾ ഒന്നുംതന്നെ ഉൾക്കൊള്ളാനില്ല എന്ന് വിനീതമായി അറിയിച്ചു കൊള്ളട്ടെ.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനും അധ്യാപകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍