UPDATES

വായന/സംസ്കാരം

വെളുത്ത വായനയും കറുത്ത ലോകവും; വായനയിലെ വംശീയത

Avatar

സുനിലി ഗോവിന്നേജ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു വര്‍ഷം മുഴുവന്‍ വെള്ളക്കാരായ എഴുത്തുകാര്‍ എഴുതിയതൊന്നും വായിക്കില്ലെന്ന് 2014ല്‍ ഞാന്‍ തീരുമാനമെടുത്തിരുന്നു. ഓസ്‌ട്രേലിയയില്‍ വളര്‍ന്നപ്പോള്‍ രൂപപ്പെടുത്തിയ വായനാരീതികള്‍ ഒന്ന് മാറ്റാനായിരുന്നു എന്റെ ഉദ്ദേശം. അവിടെ സാഹിത്യലോകത്തില്‍ വെള്ളക്കാരായ എഴുത്തുകാരുടെ മേല്‍ക്കൈയാണ്. എന്റെ ഹൈസ്‌കൂള്‍ വായനകള്‍ മുഴുവന്‍ ‘ക്ലാസിക്കുക’ളായിരുന്നു ഷേക്‌സ്പിയര്‍, ഓസ്റ്റന്‍, ബ്രോണ്ടേ സഹോദരിമാര്‍, യൂറിപ്പിഡസ് കൂടെ പ്രശസ്ത ആധുനിക എഴുത്തുകാരായ മാര്‍ഗരറ്റ് ആറ്റ്‌വുഡും ടിഎസ് ഇലിയട്ടും. സ്‌കൂള്‍ കഴിഞ്ഞപ്പോള്‍ എന്റെ ആനന്ദം ബെസ്റ്റ്‌സെല്ലറുകളായിരുന്നു ജോണ്‍ ഗ്രിഷാം, പീറ്റര്‍ കാരി, ഹിലരി മാന്‍ട്ടല്‍. കുറച്ചുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ ‘ക്വസ്റ്റ്യന്‍സ് ഓഫ് ട്രാവല്‍’ എന്ന ശ്രീലങ്കയില്‍ ജനിച്ച എഴുത്തുകാരനായ മിഷേല്‍ ഡേ ക്രെസ്റ്ററുടെ പുസ്തകം വായിച്ചത്. എന്റെ വായനാശീലങ്ങള്‍ ഒന്ന് പരിശോധിക്കേണ്ടതുണ്ട് എന്ന് അപ്പോഴാണു എനിക്ക് തോന്നിയത്. എന്റെ സ്ഥിരം വായനാശീലങ്ങള്‍ മാറ്റി ഞാന്‍ പുതിയവ ശീലിക്കാന്‍ തീരുമാനിച്ചു. 

എന്നാല്‍ വെള്ളക്കാരല്ലാത്തവരുടെ പുസ്തകങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ ഉദ്ദേശിച്ചതിലും ബുദ്ധിമുട്ടായിരുന്നു. മിക്ക വായനക്കാരും നല്ലപുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ എന്നെ സ്ഥിരം പേരുകളില്‍ തന്നെയാണ് എത്തിച്ചത്. ബുക്ക് റിവ്യൂകളിലും ബെസ്റ്റ്‌സെല്ലര്‍ ലിസ്റ്റുകളിലും സാഹിത്യപുരസ്‌കാരങ്ങളിലും ആമസോണ്‍ റെക്കമന്‍ഡേഷനുകളിലും വെളുത്ത എഴുത്തുകാരാണ് നിറയുന്നത്. 2011ല്‍ നടത്തിയ ഒരു ന്യൂയോര്‍ക്ക് ടൈംസ് സര്‍വേ പ്രകാരം റോക്‌സാന്‍ ഗേ കണ്ടെത്തിയത് റിവ്യൂ ചെയ്യുന്നതില്‍ തൊണ്ണൂറു ശതമാനം പുസ്തകങ്ങളും വെളുത്ത എഴുത്തുകാരുടെതാണ് എന്നാണ്. ആമസോണ്‍ എഡിറ്റര്‍മാരുടെ 2014ലെ മികച്ച ഇരുപത് പുസ്തകങ്ങളില്‍ വെറും മൂന്നുപേര്‍ മാത്രമാണ് ന്യൂനപക്ഷത്തുനിന്നുള്ളത്. 

ഞാന്‍ ബുക്ക്‌സ്‌റ്റോര്‍ തെരച്ചില്‍ അവസാനിപ്പിച്ചശേഷം എന്റെ ഓണ്‍ലൈന്‍ അന്വേഷണത്തിനെ ക്രൗഡ്‌സോഴ്‌സ് ചെയ്തു. ഗാര്‍ഡിയന്‍ ലേഖനത്തില്‍ എന്റെ പ്രൊജക്റ്റിനെപ്പറ്റി എഴുതി. ആളുകളോട് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞു. സമാനമനസ്‌കരായ, വ്യത്യസ്ത വായനകളുള്ള ആളുകളെ ഞാന്‍ ഗുഡ് റീഡ്‌സിലും ട്വിറ്ററിലും കണ്ടെത്തി. വിവിധതരം സാംസ്‌കാരികമേഖലകളില്‍ നിന്ന് വ്യത്യസ്തവിഷയങ്ങളില്‍ എഴുതിയ ആളുകളെ ഞാന്‍ കണ്ടെത്തി. സയന്‍സ് ഫിക്ഷന്‍, അപസര്‍പ്പകം, കുട്ടിനോവല്‍, ചിക് ലിറ്റ് എന്നിങ്ങനെ. ചിമമാണ്ട അടിച്ചി പോലുള്ളവരുടെ അമേരിക്കാന പോലുള്ള പുസ്തകങ്ങള്‍ ഞാന്‍ എന്തായാലും വായിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തിരുന്നില്ലെങ്കില്‍ ഇതിലെ മറ്റുപല എഴുത്തുകാരെയും പറ്റി കേള്‍ക്കുക പോലും ചെയ്യില്ലായിരുന്നു. 

സാഹിത്യപ്രസാധക രംഗങ്ങളിലെ ചില ഘടനാപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് എന്റെ ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടായതെന്ന് ഗവേഷണത്തിലൂടെ മനസിലാക്കാം. എംഎഫ്എ പ്രോഗ്രാമുകള്‍ മുതല്‍ പ്രസാധകശാലകളും വിമര്‍ശകസംഘങ്ങളിലുമെല്ലാം വ്യത്യസ്തതയില്ലായ്മ കാണാം. കുട്ടികളുടെ സാഹിത്യത്തിലും ഇതേ പ്രശ്‌നം കാണാം. 2014ല്‍ പ്രസിദ്ധീകരിച്ചവയില്‍ വെറും പതിനാലുശതമാനം പുസ്തകങ്ങള്‍ മാത്രമാണ് വെള്ളക്കാരുടെതല്ലാത്തത്. കറുത്തവര്‍ഗ എഴുത്തുകാര്‍ സ്ഥിരമായി തങ്ങളെ വേണ്ടെന്നുവയ്ക്കുകയോ അവര്‍ പറയുന്ന സാംസ്‌കാരിക സംജ്ഞകള്‍ മനസിലാക്കാന്‍ കഴിയാതെ പോവുകയോ ചെയ്യുന്ന ഏജന്റുമാരെ കാണാറുണ്ട്. പ്രസാധകശാലകള്‍ പുസ്തകക്കവറുകള്‍ക്ക് വെള്ളപൂശുകയും മാര്‍ക്കറ്റിന്റെ ആവശ്യങ്ങളെ കുറ്റം പറയുകയും ചെയ്യുന്നു. എഴുത്തുകാരന്‍ ക്രിസ്റ്റഫര്‍ മയര്‍ഷാചസ് പറയുന്നത് കവറുകളില്‍ കറുത്തവര്‍ഗ കഥാപാത്രങ്ങളുള്ള പുസ്തകങ്ങള്‍ യുവ വെളുത്തവായനക്കാര്‍ വാങ്ങില്ല എന്നാണ് പ്രസാധകരുടെ പക്ഷം എന്നാണ്. ‘എന്നാല്‍ കോടിക്കണക്കിന് മ്യൂസിക് ആല്‍ബങ്ങള്‍ വിറ്റുപോകുന്നത് കറുത്തവര്‍ഗക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് താനും. വെളുത്തവര്‍ഗ്ഗത്തിന്റെതല്ലാത്ത പുസ്തകങ്ങളെ സ്ഥിരമായി കടകളില്‍ ‘എത്‌നിക്’ സെക്ഷനിലാണ് കാണാന്‍ കഴിയുക. അതിന്റെ ഫലം വ്യക്തമാണ്. ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ്‌സെല്ലര്‍ ലിസ്റ്റില്‍ 2012ല്‍ വന്ന 124 എഴുത്തുകാരില്‍ വെറും മൂന്നുപേരാണ് കറുത്തവര്‍ഗ്ഗക്കാര്‍. അമസോണില്‍ ഈയിടെ ഇരുപത് ബെസ്റ്റ്‌സെല്ലറുകളില്‍ വെറും രണ്ടെണ്ണം മാത്രമാണ് ന്യൂനപക്ഷ എഴുത്തുകാരുടേത്. 

എന്റെ വ്യത്യസ്തവായനയുടെ ഒരുവര്‍ഷത്തിലെ ഏറ്റവും പ്രശ്‌നമായി തോന്നിയത് മറ്റുരാജ്യങ്ങളിലെ എഴുത്തുകാരുടെ ഇ-പുസ്തകങ്ങള്‍ ലഭ്യമാകാത്തതാണ്. അമേരിക്കയില്‍ എന്റെ 2014 വായനാ ലിസ്റ്റിലെ എട്ടു പുസ്തകങ്ങള്‍ ആമസോണിന്റെ കിന്‍ഡില്‍ സ്‌റ്റോറില്‍ ലഭ്യമല്ല. കൃഷ്ണ ഉദയശങ്കറുടെ ഫാന്റസി സീരീസ്, ആര്യാവര്‍ത്ത ക്രോണിക്കിള്‍സ് ആമസോണ്‍ ഡോട്ട് ഇന്നിലൂടെ ലഭ്യമാണെങ്കിലും ഇന്ത്യയ്ക്ക് വെളിയില്‍ ഇത് ലഭ്യമല്ല. ഇത് ലൈസന്‍സിംഗ് എഗ്രിമെന്റിന്റെ പ്രശ്‌നമാകാമെങ്കിലും എന്തൊക്കെ പുസ്തകങ്ങളാണ് പ്രസാധകലോകം വിവര്‍ത്തനം ചെയ്യാനും ലോകത്താകെ ലഭ്യമാക്കാനും ശ്രമിക്കുന്നതെന്നും കാണാന്‍ കഴിഞ്ഞു. അമേരിക്കയില്‍ ലഭ്യമായ പുസ്തകങ്ങളില്‍ ഒരു ശതമാനം മാത്രമാണ് വിവര്‍ത്തനങ്ങള്‍, അതില്‍ തന്നെ അറുപതുശതമാനത്തോളം യൂറോപ്യന്‍-കനേഡിയന്‍ ഭാഷകളില്‍ നിന്നുള്ളതുമാണ്. 

ആദിവാസി എഴുത്തുകാരിയായ അമ്‌ബെലിന്‍ കവായ്മുലിനയുടെ ട്രൈബ് സീരീസ് ഓസ്‌ട്രേലിയയില്‍ പോലും ബുദ്ധിമുട്ടിയാണ് ലഭ്യമായത്. ഞാന്‍ അന്വേഷിച്ചിടത്തൊന്നും ആളുകള്‍ ഇത് കേട്ടിട്ട് പോലുമില്ല. അമേരിക്കയും മെച്ചമല്ല. രണ്ട് സ്വതന്ത്രപുസ്തകശാലകളായ ക്രാമര്‍ബുക്‌സിലും പൊളിറ്റിക്‌സ് ആന്‍ഡ് പ്രോസിലും എനിക്കിത് കണ്ടെത്താനായില്ല. ബാന്‍സ് ആന്‍ഡ് നോബിളില്‍ ഇവരുടെ മറ്റൊരു പുസ്തകമുണ്ടെന്ന് പറഞ്ഞെങ്കിലും അത് അവിടെയല്ല ആയിരം മൈല്‍ ദൂരെ മിന്നസോട്ടയിലാണ്. ഒടുവില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബുക്ക്‌സെല്ലറില്‍ നിന്ന് എന്റെ സുഹൃത്താണ് ഈ പുസ്തകം വരുത്തിത്തന്നത്. 

സാങ്കേതികവിദ്യ നമ്മുടെ സാഹിത്യശീലങ്ങളെ മാറ്റിയിട്ടുണ്ട്. വായനക്കാര്‍ക്ക് അന്തര്‍ദേശീയ പുസ്തകങ്ങള്‍ ലഭിക്കും, കൂടുതല്‍ വ്യത്യസ്തരായ എഴുത്തുകാരെ ഏത് ലോക്കല്‍ പുസ്തകശാലയിലും ഉള്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ ഓണ്‍ലൈന്‍ കച്ചവടക്കാരും പ്രസാധകശാലകളും പഴയശീലങ്ങളില്‍ തന്നെ കുരുങ്ങിനിന്നാല്‍ ഒരേ തരം പുസ്തകങ്ങള്‍ ഇറക്കുകയും ഒരേ എഴുത്തുകാരെ പിന്താങ്ങുകയും ചെയ്താല്‍ വായനക്കാര്‍ക്ക് സാഹിത്യം തരുന്ന വ്യത്യസ്തലോകത്തെ അറിയാന്‍ കഴിയാതെപോകും. ആഗോളവത്കരണത്തിന്റെ ഈ കാലത്ത് കൂടുതലായി നമ്മള്‍ നമ്മുടെതല്ലാത്ത സംസ്‌കാരങ്ങളെ അറിയുകയും മനസിലാക്കുകയും ചെയ്യേണ്ടതാണ്. ഈ സ്റ്റാറ്റസ്‌കോ സ്വീകാര്യമല്ല. 

ഒരു വര്‍ഷം പല തരം എഴുത്തുകാരെ വായിച്ച ഞാന്‍ ചില പുതിയ കാര്യങ്ങള്‍ കണ്ടെത്തി. അനിത ഹീസിന്റെ ചിക്ക്‌ലിറ്റ് നോവലുകളായ ‘മാന്‍ഹാട്ടന്‍ ഡ്രീമിംഗ്’ പാരീസ് ഡ്രീമിംഗ് എന്നീ പുസ്തകങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ആദിമകലയെപ്പറ്റി. ഓള്‍ ദാറ്റ് ഗ്ലിറ്റെര്‍സി്ല്‍ സ്പാനിഷ് എഴുത്തുകാരി അലിസ വാള്‍ടറസ് റോഡ്രിഗ്വസ് പറയുന്ന തവിട്ടുസ്ത്രീകളുടെ പ്രേമസംഘര്‍ഷങ്ങളെപ്പറ്റി. 

എന്നാല്‍ ഈ എഴുത്തുകാരുടെ ചില സാംസ്‌കാരിക അനുഭവലോകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഞാന്‍ മനസിലാക്കിയത് എല്ലായിടത്തുമുള്ള എഴുത്തുകാരും ഒരേ ആശയങ്ങളാണ് എഴുതാന്‍ ഉപയോഗിക്കുന്നത് എന്നാണ്. കറുത്തവര്‍ഗക്കാരുടെ പ്രശസ്തപുസ്തകങ്ങള്‍ എല്ലാം തന്നെ ‘അപര’അനുഭവങ്ങളെപ്പറ്റിയാണ്. വെളുത്ത എഴുത്തുകാരുടെ സാധാരണ അനുഭവങ്ങള്‍ക്ക് വിലകല്‍പ്പിക്കപ്പെടുമ്പോള്‍ കറുത്തവര്‍ അടിമത്തത്തെപ്പറ്റിയോ ദാരിദ്ര്യത്തെപ്പറ്റിയോ എഴുതണം. ഇത് അവരുടെ കഴിവിനെ പരിമിതിപ്പെടുത്തുന്നു. ചിമമാണ്ട അടിച്ചി പറയുന്നത് ‘ഒരു ഏക കഥ’ എഴുതേണ്ടിവരുന്നുവെന്നാണ്. അതിലൂടെ ന്യൂനപക്ഷ എഴുത്തുകാരെ വ്യത്യാസങ്ങള്‍ എടുത്തുകാണിക്കാനും വാര്‍പ്പ് മാതൃകകള്‍ ഊട്ടിയുറപ്പിക്കാനുമാണ് കഴിയുന്നത്. 

വ്യത്യസ്തമായ സാഹിത്യം വായിക്കുമ്പോള്‍ മനുഷ്യാനുഭവങ്ങള്‍ തമ്മിലുള്ള സാദൃശ്യങ്ങള്‍ തിരിച്ചറിയാനും നമുക്ക് മറ്റുള്ളവരുമായി പ്രതീക്ഷിച്ചതിലും കൂടുതല്‍ സാമ്യമുണ്ടെന്നു മനസിലാക്കാനുമാണ് കഴിയുക. ഞാന്‍ കഴിഞ്ഞവര്‍ഷം വായിച്ച മികച്ച പുസ്തകങ്ങളിലൊന്ന് ഇന്തോനേഷ്യന്‍ എഴുത്തുകാരിയായ ദേവി ലെസ്ട്രാരിയുടെ ‘സൂപ്പര്‍നോവ ദി നൈറ്റ്, ദി പ്രിന്‍സനസ് ആന്‍ഡ് ദി ഫോള്ളിംഗ് സ്റ്റാര്‍’ എന്ന സയന്‍സ് ഫിക്ഷനാണ്. വാഷിംഗ്ടണില്‍ പഠിക്കുന്ന കാലത്ത് തമ്മില്‍ കണ്ട രണ്ട് ഇന്തോനേഷ്യക്കാരുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മികച്ച കഥയാണെന്ന് മാത്രമല്ല പാശ്ചാത്യലോകത്തിന് ടെക്‌നോളജിയുടെയും ഫിലോസഫിയുടെയും സ്‌നേഹത്തിന്റെയും മേല്‍ കുത്തകയില്ലെന്ന് തെളിയിക്കുക കൂടിയാണ് ഈ നോവല്‍. ലെസ്ട്ടാരിയുടെ നോവല്‍ ഏത് രാജ്യത്തുമാവാം, ഏത് നാട്ടുകാരും കഥാപാത്രങ്ങളാകാം. ആധുനികജീവിതങ്ങളെയും ബന്ധങ്ങളെയും പറ്റിയുള്ള അവരുടെ ആശയങ്ങള്‍ക്ക് ദേശീയതയില്ല. എന്നാല്‍ നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഇന്തോനേഷ്യയില്‍ വളരെ പ്രശസ്തമെങ്കിലും സൂപ്പര്‍നോവ വിദേശബുക്ക് റിവ്യൂകളിലും സാഹിത്യസംഘങ്ങളിലും കാണാനില്ല. 

വൈവിധ്യങ്ങളിലെ ഈ പ്രശ്‌നം പുസ്തകപ്രസാധനത്തില്‍ മാത്രമല്ല ഉള്ളത്. എല്ലാത്തരം കലയിലും സംസ്‌കാരത്തിലും സംഗീതമോ അഭിനയമോ ചിത്രകലയോ ആയാലും ഇത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. ടിവിയിലും സിനിമയിലും ചില മാറ്റങ്ങള്‍ കാണാം. എന്നാല്‍ ഇതരകഥാപാത്രങ്ങളെ ഉള്‍പ്പെടുത്തുന്നത് വ്യത്യസ്തതയ്ക്ക് വേണ്ടിയാണെന്നും അല്ലാതെ അവരെ സ്വാഭാവികവല്ക്കരിക്കാന്‍ വേണ്ടിയല്ലെന്നും ‘ഗ്രേസ് അനാട്ടമി’ നിര്‍മ്മാതാവ് ഷോണ്ട റൈംസ് പറയുന്നു. വെളുത്തവരല്ലാത്ത കഥാപാത്രങ്ങള്‍ വരുമ്പോള്‍ കഥകള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. സ്വവര്‍ഗബന്ധങ്ങള്‍ കൂടുതല്‍ നേരെ അവതരിപ്പിക്കാന്‍ കഴിയുന്നു. യാഥാര്‍ത്ഥ്യത്തെപ്പറ്റി നാം സാധാരണ കാണുന്നതിനെക്കാള്‍ കൂടുതല്‍ ആത്മാര്‍ത്ഥതമായ പ്രതികരണങ്ങള്‍ സംഭവിക്കുന്നു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

we need diverse books എന്ന പേരില്‍ കഴിഞ്ഞവര്‍ഷം തുടങ്ങിയത് പോലുള്ള പ്രചരണങ്ങള്‍ക്ക് സാരമായ മാറ്റം കൊണ്ടുവരാന്‍ കഴിയും. VIDA: Women in literary arts എന്ന എന്‍ജിഒ ഒരു വാര്‍ഷിക ജെന്‍ഡര്‍ സ്റ്റഡീസ് പുസ്തകം പുറത്തിറക്കുന്നതും പ്രധാനമാണ്. ഈ വര്‍ഷം അവര്‍ റിവ്യൂ ചെയ്തതില്‍ നാല്‍പ്പത്തിയേഴുശതമാനവും സ്ത്രീകളാണ്. 

ഒരു വര്‍ഷം വെള്ളക്കാരുടെ പുസ്തകങ്ങള്‍ വായിക്കില്ല എന്ന് തീരുമാനിച്ചതിലൂടെ ഞാന്‍ വളരെ ചെറിയ ഒരു മാറ്റം ആവശ്യപ്പെടുന്ന ഒരു നീക്കത്തിന്റെ ഭാഗമായിമാറി. പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദമില്ലാത്ത ഒരു ലോകത്തിലല്ല നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ആ ശബ്ദങ്ങള്‍ക്ക് ഒച്ച കൂട്ടാനുള്ള സംവിധാനം ഇപ്പോള്‍ നമുക്കുണ്ട്. എല്ലാ സംസ്‌കാരങ്ങളിലും ചുറ്റുപാടുകളിലും നിന്നുള്ളവര്‍ക്ക് വിലയേറിയ ജീവിതാനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനുണ്ട്. ആ ശബ്ദങ്ങള്‍ കേട്ടാല്‍ എല്ലാവര്‍ക്കും ഗുണമേ ഉണ്ടാകൂ.

ഈ വര്ഷം വായിച്ച പുസ്തകങ്ങള്‍ ചുവടെ. 

 ‘Americanah,’ Chimamanda Ngozi Adichie
 ‘Throne of the Crescent Moon,’Saladin Ahmed
 ‘Another Coutnry,’ James Baldwin
 ‘Kindred,’ Octavia Butler
 ‘Foreign Soil,’ Maxine Beneba Clarke
 ‘Open Ctiy,’ Teju Cole
 ‘Saree,’ Su Dharmapala
 ‘The Wedding Season,’ Su Dharmapala
 ‘Tiddas,’ Anita Heiss
 ‘Manhattan Dreaming,’ Anita Heiss
 ‘Paris Dreaming,’ Anita Heiss
 ‘The Book of Unknown Americans,’Cristina Henríquez
 ‘Butterfly Song,’ Terri Janke
 ‘The Disappearance of Ember Crow,’ Ambelin Kwaymullina
 ‘The Interrogation of Ashala Wolf,’ Ambelin Kwaymullina
 ‘The Lowland,’ Jhumpa Lahiri
 ‘Supernova,’ Dewi Lestari
 ‘The Astrologer’s Daughter,’ Rebecca Lim
 ‘Twilight in Jakarta,’Mochtar Lubis
 ‘Mullumbimby,’ Melissa Lucashenko
 ‘Who Fears Death,’ Nnedi Okorafor
 ‘Here Come the Dogs,’ Omar Musa
 ‘Earth Dance,’ Oka Rusmini
 ‘China Dolls,’ Lisa See
 ‘All That Glitters,’ Alisa Valdes-Rodriguez

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍