UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇത്ര ഭീകരമായ സംഭവത്തിന് ശേഷവും നമ്മള്‍ യുഎസിലേക്ക് പോവുകയും ജോലി ചെയ്യുകയും ചെയ്യണോ?’

കന്‍സാസില്‍ വംശവെറിയന്റ വെടിയേറ്റ് പരിക്കേറ്റ അലോക് മടസ്വാമിയുടെ പിതാവ് മടസ്വാമി ജഗന്‍മോഹന്‍ റെഡ്ഢി ചോദിക്കുന്നു

‘ഇത്ര ഭീകരമായ സംഭവത്തിന് ശേഷവും നമ്മള്‍ യുഎസിലേക്ക് പോവുകയും ജോലി ചെയ്യുകയും ചെയ്യണോ,’ എന്ന് ചോദിക്കുന്നത് വെള്ളിയാഴ്ച അമേരിക്കയിലെ കന്‍സാസില്‍ വംശവെറിയന്റ വെടിയേറ്റ് പരിക്കേറ്റ അലോക് മടസ്വാമിയുടെ പിതാവ് മടസ്വാമി ജഗന്‍മോഹന്‍ റെഡ്ഢി. ദാരുണ സംഭവത്തില്‍ അലോകിന്റെ സുഹൃത്തും നാട്ടുകാരനും കൂടിയായ ശ്രിനിവാസ് കുച്ചിബോട്‌ല മരിച്ചിരുന്നു. തന്റെ മകന്‍ മരണത്തെ അതിജീവിച്ചങ്കിലും ശ്രീനിവാസിന്റെ ദുരന്തത്തില്‍ അതീവദുഃഖിതനാണെന്ന് തെലുങ്കാന സര്‍ക്കാരിന്റെ ഗ്രാമീണ ജലസേചന വകുപ്പിലെ ചീഫ് എഞ്ചിനീയറായ അദ്ദേഹം പറയുന്നു.

‘എന്റെ മകനും ശ്രീനിവാസും അവരുടെ അമേരിക്കക്കാരനായ ഒരു സുഹൃത്തും കൂടി ബാറില്‍ പോയതായിരുന്നു. എന്റെ രാജ്യത്ത് നിന്നും പുറത്തുപോകൂ എന്ന് അക്രമി എന്ന് പറയുന്ന ആള്‍ അവരോട് അലറുന്നുണ്ടായിരുന്നു. അമേരിക്കക്കാരന്‍ സുഹൃത്ത് ബാര്‍ ഉടമയോട് പരാതി പറയുകയും മദ്യപിച്ച് ലക്കുകെട്ടിരുന്ന അയാളെ പുറത്താക്കുകയുമായിരുന്നു,’ എന്ന് സംഭവത്തെ കുറിച്ച് റെഡ്ഢി വിശദീകരിക്കുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ മടങ്ങിയെത്തുകയും ഒറ്റയ്ക്കിരിക്കുകയായിരുന്ന ശ്രീനിവാസനെ വെടിവെക്കുകയുമായിരുന്നു.

‘അലോക് ആ സമയം ഒരു പ്ലേറ്റില്‍ ഭക്ഷണവുമായി വരികയായിരുന്നു. വെടിവെക്കുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. അവന്റെ നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തെങ്കിലും കൊണ്ടില്ല. അതിലൊന്ന് ചുമരില്‍ തറയ്ക്കുകയും പിന്നീട അവന്റെ തുട തുളയ്ക്കുകയുമായിരുന്നു,’ റെഡ്ഢി ഹിന്ദു പത്രത്തോട് പറഞ്ഞു.

ഡള്ളാസില്‍ ജോലി ചെയ്യുന്ന തന്റെ മൂത്ത മകന്‍ മടസ്വാമി സുരേന്ദ്ര റെഡ്ഢിയില്‍ നിന്നാണ് വിശദവിവരങ്ങള്‍ ലഭ്യമായതെന്ന് അദ്ദേഹം പറഞ്ഞു. കോതാപേട്ടിലെ ടെലിഫോണ്‍ കോളനിയിലാണ് അദ്ദേഹം താമസിക്കുന്നത്. മക്കളെ കാണാന്‍ പല തവണ അമേരിക്കയിലേക്ക പോകാന്‍ തയ്യാറായതാണെങ്കിലും ജോലി തിരക്ക് മൂലം സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉടനടി യുഎസിലേക്ക് പോയി മക്കളെ കാണാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനവാസിന്റെ ഭാര്യപിതാവ് അടുത്തു തന്നെയാണ് താമസിക്കുന്നതെന്നും റെഡ്ഢി പറഞ്ഞു. ആ വീട്ടിലേക്ക പോകാനൊരുങ്ങുകയാണ് അദ്ദേഹം.

പാകിസ്ഥാനിലേക്ക് പോകാന്‍ ആളുകള്‍ക്ക് പാസ്‌പോര്‍ട്ട് തയ്യാറാക്കി കൊടുക്കുന്ന രാജ്യസ്‌നേഹികള്‍ ഇതൊക്കെ അറിയുന്നുണ്ടാവുമോ? ലോകത്തിന്റെ വിവിധ കോണുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് സമാന അനുഭവം ഉണ്ടായാല്‍ എന്ത് സംഭവിക്കും എന്ന് കൂടി അത്തരക്കാര്‍ ഓര്‍ക്കുന്നത് നന്നാവും. രക്തബന്ധമോ സുഹൃത്ത് ബന്ധമോ ഉള്ള ഒരാളെങ്കിലും വിദേശത്തില്ലാത്ത ഒരു മലയാളിയും ഉണ്ടാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഈ ഓര്‍മ്മപ്പെടുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍