UPDATES

മോദിയും ട്രംപും വെറുപ്പിന്റെ പാടങ്ങളില്‍ വിത്തും വളവുമിട്ടു; ഇത് വിളവെടുപ്പ് കാലം

സ്വന്തം രാജ്യത്തു നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളോട് നിശബ്ദത പാലിച്ച സര്‍ക്കാരുള്ള ഇന്ത്യ, മറ്റൊരു രാജ്യത്തെ തലവനോട്, ഇര ഇന്ത്യക്കാരനായതുകൊണ്ട് സമാനമായ കുറ്റത്തെ അപലപിക്കാന്‍ ആവശ്യപ്പെടുന്നത് വൈരുദ്ധ്യമാണ്

സ്വന്തം രാജ്യത്തു നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളോട് നിശബ്ദത പാലിച്ച സര്‍ക്കാരുള്ള ഇന്ത്യ, മറ്റൊരു രാജ്യത്തെ, യുഎസിലെ തലവനോട്, ഇര ഇന്ത്യക്കാരനായതുകൊണ്ട് സമാനമായ കുറ്റത്തെ അപലപിക്കാന്‍ ആവശ്യപ്പെടുന്നത് വൈരുദ്ധ്യമാണ്. ഫെബ്രുവരി 22-നു ശ്രീനിവാസ് കുച്ചിഭോട്ലയെ കന്‍സാസിലെ ഒലാതേയില്‍ അയാളോടും മറ്റൊരു ഇന്ത്യക്കാരന്‍ കൂട്ടുകാരനോടും ‘ഞങ്ങളുടെ രാജ്യത്തുനിന്നും’ കടന്നുപോകാന്‍ ആക്രോശിച്ച് ഒരു വെള്ളക്കാരന്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. രണ്ടുപേരും നിയമവിധേയരായി വന്ന കുടിയേറ്റക്കാരായിരുന്നു എന്നത് വ്യത്യാസമൊന്നും ഉണ്ടാക്കിയില്ല. ഒരാഴ്ച്ചയോളം യുഎസ് സര്‍ക്കാര്‍ ഇതിനെ അപലപിച്ചുകൊണ്ടു ഒരു വാക്കുപോലും പറഞ്ഞില്ല. വിദ്വേഷ കുറ്റകൃത്യമാണോ എന്നു വ്യക്തമാക്കിയില്ല. വൈറ്റ് ഹൌസ് മാധ്യമ സെക്രട്ടറി സീന്‍ സ്പൈസര്‍ അത് ‘അസ്വസ്ഥത’യുണ്ടാക്കുന്നത് എന്നു പറഞ്ഞുവിട്ടു. പിന്നെ ഫെബ്രുവരി 28-നു തന്റെ യുഎസ് കോണ്‍ഗ്രസ് അഭിസംബോധനയില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആമുഖ പരാമര്‍ശത്തില്‍ കന്‍സാസ് വെടിവെപ്പിനെക്കുറിച്ച് പറഞ്ഞു. ഇന്ത്യയുലെ മാധ്യമങ്ങള്‍ അതിനെ ‘ശക്തിയായി വിമര്‍ശിച്ചു,’ ‘അപലപിച്ചു’ എന്നൊക്കെ വിശേഷിപ്പിച്ചു. ജൂത സെമിത്തേരികള്‍ക്കും ജൂത സമുദായ കേന്ദ്രങ്ങള്‍ക്കുമെതിരായ ഭീഷണികളും ആക്രമണങ്ങളും, കന്‍സാസിലെ വെടിവെപ്പും “നാം നയങ്ങളുടെ പേരില്‍ വിഭജിക്കപ്പെട്ട ഒരു രാജ്യമായിരിക്കാമെങ്കിലും വിദ്വേഷത്തെയും തിന്‍മയെയും അതിന്റെ എല്ലാ വൃത്തികെട്ട രൂപങ്ങളിലും അപലപിക്കുന്നതില്‍ ഒന്നിച്ചുനില്‍ക്കുന്ന ഒരു രാജ്യമാണ്,” എന്നാണ് ട്രംപ് പറഞ്ഞത്. ഏഴു മുസ്ലീം രാജ്യങ്ങളിലെ കുടിയേറ്റക്കാരെ വിലക്കുന്നതടക്കമുള്ള തന്റെ സര്‍ക്കാരിന്റെ നയങ്ങളും പ്രഖ്യാപനങ്ങളുമാണ് ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കുള്ള അന്തരീക്ഷം സൃഷ്ടിച്ചതെന്ന് അയാള്‍ പറഞ്ഞില്ല. യുഎസ് അടക്കം ഒരു രാജ്യവും സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയിലെ കടുത്ത മുന്‍വിധികളില്‍ നിന്നും മുക്തമല്ല. എല്ലാ രാജ്യത്തും തങ്ങളുടെ ചില നയങ്ങളുടെ പ്രത്യാഘാതം കൂടിയാണിതെന്ന് സമ്മതിക്കാത്ത സര്‍ക്കാരുകള്‍ ഇതിനെ രൂക്ഷമാക്കുന്നു.

യുഎസില്‍ ഇപ്പോള്‍ നടക്കുന്നതു കഴിഞ്ഞ രണ്ടര വര്‍ഷമായി ഇന്ത്യയില്‍ നടക്കുന്നതിന്റെ പകര്‍പ്പാണ്. മെയ് 2014-നു ശേഷം നരേന്ദ്ര മോദിയും ഭാരതീയ ജനത പാര്‍ടിയും ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ വ്യക്തികള്‍ക്ക് നേരെയുള്ള വിദ്വേഷ അതിക്രമങ്ങളിലെ ക്രമമായ വര്‍ദ്ധനവ് മാത്രമല്ല ഇന്ത്യയിലെ മുസ്ലീങ്ങളെ ‘അപരന്മാരാക്കുന്ന’ ഹീനമായ തന്ത്രവും നമ്മള്‍ കണ്ടു. തല്ലിക്കൊല്ലലും ‘ലൌവ് ജിഹാദും’ തുടങ്ങി ഇപ്പോള്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മോദി നടത്തിയ വര്‍ഗീയവിഷം വമിപ്പിക്കുന്ന പ്രസംഗങ്ങളുമെല്ലാം ഇന്ത്യന്‍ സമൂഹത്തില്‍ മുസ്ലീങ്ങളുടെ അരക്ഷിതാവസ്ഥ കൂട്ടുന്നുണ്ട്. ഇത് വെറുപ്പില്‍ മുങ്ങിക്കുളിച്ച ചില വ്യക്തികളുടെ പ്രവര്‍ത്തികളോ, അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്ന കക്ഷിയുടെ അതേ ഹിന്ദുത്വ അജണ്ടയില്‍ വിശ്വസിക്കുന്ന ചില ചെറു സംഘങ്ങളോ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ഒന്നല്ല. ന്യൂനപക്ഷത്തിനെതിരായ എന്തു നീക്കവും അപലപിക്കപ്പെടുകയോ തള്ളിപ്പറയപ്പെടുകയോ ഇല്ല എന്നു ഉന്നതങ്ങളില്‍ നിന്നും സന്ദേശം കിട്ടുന്നതുകൊണ്ടാണത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകത്തിന് ശേഷമുണ്ടായത് പോലെ ഓരോ വിദ്വേഷ കുറ്റകൃത്യത്തിന് ശേഷവും ഉന്നതങ്ങള്‍ മൌനം പൂണ്ടു. ഇപ്പോള്‍ ട്രംപ് പറഞ്ഞ ആ ചുരുങ്ങിയ വാക്കുകള്‍ പോലും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ശേഷം മോദി പറഞ്ഞതിനെക്കാള്‍ എത്രയോ അധികമാണ്.

ഇന്ത്യയിലെയും യുഎസിലെയും സംഭവവികാസങ്ങള്‍ തമ്മിലുള്ള താരതമ്യം ഇവിടെ അവസാനിക്കുന്നില്ല. മറ്റൊന്നു ‘രാഷ്ട്രത്തിന്റെ’ നിര്‍വ്വചനമാണ്. ട്രംപ് തുടര്‍ച്ചയായി സംസാരിക്കുന്നതു അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതിനെക്കുറിച്ചാണ്. പക്ഷേ എന്താണ് ഈ അമേരിക്ക? വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക്, മുസ്ലീങ്ങളടക്കമുള്ളവര്‍ക്ക്, ഈ അമേരിക്കയില്‍ ഇടമില്ലേ? അതോ അമേരിക്കയുടെ പഴയ പെരുമ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന് ഭീഷണിയായാണോ അവരെ കാണുന്നത്? കന്‍സാസ് വെടിവെപ്പിനെക്കുറിച്ച് പറഞ്ഞ അതേ പ്രസംഗത്തില്‍ VOICE (Victims of Immigration Crime Engagements)എന്ന, കുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന ‘അമേരിക്കന്‍’ ഇരകളെ സഹായിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് പറഞ്ഞു. കുടിയേറ്റക്കാര്‍ കൊന്ന പോലീസുകാരുടെ ഗുണങ്ങള്‍ അയാള്‍ വിവരിച്ചു. പക്ഷേ അത്തരം കുറ്റകൃത്യങ്ങള്‍ അയാള്‍ അമേരിക്കക്കാര്‍ എന്നു വിളിക്കുന്നവരുടെ കുറ്റങ്ങളെ അപേക്ഷിച്ച് ആനുപാതികമായി അധികമാണോ എന്നയാള്‍ പറഞ്ഞില്ല. ഒരു യോഗ്യതയും കൂടെ ചേര്‍ക്കാതെ വെറുതെ ‘കുടിയേറ്റക്കാരന്‍’ എന്നുമാത്രം പറഞ്ഞ ട്രംപ് കന്‍സാസിലെ അക്രമിയെപ്പോലുള്ളവരെയാണ് പ്രചോദിപ്പിച്ചത്. അത്തരക്കാര്‍ക്ക് വ്യത്യസ്തരായി തോന്നുന്ന, തൊലിനിറം വേറെയുള്ള, വേറെ ഭാഷ സംസാരിക്കുന്ന, വേറെ തരം വസ്ത്രം ധരിക്കുന്ന ആരും ‘അനധികൃത കുടിയേറ്റക്കാരനാണ്,” ഒരു ‘അന്യനാണ്” ‘അമേരിക്കക്ക് ഒരു ഭീഷണിയാണ്.”

ഇന്ത്യയില്‍ സര്‍ക്കാര്‍ ‘ദേശം’ എന്നും ‘ദേശീയത’ എന്നും അത് കണക്കാക്കുന്ന അജണ്ടകള്‍ നിശ്ചയിച്ചു. മറ്റുതരത്തില്‍ തെളിയിക്കാത്തിടത്തോളം എല്ലാ ഇന്ത്യന്‍ ഹിന്ദുക്കളും ‘ദേശീയവാദികളാണ്’. പക്ഷേ ഇന്ത്യന്‍ മുസ്ലീങ്ങള്‍ അവരുടെ ദേശീയത യോഗ്യതകള്‍ തെളിയിച്ചുകൊണ്ടേയിരിക്കണം. ഇത് കൂടാതെ, സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നവര്‍, സ്വന്തം ഭാവി നിശ്ചയിക്കാനുള്ള കാശ്മീരികളുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവര്‍, കാശ്മീരിലും, ബസ്തരിലും, വടക്കുകിഴക്കന്‍ മേഖലയിലും സുരക്ഷാ സേനയുടെ അതിക്രമങ്ങളെ ചോദ്യം ചെയ്യുന്നവര്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിയോജിക്കാനുള്ള അവകാശമാണെന്ന് പറയുന്നവര്‍ ഇവരെയെല്ലാം ‘ദേശദ്രോഹികളുടെ’ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. ഈയിടെ ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ ‘പ്രതിഷേധത്തിന്റെ സംസ്കാരങ്ങള്‍’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന വിദ്യാര്‍ത്ഥികളെ ABVP-ക്കാര്‍ ആക്രമിച്ചത് കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരേന്‍ റിജ്ജുവിന്‍റെ ഭാഷയില്‍ ‘തീവ്ര ഇടതുപക്ഷക്കാരും ദേശീയവാദികളും’ തമ്മിലുള്ള പ്രത്യയശാസ്ത്ര തര്‍ക്കമാണ്. വ്യക്തമായും, ABVP-ക്കാര്‍ മാത്രമേ ‘ദേശീയവാദികളായി’ യോഗ്യത നേടുന്നുള്ളൂ.

ഇതെല്ലാം ഇന്ത്യയിലും യുഎസിലും സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന അപകടകരമായ ഇരട്ട നയങ്ങളാണ്. ഇവിടെ അവര്‍ ABVP-യെ പോലൊരു സംഘത്തിന് തങ്ങളുടെ ‘ദേശീയവാദത്തിന്റെ’ വ്യാഖ്യാനം നടത്തിക്കാനുള്ള ചുമതല നല്കുന്നു. യുഎസില്‍ സായുധരായ വ്യക്തികള്‍ക്കും, ഭരണകൂട പ്രതിനിധികള്‍ക്കും ഇപ്പോള്‍ ‘അനധികൃതമായി’ ഉള്ളവരെയോ ‘രാജ്യത്തിന് ഭീഷണിയായി’ ഉള്ളവരെയോ വേട്ടയാടുകയും കൊല്ലുക പോലും ചെയ്യാം. നമ്മുടെ സമൂഹങ്ങളില്‍ വെറുപ്പിന്റെ പാടങ്ങളില്‍ വിത്തും വളവുമിറക്കുന്നതിനും സഹിഷ്ണുതയ്ക്കും സംവാദത്തിനുമുള്ള ഇടങ്ങള്‍ നശിപ്പിക്കുന്നതിനും ഇത്തരം സര്‍ക്കാരുകള്‍ ഉത്തരവാദികളാണ്.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍