UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറുപ്പിനഴകില്ലാത്ത കിഴക്കന്‍ യൂറോപ്പ്; വംശവെറിയുടെ ചില നേര്‍സാക്ഷ്യങ്ങള്‍

Avatar

ടെരേല്‍ ജെര്‍മ്യാന്‍ സ്റ്റാര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഞാന്‍ കയറിയ വിമാനം യുക്രൈനിലെ കീവീല്‍ 2009 ലെ വേനല്‍ക്കാലത്ത് ഇറങ്ങുമ്പോള്‍ എനിക്ക് വീടില്ലായിരുന്നു, ഞാനറിയാതെതന്നെ ഭവന വിവേചനത്തിന്റെ ഇര. ഉഭയവംശജരായ യുക്രൈന്‍കാരുടെ ജീവിതത്തെക്കുറിച്ചുള്ള ഗവേഷണനത്തിനായി ഫുള്‍ബ്രൈറ്റ് ധനസഹായവുമായാണ് ഞാന്‍ അവിടെ എത്തിയത്. എന്നേപ്പോലെ, ഡെട്രോയിറ്റിലെ കറുത്ത വംശജനായ ഒരു ചെറുപ്പക്കാരനെപ്പോലുള്ളവരെ, സ്ലാവിക് രാജ്യം എങ്ങനെ സൃഷ്ടിക്കുന്നു എന്നറിയാനുള്ള ഗവേഷണത്വര. ഒരു പ്രാദേശിക ഇടപാടുകാരന്‍ ഞാന്‍ എത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ താമസിക്കാന്‍ വീട് ശരിയാക്കിത്തരാം എന്നു വാഗ്ദാനം ചെയ്തിരുന്നു. വിമാനത്താവളത്തില്‍ നിന്നും കാര്‍ വാടകയ്ക്ക് വിളിച്ച് ഞാന്‍ നേരെ അയാളെ കാണാന്‍ പോയി. ഊഷ്മളമായൊരു ചിരിയോടെ സെര്‍ഗൊയ് എന്നെ സ്വീകരിച്ചു. വീട് കിട്ടാത്തതിന്റെ കാരണവും പറഞ്ഞു;’നിങ്ങളുടെ തൊലിയുടെ നിറം വല്ലാത്ത പ്രശ്‌നമുണ്ടാക്കുന്നു.’

ഞാന്‍ അമേരിക്കന്‍ പൗരനാണെന്നത് വാടകയ്ക്ക് വീട് കിട്ടാന്‍ എളുപ്പമാക്കും എന്നയാള്‍ കരുതി. പക്ഷേ ഞാന്‍ കറുത്തവനാണെന്നറിഞ്ഞതോടെ ഇടപാടുകള്‍ മുടങ്ങിത്തുടങ്ങി. അന്നേദിവസം ഒരു വീടും തേടി കീവീല്‍ ഒരുപാടിടത്ത് ഞങ്ങള്‍ കയറിയിറങ്ങി. ഓരോ തവണയും ഞാന്‍ നിരസിക്കപ്പെട്ടു. ഒടുവില്‍ ഇരുട്ടുന്നതിനുമുമ്പ് ഒരു വീടുടമസ്ഥന്‍ സമ്മതിച്ചു. 

കിഴക്കന്‍ യൂറോപ്പിന്റെ വംശവെറി ഞാന്‍ വളരെ പെട്ടന്നു അറിഞ്ഞുതുടങ്ങി. അടുത്ത 18 മാസക്കാലത്തെ എന്റെ യുക്രൈന്‍ വാസക്കാലത്ത് അത് സാധാരണ ജീവിതത്തിനും, യുക്രൈനുമായുള്ള ഇടപെടലിനും നിരന്തരമായ തടസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 

തീര്‍ച്ചയായും കറുത്ത തൊലി യു എസിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. യു എസില്‍ വംശീയത വ്യവസ്ഥാപിതമായി, എന്നാല്‍ ഒളിഞ്ഞും, വെള്ളക്കാര്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും ആഫ്രിക്കന്‍അമേരിക്കന്‍ വംശജര്‍ക്ക് ലഭിക്കുന്നതിനെ തടസപ്പെടുത്തുന്നു. എന്നാല്‍ യുക്രൈനില്‍ വംശീയത ഒട്ടും മയമില്ലാതെത്തന്നെ പ്രകടമാണ്. ഒരാളുടെ പരാമര്‍ശങ്ങള്‍ വംശീയത ഒളിച്ചുവെച്ചതാണോ, അല്ലെങ്കില്‍ ഒരു ഉദ്യോഗസ്ഥന് വംശീയ മുന്‍വിധികളുണ്ടോ എന്നു എനിക്കൊരിക്കലും ഊഹിച്ച് ബുദ്ധിമുട്ടേണ്ടിവന്നിട്ടില്ല. നമ്മളെ അവരെങ്ങിനെയാണ് കണക്കാക്കുന്നതെന്ന് യുക്രൈന്‍ മനസിലാക്കിത്തരും. അത്രത്തോളം നന്നായി. 

കിഴക്കന്‍ യൂറോപ്പിന്റെ വംശവെറി എനിക്ക് പൊടുന്നനെയല്ല പിടികിട്ടിയത്. യുക്രൈനിലെ എന്റെ ആദ്യ ആറാഴ്ച കറുത്തവര്‍ക്കെതിരായ വെറുപ്പിന്റെ രൂക്ഷമായ രൂപങ്ങള്‍ ഞാന്‍ മനസിലാക്കി. പലപ്പോഴും കറുത്ത ഷര്‍ട്ടിട്ട ചെറുപ്പക്കാരെയും എന്നെ നോക്കി നാസി അഭിവാദ്യം കാണിക്കുന്നവരെയും ഞാന്‍ കാണാറുണ്ട്. മറ്റ് ചിലപ്പോള്‍ എന്റെ തൊലിനിറം ആളുകളില്‍ വല്ലാത്ത കൗതുകമുണര്‍ത്തും. ഞാനൊരു താരമാണോ എന്നു തോന്നും വിധത്തിലുള്ള ദയാവായ്പും സ്‌നേഹവും കിട്ടും (ചിലപ്പോള്‍ അങ്ങിനെയായിരുന്നു. ജോര്‍ജിയ സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ അലന്‍ ഇവേഴ്‌സണ്‍ ആണെന്ന് കരുതി രണ്ടു ദിവസത്തിനുള്ളില്‍ ഒരു 80 ചിത്രത്തിനെങ്കിലും നിന്നുകൊടുക്കേണ്ടിവന്നു).

ഉക്രെയിനിലെത്തുന്ന ആദ്യത്തെ കറുത്ത മനുഷ്യനൊന്നുമല്ല ഞാന്‍. ആഫ്രിക്ക കോളനിവാഴ്ചയില്‍ നിന്നും മുക്തമായ 1960കളില്‍ സോവിയറ്റ് യൂണിയനായിരുന്ന കാലത്ത് നിരവധി കറുത്ത വര്‍ഗക്കാര്‍ എത്തിയിരുന്നു. തങ്ങളുടെ 15 റിപ്പബ്‌ളിക്കുകളിലും ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനായി സോവിയറ്റ് യൂണിയന്‍ ഉദാരമായി സ്‌കോളര്‍ഷിപ്പുകള്‍/ധനസഹായം നല്‍കിയിരുന്നു. ഒരുതരത്തില്‍, യു എസിലെയും വര്‍ണവിവേചനം നിലനിന്ന ദക്ഷിണാഫ്രിക്കയിലും എത്രയോ സുരക്ഷിതമായ അന്തരീക്ഷമായിരുന്നു കറുത്ത വര്‍ഗക്കാര്‍ക്ക് സോവിയറ്റ് യൂണിയനില്‍ ലഭിച്ചത്. പക്ഷേ സ്റ്റാലിന്റെ അടിച്ചമര്‍ത്തല്‍ കാലത്ത് കൊല്ലപ്പെട്ട സോവിയറ്റ് പൗരന്മാരെക്കാള്‍ മെച്ചമായിരുന്നില്ല പലപ്പോഴും കറുത്തവരുടെ സ്ഥിതിയും. 

വര്‍ണവെറി പരസ്യവും വ്യാപകവുമായിരുന്നു. എന്റെ ഏറ്റവും രൂക്ഷമായ അനുഭവം ഒരു റഷ്യന്‍ ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു. സെന്‍ട്രല്‍ ട്രെയിന്‍ സ്‌റ്റോപ്പില്‍ നിന്നും ഞാന്‍ ടോക്കണ്‍ വാങ്ങവേ, ഒരു ചെറുപ്പക്കാരനായ പൊലീസുകാരന്‍ എന്നെ തുറിച്ചു നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഒരു കറുത്ത അമേരിക്കക്കാരനായ എനിക്ക് നിങ്ങളെ തടഞ്ഞുനിര്‍ത്തും മുമ്പുള്ള ആ നോട്ടം എളുപ്പം മനസിലാകും; അതൊരു വിദേശ രാജ്യത്തായാല്‍ പോലും. അയാള്‍ എന്റടുത്തെത്തി. സോവിയറ്റ് ശൈലിയില്‍ ഒരു അഭിവാദ്യവും തന്നു പാസ്‌പോര്‍ട് കാണിക്കാന്‍ ആവശ്യപ്പെട്ടു. അത് തുറന്നുനോക്കും മുമ്പ് സ്‌റ്റേഷനകത്തുള്ള ഒരു ചെറിയ പോലീസ് മുറിയിലേക്ക് ഒപ്പം വരാന്‍ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ എന്തിനാണെന്നെ തടഞ്ഞതെന്ന് ഞാന്‍ ചോദിച്ചു. അയാള്‍ റഷ്യനില്‍ മറുപടി നല്കി,’ നിങ്ങളൊരു കറമ്പനാണ്. ഞങ്ങളുടെ രാജ്യത്തേക്ക് നിങ്ങള്‍ മയക്കുമരുന്ന് കൊണ്ടുവരികയാണെന്ന് എനിക്കറിയാം. എവിടെ മയക്കുമരുന്നുകള്‍?’

പെട്ടന്നുതന്നെ മറ്റൊരു പോലീസുകാരനും ചോദ്യം ചെയ്യാന്‍ ഒപ്പം കൂടി. യുക്രൈയിനില്‍ വന്നതിന്റെ യഥാര്‍ത്ഥ കാരണമാണ് അറിയേണ്ടത്. മയക്കുമരുന്ന് കള്ളക്കടത്തിന് വിദ്യാര്‍ത്ഥിയാണെന്ന് നടിക്കുകയാണെന്ന് അവര്‍ ആവര്‍ത്തിച്ചു. എന്റെ ഫുള്‍ബ്രൈറ്റ് രേഖകള്‍ കാണിച്ചിട്ടും അവര്‍ ഇത് തുടര്‍ന്നു.ഏതാണ്ട് അരമണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമാണ് എന്നെ വിട്ടയച്ചത്. 

ഈ അനുഭവം എത്ര മോശമാണെങ്കിലും ആ ചെറുപ്പക്കാരനായ പോലീസുകാരന്റെ തുറന്നുപറച്ചില്‍ എനിക്കിഷ്ടമായി. എന്റെ തൊലിനിറമാണ് സംശയത്തിന് ഒരേയൊരു കാരണമെന്ന് അയാള്‍ വ്യക്തമാക്കി. ഞാനിപ്പോള്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ പോലീസിന്റെ പെരുമാറ്റത്തില്‍ അബോധമനസിലെങ്കിലും വര്‍ണവെറി ഉണ്ടെന്ന സൂചനകളെ അവര്‍ തീര്‍ത്തൂം തള്ളിക്കളയുകയാണ് പതിവ്. തടഞ്ഞുനിര്‍ത്തുന്ന പരിശോധനയും മറ്റ് പോലീസ് നടപടികളും വംശീയ മുന്‍വിധികള്‍ വെച്ചിട്ടല്ലെന്ന് അവര്‍ ആണയിടും. എന്നാല്‍ വംശീയ ന്യൂനപക്ഷങ്ങള്‍ ഇത്തരം നടപടികള്‍ക്ക് കൂടുതലായി ഇരകളാകുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇങ്ങനെ തികച്ചും തള്ളിക്കളയുന്നതോടെ അവിശ്വാസം പെരുകുകയും സംഘര്‍ഷം ഉരുണ്ടുകൂടുകയും ചെയ്യുന്നു. വംശീയതയെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ യു എസില്‍ മിക്കപ്പോഴും പരസ്പരമുള്ള ചീത്തവിളികളായി മാറുകയാണ് പതിവ്. അതോടെ സംസ്‌കാര സങ്കരത്തിനുള്ള സാധ്യത അടഞ്ഞുപോകുന്നു. 

എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി കിഴക്കന്‍ യൂറോപ്പില്‍ വംശത്തെക്കുറിച്ചുള്ള സ്വാഭാവികമായ പല സംഭാഷണങ്ങളിലും ഞാന്‍ പങ്കെടുത്തു. പീസ് കോപ്‌സിന്റെ ഒരു സന്ദര്‍ശന പരിപാടിയുടെ ഭാഗമായി 2005ല്‍ ഞാന്‍ ജോര്‍ജിയയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയായിരുന്നു. ഒരു ക്ലാസ് കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി എന്നോടു കറുപ്പ്-അമേരിക്കന്‍ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. താന്‍ എത്ര മാത്രമാണു കറുത്തവരെ ഇഷ്ടപ്പെടുന്നതെന്ന് അവള്‍ പറയുന്ന സമയം വരെ നിഷ്‌ക്കളങ്കമായിരുന്നു ആ സംഭാഷണം. 

‘ഓ, എനിക്കു നീഗ്രോവിനെ വലിയ ഇഷ്ടമാണ്. അവര്‍ മിടുക്കാരാണ്, പാട്ട് പാടും, നൃത്തം ചെയ്യും. നിഗറുകളെ (nigger) എനിക്കിഷ്ടമാണ്.’

മനപൂര്‍വമല്ല അവള്‍ ആ വാക്ക് ഉപയോഗിച്ചതെന്ന് എനിക്കറിയാവുന്നതുകൊണ്ട് കറുത്തവരെ അങ്ങനെ വിശേഷിപ്പിക്കരുതെന്ന് ഞാന്‍ പറഞ്ഞുകൊടുത്തു. ‘എന്തുകൊണ്ട് പാടില്ല?’ അവള്‍ ചോദിച്ചു, ‘റാപ് പാട്ടുകളില്‍ നിങ്ങള്‍ പരസ്പരം അങ്ങനെ വിളിക്കില്ലെ?’

പരിചിതമായ ആ പ്രതികരണം എന്നെ ചൂടുപിടിപ്പിച്ചു. യു എസില്‍ തര്‍ക്കത്തിലേക്ക് വഴുതിവീഴുന്ന ഈ ‘N-word’ യുദ്ധത്തില്‍ എനിക്കു താത്പര്യമില്ല. ഇവിടെ പക്ഷേ കറുത്ത വര്‍ഗക്കാരുമായി മുന്‍പരിചയമില്ലാത്ത ഈ 20കാരി പെണ്‍കുട്ടി ഒരു പുതിയ അന്തരീക്ഷത്തിലാണ്. പാട്ടിലൂടെയല്ലാതെ അവള്‍ക്കറിയാത്ത ഒരു വിഭാഗം മനുഷ്യരെ കുറിച്ചുള്ള സ്വാഭാവികമായ സംശയങ്ങള്‍. ചില കറുത്ത വര്‍ഗക്കാര്‍ പരസ്പരം ‘nigga’ വാക്ക് ഉപയോഗിക്കുമെങ്കിലും ‘N’ വാക്ക് വെള്ളക്കാരന്‍ ഉപയോഗിക്കുമ്പോള്‍ അതെങ്ങിനെയാണ് അധിക്ഷേപകരമാകുന്നത് എന്നു ഞാനവള്‍ക്ക് വിശദീകരിച്ചു നല്‍കി. യു എസിന് പുറത്തുള്ള, ആ പ്രയോഗത്തിന്റെ ചരിത്ര,സാംസ്‌കാരിക സൂചനകളെപ്പറ്റി അറിയാത്ത ഒരാളെ അത് മനസിലാക്കുക ഏറെ ദുഷ്‌കരമാണ്.

‘അപ്പോള്‍ നിങ്ങളൊരു ‘nigga’ ആണ്, അല്ലേ?’ അവള്‍ ചോദിച്ചു.

ഏതാണ്ട് 40 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആ വാക്കുകള്‍ ഉപയോഗിക്കരുതെന്നും അത് കറുത്ത വര്‍ഗക്കാരെ വേദനിപ്പിക്കുന്നതാണെന്നും ഞാന്‍ പറഞ്ഞു. ‘ഓ, അങ്ങനെ ചെയ്യാന്‍ ഞാന്‍ കരുതിയില്ല.’ അവള്‍ പറഞ്ഞു.

യു എസില്‍ സംഭവിക്കുന്ന തരത്തില്‍ ആ സംഭാഷണം സംഘര്‍ഷം നിറഞ്ഞതായില്ല. അതുകൊണ്ടു ഒരു വൈകാരിക അനുതാപത്തില്‍ അത് അവസാനിച്ചു.

യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഞാനിതെഴുതുമ്പോള്‍ ആ നാട്ടില്‍ മുഴുവന്‍ ഫാസിസ്റ്റുകളാണെന്നും യുക്രൈന്‍ വിരുദ്ധ പ്രചാരണവും വരാനിടയുണ്ട്. എന്നാല്‍ യുക്രൈന്‍കാരുടെ തുറന്ന മനസും സത്യസന്ധതയും എന്നെ വല്ലാതാകര്‍ഷിച്ചു എന്നതാണു സത്യം. കഴിയുമെങ്കില്‍ ഇവിടെ ഒരു വീടുവാങ്ങി ഇടക്കൊക്കെ വന്നു താമസിക്കുമായിരുന്നു.

എന്റെ പല ആഫ്രിക്കന്‍-അമേരിക്കന്‍ സുഹൃത്തുക്കളും കിഴക്കന്‍ യൂറോപ്പിനെ കുറിച്ചുള്ള ഈ പറച്ചിലില്‍ മുഖം ചുളിക്കുമെങ്കിലും ഞാന്‍ അവിടെ ചെലവഴിച്ച കാലം ഇഷ്ടത്തോടെയാണ് ഓര്‍ക്കുന്നത്. യൂറോപ്പിലെ വംശീയ ബന്ധങ്ങള്‍ യു എസിനെക്കാള്‍ കേമമാണെന്ന അര്‍ത്ഥത്തിലല്ല ഇത്. അത് ശരാശരി വെച്ചു നോക്കിയാല്‍ മോശം എന്നുതന്നെ പറയാം. മാത്രവുമല്ല അമേരിക്കക്കാരന്‍ എന്ന താരതമ്യേന ഗുണംചെയ്യുന്ന വിലാസം ഉണ്ടായിട്ടുകൂടി എന്റെ അനുഭവങ്ങള്‍ രൂക്ഷമായിരുന്നു. ആഫ്രിക്കക്കാരോട് ഇതിലും മോശമായാണ് പെരുമാറുന്നത്. പക്ഷേ കിഴക്കന്‍ യൂറോപ്പില്‍, പ്രത്യേകിച്ചു യുക്രൈനില്‍ പ്രദേശവാസികളുമായി എനിക്കു ഈ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടലുകളുണ്ടായി. തങ്ങളുടെ വംശീയ മുന്‍വിധികള്‍ ആവര്‍ത്തിച്ചുറപ്പിക്കാതെ അത് മാറ്റാന്‍ യുക്രൈന്‍കാര്‍ തയ്യാറായിരുന്നു. യു എസിലെ നമ്മുടെ പോരാട്ടങ്ങളില്‍ ഇത്തരമൊരു സമീപനം കൂടുതല്‍ മെച്ചപ്പെട്ട വംശീയ തിരിച്ചറിവുകള്‍ ഉണ്ടാക്കാന്‍ സഹായിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍