UPDATES

ദളിതരെ മാറ്റി നിര്‍ത്തിയല്ല ദളിത് പ്രശ്നം ചര്‍ച്ച ചെയ്യേണ്ടത്; ഡിവൈഎഫ്ഐ സമ്മേളനത്തില്‍ രാധിക വെമൂല നടത്തിയ പ്രസംഗം

വേണ്ടത് ദളിത്-സ്ത്രീ-ആദിവാസി-മുസ്ലിം-കമ്മ്യൂണിസ്റ്റ് കൂട്ടായ്മ

പ്രിയ സഹോദരി സഹോദരന്മാരെ,
ഏവര്‍ക്കും എന്റെ നീല്‍സലാം ലാല്‍സലാം ജയ് ഭീം അഭിവാദ്യങ്ങള്‍…

ആദ്യമായി എനിക്ക് നന്ദി പറയാനുള്ളത് ഡി വൈ എഫ് ഐയോടാണ്. അവര്‍ നടത്തുന്ന ദേശീയതല സമ്മേളനത്തില്‍ എന്റെ മകന്‍ രോഹിത് വെമുലക്ക് നല്‍കിയ പ്രാധാന്യം വളരെ വലുതാണ്. രോഹിത്തിന് കിട്ടേണ്ട നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സിപിഎമ്മും എസ്എഫ്ഐയും കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണക്കും ഞാന്‍ നന്ദി പറയുകയാണ്. സീതാറാം യെച്ചൂരിയേയും ബ്രിന്ദാ കാരാട്ടിനേയും പോലുള്ള നേതാക്കള്‍ കാണിച്ച കനിവും കൈത്താങ്ങും മറക്കാവുന്ന ഒന്നല്ല. എന്റെ മകന്റെ ത്യാഗത്തില്‍ നിന്ന് മുളച്ച അനേകം സമരമുഖങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വഹിച്ച പങ്കു വലുതാണെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയാകെ ഞാന്‍ നടത്തിയ യാത്രകളില്‍ നിന്ന് രാഷ്ട്രീയം എന്തെന്നും വിവിധ തലങ്ങളിലുള്ള പ്രത്യയശാസ്ത്രം എന്തെന്നുമൊക്ക പഠിക്കാന്‍ സാധിച്ചു. സംഘപരിവാറിനെയും ആര്‍എസ്എസിനേയും ബിജെപിയെയും ഒക്കെ പിന്താങ്ങയുന്നവരെക്കാളും അവരെ എതിര്‍ക്കുന്ന ശബ്ദങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നതെന്ന് എനിക്ക് തോന്നുന്നു. ഇതില്‍ നിന്നുയരുന്ന പ്രധാന ചോദ്യം എന്താണെന്ന് വച്ചാല്‍, എങ്ങനെയാണ് ഇത്രയുമധികം ഇന്ത്യന്‍ ജനത എതിര്‍ത്തിട്ടും സംഘപരിവാറിന് ഇന്ത്യ ഭരിക്കാന്‍ പറ്റുന്നത്? ഇതിനുത്തരം വളരെ ലളിതമാണ്; ബിജെപി വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ, ബ്രാഹ്മിണ്‍ വിരുദ്ധ ശക്തികള്‍ ഐക്യപ്പെട്ടിട്ടില്ല. അവര്‍ ചിതറിക്കിടക്കുകയാണ്.

ഞാന്‍ മനസിലാക്കുന്നത് ഈ പ്രശ്‌നത്തിന് പരിഹാരം ദളിത് – മുസ്ലിം – ആദിവാസി – ബഹുജന്‍ – സ്ത്രീ – കമ്മ്യൂണിസ്റ്റ് ഏകീകരണം ആണെന്നാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഏല്‍ക്കുന്ന വെല്ലുവിളികളെ തടയാന്‍ ഇങ്ങനെയുള്ള ശാക്തീകരണത്തിനു സാധിക്കുമെന്നാണ് നാം മനസിലാക്കേണ്ടത്. പക്ഷേ ഏകീകരിക്കപ്പെട്ട ഈ ശക്തികള്‍ തമ്മില്‍ ആദ്യം അന്തരങ്ങള്‍ ഇല്ലാതാകേണ്ടത് അത്യാവശ്യമാണ്.

സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത് മുന്‍പ് അധികാരം കയ്യാളിയിരുന്നവര്‍ ഇന്നത് മറ്റുള്ളവരുമായി പങ്കിടുന്നതാണ്. അധികാരത്തിന്റെ സ്വാദറിയാത്തവരെ പിന്തുണയ്ക്കുക. വിവേചനം അനുഭവിക്കാത്തവര്‍ വിവേചനത്തിനെപ്പറ്റി കൂടുതല്‍ സംസാരിക്കാതെ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് ശബ്ദമുയര്‍ത്താന്‍ താങ്ങാകുക.

നമ്മള്‍ മനസിലാക്കേണ്ട വേറൊരു കാര്യമെന്താണെന്നു വച്ചാല്‍ മുസ്ലിം മുന്നേറ്റത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ആദിവാസി മുന്നേറ്റം. അതില്‍ നിന്ന് വേറിട്ടതായിരിക്കും സ്ത്രീ ശാക്തീകരണ മൂവ്‌മെന്റുകള്‍. ഇതെല്ലാം കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. വൈരുധ്യങ്ങളെയും വ്യത്യസ്തതകളെയും, ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചതല്ലെന്ന് മനസിലാക്കുമ്പോള്‍ പരസ്പരമുള്ള ബഹുമാനവും സ്‌നേഹവും ഇങ്ങനെ ഒരുമിച്ചുള്ള സഖ്യങ്ങളും കൂട്ടായ്മകളും എല്ലാം വര്‍ധിക്കും. അവിടെ എല്ലാരും സമന്മാരായിരിക്കും. ഈ സമത ഉണ്ടെങ്കില്‍ മാത്രമേ മുസ്ലിമുകള്‍ക്കും സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും കമ്മ്യൂണിസ്റ്റുകാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ പറ്റൂ.

ഇന്ന് ഞാനിവിടെ വന്നത് നിങ്ങളോട് കമ്മ്യൂണിസ്റ്റായി സംസാരിക്കാനല്ല, മറിച്ച് ഒരു അംബേദ്കറൈറ്റ് ആയി സംസാരിക്കാനാണ്. ഞാന്‍ അംബേദ്കറൈറ്റ് ആണെന്ന് പറയുമ്പോ തന്നെ അതിനര്‍ത്ഥം അസമത്വത്തിനെതിരെ പോരാടണമെന്ന കമ്മ്യൂണിസ്റ്റ് അജണ്ട ഞാന്‍ പിന്തുടരുന്നു എന്നാണ്. ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിയിലൂടെ അംബേദ്കര്‍ പോരാടിയത് തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്, പ്രധാനമായും രണ്ടുവിധത്തിലും അടിച്ചമര്‍ത്തപ്പെട്ട ദളിത് തൊഴിലാളികള്‍ക്ക് വേണ്ടി. അത് നമുക്ക് മറക്കാനാകുന്ന ഒന്നല്ല.

കഴിഞ്ഞ ഒരു വര്‍ഷമായി ആര്‍എസ്എസ് ശക്തികള്‍ക്കെതിരെയുള്ള എന്റെ സമരം എളുപ്പമുള്ള ഒന്നായിരുന്നില്ല. ദളിത്-സ്ത്രീ-ആദിവാസി-മുസ്ലിം-കമ്മ്യൂണിസ്റ്റ് കൂട്ടായ്മകള്‍ ഒന്നിച്ചു പോരടിച്ചെങ്കിലും അവര്‍ തമ്മില്‍ തന്നെ ഒരുപാട് ഭിന്നിപ്പുകളുണ്ടായ അവസരങ്ങളുമുണ്ട്.

കേരളത്തില്‍ എസ്എഫ്ഐക്കാര്‍ അംബേദ്കറൈറ് വിദ്യാര്‍ത്ഥികളെയയും മുസ്ലിം വിദ്യാര്‍ത്ഥികളെയും മര്‍ദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഷയത്തിനിടയില്‍ എന്റെ മകന്റെ ഫോട്ടോ വച്ച പോസ്റ്റര്‍ വലിച്ചു കീറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വേദനിപ്പിക്കുന്നതാണ്. ചിത്രലേഖയുടെ ഇന്നും അവസാനിക്കാത്ത ദുരിതങ്ങള്‍. ആദിവാസികളും ദളിതരും ഇന്നും ഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ആദിവാസി വനിതാ നേതാവ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?

രോഹിത് വെമുല ആക്ടിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കുറച്ച് ഇടതുപക്ഷ നേതാക്കള്‍ എന്നെ ക്ഷണിച്ചിരുന്നു. പിന്നീടാണ് ഞാന്‍ മനസിലാക്കുന്നത് എന്റെ മകന്റെ സുഹൃത്തുക്കളെയോ എഎസ്എ അംഗങ്ങളെയോ ക്ഷണിച്ചിട്ടില്ലെന്ന്. ദളിതരല്ലാത്തവര്‍ ചര്‍ച്ചചെയ്തുകൊണ്ടു മാത്രം എങ്ങനെയാണ്, ദളിതര്‍ ക്യാമ്പസുകളില്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെയുള്ള ആയുധമായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയമത്തില്‍ എന്ത് വേണം, വേണ്ട എന്ന് തീരുമാനിക്കുന്നത്? ജെഎന്‍യുവിലും എച്ച്സിയുവിലും എങ്ങനെയാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ ദളിത് വിദ്യാര്‍ത്ഥികളെ എതിര്‍ത്തതെന്നു നമുക്കറിയാം.

രണ്ടുകൈ കൂട്ടിയടിക്കുമ്പോഴേ ശബ്ദമുണ്ടാകൂ എന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ പരസ്പരമുള്ള വ്യത്യാസങ്ങളെ മനസിലാക്കി ഒന്നിച്ചു മുന്നോട്ടു പോകാന്‍ നാം ശ്രമിക്കണം.

ഞാനൊരു രാഷ്ട്രീയ നേതാവല്ല. വ്യത്യാസങ്ങള്‍ മറന്ന്‍ എങ്ങനെയാണ് ശക്തിയേറിയ ഒരു സഖ്യം രൂപീകരിക്കേണ്ടതെന്നു നിങ്ങളാണ് ചിന്തിക്കേണ്ടത്. നിങ്ങളിലാണ് നജീബിന്റെ അമ്മ, ജിഷയുടെ അമ്മ, അഖ്‌ലാഖിന്റെ കുടുംബം, ഉനയിലെ ദളിതര്‍… എല്ലാവരും നിങ്ങളിലേക്കാണ് ഉറ്റു നോക്കുന്നത്. അത് മറക്കാതെ ഒത്തൊരുമിച്ചൊരു പോരാട്ടത്തിന് തുടക്കമാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

നീല്‍സലാം ലാല്‍സലാം ജയ് ഭീം.

(മൊഴിമാറ്റം: കാലടി സര്‍വകലാശാലയിലെ റിസേര്‍ച്ച് ഫെലോ ജയസൂര്യ രാജന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍