UPDATES

സിനിമ

റയീസ്; ഗുജറാത്തില്‍ നിന്നൊരു കള്ളക്കടത്ത്

ഗുജറാത്ത് വര്‍ഗീയ കലാപത്തെ അടിസ്ഥാനമാക്കി പര്‍സാനിയ എന്ന ചിത്രമെടുത്ത രാഹുല്‍ ധൊലാക്കിയയാണ് സംവിധായകന്‍

റയീസ് മറ്റാരുമല്ല, അത് ലത്തീഫ് തന്നെയാണെന്ന് ലത്തീഫിനെ അറിയാവുന്നവര്‍ നേരത്തെ പറഞ്ഞിരുന്നു. റയീസിന്‍റെ കഥ കേട്ടത് മുതല്‍. ഗുജറാത്തിന്‌റെ അറിയപ്പെടുന്ന ഒരേയൊരു അധോലോക നായകന്‍ അബ്ദുള്‍ ലത്തീഫ്. അബ്ദുള്‍ ലത്തീഫിനെ യഥാര്‍ത്ഥ പേരില്‍ തന്നെ അവതരിപ്പിച്ച് ഒരു ബയോപിക് ചിത്രം ഒരുക്കുക എന്നത് തീരെ സാദ്ധ്യത കുറഞ്ഞ ഒന്നാണ്. പല വിവാദങ്ങള്‍ക്കും അത് തിരി കൊളുത്തുമായിരുന്നു. അത് ഒഴിവാക്കി ഫിക്ഷനില്‍ പൊതിഞ്ഞ് ലത്തീഫിന്‌റെ ജീവിതം ഒളിച്ചുകടത്തുക എന്നത് തന്നെയാണ് സുരക്ഷിതം. ലത്തീഫ് മദ്യം കടത്തുന്നത് പോലെ. ലത്തീഫിന് ചുറ്റുമുള്ള മനുഷ്യര്‍ക്കും അതാണ് സൗകര്യപ്രദം. എല്ലാ അധോലോക ജീവിതങ്ങളും അങ്ങനെയൊക്കെ തന്നെയാണ് ചിത്രീകരിക്കപ്പെട്ടത്. അതുകൊണ്ടാണ് കമല്‍ഹാസന്‍ വരദരാജ മുതലിയാര്‍ക്ക് പകരം വേലു നായ്കരാവുന്നത്. ഹാജി മസ്താന്‌റേയും ദാവൂദ് ഇബ്രാഹിമിന്‌റേയും കഥ പറഞ്ഞപ്പോളും ഇങ്ങനെ തന്നെയായിരുന്നു. ഇത് ലത്തീഫിന്‍റെ കഥയല്ല എന്ന് സംവിധായകന്‍ രാഹുല്‍ ധോലാക്കിയയും ഷാരൂഖ് ഖാനുമെല്ലാം പറയുന്നതും അതുകൊണ്ടാണ്.

മദ്യനിരോധിത ഗുജറാത്തില്‍ മദ്യം കടത്തി അധോലോക നേതാവായി വാഴുകയാണ് റയീസ്. മാനുഷിക മൂല്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍. ഒരേസമയം സ്‌നേഹിക്കപ്പെടുകയും ഭയത്തോടെ വീക്ഷിക്കപ്പെടുകയും ചെയ്യുന്ന അയാള്‍ ദാവൂദ് ഇബ്രാഹിമിനെ പോലെ ഒരു കോര്‍പ്പറേറ്റ് മാഫിയ തലവനല്ല. അയാള്‍ അബ്ദുള്‍ ലത്തീഫിനേയും ഹാജി മസ്താനേയും വരദരാജ മുതലിയാരേയും പോലെ ജനകീയനാണ്. അതുകൊണ്ടാണ് അയാള്‍ക്ക് ജയിലില്‍ കിടന്ന് തിരഞ്ഞെടുപ്പിനെ നേരിടാനും അനായാസമായി ജയിച്ച് കയറാനും സാധിക്കുന്നത്. സാധാരണക്കാരായ മനുഷ്യരുമായി ഹൃദയബന്ധം പൂലര്‍ത്തുന്നയാളാണ്. ഒട്ടും കുലീനനല്ലാത്തയാള്‍. ജീവകാരുണ്യ പ്രവര്‍ത്തനം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യക്ഷേമ പരിപാടികള്‍ തുടങ്ങിയവ ഒട്ടുമിക്ക ഇന്ത്യന്‍ അധോലോക നായകര്‍ക്കും ഒഴിച്ചുകൂടാനാവാത്തതാണ്. അവര്‍ ജനിച്ച് വളര്‍ന്ന വന്ന ജീവിതസാഹചര്യങ്ങള്‍, അതിനോടുള്ള വൈകാരികമായ അടുപ്പം എന്നിവയെല്ലാം ഇത് അവിഭാജ്യമാക്കുന്നുണ്ട്. തന്റെ ചുറ്റുമുള്ള സാധാരണക്കാര്‍ക്ക് വേണ്ടി, ഒരു ഹൗസിംഗ് കോംപ്ലക്‌സ്, ആശുപത്രി, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തനിക്ക് നേടാന്‍ കഴിയാതിരുന്ന വിദ്യാഭ്യാസം ഇതെല്ലാം അയാള്‍ സ്വപ്‌നം കാണുന്നുണ്ട്. അക്കാലത്ത് ഗുജറാത്തിലെ സമ്പന്നരായ മുസ്ലീങ്ങള്‍ ലത്തീഫിന് എതിരായിരുന്നു എന്നാണ് പറയുന്നത്. സാധാരണക്കാരായ മുസ്ലീങ്ങളും ഹിന്ദുക്കളുമടങ്ങുന്ന തെരുവ് മനുഷ്യരുടെ പിന്തുണയായിരുന്നു അയാളുടെ കരുത്ത്. ഹിന്ദു – മുസ്ലീം ധ്രുവീകരണത്തെ ശക്തിയായി എതിര്‍ക്കുന്ന ഒരു സെക്കുലര്‍ അധോലോക നായകനാണ് റയീസ്.

ദാരിദ്ര്യം എല്ലാ നിരോധിത വസ്തുക്കള്‍ക്കും മേല്‍ സമാന്തര സമ്പദ് വ്യവസ്ഥയ്ക്ക് വളമാകുന്ന സ്വാഭാവിക പശ്ചാത്തലം തന്നെയാണ് റയീസിനുമുള്ളത്. കുട്ടിക്കാലത്ത് തന്നെ റയീസ് മദ്യക്കടത്തുകാരനാണ്. അതിലേയ്ക്ക് റയീസിനെ നയിക്കുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യം വ്യക്തമാണ്. സ്വതന്ത്ര ഇന്ത്യയിലെ അധോലോകങ്ങളുടെ വളര്‍ച്ചയുടെ ചരിത്രം അത് തന്നെയാണ്. അതിജീവനത്തിനായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സ്വന്തമായി അധോലോക സാമ്രാജ്യം കെട്ടിപ്പടുക്കുകയും വ്യവസ്ഥിതിയുടെ എല്ലാ പിന്തുണയോടും കൂടി സമാന്തര വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നു. റയീസിന്‌റെ കുട്ടിക്കാലത്ത് നിന്നാണ് കഥ തുടങ്ങുന്നത്. ജയരാജ് എന്ന പ്രമുഖ മദ്യക്കടത്തുകാരനാണ് റയീസിന്റെ ഭാവി നിര്‍ണയിക്കുന്നത്. പിന്നീട് ജയരാജില്‍ നിന്ന് വേര്‍പെട്ട് സ്വന്തമായി ബിസിനസ് തുടങ്ങുന്നു. ഒരു ഘട്ടത്തില്‍ ജയരാജിനെ അയാള്‍ക്ക് കൊലപ്പെടുത്തേണ്ടി വരുന്നു. മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റിയും ചവുട്ടിയരച്ചുമാണ് റയീസിന്റെ പടയോട്ടം. അക്കാലത്ത് മറ്റുള്ളവര്‍ പരീക്ഷിക്കാത്ത കള്ളക്കടത്ത് രീതികളിലൂടെ അയാള്‍ തന്റെ സാമ്രാജ്യം സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. നവാസുദ്ദീന്‍ സിദ്ദിഖിയുടെ മജുംദാര്‍ എന്ന പൊലീസ് ഉദ്യോഗ്സ്ഥനുമായുള്ള റയീസിന്റെ മത്സരത്തിലൂടെയാണ് കഥ വികസിക്കുന്നത്. മദ്യനിരോധിത സംസ്ഥാനത്ത് അതിന്റെ മൂല്യങ്ങള്‍ പുറമേയ്ക്ക് ഉയര്‍ത്തിപ്പിടിക്കുന്ന മുഖ്യമന്ത്രിയും റയീസിന്റെ മദ്യക്കച്ചവടത്തില്‍ പങ്കുകാരനാണ്.

ലോകത്തെ എല്ലാ അധോലോക സിനിമകളുടേയും പാഠപുസ്തകമായ ഫ്രാന്‍സിസ് കപ്പോളയുടെ ഗോഡ്ഫാദര്‍ റയീസിനെ കാര്യമായി ആകര്‍ഷിച്ചിട്ടില്ല. വിറ്റോ കോര്‍ലിയോണിന്റേയും ശിവസേനാ നേതാവ് ബാല്‍ താക്കറെയുടേയും ഇന്ത്യയിലെ മറ്റ് പല അധോലോക നായകരുടേയും മിശ്രിതമായ അമിതാഭ് ബച്ചന്റെ സുഭാഷ് നാഗ്രെയെ പോലെ ശാന്തനും സൗമ്യസ്വഭാവം പുറത്ത് കാണിക്കുന്നയാളുമല്ല റയീസ്. അയാള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും അക്രമാസക്തനാവുകയും ചെയ്യുന്ന സാധാരണക്കാരനാണ്. കുട്ടിക്കാലം മുതല്‍ക്കേ കേള്‍ക്കുന്ന ബാറ്ററി എന്ന പരിഹാസവിളി എവിടെ നിന്നെങ്കിലും കേട്ടാല്‍ പോലും അയാള്‍ നിര്‍ദ്ദയമായി ആക്രമിക്കും. കാരണം അയാള്‍ ലത്തീഫിനെ പോലെയാണ്. ആക്ഷന്‍ രംഗങ്ങളിലൊഴികെ തീര്‍ത്തും റിയലിസ്റ്റിക്കാണ് റയീസ്. അതേസമയം ക്ലൈമാക്സ് രംഗത്തില്‍ റയീസ് വെടിയേറ്റ്‌ വീഴുന്ന രംഗം അനാവശ്യമായി വലിച്ച് നീട്ടി അരോചകമാക്കി. ഇടയ്ക്കിടെ ഷാരൂഖിന്‌റെ സ്റ്റീരിയോടൈപ്പ് മാനറിസങ്ങള്‍ കടന്നുവരുന്നുണ്ടെങ്കിലും ഒരു പരിധി വരെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതിവൈകാരികതയും കൃത്രിമത്വവും കലര്‍ന്ന സ്ഥിരം ചേഷ്ടകളും ഭാവപ്രകടനങ്ങളും പരമാവധി ഒതുക്കി നിര്‍ത്താന്‍ ഷാരൂഖ് ശ്രദ്ധിച്ചിട്ടുണ്ട്. അതേസമയം നവാസുദീന്‍ സിദ്ദിഖിയുമായുള്ള രംഗങ്ങളില്‍, അവര്‍ തമ്മിലുള്ള അഭിനയ കൈമാറ്റങ്ങളില്‍ ഷാരൂഖ് ഖാന്‍റെ പരിമിതികള്‍ തെളിഞ്ഞ് കാണാം.

ചിത്രത്തിന്‌റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ബോളിവുഡിലെ പ്രമുഖ സിനിമാട്ടോഗ്രാഫറും മലയാളിയുമായ കെയു മോഹനനാണ്. ഷാരൂഖ് ഖാന്‌റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി മോഹനന്‍ റയീസിനെ കാണുന്നു. പക്ഷേ സ്വദേശ്, ചക് ദേ ഇന്ത്യ തുടങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന്‍ നടത്തിയ താരതമ്യേന മികച്ച പ്രകടനത്തിന് താഴെ തന്നെയാണ് റയീസിന്‌റെ സ്ഥാനം. ഒരു മദ്യക്കടത്തുകാരനായും അധോലോക നേതാവായുമുള്ള റയീസിന്‌റെ വളര്‍ച്ച ചിത്രീകരിക്കുന്നത് വളരെ ദുര്‍ബലമായ രീതിയിലാണ്. ഡീറ്റൈലിംഗ് കുറവാണ്. പാട്ടുകള്‍ കുത്തിനിറച്ചുള്ള കഥ പറച്ചില്‍ പലപ്പോഴും അരോചകമാവുന്നുണ്ട്. റയീസ് എന്ന കഥാപാത്രത്തിന്‌റെ മാനസിക സംഘര്‍ഷം അനുഭവിപ്പിക്കുന്നതില്‍ തന്‍റെ പരിമിതികള്‍ ഷാരൂഖ് ഖാന്‍ വ്യക്തമാക്കുന്നു. റയീസ് എന്ന കഥാപാത്രത്തെ, ഗുജറാത്തിന്റെ സാമൂഹ്യ – രാഷ്ട്രീയ പശ്ചാത്തലത്തില്‍ കൃത്യമായി അടയാളപ്പെടുത്തുന്നതില്‍ ചിത്രത്തിന് ഏറെ പോരായ്മകളുണ്ട്. പര്‍സാനിയ പോലൊരു മികച്ച ചിത്രം ഗുജറാത്ത് വംശഹത്യ പശ്ചാത്തലമാക്കി ഒരുക്കിയ രാഹുല്‍ ധൊലാക്കിയയില്‍ നിന്ന് കൂടുതല്‍ ഗൗരവമുള്ള സമീപനം തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണെങ്കിലും അതല്ല ഇവിടെ കാണുന്നത്.

ബഹളങ്ങളില്‍ നിന്നും ശബ്ദ കോലാഹലങ്ങളില്‍ നിന്നും ഒരു പരിധി വരെ അകന്ന് നില്‍ക്കുന്നുണ്ടെങ്കിലും വീരനായക പ്രകടനത്തിന്‍റെ കമെഴ്സ്യല്‍ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. തെരുവിലെ സംഘര്‍ഷത്തിനിടയില്‍ പുകയില്‍ നിന്ന് ഇരുമ്പ് വടിയുമായി റയീസ് വരുന്നത് അടക്കമുള്ള രംഗങ്ങള്‍ സാധാരണക്കാരനെന്ന് അവകാശപ്പെടുന്ന റയീസിന്‍റെ അമാനുഷികതയെ എടുത്ത് കാട്ടുന്നു. സംഘട്ടന രംഗങ്ങളിലും ഇത് കാണാം. സംവിധായകര്‍ക്ക് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു ശരാശരി നടനും അതുല്യനായ ഒരു ക്രൌഡ് പുള്ളറുമായ ഷാരൂഖ് ഖാനെ സംബന്ധിച്ച് റയീസ് ഒട്ടും ആയാസകരമല്ല. സിംഗിള്‍ പീസ്‌ എന്ന ചിത്രത്തിലെ പാട്ട് പോലെ തന്നെയാണ് റയീസിനെ അവതരിപ്പിക്കുന്നത്. വൈകാരിക ബന്ധങ്ങളെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാനും കഴിഞ്ഞിട്ടില്ല. പലപ്പോഴും പാട്ടുകള്‍ കൊണ്ട് ഓട്ടയടക്കുന്ന പരിപാടിയാണ്. എല്ലാ കാലത്തിനും ഒരേ നിറമായത് കൊണ്ട് 60കള്‍ക്കും 70കള്‍ക്കും 80കള്‍ക്കും പ്രത്യേകം പ്രത്യേകം കളര്‍ടോണുകള്‍ ആവശ്യമില്ല. അതിന് ബോധപൂര്‍വമായി ശ്രമിക്കാതിരുന്നതാണെന്ന് മോഹന്‍ പറയുന്നു.

ദാവൂദ് ഇബ്രാഹിമിനോട് സാദൃശ്യമുള്ള മൂസ എന്ന കഥാപാത്രം റയീസിലുണ്ട്. 93ലെ ബോംബെ സ്‌ഫോടന പരമ്പരയില്‍ അറിയാതെയാണെങ്കിലും റയീസും പങ്കാളിയാവുന്നുണ്ട്. മൂസയ്ക്ക് വേണ്ടി താന്‍ കടത്തിയത് ബോംബെയില്‍ മരണം വിതക്കാനുള്ള ആര്‍ഡിഎക്‌സുകളാണെന്ന് റയീസ് മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. മൂസയെ റയീസ് കൊല്ലുന്നതായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ദാവൂദിനെ കൊല്ലാന്‍ ഏതായാലും ലത്തീഫിന് കഴിഞ്ഞില്ല. ലത്തീഫ് അങ്ങനെ ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്നോ എന്നും അറിയില്ല. ജനങ്ങള്‍ക്ക് വേണ്ടപ്പെട്ടവനായതുകൊണ്ടും ദാവൂദിനെ പോലുള്ള ഭരണകൂട സൗഹൃദങ്ങളല്ല അയാള്‍ക്കുള്ളത് എന്നതുകൊണ്ടും അയാളൊരു കോര്‍പ്പറേറ്റ് മാഫിയ ഡോണ്‍ അല്ല എന്നതുകൊണ്ടും റയീസിനെ ഭരണകൂടം നിഷ്പ്രയാസം ഉന്മൂലനം ചെയ്യുന്നു. ഭരണകൂടത്തിന്റെ ഉപകരണമായ മജുംദാര്‍ തന്നെയാണ് റയീസിനെ കൊല്ലാന്‍ നിയോഗിക്കപ്പെടുന്നത്.

റയീസിനേയും മദ്യക്കടത്തിനേയും ഉന്മൂലനം ചെയ്യുക എന്ന ദൗത്യവുമായി എത്തുന്ന നവാസുദീന്‍ സിദ്ദിഖിയുടെ പൊലീസ് കഥാപാത്രം, റയീസിനെ മദ്യക്കടത്തുകാരനാക്കി വളര്‍ത്തുന്ന അതുല്‍ കുല്‍ക്കര്‍ണിയുടെ ജയരാജ്, റയീസിന്‌റെ സഹായിയായ മുഹമ്മദ്‌ സീഷാന്‍ അയൂബിന്‍റെ സാദിഖ്, മൂസയുടെ സഹായി ആയെത്തുന്ന ജയ്ദീപ് അഹ്ലാവത് തുടങ്ങിയവരൊക്കെ ശ്രദ്ധ ആകര്‍ഷിക്കുന്നു. നവാസുദീന്‍ സിദ്ദിഖി മറ്റെല്ലാ ചിത്രങ്ങളിലുമെന്ന പോലെ തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുകയും മികച്ച് നില്‍ക്കുകയും ചെയ്യുന്നു. ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നവാസുദീന്റേതാണെന്ന കാര്യത്തില്‍ സംശയമില്ല.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സുജയ്)

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍