UPDATES

കായികം

യുഎസ് ഓപ്പണില്‍ അട്ടിമറി റാഫേല്‍ നദാല്‍ പുറത്ത്

അഴിമുഖം പ്രതിനിധി

യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ചു. 32-ാം സീഡായ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയാണ് എട്ടാം സീഡായ നദാലിനെ തോല്‍പ്പിച്ചത്. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലാണ് ഫാബിയോ വിജയം കണ്ടത്. സ്‌കോര്‍ 6-3, 6-4, 4-6, 3-6, 4-6. ആദ്യ രണ്ടു സെറ്റുകളും മുന്‍ ലോക ഒന്നാം നദാല്‍ നേടിയപ്പോള്‍ ഫാബിയോയുടെ വിധി എല്ലാവരും എഴുതിയതാണ്. എന്നാല്‍ അടുത്ത മൂന്നു സെറ്റുകളും നേടി ഫാബിയോ വമ്പന്‍ തിരിച്ചു വരവാണ് നടത്തിയത്. 1988-ല്‍ സ്റ്റെഫി ഗ്രാഫ് കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം നേടിയശേഷം ആ ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന സെറീന വില്ല്യംസ് ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാമിന്റെ അവസാന 16-ല്‍ കടന്നു. പരിചയ സമ്പന്നയായ സെറീനയുടെ മുഴുവന്‍ കഴിവുകളേയും എതിരാളിയായ 101-ാം റാങ്കുകാരി ബഥേനി മറ്റേക്ക് പരീക്ഷിച്ചു. ആദ്യ സെറ്റ് 3-6-ന് ബഥേനി നേടിയപ്പോള്‍ രണ്ടാം റൗണ്ടില്‍ കടുത്ത പോരാട്ടമാണ് സെറീനയും ബഥേനിയും തമ്മില്‍ നടന്നത്. രണ്ടാം സെറ്റ് 7-5-നാണ് സെറീന നേടിയത്. മൂന്നാം സെറ്റ് 6-0-ന് സെറീന നേടി. ഈ വര്‍ഷം നടന്ന മൂന്ന് ഗ്രാന്‍ഡ് സ്ലാമുകളും സെറീന വിജയിച്ചിരുന്നു. അവസാന ഗ്രാന്‍ഡ് സ്ലാമായ യുഎസ് ഓപ്പണ്‍ വിജയിച്ചാല്‍ സെറീനയ്ക്ക് കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം എന്ന ചരിത്ര നേട്ടത്തിലെത്താനാകും.

ഇന്ത്യയ്ക്ക് നിരാശാജനകമായിരുന്നു ഇന്ന് യുഎസ് ഓപ്പണ്‍ കോര്‍ട്ടില്‍ നിന്നുള്ള ഫലങ്ങള്‍. ഡബിള്‍സ് ഇനങ്ങളില്‍ പ്രതീക്ഷയായിരുന്ന സാനിയയുടേയും ലിയാണ്ടര്‍ പേസിന്റേയും സഖ്യങ്ങള്‍ പുറത്തായി. മിക്‌സഡ് ഡബിള്‍സില്‍ നിലവിലെ ചാമ്പ്യന്‍മാരായ സാനിയ മിര്‍സ-ബ്രൂണോ സോഴ്‌സ് സഖ്യം പുറത്തായി. ആന്‍ഡ്രിയ ഹ്ലാവാക്കോവ-ലൂക്കാസ് കുബോട്ട് സഖ്യമാണ് 3-6, 3-6 എന്ന സ്‌കോറിന് സാനിയയുടെ സഖ്യത്തെ തോല്‍പ്പിച്ചത്. പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍-ഫെര്‍ണാന്‍ഡോ വെര്‍ഡസ്‌കോ സഖ്യത്തെ അമേരിക്കയുടെ സീഡില്ലാത്ത താരങ്ങളായ സ്റ്റീവ് ജോണ്‍സണ്‍-സാം ക്യുറേ സഖ്യം പരാജയപ്പെടുത്തി. ഒന്നാം റൗണ്ടില്‍ സ്റ്റീവ്-സാം സഖ്യം പരാജയപ്പെടുത്തിയത് ടോപ്പ് സീഡുകളായ മൈക്ക്- ബോബ് ബ്രയാന്‍ സഖ്യത്തേയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍