UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫിയേല സില്‍വ: വംശീയതയെ എതിര്‍ത്തു തോല്‍പ്പിച്ച് പൊന്നണിഞ്ഞവള്‍

Avatar

അഴിമുഖം പ്രതിനിധി

57 കിലോഗ്രാം വിഭാഗത്തില്‍ ബ്രസീലിനു വേണ്ടി പൊന്നണിഞ്ഞതിന്റെ തിളക്കത്തിലാണ് ജൂഡോ താരം റാഫിയേല ലോപ്പസ് സില്‍വ. എന്നാല്‍ ഒരു കായിക ഇനത്തിലെ ഒളിമ്പിക് സ്വര്‍ണ ജേത്രിയായി മാത്രം എഴുതപ്പെടേണ്ട പേരല്ല റാഫേല സില്‍വ എന്നത്. കാരണം പോരാളി എന്ന വാക്കിന്റെ പര്യായമാണ് റാഫേല ഇപ്പോള്‍. വെറുമൊരു സ്വര്‍ണ മെഡല്‍ നേടുക മാത്രമല്ല റാഫേല ചെയ്തത്. ജീവിതത്തിലും കരിയറിലും എന്നും പേടിസ്വപ്നമായ വംശീയത എന്ന ഭീകരതയെ എങ്ങനെ തോല്‍പ്പിക്കണം എന്ന് ലോകത്തിന് കാണിച്ചു കൊടുക്കല്‍ കൂടിയായി അവരുടെ നേട്ടം. 

മംഗോളിയയുടെ ടോപ്പ് സീഡ് സുമിയ ഡോര്‍സുരിനെ ഏകപക്ഷീയമായി കീഴടക്കിയാണ് അവര്‍ സ്വര്‍ണം നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ നേടിയ ലീഡ് അവസാനം വരെ നിലനിര്‍ത്താന്‍ റാഫേലയ്ക്കായതാണ് വിജയം പിടിച്ചടക്കാന്‍ അവരെ തുണച്ചത്. ദാരിദ്ര്യത്തോട് പടവെട്ടി വളര്‍ന്ന റാഫേലയ്ക്ക് വിജയം അനായാസമായിരുന്നു. സെമിഫൈനലിലെ കനത്ത മല്‍സരത്തില്‍ റുമേനിയയുടെ കോറിനാ കാപ്രിയോറുവിനെ എക്‌സ്ട്രാ ടൈമില്‍ പരാജയപ്പെടുത്തിയാണ് റാഫേല ഫൈനലിലെത്തിയത്. 

ദേശീയ, ലൈംഗിക അധിക്ഷേപങ്ങളെ മറികടന്നാണ് റാഫേലയുടെ വിജയം എന്നത് അതിന്റെ മാറ്റ് കൂട്ടുന്നു. സ്വന്തം നാട്ടിലെ വംശീയമായ വേര്‍തിരിവ് ഒളിമ്പിക്‌സിലും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. കുന്നോളം സ്വപ്നങ്ങളുമായി ലണ്ടനിലെ ആദ്യ ഒളിമ്പിക്‌സിനെത്തിയപ്പോള്‍ അയോഗ്യയാക്കപ്പെട്ടതിനും കുരങ്ങിയെന്ന് വിളിച്ച് കാണികള്‍ അപമാനിച്ചതിനും നാല് വര്‍ഷത്തിനിപ്പുറം മധുരമായി പകരം വീട്ടിയിരിക്കുന്നു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ടാം റൗണ്ട് മത്സരത്തിലാണ് നിയമം തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടി റാഫേലയെ അയോഗ്യയാക്കിയത്. ഈ സംഭവത്തിനു ശേഷം മാനസികമായി തകര്‍ന്ന അവര്‍ ജൂഡോ വിടുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചിരുന്നു.

ബ്രസീലിയന്‍ ജനതയില്‍ ഏറ്റവുമധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമാണ് റാഫേലയുടേത്. ദാരിദ്ര്യം മൂലം ജനങ്ങള്‍ ചെറുപ്പത്തിലേ കുറ്റകൃത്യങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവയ്ക്കുന്ന ബ്രസീലിലെ ഏറ്റവും കുപ്രസിദ്ധമായ സിറ്റി ഓഫ് ഗോഡ് എന്ന ചേരിയില്‍ നിന്നാണ് റാഫേല വരുന്നത്. കുറ്റകൃത്യങ്ങളുടെ നാടായ സിഡാഡെ ഡി ഡിയൂസില്‍ ജനിച്ച ഈ ഇരുപത്തിനാലുകാരി ഏഥന്‍സ് ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് ഫ്‌ലാവിയോ കാന്റോ, റിയോയില്‍ ആരംഭിച്ച ജൂഡോ ക്ലാസില്‍ നിന്നാണ് ജൂഡോയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. പിന്നീട് റാഫേലയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. റിയോയില്‍ ബ്രസീലിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു റാഫേല. അതേസമയം അവരുടെ നാട്ടുകാരെ ആവശ്യത്തിന് ടിക്കറ്റ് നല്‍കാതെ ഒളിമ്പിക്സ് മത്സരം കാണുന്നതില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്താന്‍ അധികൃതര്‍ ശ്രമിച്ചു. ഒളിമ്പികിസ് തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പത്തെ മാസം 700-ലധികം വെടിവപ്പു കേസുകളും അന്‍പതിലേറെ കൊലപാതകങ്ങളുമാണ് സിറ്റി ഓഫ് ഗോഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. എങ്കിലും റാഫെല്ലാ എന്ന് ആര്‍ത്ത് വിളിച്ച് സ്വന്തം ജനത അവര്‍ക്ക് നിസ്സീമമായ പിന്തുണ നല്‍കി. അങ്ങനെ ഓഗസ്റ്റ് എട്ട് റാഫേലയുടെ ജീവിതത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ദിനമായി. ജൂഡോ പരീശീലനം ആരംഭിച്ച സമയത്തു തന്നെ ബ്രസീലിയന്‍ നേവിയില്‍ ചേര്‍ന്ന റാഫേല ഇപ്പോള്‍ തേര്‍ഡ് സര്‍ജന്റ് റാങ്കിലാണ്. 

ചെറുപ്രായത്തില്‍ തന്നെ സ്‌പോര്‍ട്‌സിനോട് ഇഷ്ടം കൂടിയ റാഫേലയ്ക്ക് ഫുട്‌ബോളിലായിരുന്നു കമ്പം. എന്നാല്‍ റാഫേലയുടെ നാട്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഇത് മൂലം ഏഴാം വയസ്സില്‍ ജൂഡോയിലേക്ക് കളം മാറ്റിച്ചവിട്ടാന്‍ റാഫേല നിര്‍ബന്ധിതയായി. 2008 ല്‍ 16ാം വയസ്സില്‍ ലോക ജൂഡോ കപ്പില്‍ പങ്കെടുത്ത റാഫേല 20 വയസ്സില്‍ താഴയുള്ളവരുടെ മല്‍സരങ്ങളില്‍ ലോക ചാമ്പ്യനായി. 2011-ല്‍ പാരിസില്‍ നടന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയാണ് റാഫിയേല കരിയറിലെ മെഡല്‍ വേട്ട ആരംഭിക്കുന്നത്. 2013-ല്‍ ടീമിനത്തില്‍ വീണ്ടും വെള്ളി നേടിയ റാഫിയേല വ്യക്തിഗത ഇനത്തില്‍ സ്വര്‍ണവും സ്വന്തമാക്കി. ഒരു രാജ്യാന്തര ജൂഡോ മല്‍സരത്തില്‍ ബ്രസീലിനായി സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയും റാഫേല തന്റെ പേരില്‍ കുറിച്ചു. അമേരിക്കയുടെ മാര്‍ട്ടി മലോയിയെയാണ് റാഫേല അന്ന് അടിയറവ് പറയിച്ചത്. ഇതിനു പുറമേ ടീമിനത്തില്‍ വെള്ളിയും സ്വന്തമാക്കി മെഡല്‍ തിളക്കം കൂട്ടി. 2011, 2015 വര്‍ഷങ്ങളിലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി. പാന്‍ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ 2012, 13 വര്‍ഷങ്ങളില്‍ സ്വര്‍ണവും 2014, 15 വര്‍ഷങ്ങളില്‍ വെള്ളിയും 2011, 16 വര്‍ഷങ്ങളില്‍ വെങ്കലവും സ്വന്തമാക്കിയ റാഫേലയുടെ കരിയറില്‍ മെഡല്‍ വേട്ട തുടര്‍ക്കഥയായി. 2015 ല്‍ നടന്ന മിലിട്ടറി വേള്‍ഡ് ഗയിംസില്‍ വ്യക്തിഗത ഇനത്തിലും ടീമിനത്തിലും സ്വര്‍ണം നേടിയാണ് റാഫേല റിയോയിലേക്ക് യോഗ്യത നേടിയത്. മെഡലിനു വേണ്ടിയുള്ള ദാഹം ശമിച്ചിട്ടില്ലെന്ന് ഒളിമ്പിക് സ്വര്‍ണത്തിലൂടെ അവര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. 

ലണ്ടനിലെ കൂട്ടില്‍ നിന്നും പുറത്തു വന്ന കുരങ്ങ് ചാമ്പ്യനായിരിക്കുന്നു എന്നാണ് റിയോയില്‍ മെഡല്‍ നേടിയതിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ റാഫേല പറഞ്ഞത്. ‘തന്നെ കൂട്ടിലടയ്ക്കണമെന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയാണിത്. ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തന്റെ നേട്ടം പ്രചോദനമാകും’. അതെ, റാഫേല ഒരു തുടക്കമാണ്. വംശീയതയുടെ കൂട്ടില്‍ അടയ്ക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് പുറത്തു കടക്കാനും വിജയിയാകാനും ഉള്ള തുടക്കം. അതുകൊണ്ട് തന്നെയാണ് സ്വര്‍ണ വേട്ടയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന മൈക്കല്‍ ഫെല്‍പ്‌സിനേക്കാളും റിയോയിലെ മറ്റേതൊരു മിന്നും താരത്തേക്കാളും തിളക്കം റാഫേലയുടെ നേട്ടത്തിന് കൈവരുന്നത്. കറുത്ത നിറമുള്ളവര്‍ എവിടേയും അപമാനിക്കപ്പെടേണ്ടവരും തോല്‍പ്പിക്കപ്പെടേണ്ടവരും ആണെന്ന ലോക സമൂഹത്തിന്റെ ധാരണ തിരുത്തിയെഴുതിയവള്‍ എന്നാകും ഇനി റാഫേലയെ ചരിത്രം രേഖപ്പെടുത്തുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍