UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘റാഫേല്‍’: 1600 കോടി രൂപയ്‌ക്കൊരു കൊലപാതക യന്ത്രം

126 റാഫേല്‍ പോര്‍വിമാനങ്ങള്‍ക്കായുള്ള വിലപേശല്‍ ചര്‍ച്ചകള്‍ റദ്ദാക്കിക്കൊണ്ടാണ് മോദി ഇതേ ഫ്രഞ്ച് കമ്പനിയില്‍ നിന്നും 36 പോര്‍വിമാനങ്ങള്‍ ഒറ്റയടിക്ക് വാങ്ങാനുള്ള അമ്പരപ്പിച്ച തീരുമാനം പ്രഖ്യാപിച്ചത്. 

അതിനോരോന്നിനും 1600 കോടി രൂപവരെ വിലവരും. അതിനാകെക്കൂടി ചെയ്യാന്‍ കഴിയുന്ന സംഗതി ആളുകളെ കൊല്ലലാണ്.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദിന്റെ ന്യൂ ഡല്‍ഹി സന്ദര്‍ശനവേളയില്‍ ഏറെ വാര്‍ത്താ പ്രാധാന്യം പിടിച്ചുപറ്റുന്ന റാഫേല്‍ പോര്‍വിമാന ഇടപാടിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. സിറിയയില്‍ ബോംബാക്രമണം നടത്തുന്നത് ഇതേ പോര്‍വിമാനങ്ങളാണ്. പോര്‍വിമാനങ്ങളുടെ ഉയര്‍ന്ന വിലയെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് ആശങ്കയുണ്ട്. ആദ്യം വാങ്ങുമ്പോഴുള്ള വിലതന്നെ 100 ദശലക്ഷം യൂറോ അഥവാ 740 കോടി രൂപയോളം വരും. അറ്റകുറ്റപ്പണികളും, ‘ആയുഷ്‌കാല ചെലവും’ കണക്കാക്കുമ്പോള്‍ അത് 1600 കോടി രൂപയ്ക്കു മുകളിലാകും.

‘ഏതാണ്ട് 20 ശതമാനമെങ്കിലും വില കുറപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ പോര്‍വിമാനങ്ങള്‍ നേരിട്ടു വാങ്ങാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസില്‍ വെച്ച് നടത്തിയ പെട്ടന്നുള്ളൊരു പ്രഖ്യാപനത്തിന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ അത് നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഒരു ധാരണയില്‍ (Inter-Government Agreement-IGA)തിങ്കളാഴ്ച്ച ഒപ്പുവെച്ചു. സാമ്പത്തിക വിഷയങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ അവ പെട്ടന്നു പരിഹരിക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞു.

‘സാമ്പത്തിക വശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഞങ്ങള്‍ 36 പോര്‍വിമാനങ്ങള്‍ക്കായി ഒരു IGA-യില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സാമ്പത്തിക വിഷയങ്ങള്‍ വേഗംതന്നെ പരിഹരിക്കും,’ എന്നു ഒരു സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കരാറിനെ ‘നിര്‍ണ്ണായകമായ ഒരു നീക്കം’ എന്നു വിശേഷിപ്പിച്ച ഫ്രാഞ്ച പ്രസിഡണ്ട് ഒലാന്ദ് ‘സാമ്പത്തിക വിഷയങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കുളില്‍ പരിഹരിക്കും’ എന്നും വ്യക്തമാക്കി.

‘സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ ആക്രമണം നടത്തുന്ന അതേ പോര്‍വിമാനങ്ങളാണിത്. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ ഫലപ്രദമെന്ന് തെളിയിച്ച ഇവ ഇന്ത്യക്ക് നല്‍കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’

ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ റാഫേല്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തുന്നുണ്ടെങ്കിലും ഐ എസിന് ഒരു വ്യോമസേനയോ ഫലപ്രദമായ വ്യോമ പ്രതിരോധ സംവിധാനമോ ഇല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇരുനേതാക്കാളും തമ്മിലുള്ള ഉച്ചകോടിതല സംഭാഷണങ്ങളില്‍ ഈ ധാരണയെക്കുറിച്ചുള്ള ചര്‍ച്ച ചുരുക്കരുതായിരുന്നു എന്ന് പലരും വാദമുന്നയിക്കുന്നുണ്ട്. കരാറില്‍ മോദി വ്യക്തിപരമായ വലിയ താത്പര്യം കാണിക്കുന്നത് ഇത് രണ്ടാം തവണയാണ്. ‘എന്തെങ്കിലും ഫലങ്ങളുണ്ടാക്കാന്‍ ഞങ്ങള്‍ക്കുമേല്‍ അനാവശ്യമായ സമ്മര്‍ദമുണ്ട്. ഇതായിരുന്നില്ല മുമ്പുള്ള രീതി,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിലപേശലില്‍ ഏര്‍പ്പെടാനും ഇന്ത്യക്കായി ഏറ്റവും മികച്ച ധാരണയില്‍ ഏര്‍പ്പെടാനും അവര്‍ക്ക് സാധ്യതയുണ്ടായിരുന്നു. 36 പോര്‍വിമാനങ്ങള്‍ മാത്രം വാങ്ങുന്നത് വ്യോമസേനയുടെ ആവശ്യങ്ങള്‍ക്ക് മതിയാകില്ല എന്നും പറയുന്നു. കൂടുതല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിപ്പോള്‍ത്തന്നെ ധാരണയായാലേ മികച്ച കരാര്‍ സാധ്യമാകൂ.

126 റാഫേല്‍ പോര്‍വിമാനങ്ങള്‍ക്കായുള്ള വിലപേശല്‍ ചര്‍ച്ചകള്‍ റദ്ദാക്കിക്കൊണ്ടാണ് മോദി ഇതേ ഫ്രഞ്ച് കമ്പനിയില്‍ നിന്നും 36 പോര്‍വിമാനങ്ങള്‍ ഒറ്റയടിക്ക് വാങ്ങാനുള്ള അമ്പരപ്പിച്ച തീരുമാനം പ്രഖ്യാപിച്ചത്.

മോദിയുടെ തീരുമാനം ഒട്ടും യുക്തിസഹമായിരുന്നില്ല. ഇതൊരു വലിയ അഴിമതി വിവാദത്തിനുള്ള എല്ലാ ചേരുവകളുമുള്ള ഒന്നാണെന്ന് CAG കണക്കെടുപ്പ് സംഘത്തിലെ ചില വൃത്തങ്ങള്‍ അഴിമുഖത്തോട് പറഞ്ഞു. ‘126 പോര്‍വിമാനങ്ങള്‍ക്കായുള്ള ദര്‍ഘാസ് പ്രകാരം റാഫേല്‍ പോര്‍വിമാനങ്ങള്‍ക്ക് ഇതിനകം ഒരു വിലയിട്ടിട്ടുണ്ടായിരുന്നു. ഇപ്പോള്‍ 36 പോര്‍വിമാങ്ങള്‍ക്കായി അവര്‍ പറയുന്ന വില മുമ്പവര്‍ പറഞ്ഞ വിലയേക്കാള്‍ കൂടുതലാണ്. ഇത് സാമ്പത്തിക കെടുകാര്യസ്ഥതയാണ്.’

റാഫേല്‍ ധാരണയിലെ മറ്റൊരു പ്രശ്‌നം കൈമാറല്‍ പൂര്‍ത്തിയാക്കാനെടുക്കുന്ന സമയമാണ്. ഇന്ത്യന്‍ വ്യോമസേന ആവശ്യപ്പെടുന്ന പോലുള്ള മാറ്റങ്ങള്‍ വരുത്താന്‍ പോര്‍വിമാനങ്ങള്‍ ഏതാണ്ട് ആദ്യം തൊട്ട് പണിയേണ്ടിവരുമെന്നും ഇത് കാലദൈര്‍ഘ്യത്തിന് ഇടയാക്കുമെന്നും ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. ഈജിപ്ത് 24 പോര്‍വിമാനങ്ങള്‍ക്ക് കരാറിലെത്തിയപ്പോള്‍ ഫ്രഞ്ച് വ്യോമസേനക്കായി നിര്‍മ്മിച്ച വിമാനങ്ങള്‍ നേരെയെടുത്ത് ഈജിപ്തിന് നല്‍കുകയായിരുന്നു.

എന്തായാലും റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത് ഭാവിയിലേക്ക് കരുതിവെച്ച വലിയ വിവാദങ്ങളുമായാണ് എന്നുതന്നെ കരുതാം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍