UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മതദേഹം’ സ്ത്രീയുടെ ഇല്ലാതാക്കപ്പെടുന്ന ഐഡന്റിറ്റിയെക്കുറിച്ചുള്ള കവിതയാണ്; റഫീഖ് അഹമ്മദ്

Avatar

അഴിമുഖം പ്രതിനിധി


കവിയും ചലച്ചിത്രഗാനരചയിതാവുമായ റഫീഖ് അഹമ്മദ് എഴുതിയ ‘മതദേഹം’ എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കവിക്ക് വ്യക്തമാക്കാനുള്ള കാര്യങ്ങള്‍ റഫീഖ് അഹമ്മദ് അഴിമുഖവുമായി പങ്കുവയ്ക്കുന്നു. ഇസ്ലാം മതവിശ്വാസത്തിന് എതിരെയുള്ള കവിതയായി കണ്ട് റഫീഖ് അഹമ്മദിനെതിരെ വലിയരീതിയിലുള്ള വിമര്‍ശനമാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ താന്‍ ഏതെങ്കിലും മതചിഹ്നത്തെയോ വേഷവിധാനത്തെയോ അല്ല കവിതയില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയാനാണ് ശ്രമിച്ചിരിക്കുന്നതെന്നും കവി നിലപാട് അറിയിക്കുന്നു.

തല മൂടിയിട്ടുണ്ട്
മുഖം കാണ്‍മാനില്ല
കൈയില്ല, കാലില്ല
വലക്കണ്ണികള്‍ക്കുള്ളില്‍
കണ്ണുകളുണ്ട്
പക്ഷേ കാണാനുള്ളതല്ല
അല്ല,
മൃതദേഹമല്ലിത്
മതദേഹം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ കവിതയെക്കുറിച്ച് റഫീഖ് അഹമ്മദിന്റെ വാക്കുകളിലൂടെ;

പ്രതികരണങ്ങളൊന്നും എനിക്ക് നോക്കാന്‍ പറ്റിയിട്ടില്ല, ഇത് ഞാന്‍ പോസ്റ്റ് ചെയ്തതുമല്ല. അഞ്ചെട്ടു കൊല്ലം മുമ്പ് ഒരു മാസികയില്‍ വന്ന കവിതയാണ്. ആ കവിത ആരോ എടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടതാണ്. പ്രതികരണങ്ങള്‍ക്ക് മുഴുവന്‍ ഉത്തരം കൊടുക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. അതിന്റെ ഒരു പ്രധാന സംഗതി ഈ ഒരു വസ്ത്രധാരണത്തെപ്പറ്റിയിട്ടുള്ളതല്ല അത്. ശരിക്ക് പറഞ്ഞാല്‍ കവിതയുടെ കൂടെ വന്ന ഫോട്ടോ ഒക്കെ അത് പോസ്റ്റ് ചെയ്ത ആളുടെ മനോധര്‍മ്മമാണ്. ഞാന്‍ ഉദ്ദേശിച്ചത് ഇത്രയേയുള്ളൂ, നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ഒരു രൂപം. രൂപത്തിന്റെ മുഖം കാണാനില്ല. അപ്പോള്‍, നമുക്കത് മനുഷ്യനാണോ മനുഷ്യനല്ലയോ, ആണാണോ പെണ്ണാണോ അമ്മയാണോ പെങ്ങളാണോ എന്നൊന്നും തിരിച്ചറിയാനാകാത്തൊരു അവസ്ഥ. ഒരു വ്യക്തിയുടെ ഐഡന്റിറ്റി എന്നത് അയാളുടെ മുഖമാണ്. അതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. പ്രതികരണം ഉണ്ടായിട്ടുള്ളത് നഗ്നതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന രീതിയിലാണ്. അവരുടെ വര്‍ഗീയത അവരെ അതാകും പഠിപ്പിക്കുന്നുണ്ടാവുക. 


എനിക്ക് പറയാനുള്ളത് ഇത്രയേയുള്ളൂ. ഒരു മനുഷ്യന്‍ അത് ആണാണെങ്കിലും പെണ്ണാണെങ്കിലും, അത് സൗന്ദര്യം ആസ്വദിക്കുന്നതിന്റെയോ നഗ്നതയുടെയോ പ്രശ്‌നമല്ല, ആളെ തിരിച്ചറിയണം എന്നുള്ളതാണ്. പുരുഷന്മാര്‍ക്ക്‌ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നില്ലല്ലോ, സ്ത്രീകളാണ് നിര്‍ബന്ധിക്കപ്പെടുന്നത്. അപ്പോള്‍ സ്ത്രീ എന്നത് ഒരു വ്യക്തിയാണോ ഒരു സാധനമാണോ, അതൊരു ചോദ്യം. 

എത്രയോ കാലമായിട്ട് മുസ്ലീങ്ങള്‍ ഇവിടെ ഉള്ളതാണ്. അവര്‍ അവരുടേതായിട്ടുള്ള വേഷവിധാനം ഉപയോഗിച്ചു വരികയും ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ അടുത്തായിട്ടാണ് ഈ വേഷം ഇവിടെ വന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ പിന്നില്‍ ഒരു മതമല്ല, ഒരു രാഷ്ട്രീയമാണ് ഉള്ളതെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ ഒരു സമയത്താണ് അത് എഴുതിയത്. 

പണ്ട് അങ്ങനെ മുഖം മറക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നമ്മുടെ നാട്ടിലോ കുടുംബത്തിലോ അല്ലെങ്കില്‍ ചുറ്റുപാടിലോ അങ്ങനെയൊരു വസ്ത്രം കണ്ടിരുന്നില്ല. സാധാരണ ഗതിയില്‍ വളരെ മാന്യമായിട്ട് വസ്ത്രം ധരിച്ച് തന്നെയാണ് ഇവിടുത്തെ മുസ്ലീംങ്ങള്‍ ജീവിച്ചിരുന്നത്. ഈ ഒരു വസ്ത്രം കുറച്ചു കാലമായിട്ടേയുള്ളൂ ഇവിടെ ഇറക്കുമതി ചെയ്യപ്പെട്ടിട്ട്. അപ്പോള്‍ ഒരു ഭാഗത്ത് നമ്മള്‍ സവര്‍ണ ഫാസിസ്റ്റ് അസഹിഷ്ണുതയെപ്പറ്റി പറയുന്നു. മതഭ്രാന്തന്മാരുടെ ജന്മസഹജമായുള്ള സംഗതിയാണ് ഇതെന്നാണ് തെളിയുന്നത്. പല കാര്യത്തിലും സ്ത്രീയുടെയും ദൈവത്തിന്റെയും സംരക്ഷകരായിട്ട് വേഷം കെട്ടിക്കൊണ്ട് കുറേപ്പേര്‍ ഇറങ്ങിയിരിക്കുകയാണ്. അത്രയേ എനിക്ക് പറയാനുള്ളൂ.



അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍