UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഗിങ്; ഇത് കാമ്പസുകളില്‍ നിന്ന് രാഷ്ട്രീയത്തെ പടിക്ക് പുറത്താക്കുന്നതിന്‍റെ ഫലം

Avatar

ശുഭേഷ് സുധാകരന്‍/ വിഷ്ണു എസ് വിജയന്‍

വടകരയിലെ അസ്ലം റാഗിങ്ങിന് ഇരയായി മാരക പരിക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെയാണ് വടകരയില്‍ നിന്നു അസ്‌നാസ് എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ വാര്‍ത്തയും പുറത്തുവന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത അരാജകത്വത്തിലേക്ക് പോവുകയാണോ? വിദ്യാര്‍ത്ഥി സംഘടനകള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഉറക്കം തൂങ്ങുന്നത്. ആദ്ധ്യാപകര്‍ എന്തുകൊണ്ട് ഇടപെടുന്നില്ല? വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലീസും ചേര്‍ന്ന് ഒതുക്കി തീര്‍ക്കുകയാണോ പല റാഗിങ് കേസുകളും? എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ സംസാരിക്കുന്നു…

വിഷ്ണു : അസ്‌നയുടെ ആത്മഹത്യ കേരളത്തിലെ കോളേജുകളില്‍ നടക്കുന്ന റാഗിങ് വീണ്ടും ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ്. റാഗിങ്ങിന്റെ ഇരുണ്ടകാലം കോളേജുകളിലേക്ക് തിരിച്ചുവരികയാണോ?

ശുഭേഷ് : കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമായി റാഗിങ് തിരച്ചു വരുന്നുണ്ട് എന്നത് വാസ്തവമാണ്. ഇടക്കാലത്ത് റാഗിങ് കഥകള്‍ കേട്ടിരുന്നത് അന്യസംസ്ഥാന കലാലയങ്ങളില്‍ നിന്നായിരുന്നു. ഇപ്പോള്‍ കേരളത്തിലും അത്തരത്തിലുള്ള സംഭവങ്ങള്‍ ദിനംപ്രതി അരങ്ങേറുന്നു. കലാലയങ്ങളിലെ അരാഷ്ട്രീയവത്കരണമാണ് ഇതിനെല്ലാം കാരണം. കേരളത്തില്‍ നടന്ന റാഗിങ് കേസുകളില്‍ പലതും കൃത്യസമയത്ത് പോലിസിനെ അറിയിക്കാന്‍ കോളേജ് അധികൃതര്‍ തയാറാകുന്നില്ല. ഇരകളാകുന്ന കുട്ടികളുടെ ബന്ധുക്കളോ ഏതെങ്കിലും സാമൂഹ്യ പ്രവര്‍ത്തകരോ ആയിരിക്കും പ്രശ്‌നം പൊലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. പ്രതിച്ഛായ നഷ്ടപ്പെടും എന്നു കരുതി കോളേജ് അധികൃതര്‍ റാഗിങ്ങിന്റെ ക്രൂരതകള്‍ മറച്ചു പിടിക്കുമ്പോള്‍ അതിനു വിധേയരാകുന്ന വിദ്യാര്‍ഥികളുടെ ജീവിതമാണ് ഇല്ലാതാക്കുന്നത്. കലാലയങ്ങളില്‍ നിന്നും രാഷ്ട്രീയം ഒഴിവാക്കിയതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ഉണ്ടായ മാറ്റം എന്താണ്? മതമൗലികവാദികളും അക്രമികളും ആയവര്‍ നമ്മുടെ കലാലയങ്ങള്‍ കയ്യടക്കി. കാമ്പസുകളിലേക്ക് ലഹരി ഒഴുകുന്നത് കൂടുതലായി. എല്ലായിടത്തും ഇങ്ങനെ നടക്കുന്നുണ്ടെന്നല്ല, നല്ല രീതിയില്‍ മുന്നോട്ടു പോകുന്നവയും ഉണ്ട്. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളില്‍ ആണ് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ നടക്കുന്നത്. പുതിയകാല വിദ്യാര്‍ഥി സമൂഹത്തില്‍ രൂപപ്പെടുന്ന ഗ്യാങ്ങുകള്‍ ചെയ്തു കൂട്ടുന്ന തെറ്റുകള്‍ ഭയപ്പെടുത്തുന്നവയാണ്. അവരൊക്കെയാണ് ക്യാമ്പസുകള്‍ ഭരിക്കുന്നത്.

വി: വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍ എഐഎസ്എഫ് ഈ വിഷയങ്ങളില്‍ എന്തു നിലപാടാണ് കൈക്കൊള്ളുന്നത്?

ശു: എഐഎസ്എഫ് എപ്പോഴും റാഗിങ്ങിന് എതിരായ നിലപാടുകള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളു. കലാലയങ്ങളില്‍ റാഗിങ് വിരുദ്ധ സെല്‍ രൂപീകരിക്കണം എന്നുള്ളത് എഐഎസ്എഫിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. പുതിയ ഗവണ്‍മെന്റിനു നല്‍കിയ അവകാശ പത്രികയിലും ഞങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. അധ്യാപകരും, പോലിസ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, വിദ്യാര്‍ഥി സംഘടന പ്രതിനിധികളും അടങ്ങുന്ന റാഗിങ് വിരുദ്ധ സെല്ല് മുഴുവന്‍ കോളേജുകളിലും രൂപീകരിക്കണം. പല കോളേജുകളിലും ഇങ്ങനെയൊരു സംവിധാനമില്ല. ഉള്ളിടങ്ങളില്‍ നിര്‍ജീവമാണ് താനും. അക്രമങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ഓരോ കലാലയങ്ങള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. പലരും ഫീസിന്റെ കാര്യത്തില്‍ കാട്ടുന്ന ജാഗ്രത വിദ്യാര്‍ഥികളുടെ സുരക്ഷയുടെ കാര്യത്തില്‍ കാട്ടാറില്ല എന്നത് യാഥാര്‍ഥ്യം. വിദ്യാഭ്യാസ മേഖല കച്ചവടവത്കരിച്ചതിന്റെ അനന്തരഫലങ്ങളാണ് നിലവാരമില്ലാത്ത കലാലയങ്ങളും അവിടങ്ങളിലെ വിദ്യാര്‍ഥി വിരുദ്ധപ്രശ്‌നങ്ങളും.

വി: എന്തുകൊണ്ട് ഭരണ സംവിധാനങ്ങള്‍ക്ക് കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല?

ശു: കോളേജില്‍ എപ്പോഴും കയറി പരിശോധിക്കാന്‍ പോലീസിനു സാധ്യമല്ല. അതിന്റെ ആവശ്യവുമില്ല. പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് കോളേജ് അധികൃതരാണ്. അവര്‍ മൗനാനുവാദം നല്‍കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. പ്രശ്‌നം നടന്നാല്‍ അത് ഭരണ സംവിധാനങ്ങളെ അറിയിക്കുകയോ, വിദ്യാര്‍ഥി സംഘടനകളെ അറിയിക്കുകയോ ചെയ്യാതെ മറച്ചു വെക്കുന്നത് കൊണ്ടാണ് പലയിടങ്ങളിലും ഫലപ്രദമായി ഇടപെടാന്‍ കഴിയാതെ പോകുന്നത്.

വി: നവാഗതര്‍ കലാലയങ്ങളില്‍ എത്തുന്ന സമയത്ത് സംഘടനകള്‍ തങ്ങളുടെ ശക്തി തെളിയിക്കുവാന്‍ വേണ്ടി കൊടി തോരണങ്ങള്‍ കെട്ടുന്നതല്ലാതെ ബോധവത്കരണ പരിപാടികള്‍ ഒന്നും സംഘടിപ്പിക്കാറില്ല. വിദ്യാര്‍ഥി സംഘടനകള്‍ക്കും വീഴ്ചകള്‍ പറ്റിയിട്ടില്ലേ?

ശു: മറ്റു സംഘടനകളുടെ കാര്യം ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ പല പരിപാടികളും നടത്താറുണ്ട്. അത് വെറും ശക്തി പ്രകടനം മാത്രമല്ല. കഴിയുന്നത്ര വിദ്യാര്‍ഥി സൗഹൃദപരമായി തന്നെയാണ് എഐഎസ്എഫ് സ്വാഗത പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷവും കലാലയങ്ങളിലെ ആരാഷ്ട്രീയവത്കരണത്തിന്റെ പ്രശ്‌നങ്ങളെ പറ്റി ഞങ്ങള്‍ സെമിനാറുകള്‍ തുടങ്ങി വെച്ചിട്ടുണ്ടായിരുന്നു. അത് പല കലാലയങ്ങളിലും നടത്തി കഴിഞ്ഞു.

വി: കലാലയങ്ങളില്‍ മാത്രമല്ല റാഗിങ് നടക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്?

ശു: ചെറിയ തോതിലുള്ള പ്രശ്ങ്ങള്‍ നടക്കുന്നുണ്ടാകാം. എന്നാല്‍ കോളേജുകളില്‍ നടക്കുന്ന അത്രയും പ്രശ്‌നങ്ങള്‍ സ്‌കൂളുകളില്‍ നടക്കുന്നില്ല എന്നാണ് തോന്നുന്നത്.

വി: അസ്‌നയുടെ കാര്യത്തില്‍ അധ്യാപകര്‍ക്ക് എതിരേയും കേസ് എടുത്തിട്ടുണ്ട്. അധ്യാപകര്‍ റാഗിങ്ങിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് കരുതുന്നുണ്ടോ?

ശു: ഒരിക്കലുമില്ല, അധ്യാപകര്‍ ഒരിക്കലും റാഗിങ്ങിനെ സപ്പോര്‍ട്ട് ചെയ്യും എന്ന് കരുതുന്നില്ല. മറിച്ച് മാനേജ്‌മെന്റ് ഭീഷണിയെ തുടര്‍ന്ന് നിയമസംവിധാനത്തെ അറിയിക്കാന്‍ മടി കാട്ടുന്നതാണ്. അവിടെ കുറ്റക്കാര്‍ മാനേജ്‌മെന്റ് ആണ്. അധ്യാപകര്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട് ഇത്രയും വിഷയങ്ങളില്‍. വെറും അധ്യാപനം മാത്രമാകരുത് അവരുടെ ലക്ഷ്യം.

വി: എസ്എഫ്‌ഐ, എംഎസ്എഫ് അടക്കമുള്ള സംഘടനകള്‍ താങ്കള്‍ പറഞ്ഞ നിലപാടുകള്‍ തന്നെയാണ് കൈകൊണ്ടിരിക്കുന്നത്…

ശു: റാഗിങ്ങിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നത് കുറച്ചുകൂടി ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ട്. ഒന്നിച്ചു നിന്നാല്‍ റാഗിങ്ങിനെ നമുക്ക് നമ്മുടെ കലാലയങ്ങളില്‍ നിന്നും തുടച്ചു നിക്കാന്‍ സാധിക്കും. ഇത് അസ്‌നയില്‍ തുടങ്ങി അസ്‌നയില്‍ അവസാനിക്കുന്ന ഒരു പ്രശ്‌നമല്ല. കുറ്റം പറച്ചിലുകള്‍ അല്ല ആവശ്യം. മതിയായ നടപടികള്‍ സ്വീകരിക്കാന്‍ കര്‍മ്മനിരതരായി മുന്നോട്ടു പോകുകയാണ് വേണ്ടത്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍