വടകരയില്‍ റാഗിങ്ങിനിരയായി കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും അറസ്റ്റിലായി. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.
മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ തുടര്‍ന്നുള്ള കടുത്ത മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി അസ്നാസ് (18) ജൂലൈ 22 വെള്ളിയാഴ്ച്ച വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെയും ഹയറുന്നീസയുടെയും മകളാണ് അസ്നാസ്.
റാഗിങ് നടന്നാല്‍ ഉടനെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന നടപടി ക്രമം പാലിക്കാതെ സംഭവം മറച്ചു വെയ്ക്കാനാണ് കോളേജ് അധികൃതര്‍ ശ്രമിച്ചത്. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും മന്ത്രി ടി പി രാമകൃഷ്ണന്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തതോടെയാണ് വടകര പോലീസ് കേസെടുത്തത്.