UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക പുരോഗതിക്ക് സഹിഷ്ണുത കൂടിയേ തീരൂ; നിരോധനത്തിന്റെ കുറുക്കുവഴി ചര്‍ച്ചകളെ ഇല്ലാതാക്കും

Avatar

രഘുറാം രാജന്‍

(റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം റാം രാജന്‍ ഡല്‍ഹി ഐഐടിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം)

ഈ സ്ഥാപനത്തിലേക്ക് ഒന്നുകൂടി എത്താന്‍ കഴിഞ്ഞതിലും ബിരുദദാന പ്രഭാഷണത്തിനായി എന്നെ ക്ഷണിച്ചതിനും നന്ദി അറിയിക്കുന്നു. 30 വര്‍ഷം മുമ്പ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലാണ് ഞാന്‍ ബിരുദം നേടിയത്. ഭാവിയെക്കുറിച്ച് തികഞ്ഞ ആശങ്കയായിരുന്നു അന്ന്. കാരണം, വരും കാലത്തേക്ക് ഈ സ്ഥാപനം എന്നെ എത്ര നന്നായാണ് തയ്യാറാക്കിയതെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഞങ്ങളുടെ അദ്ധ്യാപകര്‍ തികഞ്ഞ സമര്‍പ്പണമുള്ളവരായിരുന്നു. അവര്‍ നിരവധി ചോദ്യങ്ങള്‍ ഞങ്ങളോടു ചോദിച്ചു. വെല്ലുവിളികളിലൂടെ ഞങ്ങളുടെ ശേഷികളെന്തെന്ന് പഠിക്കാന്‍ സഹായിച്ചു. 

ഐ ഐ ടി ഡല്‍ഹി അന്നും ഇന്നും പഠനത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്നൊരിടമല്ല. ഒരു വ്യക്തിയുടെ വളര്‍ച്ചയ്ക്ക് അനുഗുണമായതെല്ലാം അവിടെ നടന്നിരുന്നു. ഞങ്ങള്‍ കുറച്ചുപേര്‍ ഓരോ സ്‌പോട്‌സ് ഇനത്തില്‍ നിന്നും മറ്റ് മല്ലന്‍ കളിക്കാര്‍ മാറ്റി നിര്‍ത്തിയിരുന്ന അശുക്കളായിരുന്നു. എങ്കിലും ഐ ഐ ടിയിലെ എല്ലാവരും ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരായിരുന്നതുകൊണ്ട് ജീവിതത്തില്‍ ആദ്യമായി, നെറ്റിലാണെങ്കിലും- ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനുമൊക്കെ ഞങ്ങള്‍ക്കും അവസരമുണ്ടായി. കൂടാതെ ബൗണ്ടറി വരയ്ക്കടുത്ത് താരങ്ങള്‍ അടിച്ചുപറത്തിയിരുന്ന കൂറ്റന്‍ സിക്‌സറുകള്‍ പെറുക്കാനുള്ള നിയോഗവും ഞങ്ങള്‍ക്ക് വന്നുചേര്‍ന്നിരുന്നു. എല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്തു. പടംപിടിത്തം തൊട്ട് പുസ്തക പ്രസാധനം വരെ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏറെ നേരം അടുത്തിടപഴകാമെന്നതിനാല്‍ എല്ലാവര്‍ക്കും നാടകത്തിലും താത്പര്യമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞാനത്ര നല്ല നടനായിരുന്നില്ല. അതുകൊണ്ട് ആത്മസാക്ഷാത്കാരത്തിന് വേറെ വഴികള്‍ നോക്കേണ്ടിവന്നു. പക്ഷേ അവ ധാരളമുണ്ടായിരുന്നു. 

ആലോചനകളും, തന്ത്രം മെനയലും, പിറകില്‍നിന്നും കുത്തലും എല്ലാമായി വിദ്യാര്‍ത്ഥി രാഷ്ട്രീയം സജീവമായിരുന്നു. അതൊരു ബൗദ്ധികമായ സമയം ചെലവിടലായിരുന്നു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഗ്രസിച്ച അക്രമവും അഴിമതിയും ഇവിടെ ഇല്ലായിരുന്നു. നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കിട്ടണമെങ്കില്‍ നിങ്ങള്‍ക്കു മുന്നിലുള്ള ചെറുതെങ്കിലും ബൗദ്ധികമായൊരു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. അതുകൊണ്ട് പ്രേരിപ്പിക്കുന്നതിലെ കലയും ഞങ്ങള്‍ വശത്താക്കി. 

അങ്ങനെ ക്ലാസ് മുറികളിലും, സ്‌ക്വാഷ് കോര്‍ട്ടിലും, SPIC MACAYയുടെ രാത്രി കാലങ്ങളിലെ ശാസ്ത്രീയ സംഗീത പരിപാടികളിലും, റോക് സംഗീത പരിപാടികളിലുമൊക്കെയായാണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങളില്‍ ചിലര്‍ കൈലാഷ് ഹോസ്റ്റലിന് പുറത്ത് പ്രതീക്ഷയോടെ മണിക്കൂറുകള്‍ കാത്തിരിക്കും. ചിലപ്പോഴൊക്കെ കോണ്‍വൊക്കേഷന്‍ ഹാളിന്റെ മേല്‍ക്കൂരയ്ക്കുമേല്‍, സുന്ദരമായ ശരത്കാല രാത്രികളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചും, നക്ഷത്രങ്ങളെ നോക്കിയും പ്രതീക്ഷകള്‍ പൂവണിയുന്ന കാലത്തേക്കുറിച്ചോര്‍ത്തു. ഈ സ്ഥാപനം ഞങ്ങളുടെ അനുഭവക്കുറവിനെ ആത്മവിശ്വാസം നിറഞ്ഞ പക്വതയിലേക്ക് മാറ്റിയെടുത്തു. ചുറുചുറുക്കുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി വന്ന ഞങ്ങള്‍ കൂടുതല്‍ വിവേകികളായ ചെറുപ്പക്കാരായി പുറത്തുപോയി. നിങ്ങള്‍ക്കും ഈ സ്ഥാപനം അങ്ങനെതന്നെയായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. 

ഇന്നിവിടെ സംസാരിക്കുമ്പോള്‍, മിക്ക ബിരുദദാന പ്രസംഗങ്ങളും പെട്ടെന്നു മറന്നുപോകും എന്നെനിക്കറിയാം. അത് പ്രഭാഷകന് വലിയൊരു കടമ്പയാണ്. ഞാന്‍ പറയുന്നതു നിങ്ങള്‍ ഓര്‍ക്കാന്‍ പോകുന്നില്ലയെങ്കില്‍ എന്റെ വാക്കുകള്‍ തെരഞ്ഞെടുക്കാന്‍ പ്രയത്‌നിക്കുന്നതിന് എനിക്കൊരു പ്രചോദനമില്ല. അന്തിമ ഫലം, സാമ്പത്തിക ശാസ്ത്രത്തില്‍ മോശം സമതുലനം എന്ന് വിളിക്കുന്ന അവസ്ഥയാണ്; എന്റെ പ്രസംഗം മറക്കാവുന്നതാണ്, അതുകൊണ്ട് നിങ്ങള്‍ അത് പെട്ടന്നു മറക്കുന്നു. അങ്ങനെയെങ്കില്‍ ബാക്കി പ്രസംഗം വിട്ടുകളഞ്ഞു, മറ്റ് കാര്യമായ ജോലികള്‍ക്ക് പോകാവുന്നതാണ്. 

എന്തായാലും ഞാനെന്റെ വ്യക്തിപരമായ പ്രചോദനങ്ങളെ മറന്ന്, മുഖ്യപ്രഭാഷകന്റെ ധര്‍മം നിര്‍വഹിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഇന്ത്യയുടെ സംവാദത്തിന്റെയും, അന്വേഷണത്തിനുള്ള തുറന്ന മനസിന്റെയും പാരമ്പര്യം എത്ര നിര്‍ണായകമാണെന്നാണ് ഞാന്‍ ഇന്നിവിടെ സംസാരിക്കാന്‍ പോകുന്നത്.

പുതിയ ആശയങ്ങള്‍ 
സാമ്പത്തിക വളര്‍ച്ചയുടെ വലിയ അളവും വരുന്നത് അദ്ധ്വാനവും മൂലധനവും പോലെ ഉത്പാദനത്തിന്റെ കൂടുതല്‍ ഘടകങ്ങള്‍ ചെലുത്തുന്നതുകൊണ്ട് മാത്രമല്ല എന്ന പഠനത്തിനാണ് റോബര്‍ട്ട് സോളോവ് സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. മറിച്ച് മൊത്തം ഘടകങ്ങളുടെ ഉത്പാദനക്ഷമതാവളര്‍ച്ച എന്നദ്ദേഹം വിളിക്കുന്ന ഘടകങ്ങളെ കൂടുതല്‍ ബുദ്ധിപരമായി ഒരുമിച്ചിടുന്നതിലൂടെയാണ് സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പുതിയ ആശയങ്ങള്‍, പുതിയ ഉത്പാദനരീതികള്‍, മെച്ചപ്പെട്ട സാമഗ്രികളും ഒരുക്കങ്ങളും (logistics)എന്നിവയാണ് സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുന്നത്. തീര്‍ച്ചയായും, കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട്, അവരെ കുറഞ്ഞ ഉത്പാദനക്ഷമതയുള്ള കൃഷിയില്‍ നിന്നും കൂടുതല്‍ മൂല്യമുള്ള വ്യവസായത്തിലേക്കോ സേവനങ്ങളിലേക്കോ മാറ്റിക്കൊണ്ട്, അവര്‍ക്ക് തൊഴിലെടുക്കാന്‍ കൂടുതല്‍ മികച്ച ഉപകരണങ്ങള്‍ നല്‍കിക്കൊണ്ട് നമ്മുടേതുപോലുള്ള ഒരു ദരിദ്ര രാജ്യത്തിന് കുറച്ചുകാലത്തേക്ക് വളരാനാകും. ഒരു ഉത്പാദന സാധ്യത അതിരില്‍ (production possibiltiy frontier) നിന്നും ഇന്ത്യ ഏറെ അകലെയായതിനാല്‍, വ്യാവസായിക രാജ്യങ്ങളുടെ രീതികള്‍ അനുവര്‍ത്തിച്ചുതന്നെ നമുക്ക് ഏറെക്കാലം വളരാനാകും. 

പക്ഷേ, കൂടുതല്‍ ബുദ്ധിപരമായ മാര്‍ഗങ്ങള്‍ പഴയ രീതികളില്‍ നിന്നും കുതിച്ചു ചാടാനും ഉത്പാദന സാധ്യത അതിരില്‍ പെട്ടെന്നെത്താനും നമ്മെ പ്രാപ്തരാക്കും. സോഫ്റ്റ്‌വെയര്‍ വ്യവസായത്തിലെ ചില ഭാഗങ്ങളില്‍ നാം ചെയ്തതുപോലെ. ഒരിക്കല്‍ നിങ്ങളാ അതിരില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ വളരാനുള്ള വഴി നൂതനവും, ലോകത്തിലെതന്നെ മറ്റുള്ളവരില്‍ നിന്നും മികച്ചതാവുകയുമാണ്. നമ്മുടെ സോഫ്റ്റ് വെയര്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് അതാണ്. 

നമ്മുടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഈ അതിരിനപ്പുറത്തേക്കുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുകയാണ്. ഇലക്ട്രോണിക് വിപണി മുതല്‍ പണമിടപാടുകള്‍ക്കുള്ള പുതിയ സംവിധാനങ്ങള്‍ വരെയുള്ള ഇന്റര്‍നെറ്റ് വഴിയുള്ള വ്യാപാരത്തിന്റെ ഉജ്വലമായ വികാസം നോക്കൂ. ഇന്നിപ്പോള്‍ ഒരു വന്‍നഗരത്തിലെ ഉപഭോക്താവിനു പുത്തന്‍ ശൈലിയിലുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അതേ അവസരം ഒരു ചെറുപട്ടണത്തിലെ ഉപഭോക്താവിനും ലഭ്യമാണ്. ഇന്റര്‍നെറ്റ്, വ്യാപാരശാലകളെ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിച്ചിരിക്കുന്നു. പുതിയ ആശയങ്ങളിലൂടെയും ഉത്പാദന രീതികളിലൂടെയുമുള്ള സാമ്പത്തിക വളര്‍ച്ചയാണ് നമ്മുടെ അദ്ധ്യാപകരും പൂര്‍വവിദ്യാര്‍ത്ഥികളും രാഷ്ട്രത്തിന് നല്‍കിയ സംഭാവന.

വ്യത്യസ്ത വീക്ഷണങ്ങള്‍ 
റിച്ചാഡ് ഫെയ്ന്‍മാന്റെ ഊര്‍ജതന്ത്ര പ്രഭാഷണങ്ങള്‍ നിങ്ങള്‍ വായിച്ചിരിക്കും. ഇരുപതാം നൂറ്റാണ്ടിലെ അതികായന്മാരിലൊരാളാണ് ഈ നോബല്‍ സമ്മാന ജേതാവ്. പ്രിന്‍സ്റ്റണിലെ Institute of Advanced Studise ലെ അന്തരീക്ഷം എത്രമാത്രം മടുപ്പിക്കുന്നതായിരുന്നു എന്നദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ലോകത്തിലെ മികച്ച പ്രതിഭകള്‍ ബഹുമുഖങ്ങളായ വിഷയങ്ങളില്‍ വ്യാപരിക്കുന്ന ഒരു സ്ഥാപനമാണത്. പക്ഷേ വിദ്യാര്‍ത്ഥികളാരും ചോദ്യം ചോദിക്കാത്ത അവിടുത്തെ അന്തരീക്ഷം തന്റെ വിശ്വാസങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും പുതിയ സിദ്ധാന്തങ്ങള്‍ കണ്ടെത്താനും തന്നെ പ്രേരിപ്പിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ചിലപ്പോള്‍ നിസാരമെന്ന് തോന്നിക്കുന്ന ചോദ്യങ്ങളില്‍ നിന്നും ബദല്‍ കാഴ്ച്ചപ്പാടുകളില്‍ നിന്നുമാണ് പലപ്പോഴും ആശയങ്ങള്‍ ഉരുത്തിരിയുന്നത്. പ്രകാശത്തിന്റെ വേഗത്തില്‍ പോകുന്ന ഒരു തീവണ്ടിയില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് എന്തനുഭവപ്പെടും എന്ന തലത്തിരിഞ്ഞ ചോദ്യത്തില്‍ പിടിച്ചാണ് ഐന്‍സ്റ്റീന്‍ തന്റെ ആപേക്ഷികത സിദ്ധാന്തം ഉണ്ടാക്കിയത്. അപ്പോള്‍, ഒന്നും ഒഴിച്ച് നിര്‍ത്തേണ്ടതല്ല. മറിച്ച് എല്ലാം സംവാദത്തിനും നിരന്തരമായ പരീക്ഷണങ്ങള്‍ക്കും വിധേയമാകണം. ചോദ്യം ചെയ്യപ്പെടാത്ത പ്രഖ്യാപനങ്ങള്‍ക്ക് ആരെയും അനുവദിക്കരുത്. ആശയങ്ങള്‍ക്കായുള്ള ഈ മത്സരം ഇല്ലെങ്കില്‍ നാം നിശ്ചലമായി മാറും. 

ഇത് രണ്ടാമത്തെ അവശ്യഘടകത്തിലേക്ക് നയിക്കുന്നു: സംരക്ഷണം- അത് പ്രത്യേക ആശയങ്ങള്‍ക്കോ, പാരമ്പര്യത്തിനോ അല്ല, പക്ഷേ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനുമുള്ള അവകാശത്തിനും മറ്റുളവരെ ഗുരുതരമായി മുറിവേല്‍പ്പിച്ചിടത്തോളം വ്യത്യസ്തമായി പെരുമാറാനുമുള്ള സ്വാതന്ത്ര്യത്തിനുമാണ്. ഈ സംരക്ഷണത്തില്‍ സമൂഹത്തിന്റെ താത്പര്യങ്ങളാണുള്ളത്. നൂതനത്വമുള്ള വിമതശബ്ദങ്ങളുടെ വെല്ലുവിളികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് സമൂഹം വികസിക്കുന്നത്. സോളോവിന്റെ മൊത്തം ഘടകങ്ങളുടെ ഉത്പാദനക്ഷമതയെ ത്വരിതപ്പെടുത്തുന്ന ആശയങ്ങള്‍ അതിനു ലഭിക്കുന്നു. ഭാഗ്യവശാല്‍ ഇന്ത്യ എക്കാലത്തും സംവാദത്തെയും വ്യത്യസ്താഭിപ്രായങ്ങള്‍ക്കുള്ള അവകാശവും സംരക്ഷിച്ചിട്ടുണ്ട്. ചിലര്‍ ഇതൊക്കെ ശാശ്വതമായ രീതിയില്‍ കൊത്തിവെച്ചിട്ടുമുണ്ട്. തഞ്ചാവൂരിലെ അതിഗംഭീരമായ ബൃഹദീശ്വര ക്ഷേത്രം പണിത രാജ രാജ ചോളന്‍ വിഷ്ണുവിന്റെയും ധ്യാനബുദ്ധന്റെയും ശില്പങ്ങള്‍ കൂടി അവിടെ ഉള്‍പ്പെടുത്തി. വ്യത്യസ്ത വീക്ഷണങ്ങളെ അംഗീകരിക്കലായിരുന്നു അത്. ശാശ്വത സത്യങ്ങളെക്കുറിച്ച് സംവാദം നടത്താന്‍ എല്ലാ തരത്തിലുമുള്ളവരെ തന്റെ ദര്‍ബാറിലേക്ക് ക്ഷണിച്ച ഷഹന്‍ഷാ ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍ അന്വേഷണത്തിന്റെ പാതയെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത ഹിന്ദു, ബുദ്ധ രാജാക്കന്മാരുടെ പാരമ്പര്യം തുടരുകയായിരുന്നു ചെയ്തത്. 

അപ്പോള്‍ സംഘ വികാരത്തിനെക്കുറിച്ച് എന്താണ് പറയേണ്ടത്? ഒരു പ്രത്യേക ബൗദ്ധിക നിലപാടിനെയോ സംഘത്തെയോ വേദനിപ്പിക്കുന്ന ആശയങ്ങളും പെരുമാറ്റവും നിരോധിക്കേണ്ടതല്ലേ? സാധ്യമായേക്കാം, പക്ഷേ, നിരോധനത്തിന്റെ കുറുക്കുവഴി ചര്‍ച്ചകളെ ഇല്ലാതാക്കിയേക്കും. കാരണം സകലരും അവര്‍ക്കിഷ്ടമല്ലാത്ത ആശയങ്ങളെക്കുറിച്ച് അസ്വസ്ഥതയുള്ളവരായി മാറും. സഹിഷ്ണുതയിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും ആശയപരിസരം സമ്പന്നമാക്കുകയാണ് കൂടുതല്‍ അഭികാമ്യം.

പരസ്പര സഹിഷ്ണുത 
ഞാന്‍ വിശദീകരിക്കാം. ആരെയെങ്കിലും ശാരീരികമായി ഉപദ്രവിക്കുന്ന നടപടികള്‍, ആശയങ്ങളുടെ വിപണിയില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ പങ്കാളിത്തം തടസപ്പെടുത്തുന്ന രീതിയില്‍ അവരെ അധിക്ഷേപ്പിക്കുക എന്നിവ തീര്‍ച്ചയായും അനുവദിച്ചുകൂട. ഉദാഹരണത്തിന് ലൈംഗിക പീഡനം, അത് ശാരീരികമോ, വാക്കുകളിലൂടെയോ ആകട്ടെ, അതിനു സമൂഹത്തില്‍ ഒരുതരത്തിലും സ്ഥാനമില്ല. അതേ സമയം സംഘങ്ങള്‍ അധിക്ഷേപങ്ങള്‍ക്കായി സകലയിടത്തും പരതി നടക്കരുത്. മനഃശാസ്ത്രത്തിലെ പക്ഷപാത സ്ഥിരീകരണ സിദ്ധാന്തം പറയുന്ന പോലെ, അധിക്ഷേപങ്ങള്‍ക്കായി തെരഞ്ഞുനടന്നാല്‍ ഒരാള്‍ക്ക് അത് എല്ലായിടത്തും ലഭിക്കും, ഏറ്റവും നിര്‍ദോഷമായ പ്രസ്താവനകളില്‍ പോലും. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തി എനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നെങ്കിലും മറ്റ് തരത്തില്‍ എന്നെ മുറിവേല്‍പ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തിയെ നിരോധിക്കുന്നതിനുള്ള കടമ്പ ഏറെ ഉയരത്തിലായിരിക്കണം. എങ്ങനെയായാലും നിരോധനമോ അത് നടപ്പാക്കാനുള്ള പ്രവര്‍ത്തികളോ എന്നെ അലോസരപ്പെടുത്തിയതിനേക്കാളേറെ നിങ്ങളെ മുറിവേല്‍പ്പിക്കും. അമിതമായ അനുമതിയും ബഹുമാനക്കുറവും പോലെതന്നെ അമിതമായ രാഷ്ട്രീയശരികളും പുരോഗമനത്തെ ശ്വാസംമുട്ടിക്കും. 

എന്നെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ അതൊരു വ്യക്തിപരമായ ആക്രമണമായി വ്യാഖ്യാനിക്കപ്പെടാതെ ആ സംവാദത്തെ മുന്നോട്ട് കൊണ്ടുപോകാവുന്ന തരത്തില്‍ നിങ്ങള്‍ അതിനെ വിശദീകരിക്കണം. ഞാന്‍ കൈക്കൊള്ളുന്ന ആശയങ്ങളോടുള്ള എതിര്‍പ്പ് എന്തുകൊണ്ട് പുരോഗമനപരമാണെന്ന് എന്നെ ബോധ്യപ്പെടുത്തണം. അതേസമയം, വ്യക്തിപരമായ ആക്രമണമാക്കി കരുതുന്ന തരത്തില്‍ വ്യക്തിത്വത്തോട് ചേര്‍ത്തുവെക്കുന്ന കുറച്ചാശയങ്ങളെ എനിക്കുമുണ്ടാകാവൂ. സഹിഷ്ണുത എന്നാല്‍ എതിപ്പുകള്‍ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന തരത്തില്‍ ആശയങ്ങളെക്കുറിച്ചുള്ള അരക്ഷിതബോധമല്ല. അത് പക്വതയുള്ള ഒരു സംവാദത്തിന് അവശ്യം വേണ്ട ഒരുതലത്തിലുള്ള വസ്തുനിഷ്ഠതയാണ് . അവസാനമായി, ഏതെങ്കിലും ഒരു സംഘത്തിന്റെ കേന്ദ്ര വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണെങ്കില്‍ , അത്തരത്തിലുള്ള അവസരങ്ങളില്‍ ബഹുമാനം ആവശ്യമാണ്. അവയെ വെല്ലുവിളിക്കുമ്പോള്‍ നാം ഏറെ ജാഗ്രത പുലര്‍ത്തുകയും വേണം.

സഹിഷ്ണുതയ്ക്ക് സംവാദത്തില്‍ നിന്നും അധിക്ഷേപത്തെ മാറ്റി ബഹുമാനത്തെ കൊണ്ടുവരാനാകും. ഒരു പ്രത്യേക എതിര്‍പ്പില്‍ ഞാന്‍ ഏറെ വെപ്രാളപ്പെടുന്നുണ്ടെങ്കില്‍ വിമതരും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരും ഒരുപോലെ അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പകരം ഞാന്‍ അവരോടു കാര്യങ്ങള്‍ വിശദീകരിക്കാനാണ് പറയുന്നതെങ്കില്‍, വാദങ്ങള്‍ നിരത്തേണ്ട ബുദ്ധിമുട്ടേറിയ ജോലി വിമതര്‍ക്കുമേല്‍ വരും. അപ്പോള്‍ വിമതര്‍ തോന്നുംവണ്ണം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. സഹിഷ്ണുതയും ബഹുമാനവും പരസ്പരം ശക്തിപ്പെടുത്തുന്ന തലത്തിലുള്ള മികച്ച സന്തുലിതാവസ്ഥയിലേക്ക് നയിക്കും. 

ഉദാഹരണത്തിന് യു എസിലെ വിമത യുവാക്കള്‍ അമേരിക്കന്‍ പതാക കത്തിക്കല്‍ പതിവാക്കിയിരുന്നു. അമേരിക്കയുടെ യുദ്ധങ്ങളില്‍ പോരാടിയ, അവരുടെ സകല പോരാട്ടത്തെയും ആ കൊടി പ്രതിനിധീകരിച്ചിരുന്ന പഴയ തലമുറയെ നിലതെറ്റിക്കാന്‍ കണക്കുകൂട്ടിയായിരുന്നു അത്. പഴയ വീരന്മാര്‍ അടങ്ങിയ പൊലീസ്, വിമതര്‍ ആഗ്രഹിച്ച പോലെ അക്രമാസക്തമായി പ്രതികരിക്കുകയും ചെയ്തു. കാലക്രമേണ യു.എസ് സമൂഹം പതാക കത്തിക്കുന്നതിനോട് കൂടുതല്‍ സഹിഷ്ണുതയോടെ പ്രതികരിക്കാന്‍ തുടങ്ങി. അതോടെ ആ പ്രതിഷേധത്തിന്റെ ഞെട്ടിക്കാനുള്ള ശേഷിയും കുറഞ്ഞു. ചുരുക്കത്തില്‍ ഒരു സംഘത്തിന്റെ സഹിഷ്ണുത കൂടുകയും അത്രയെളുപ്പം വ്രണപ്പെടാതിരിക്കുകയും ചെയ്താല്‍ അതിനെ വേദനിപ്പിക്കാനുള്ള ശ്രമങ്ങളും കുറയും. മഹാത്മാ ഗാന്ധി പറഞ്ഞ പോലെ ‘നമ്മള്‍ ഒരിയ്ക്കലും ഒരേപോലെ ചിന്തിക്കുന്നില്ല എന്നും നമ്മളെപ്പോഴും സത്യത്തെ ശകലങ്ങളായി കാണുകയും വിവിധ കാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നുനോക്കിയാല്‍ പെരുമാറ്റത്തിലെ സുവര്‍ണ നിയമം എന്നത് പരസ്പര സഹിഷ്ണുതയാണ്.’

ഞാന്‍ അവസാനിപ്പിക്കുകയാണ്. ആശയങ്ങള്‍ക്കുള്ള ഇന്ത്യയുടെ പ്രയാണത്തെ നയിക്കേണ്ടത് നിങ്ങളെപ്പോലുള്ള ഐഐടിക്കാരാണ്. ഞങ്ങള്‍ ബിരുദമെടുത്ത് പുറത്തിറങ്ങിയ ഇന്ത്യയെക്കാള്‍ നിങ്ങളുടെ സാങ്കേതിക മികവുകളെ എത്രയോ കൂടുതല്‍ ഉപയോഗിക്കാന്‍ ശേഷിയുള്ള ഇന്ത്യയാണ് നിങ്ങള്‍ക്കുള്ളത്. പരിധിയില്ലാത്ത ആഗ്രഹങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് നേരുന്നു. നിങ്ങളില്‍ ചിന്തിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ വിജയവും ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, ലോകത്തിലെക്കിറങ്ങുമ്പോള്‍ നമ്മുക്കുള്ള, സഹിഷ്ണുതയുടെയും ബഹുമാനത്തിന്റെയും അന്തരീക്ഷത്തിലുള്ള സംവാദത്തിന്റെ പാരമ്പര്യം നിങ്ങള്‍ ഓര്‍ക്കണം. അതിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അതിനുവേണ്ടി പോരാടിക്കൊണ്ട്,നിങ്ങളെ മഹത്തായ സ്ഥാപനത്തിലെ അദ്ധ്യാപകര്‍ക്കും, നിങ്ങളുടെ രക്ഷിതാക്കള്‍ക്കും ദക്ഷിണ നല്‍കുകയാണ്. നമ്മുടെ രാജ്യത്തോട് മഹത്തായൊരു ദേശാഭിമാന കടമ നിര്‍വഹിക്കുകയും. 

ശുഭാശംസകളോടെ നന്ദി.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍