UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഹ്ളാദത്തോടെ പ്രൊഫ. രഘുറാം രാജന്‍ ചിക്കഗോ സര്‍വ്വകലാശാലയില്‍

25 വര്‍ഷം തന്റെ വീടായിരുന്ന ഇടത്തേക്കാണ് മടങ്ങിയെത്തിയതെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍

അദ്ധ്യാപനരംഗത്തേക്ക് മടങ്ങിയെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍. 25 വര്‍ഷം തന്റെ വീടായിരുന്ന ഇടത്തേക്കാണ് മടങ്ങിയെത്തിയിരിക്കുന്നതെന്ന് ചിക്കാഗോ സര്‍വകലാശാലയുടെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ത്ഥികളോട് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ നഗരത്തില്‍ തനിക്ക് നിരവധി നല്ല സഹപ്രവര്‍ത്തകരും പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളും ഉണ്ടെന്ന് രാജന്‍ അനുസ്മരിച്ചു. 2013 മുതല്‍ 2016 സെപ്തംബര്‍ വരെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായിരുന്ന കാലത്താണ് രഘുറാം രാജന്‍ അദ്ധ്യാപനത്തില്‍ നിന്നും വിട്ടുനിന്നത്.

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന കാലത്ത് വിമര്‍ശനവും പ്രശംസയും ഒരു പോലെ നേടിയെടുത്ത ആളാണ് രഘുറാം രാജന്‍. എന്നാല്‍ അവസാനകാലത്ത് ചില രാഷ്രീയ പാര്‍ട്ടികളും സുബ്രഹ്മണ്യം സ്വാമിയെ പോലുള്ള നേതാക്കളും അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്കായി പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാവുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം. എന്നാല്‍ പലപ്പോഴും മറിച്ചാണ് സംഭവിക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വാദിച്ചിരുന്നു.

ഗവേഷണം ഒരിക്കലും താന്‍ ഉപേക്ഷിച്ചിരുന്നില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി രഘുറാം രാജന്‍ പറഞ്ഞു. റിസര്‍വ് ബാങ്കില്‍ ഉണ്ടായിരുന്നപ്പോഴും ചില ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ സമയം തീരെ ലഭ്യമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ആലോചിക്കാനും എഴുതാനും ധാരളം സമയം ലഭിക്കും. അടുത്ത മുപ്പത് വര്‍ഷത്തേക്ക് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വിഷയങ്ങള്‍ ആഗോള സാമ്പത്തിക പ്രതിസന്ധി വഴി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍