UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദോശ സാമ്പത്തികശാസ്ത്രം; സാമ്പത്തിക പരിഷ്കാരങ്ങളും വായ്പാധിഷ്ഠിത വളര്‍ച്ചയുടെ അപകടങ്ങളും

Avatar

രഘുറാം രാജന്‍

സി.ഡി ദേശ്മുഖ് അനുസ്മരണപ്രഭാഷണം നടത്താന്‍ എന്നെ ക്ഷണിച്ചതിന് ഞാന്‍ നന്ദി പറയുന്നു. ഒരു ഐ സി എസ് ഉദ്യോഗസ്ഥനായിരുന്ന സര്‍ ചിന്തന്‍ ദ്വാരകാനാഥ് ദേശ്മുഖ് ആധുനിക ഇന്ത്യയിലെ വലിയ വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു. 1943-ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കപ്പെടുമ്പോള്‍ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ ഇന്ത്യക്കാരനുമായിരുന്നു അദ്ദേഹം. പിന്നീടദേഹം കേന്ദ്ര ധനകാര്യമന്ത്രിയായി. ഇക്കാലയളവിലാണ് അദ്ദേഹം നാഷണല്‍ കൌണ്സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസേര്‍ച്ച് (NCAER) ഭരണസമിതി സ്ഥാപകാംഗമായതും. തത്വാധിഷ്ഠിതമായ ഒരു കാര്യത്തിന്റെ പേരില്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ച അദ്ദേഹം UGC അദ്ധ്യക്ഷന്‍, ഡല്‍ഹി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, Indian Statistical Institute അദ്ധ്യക്ഷന്‍, India International Centre ആജീവനാന്ത അദ്ധ്യക്ഷന്‍ എന്നിങ്ങനെ നിരവധി പദവികളിലിരുന്നു. ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ബ്രെട്ടന്‍ വൂഡ്സ് യോഗത്തില്‍ നടത്തിയ നിര്‍ണായക ഇടപെടലുകള്‍ അദ്ദേഹത്തിന്റെ മികച്ച സംഭാവനകളിലൊന്നാണ്. രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി ആദരിച്ച സര്‍ സി ഡി ദേശ്മുഖ് 1982-ല്‍ അന്തരിച്ചു.

സി ഡി ദേശ്മുഖ് സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത ഒരാളായിരുന്നു. അദ്ദേഹം നയിച്ചിരുന്ന ഒന്നിന്റെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരനാണ് ഞാന്‍. റിസര്‍വ് ബാങ്ക് നല്ല നിലയിലാണെന്ന് അദ്ദേഹത്തിന് ഞാന്‍ ഉറപ്പ് നല്കാം.

എന്നാല്‍ ഇന്നത്തെ ലോകം അത്രകണ്ട് ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. വ്യാവസായിക രാജ്യങ്ങള്‍ മിക്കവയും ഇപ്പോഴും പ്രതിസന്ധിയിലാണ്. ചൈനയെക്കുറിച്ചുള്ള ആത്മവിശ്വാസം മങ്ങവേ BRICS-ലെ നമ്മുടെ സുഹൃദ് രാഷ്ട്രങ്ങള്‍  കടുത്ത കുഴപ്പങ്ങളാണ് നേരിടുന്നത്. ഇവിടം എന്തുകൊണ്ടാണ് വ്യത്യസ്തമായിരിക്കുന്നത്, നമുക്കത് തുടരാനാകുമോ?

ബ്രസീല്‍ നല്‍കുന്ന പാഠം
ഒരുപക്ഷേ ബ്രസീലാണ് ശ്രദ്ധിക്കേണ്ട ഒരു പാഠം വാഗ്ദാനം ചെയ്യുന്നത്. കുറച്ചു വര്‍ഷം മുമ്പുവരെ അതിന്റെ ജനാധിപത്യക്കുതിപ്പിനെക്കുറിച്ചും മികച്ച സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും അസമത്വം കുറക്കുന്നതിലുള്ള മുന്നേറ്റത്തെക്കുറിച്ചുമെല്ലാം ലോകം പ്രശംസിക്കുകയായിരുന്നു. 2010-ല്‍ 7% വളര്‍ച്ചാനിരക്കുണ്ടായിരുന്നു. വന്‍തോതിലുള്ള എണ്ണ ശേഖരം കണ്ടെത്തി. ഒരു ‘ഭാഗ്യക്കുറി’ അടിച്ചു എന്നാണ് അന്നത്തെ പ്രസിഡണ്ട് ലുല അതിനെക്കുറിച്ച് പറഞ്ഞത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം വളര്‍ച്ച 3.8% കുറഞ്ഞു. വായ്പാ സ്ഥിതി തീരെ മോശമായി. ഈ വര്‍ഷവും വളര്‍ച്ച മെച്ചമാകില്ല. എവിടെയാണ് പിഴച്ചത്?

വൈരുദ്ധ്യമെന്ന് തോന്നാം, ബ്രസീല്‍ അതിവേഗം വളരാനാണ് ശ്രമിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഗണ്യമായ ഉത്തേജക പദ്ധതികളുടെ ബലത്തിലാണ് 7.65 വളര്‍ച്ച കൈവരിച്ചത്. വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിനിര്‍ത്താനുള്ള ശ്രമത്തില്‍ പലിശനിരക്കുകള്‍ കുറക്കാന്‍ കേന്ദ്ര ബാങ്കിന്  മേല്‍ സമ്മര്‍ദ്ദമേറി എന്നു ന്യൂ യോര്‍ക് ടൈംസ് പറയുന്നു. വായ്പകളുടെ കുത്തൊഴുക്കിനുശേഷം ഇപ്പോള്‍ തിരിച്ചടക്കാന്‍ കിതയ്ക്കുകയാണ് കടമെടുത്തവര്‍. ഇതുകൂടാതെ, ബ്രസീലിലെ സര്‍ക്കാര്‍ പണമിറക്കിയ വികസന ബാങ്ക്, കോര്‍പ്പറേഷനുകള്‍ക്കുള്ള ഇളവുകളോടുകൂടിയ വായ്പകളും വര്‍ദ്ധിപ്പിച്ചു. ചില വ്യവസായങ്ങള്‍ക്ക് നികുതിയിളവുകള്‍ നല്‍കിയപ്പോള്‍ ഗാസോലിനും വൈദ്യുതിക്കും വിലനിയന്ത്രണം ഏര്‍പ്പെടുത്തുകയും പൊതുമേഖല സ്ഥാപനങ്ങളെ വന്‍ നഷ്ടത്തിലേക്ക് തള്ളിയിടുകയും ചെയ്തു. സര്‍ക്കാര്‍ പെന്‍ഷനുകള്‍ വലിയ ഭാരം വരുത്തിയപ്പോള്‍, ബജറ്റ് കമ്മി വലുതായി, അത് ചുരുക്കാനുള്ള രാഷ്ട്രീയ അഭിപ്രായ സമന്വയം ഇല്ലാതെയും പോയി. 2015-ലെ നാലാം പാദത്തില്‍ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തി.

ബ്രസീല്‍ അധികൃതര്‍ ഈ സ്ഥിതി നേരെയാക്കാന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ അനുഭവങ്ങള്‍ തരുന്ന പാഠം നാം കണ്ടില്ലെന്ന് നടിച്ചുകൂട. 2010-ലും 2011-ലും നമ്മള്‍ ചെയ്ത പോലെ ഗണ്യമായ ഉത്തേജനപദ്ധതികളുടെ ബലത്തില്‍ വേഗത്തിലുള്ള വളര്‍ച്ച സാധ്യമാക്കാവുന്നതാണ്. പക്ഷേ 2013-ലും 2014-ലും നാം അതിനു നല്കിയ വില, ഉയര്‍ന്ന പണപ്പെരുപ്പം, ഉയര്‍ന്ന ധനക്കമ്മി, കുറഞ്ഞ വളര്‍ച്ചാനിരക്ക് എന്നിവയാണ്. തീര്‍ച്ചയായും ഇന്ത്യയിപ്പോള്‍ ആ അവസ്ഥയിലല്ല. മോശമായ ആഗോള സമ്പദ് രംഗവും തുടര്‍ച്ചയായ രണ്ട് വരള്‍ച്ചകളും നമ്മുടെ സമ്പദ് രംഗത്തെ താറുമാറാക്കിയേനെ. അതുകൊണ്ടുതന്നെ കുറഞ്ഞ പണപ്പെരുപ്പവും, കുറഞ്ഞ നടപ്പ് ധനക്കമ്മിയും 7 ശതമാനത്തിന് മുകളില്‍ വളര്‍ച്ചയും എന്നത് സര്‍ക്കാരിന് വലിയ നേട്ടമാണ്. പക്ഷേ നാം അതിമോഹികളാകാന്‍ പാടില്ലാത്ത സമയമാണിത്.

സ്ഥൂലസാമ്പത്തിക സ്ഥിരത
സ്ഥിരതയില്ലാത്ത ഒരു രാജ്യമാകുന്നതിന് നല്‍കേണ്ടിവരുന്ന വലിയ വില സാഹസികമായ ചില നയങ്ങള്‍മൂലമുള്ള ചെറിയ നേട്ടങ്ങളെക്കാള്‍ എത്രയോ വലുതായിരിക്കുമെന്ന് ബ്രസീലിന്റെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ആഗോള സാമ്പത്തിക ചാഞ്ചാട്ടത്തിന്റെ ഈ ഘട്ടത്തില്‍ നമ്മുടെ പ്രധാന ശക്തി നാം നഷ്ടപ്പെടുത്തിക്കൂട; സ്ഥൂല സാമ്പത്തിക സ്ഥിരത.

ഇന്ത്യ അതിന്റെ ധനക്കമ്മി കുറയ്ക്കാനുള്ള വഴികള്‍ ഇനിയും നീട്ടിവെക്കണോ എന്നൊരു പൊതുചര്‍ച്ചയുണ്ട്. ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തുന്നതിന് മുമ്പ് സര്‍ക്കാര്‍ എന്തായാലും വിവിധ വശങ്ങള്‍ പരിഗണിക്കും. പക്ഷേ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്:

നാം താരതമ്യം ചെയ്യുന്ന മിക്ക രാജ്യങ്ങളേക്കാളും ഉയര്‍ന്ന ധനക്കമ്മിയാണ് ഇവിടെ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളത്. പ്രതിസന്ധി നേരിടുന്ന ബ്രസീല്‍ മാത്രമാണു നമുക്ക് മുന്നില്‍. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്ക് പ്രകാരം (അതാണല്ലോ ആഗോള നിക്ഷേപകര്‍ കാണുന്നത്) 2014-ല്‍ 7% ആയിരുന്ന നമ്മുടെ ധനക്കമ്മി 2015-ല്‍ 7.2% ആയി ഉയര്‍ന്നു. അതായത് നമ്മുടെ ആകെ ധനക്കമ്മി കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു എന്നാണ്. സംസ്ഥാന വൈദ്യുത വിതരണ കമ്പനികളെ പുനരുജ്ജീവിപ്പിക്കാനായി അടുത്ത സാമ്പത്തികവര്‍ഷം വരുന്ന UDAY പദ്ധതി സംസ്ഥാനങ്ങളുടെ കമ്മി കുറക്കാന്‍ ഇടയാക്കില്ല എന്നതിനാല്‍ കേന്ദ്രത്തിന് മേലാകും കൂടുതല്‍ സമ്മര്‍ദം.

നമ്മുടെ വായ്പാ, ജിഡിപി അനുപാതം സുസ്ഥിരപാതയിലേക്ക് എത്തിക്കാന്‍ തക്ക വളര്‍ച്ച നേടാന്‍ ധനക്കമ്മി വിപുലമാക്കേണ്ടത് ആവശ്യമാണെന്ന് ചിലര്‍ പറയുന്നു. ഇതൊരു പുതിയ വാദഗതിയാണ്. സര്‍ക്കാര്‍ കുറച്ചുമാത്രം കടം വാങ്ങുകയും കടബാധ്യത കുറക്കാനായി ധനക്കമ്മി കുറയ്ക്കുകയും വേണമെന്നാണ് സാധാരണഗതിയില്‍ ഒരാള്‍ പറയുക. പക്ഷേ ധനക്കമ്മി വിപുലമാകുന്നതോടൊപ്പം  ഉണ്ടാക്കുന്ന വളര്‍ച്ച അധികകടഭാരത്തെ കവച്ചുവെക്കാനുള്ള ഒരു സൈദ്ധാന്തിക സാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ചെലവുകളില്‍ ഉള്ള വളര്‍ച്ചപ്പെരുപ്പ ഘടകങ്ങള്‍ ഈ ഘട്ടത്തില്‍ വളരെ ചെറുതാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ചെലവഴിക്കുന്നത് വായ്പാഗതിയെ ദോഷകരമായാണ് ബാധിക്കുക. വേറൊരു തരത്തില്‍ ധനക്കമ്മി ചുരുക്കാനുള്ള ശ്രമത്തില്‍ ഏറെ ലാഭമുണ്ടാക്കാവുന്ന നിക്ഷേപങ്ങളെ നാം ഉപേക്ഷിക്കുന്നുണ്ടോ എന്നു ചോദിക്കാവുന്നതാണ്?

ധനക്കമ്മി കുറയ്ക്കുമോ എന്നതൊന്നും സാധാരണക്കാര്‍ കാര്യമാക്കുന്നില്ല. പക്ഷേ നമുക്ക് 10 ലക്ഷം കോടി രൂപ കമ്മിയും പിന്നെ UDAY കടപ്പത്രങ്ങളും കാശാക്കേണ്ട കടപ്പത്ര വിപണി അത് കാര്യമായെടുക്കുന്നുണ്ട്. ധനക്കമ്മി കുറക്കുന്നതില്‍നിന്നും വഴിമാറിയാല്‍ സാമ്പത്തിക പിന്തുണ നല്‍കേണ്ട കടപ്പത്രങ്ങളുടെ വ്യാപ്തിയും ഭാവി ധനക്കമ്മി കുറക്കലിലെ വിശ്വാസ്യതയെയും അത് ബാധിക്കും. ജെയിംസ് കാര്‍വില്‍ പറഞ്ഞപോലെ,“പുനര്‍ജന്‍മം ഉണ്ടാവുകയാണെങ്കില്‍ പ്രസിഡണ്ട്, പോപ് ഒരു .400 ബേസ്ബോള്‍ കളിക്കാരന്‍ അങ്ങനെയെന്തെങ്കിലുമായി മടങ്ങിവരാനാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ ഇപ്പോള്‍ ഞാന്‍ കടപ്പത്ര വിപണിയായി വരാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്ക്ക് എല്ലാവരെയും പേടിപ്പിക്കാം.”

കടപ്പത്ര വിപണിയുടെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരിന് ബോധ്യമുണ്ട്, പക്ഷേ പരസ്യസംവാദം നടത്തുന്ന സാമ്പത്തിക വിദഗ്ധര്‍ അതിനു വേണ്ടത്ര ശ്രദ്ധ നല്കുന്നുണ്ടോ എന്നാണെനിക്ക് സംശയം.

കടപ്പത്ര ആദായത്തിലെ കുറവിന്റെ ഒരു പ്രധാന കാരണം പണപ്പെരുപ്പത്തിലെ കുറവാണ്. ഇതിനായുള്ള സര്‍ക്കാരിന്റെയും ആര്‍ ബി ഐയുടെയും കൂട്ടായ പ്രവര്‍ത്തനത്തെ അന്താരാഷ്ട്ര ചരക്കുവിലകളില്‍ വന്ന ഇടിവും സഹായിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലാണെങ്കില്‍ പണപ്പെരുപ്പം ഇരട്ട അക്കത്തിലേക്കെത്തിക്കുമായിരുന്ന ഒരു സാഹചര്യത്തില്‍ ഈ നേട്ടം നിസാരമല്ല. എന്നിട്ടും പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ദുര്‍ബലമാകുന്നു എന്നു സൂചിപ്പിക്കുന്നുണ്ട് ചിലര്‍. ഞാന്‍ ആവര്‍ത്തിക്കട്ടെ, സ്ഥൂല സാമ്പത്തിക സ്ഥിരത എന്നത് വലിയ തോതില്‍ നയവിശ്വാസ്യതയെ ആധാരമാക്കിയാണ്. നിശ്ചയിച്ച രീതികളില്‍നിന്നുമുള്ള നയവ്യതിയാനം രൂക്ഷമായ അത്യാവശ്യങ്ങളില്‍ മാത്രമാണ്, വെറുതെ സൌകര്യത്തിനുവേണ്ടിയല്ല, എന്നു ജനത്തിനുള്ള വിശ്വാസമാണത്. ചെറിയ പ്രശ്നങ്ങള്‍ നേരിടുന്ന ഓരോ സമയത്തും നാം ലക്ഷ്യങ്ങള്‍ മാറ്റിസ്ഥാപിച്ചാല്‍ നമുക്ക്  നിലനില്‍ക്കാനുള്ള ശേഷിയില്ലെന്ന് വിപണിക്ക് നല്‍കുന്ന സൂചനയാകും അത്. അതുകൊണ്ടുതന്നെ, സര്‍ക്കാരുമായി നിശ്ചയിച്ച പണപ്പെരുപ്പ ചട്ടക്കൂടില്‍ നിന്നും വഴിമാറാനുള്ള ഒരുദ്ദേശവും നമുക്കില്ലെന്ന് ഞാന്‍ വ്യക്തമാക്കിക്കൊള്ളട്ടെ. ഈ ചട്ടക്കൂടിനെ കൂടുതല്‍ ശക്തമാക്കാന്‍, സാമ്പത്തിക നയസമിതിക്കായി സര്‍ക്കാര്‍ ആര്‍ ബി ഐ നിയമം ഭേദഗതി ചെയ്യുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

ലോകമെന്തൊക്കെ ചെയ്തോട്ടെ, വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്ക് നമ്മുടെ രാജ്യത്തെ സുസ്ഥിരമാക്കാന്‍ പോകുന്ന വളര്‍ച്ച പടുത്തുയര്‍ത്താനുള്ള അടിത്തറ സ്ഥൂല സാമ്പത്തിക സ്ഥിരതയായിരിക്കും. മാത്രമല്ല മിതമായ വളര്‍ച്ചയില്‍ ഇന്ത്യ പരിഷ്കാരങ്ങള്‍ നടത്തിയ 1997-2002 കാലത്തെ ഞാനോര്‍ക്കുന്നു. അതിനുശേഷമുള്ള ഒരു പതിറ്റാണ്ടില്‍ ഉയര്‍ന്ന വളര്‍ച്ചയാണുണ്ടായത്.

ഈ പ്രഭാഷണത്തിന്റെ മുഖ്യഭാഗത്തേക്ക് കടക്കുന്നതിന് മുമ്പായി പലിശനിരക്കുകളെക്കുറിച്ച് ഒരു വാക്ക്. വ്യവസായികള്‍ ഉയര്ന്ന പലിശയെക്കുറിച്ച് മുറുമുറുക്കുമ്പോള്‍ പെന്‍ഷന്‍ പറ്റിയവര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പലിശ കുറവുകിട്ടുന്നു എന്ന പരാതിക്കാരാണ്. ഇരുകൂട്ടരും അല്പം പൊലിപ്പിച്ചാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതുപോലെ ഇരുകൂട്ടരുടെയും ഭിന്നതകള്‍ പരിഹരിക്കാനുള്ള വഴി ഉപഭോക്തൃ വില സൂചിക ക്രമമായി താഴെക്കൊണ്ടുവരിക എന്നതാണ്.

പെന്‍ഷന്‍ പറ്റിയവരില്‍ നിന്നും വിശദീകരിച്ചുതുടങ്ങാം. എനിക്കു കിട്ടുന്ന കത്തുകളുടെ ഒരു മാതൃക ഇതാണ്,“ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് എനിക്കു 10% കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ വെറും 8% മാത്രമാണു ലഭിക്കുന്നത്”, ദയവു ചെയ്തു ബാങ്കുകളോട് കൂടുതല്‍ പലിശ തരാന്‍ പറയണം. അല്ലാത്തപക്ഷം എനിക്കു ചെലവുകള്‍ നേരിടാനാകില്ല.” വാസ്തവത്തില്‍ പെന്‍ഷന്‍ പറ്റിയവര്‍ക്ക് ഇപ്പോള്‍ കൂടുതലായി ലഭിക്കുന്നുണ്ട്, പക്ഷേ അവരത് മനസിലാക്കുന്നില്ല. കാരണം അവര്‍ പലിശനിരക്ക് മാത്രമാണു നോക്കുന്നത്. പണപ്പെരുപ്പം അതിനേക്കാളും താഴോട്ട് പോന്നത്, 10%-ത്തില്‍ നിന്നും 5.5% ആയത് വര്‍ കാണുന്നില്ല.

ദോശ സാമ്പത്തികശാസ്ത്രം
ഇത് കാണുന്നതിന് നമ്മള്‍ ദോശ സാമ്പത്തികശാസ്ത്രത്തെ നോക്കണം. പെന്‍ഷന്‍കാരന്‍ ദോശ വാങ്ങാന്‍ ഈ കാലയളവിന്റെ തുടക്കത്തില്‍ ഒരു ദോശക്ക് 50 രൂപ കൊടുത്തു എന്നു കരുതുക. അയാള്‍ക്ക് 1,00,000 രൂപ സമ്പാദ്യവുമുണ്ട്. അയാള്‍ക്ക് ആ പണംകൊണ്ടു ഇന്നിപ്പോള്‍ 2000 ദോശ വാങ്ങാം. പക്ഷേ നിക്ഷേപത്തിലൂടെ കൂടുതല്‍ കിട്ടാനാണ് അയാള്‍ ആഗ്രഹിക്കുന്നത്.

10% പലിശനിരക്കില്‍ ഒരു വര്‍ഷത്തിന് ശേഷം അയാള്‍ക്ക് 10,000 രൂപയും മുതലും കിട്ടും. ദോശക്കും 10% വില കൂടി ഒന്നിന് 55 രൂപയായാല്‍ പലിശക്കാശായ 10,000 രൂപകൊണ്ടു അയാള്‍ക്ക് ഏകദേശം 182 ദോശ വാങ്ങാം.

8% പലിശനിരക്കില്‍ അയാള്‍ക്ക് വര്‍ഷാന്ത്യത്തില്‍ 8,000 രൂപ കിട്ടുന്നു. ദോശവില 5.5% കൂടിയാല്‍ ഒരു ദോശക്ക് 52.75 രൂപ. അപ്പോള്‍ ഏതാണ്ട് 152 ദോശയേ വാങ്ങാന്‍ കഴിയൂ. അപ്പോള്‍ പെന്‍ഷന്‍കാരുടെ വാദം ശരിയാണെന്ന് വരും: കുറഞ്ഞ പലിശക്കു കുറച്ചു ദോശ മാത്രമാണു കിട്ടുന്നത്.

എന്നാല്‍ അങ്ങനെ നിര്‍ത്താന്‍ വരട്ടെ. അയാള്‍ക്ക് മുതലും ഒപ്പം ലഭിക്കുന്നുണ്ടെന്നും അതും പണപ്പെരുപ്പവുമായി ഇണക്കിനോക്കണമെന്നും ഓര്‍ക്കണം. ഉയര്‍ന്ന പണപ്പെരുപ്പക്കാലത്ത് അത് 1,818 ദോശകളാണ്. കുറഞ്ഞ പണപ്പെരുപ്പക്കാലത്ത് അത് 1,896 ദോശകളാണ്. അപ്പോള്‍ ഉയര്‍ന്ന പണപ്പെരുപ്പക്കാലത്ത് മുതലും പലിശയും ചേര്‍ത്താല്‍ 2,000 ദോശ കിട്ടും. കുറഞ്ഞ പണപ്പെരുപ്പക്കാലത്ത് മുതലും പലിശയും ചേര്‍ത്ത് 2,048 ദോശ കിട്ടും. ദോശയുടെ അടിസ്ഥാനത്തില്‍ കുറഞ്ഞ പണപ്പെരുപ്പക്കാലത്ത്  അയാള്‍ 2.5% മെച്ചപ്പെട്ട നിലയിലാണ്.

പണപ്പെരുപ്പം പെന്‍ഷന്‍കാരുടെ മുതലിനെ തിന്നൊടുക്കുന്ന നിശബ്ദ കൊലയാളിയാണ് എന്നു പറയുന്നതിനുള്ള ഒരു വളഞ്ഞ വഴിയാണിത്. കൂടിയ പലിശനിരക്ക് കിട്ടുമ്പോള്‍ നല്ല ആദായം തിരികെ കിട്ടുന്നു എന്ന മായാവലയത്തിലാക്കുക മാത്രമാണുണ്ടാകുന്നത്. 10% പലിശയും 10% പണപ്പെരുപ്പവുമെന്നാല്‍ മുതലില്‍ നിന്നും വാസ്തവത്തില്‍ ഒരാദായവും ലഭിക്കുന്നില്ല എന്നാണ്. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് ശേഷവും അതേ 2000 ദോശ മാത്രം. എന്നാല്‍, 5.5% പണപ്പെരുപ്പവും 8% പലിശയുമെന്നാല്‍ നിങ്ങള്‍ക്ക് വാസ്തവത്തിലുള്ള നേട്ടം 2.5%-മാണ്. അതായത് 2.5% കൂടുതല്‍ ദോശകള്‍. അതുകൊണ്ടു എനിക്കു പെന്‍ഷന്‍കാരോട് സഹതാപമുണ്ടെങ്കിലും  തീര്‍ച്ചയായും അവരിപ്പോള്‍ മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്.

ഇനി വ്യവസായികളുടെ കാര്യം നോക്കാം. ഇറക്കുമതി മൂലം തന്റെ വ്യാപാരം ആകെ പൊളിയുകയാണെന്ന് പരാതിപറഞ്ഞ ഒരു വ്യാപാരിയെ ഞാനീയിടെ ഒരു സമ്മേളനത്തില്‍ കണ്ടു. തീരുവകള്‍ കുറക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. അന്യായമായ മത്സരത്തിന്റെ തെളിവ് ചോദിച്ചപ്പോള്‍, വരുമാനം വര്‍ധിച്ചില്ലെന്നും, വളര്‍ച്ചയുടെ അളവിലെ വലിപ്പം ഉത്പന്നത്തിന്റെ വിലയിടിവിനെ ചെറുക്കാന്‍ പ്രാപ്തമല്ലെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ കുറഞ്ഞ നിക്ഷേപചെലവുകള്‍ ഒരനുഗ്രഹമാണെന്നും കാരണം ഉത്പാദന  ചെലവിനെക്കാള്‍ എത്രയോ താഴെപ്പോന്നിരിക്കുന്നു ചരക്ക് വില എന്നും ഞാന്‍ പറഞ്ഞു. അത് സഹായിച്ചു എന്ന് വിമ്മിട്ടത്തോടെ അദ്ദേഹം സമ്മതിച്ചു. ലാഭം എക്കാലത്തെയും ഉയര്‍ന്ന അളവിലാണെന്നും ചോദിച്ചപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തി. എന്നിട്ടും വിദേശികള്‍ വിലകുറച്ചു വില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് തീരുവ കുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു! മറ്റൊരുതരത്തില്‍ അതിനെ സമീപിച്ചാല്‍ വ്യവസായികള്‍ ഉത്പന്ന വിലയുടെ കുറഞ്ഞ പണപ്പെരുപ്പത്തെക്കുറിച്ചാണ് പരാതി പറയുന്നതു. എന്നാല്‍ അവരെ ബാധിക്കുന്ന പണപ്പെരുപ്പം ലാഭത്തിന്റെ പണപ്പെരുപ്പമാണ്, അത് ഉയര്‍ന്നതുമാണ്. ഉദാഹരണത്തിന്, സാമ്പത്തികേതര, സര്‍ക്കാരേതര കോര്‍പ്പറേഷനുകളുടെ രണ്ടാം പാദത്തിലെ കണക്കുകള്‍ നോക്കിയാല്‍, വര്‍ഷത്തില്‍ വരുമാനം 8.8% കുറഞ്ഞപ്പോള്‍ ഉത്പാദന ചെലവില്‍ 12.4% കുറവാണുണ്ടായതെന്ന് കാണാം. ഇത് മൊത്തം മൂല്യവര്‍ദ്ധനവ് 10.8%-മാക്കി.

കുഴപ്പത്തിലകപ്പെട്ട വ്യവസായങ്ങളുണ്ട് എന്നത് വ്യക്തമാണ്. ചെലവ് എല്ലായിടത്തും ഇടിയുമ്പോള്‍ നാം തീരുവകള്‍ ഉയര്‍ത്തുന്നതിനെക്കുറിച്ച് നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇറക്കുമതിതീരുവ ഉയര്‍ത്തുമ്പോള്‍ ഉത്പന്നത്തിന്റെ വില ഉയരുന്നതിനാല്‍  സന്തുഷ്ടനാകുന്ന ആഭ്യന്ത വ്യാപാരിയുണ്ടെങ്കില്‍,ഇതേ തീരുവയാല്‍ ചെലവേറുന്ന മറ്റൊരു ആഭ്യന്തര വ്യാപാരിയും, അസന്തുഷ്ടരായ ഉപഭോക്താക്കളും ഉണ്ടെന്നും നാമോര്‍ക്കണം.

ബാങ്കുകളുടെ ശുദ്ധീകരണം
സ്ഥൂല സാമ്പത്തിക സ്ഥിരതയ്ക്ക് ആവശ്യമായ ഒരു സംഗതി ആരോഗ്യമുള്ള ബാങ്കുകളാണ്. ഇന്ത്യയിലെ ബാങ്കുകളുടെ ആസ്തിബാധ്യത പട്ടികയില്‍ ധാരാളം കുഴപ്പം പിടിച്ച വായ്പകളുണ്ട്. ചില സാഹചര്യങ്ങളില്‍ അനുവദിച്ച കാലത്തെത്തില്‍ നിന്നും മാറിയ സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ (പദ്ധതി  കാലതാമസം, ചെലവിലെ വര്‍ദ്ധന, ആഗോള ശേഷിവര്‍ദ്ധനവ്) നിലവിലെ വായ്പകള്‍ ചുരുക്കി പുനക്രമീകരിക്കേണ്ടിവരും. വായ്പകള്‍ എഴുതിതള്ളിയാല്‍ പ്രൊമോട്ടര്‍മാര്‍ കൂടുതല്‍ ഓഹരി കൊണ്ടുവരും, പ്രാദേശിക സര്‍ക്കാരിനെപ്പോലുള്ള മാറ്റി ഓഹരിഉടമകള്‍ വീണ്ടും സജീവമാകും, അങ്ങനെ പദ്ധതി പുനരുജ്ജീവിക്കാനുള്ള സാധ്യതയുണ്ടാകും. എന്നാലിതിന് ബാങ്ക് ഈ ആസ്തിയെ ജഡ ആസ്തിയായി (Non-Performing Asset) തരം തിരിക്കണം. ബാങ്കുകള്‍ ഇതൊഴിവാക്കാനാണ് ശ്രമിക്കുക.

ഈ ആഴത്തിലുള്ള ശസ്ത്രക്രിയക്കുപകരം ബാങ്കുകള്‍ക്ക് ചില കുറുങ്കൌശാലങ്ങള്‍ പ്രയോഗിച്ച് വായ്പാ തിരിച്ചടവിന് വേണ്ടി പിന്നേയും കുറച്ചു പണം കൊടുത്തു നീട്ടിപ്പിടിപ്പിക്കാം. പദ്ധതിയുടെ കടബാധ്യത വളരും. പ്രൊമോട്ടര്‍ക്ക് പദ്ധതിയിലുള്ള താത്പര്യം പോകും, പദ്ധതി പിന്നേയും നഷ്ടത്തിലേക്ക് കൂപ്പുകുത്തും.

ഇത്തരം വായ്പകളെ സമയബന്ധിതമായി പരിഹരിക്കാന്‍ നമ്മുടെ പല ബാങ്കുകളും നടപടികളെടുത്തിട്ടുണ്ട്. പക്ഷേ മറ്റ് ചിലര്‍ കൂടുതല്‍ സജീവമായി അത് ചെയ്യേണ്ടതുണ്ട്. ഇത്തരം വായ്പകള്‍ കൈകാര്യം ചെയ്യാനുള്ള ബാങ്കുകള്‍ക്കുള്ള ഉപാധികള്‍  കഴിഞ്ഞ കുറച്ചു പാദങ്ങളിലായി ആര്‍ ബി ഐ വിപുലമാക്കി. ബാങ്കുകളുടെ ആസ്തിബാധ്യത പട്ടിക ഒരു വാസ്തവികചിത്രം നല്കുന്നു എന്നുറപ്പാക്കാന്‍ ഇപ്പോള്‍ ആര്‍ ബി ഐ സര്‍ക്കാരുമായി ചേര്‍ന്ന് ശ്രമിക്കുകയാണ്. പൊതുമേഖല ബാങ്കുകള്‍ക്ക് ആവശ്യമായ മൂലധന പിന്തുണ നല്കുമെന്ന് ധനകാര്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.

ഈ പിന്തുണയും ബാങ്കുകള്‍ക്ക് ലഭ്യമായ മറ്റ് മൂലധന സ്രോതസുകളും ചേരുമ്പോള്‍ അത് മതിയാകും എന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. ആവശ്യത്തിന് മൂലധനം ഉണ്ടാകുമെന്നര്‍ത്ഥം. ചില ബാങ്കുകളുടെ ലാഭസാധ്യത ഹ്രസ്വ കാലത്തേക്ക് പിരകോട്ടടിക്കുമെങ്കിലും, ഒരിക്കല്‍ ശുദ്ധീകരിച്ചാല്‍ സാമ്പത്തിക വളര്‍ച്ചയെ സുസ്ഥിരവും ലാഭകരവുമായ രീതിയില്‍ പിന്തുണക്കാനാവും. ഇത് ചെയ്യാതിരുന്നാല്‍ ആഗോള ബാങ്കിംഗ് ചരിത്രവും നമ്മുടെ തന്നെ ഭൂതകാലവും കാണിച്ചുതരുന്നതുപോലെ പ്രശ്നം കൂടുതല്‍ വഷളാവുകയും കൈകാര്യം ചെയ്യാന്‍ പറ്റാതാവുകയും ചെയ്യും.

വളര്‍ച്ച സൃഷ്ടിക്കാനുതകുന്ന സ്ഥൂല സാമ്പത്തിക സുസ്ഥിരതയുടെ അടിത്തറയില്‍ സാമ്പത്തിക മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങളിലേക്ക് തിരിയാം. കൂടുതല്‍ പങ്കാളിത്തവും മത്സരവും വഴി നമ്മള്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. പങ്കാളിത്തം വിപുലീകരിക്കേണ്ടത്  ഇളവുകളും കിഴിവുകളും വഴിയല്ല. സുതാര്യത, കരാര്‍ നടപ്പാക്കല്‍, മോശം പ്രവണതകള്‍ക്കെതിരെ  വിപണിയില്‍ സംരക്ഷണം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചട്ടക്കൂടുകള്‍ സൃഷ്ടിക്കുന്നതുവഴിയാണ്.

ഇവയുടെ ചെലവ് കുറക്കാനും ഇതുവരെ സാമ്പത്തിക വ്യവഹാര്‍ങ്ങളില്‍ നിന്നും ഒഴിവാക്കിനിര്‍ത്തിയിരുന്ന ജനവിഭാഗങ്ങളെ ഇതിലേക്ക് കൊണ്ടുവരാനും സാങ്കേതികവിദ്യ സഹായിക്കും. ഈ ആശയങ്ങളാണ് നമ്മുടെ ഇടക്കാല പരിഷ്കരണ തന്ത്രങ്ങള്‍. ഇനി കൂടുതല്‍ കൃത്യതയിലേക്ക് പോകാം.

മത്സരം പ്രോത്സാഹിപ്പിക്കുക
സുസ്ഥിരമായ വളര്‍ച്ചയ്ക്ക് നമുക്ക് മത്സരം, പ്രത്യേകിച്ചും ഇതുവരെ സമ്പദ് രംഗത്തുനിന്നും ഒഴിച്ചുനിര്‍ത്തപ്പെട്ടവരിലേക്ക് കടന്നെത്താന്‍ ശേഷിയുള്ള പുതിയ പങ്കാളികളില്‍നിന്നും, ആവശ്യമാണ്. രണ്ടു പതിറ്റാണ്ടിനുശേഷം രണ്ടു പുതിയ സ്വകാര്യ ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം രംഗത്തെത്തി. ഈ വര്‍ഷം ചെറുകിട സാമ്പത്തിക ബാങ്കുകള്‍ കടന്നുവരും. സാര്‍വദേശീയ ബാങ്കുകള്‍ക്കുള്ള അനുമതി നാം തുടങ്ങാന്‍ പോവുകയാണ്.

നിലവിലെ കളിക്കാര്‍ അന്യായമായ മത്സരത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സമതലത്തില്‍ നിന്നല്ലെങ്കില്‍ മാത്രമാണു മത്സരം അന്യായമാകുന്നത്. വാസ്തവത്തില്‍, ഇപ്പോഴുള്ളവര്‍ക്കില്ലാത്ത ഒരു ആനുകൂല്യവും പുതുതായി വരുന്നവര്‍ക്കുമില്ല. എന്നാല്‍ കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്കാന്‍ പുതിയ കളിക്കാര്‍ ശ്രദ്ധിക്കുമെന്നും അങ്ങനെ ബാങ്കിംഗ് മേഖലയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ഞങ്ങള്‍ കരുതുന്നുണ്ട്. ചെറുകിട  ബാങ്കുകള്‍ ചെറുകിട നഗര, ഗ്രാമീണ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

വലിയ ശൃംഖലയുള്ള പൊതുമേഖല ബാങ്കുകളുടെ ഉപയോക്താക്കള്‍ക്ക് പിറകെ പുതുതായി വരുന്നവര്‍ പോകുമെന്നത് ഉറപ്പാണ്. അതൊരു മോശം കാര്യമല്ല, കാരണം ഇതുവരെ ആ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പ് സാധ്യത ചുരുക്കമായിരുന്നു. പൊതുമേഖല ബാങ്കുകള്‍ അവരുടെ വര്‍ഷങ്ങളായി ആര്‍ജിച്ച വിവരങ്ങള്‍ തങ്ങളുടെ സേവനം മെച്ചപ്പെടുത്താനായി ഉപയോഗപ്പെടുത്തണം. തീര്‍ച്ചയായും  ഇതിന് വിദഗ്ദ്ധരായ വായ്പാ ഉദ്യോഗസ്ഥര്‍, പ്രശ്നസാധ്യതകള്‍ കൈകാര്യം ചെയ്യാനുള്ളവര്‍, സാങ്കേതിക വിദഗ്ധര്‍, അഭിഭാഷകര്‍ എന്നിങ്ങനെ കൂടുതല്‍ വിദഗ്ധരെ ആവശ്യമായി വരും. വിപണിയില്‍ നിലനില്‍ക്കുന്ന വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് വിദഗ്ധരെ എടുക്കാമെങ്കിലും ബാങ്കിനുള്ളില്‍ സ്ഥാനക്കയറ്റ സാധ്യതകളില്ലാതെ അവര്‍ക്ക് ആളുകളെ ആകര്‍ഷിക്കാനാകുമോ എന്ന് കണ്ടറിയണം.

വ്യത്യസ്തമായ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ കൂടുതല്‍ വിദ്ഗ്ധരടങ്ങുന്ന സമിതികളും പൊതുമേഖല ബാങ്കുകള്‍ക്കുണ്ടാകണം. ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഒരു Bank Board Bureau ഉടനെ പ്രവര്‍ത്തനം തുടങ്ങും. മികച്ച ബോര്‍ഡ് അംഗങ്ങളെ പൊതുമേഖല ബാങ്കുകള്‍ക്ക് ലഭിക്കാന്‍ അവര്‍ക്ക് വിപണിനിരക്കില്‍ പണം നല്കണം. ബോര്‍ഡിന്റെ തെറ്റായ ഒരു തീരുമാനത്തിലൂടെ ആയിരക്കണക്കിന് കോടി രൂപ വഴിതെറ്റി പോകുമെന്നതിനാല്‍ ബാങ്ക് ബോര്‍ഡുകളില്‍ ആവശ്യത്തിന് വിശ്വാസ്യതയും കഴിവും ഉള്ളവര്‍ ഉണ്ടാകേണ്ടതല്ലേ? ബോര്‍ഡുകള്‍ പൂര്‍ണമായും വൈദഗ്ദ്ധ്യവത്കരിച്ചാല്‍ പിന്നെ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ തീരുമാനങ്ങള്‍ ബോര്‍ഡുകള്‍ക്ക് വികേന്ദ്രീകരിച്ച് നല്കാം.

ബാങ്കുകള്‍ ആരോഗ്യം വീണ്ടെടുക്കുന്നതോടെ പൊതുമേഖല ബാങ്കുകളുടെ ലയനം ആലോചിക്കാവുന്നതാണ്. വിഭവസ്രോതസുകള്‍ പരമാവധി ഉപയോഗിക്കാന്‍ ചില ബാങ്കുകള്‍ ലയിച്ചേ മതിയാകൂ. പക്ഷേ ഓരോ ബാങ്കും കിട്ടാക്കടങ്ങളുടെ സമ്മര്‍ദത്തില്‍പ്പെട്ടിരിക്കവേ ഇത്രയും ശ്രദ്ധ വേണ്ട ഒരു ലയനം പോലുള്ള പരിപാടി സാധ്യമല്ല. വൈദഗ്ദ്ധ്യമുള്ള സാമ്പത്തിക സ്ഥാപനങ്ങളെയും തന്ത്രപരമായ നിക്ഷേപകരെയും 10-15% ഓഹരിയോടെ ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്താമോ? തീര്‍ച്ചയായും, ഇങ്ങനെ ഉള്‍പ്പെടുത്തിയ ചൈന പോലുള്ള രാജ്യങ്ങളുടെ അനുഭവങ്ങള്‍ പഠിക്കാവുന്നതാണ്.

സാങ്കേതികതയും നവീകരണവും
നിയന്ത്രകര്‍ സ്വാഭാവികമായും യാഥാസ്ഥിതികരാണ്. സാമ്പത്തിക മേഖല കുഴപ്പത്തില്‍ ചാടാതിരിക്കാന്‍ അത് നല്ലതുമാണ്. പക്ഷേ പുതുമയുടെ പാതയില്‍ വിഘാതമാകാനും പാടില്ല. ആര്‍ ബി ഐ പരീക്ഷണങ്ങളുടെയും  ഘട്ടം ഘട്ടമായുള്ള ഉദാരവത്കരണത്തിന്റെയും  പാതയിലാണ്. ഉദാഹരണത്തിന് ചെറിയ തോതിലുള്ള കാര്‍ഡ് പണമിടപാടുകള്‍ക്ക് ദ്വിതല പരിശോധന വേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞു. സാങ്കേതികവിദ്യകള്‍ സുരക്ഷാ ഉറപ്പാക്കുമ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഉദാരമാകാന്‍ പറ്റും. അവയെ കൂടുതല്‍ മനസിലാക്കുമ്പോള്‍ എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യാനാകും.

പല പുതിയ ഘടനകളും അടുത്തുതന്നെ നടപ്പാക്കും. മൊബൈല്‍ വഴിയോ ഒരു ഇ-മെയില്‍ പോലുള്ള വിലാസം വഴിയോ ബാങ്ക് എക്കൌണ്ടുള്ള ആര്‍ക്കും  പണം പരസ്പരം കൈമാറാന്‍ കഴിയുന്ന Unified Payment Interface ഇതിലൊന്നാണ്. Trade Receivable Exchanges മറ്റൊന്നാണ്. വലിയ സ്ഥാപനങ്ങളില്‍ നിന്നും പണം കിട്ടാനുള്ള ചെറിയ സ്ഥാപനങ്ങള്‍ക്ക് അവര്‍ ചരക്ക് കൈമാറിയിട്ടുണ്ട് എന്ന് വലിയ സ്ഥാപനം അംഗീകരിച്ചാല്‍ അത്  പണമിടപാടിന് കൈമാറ്റം ചെയ്യാനാകും. ഇത് ചെറുകിട സ്ഥാപനങ്ങള്‍ക്ക് പണം വേഗത്തില്‍ ലഭിക്കാന്‍ മാത്രമല്ല,വലിയ സ്ഥാപനവുമായി ബന്ധപ്പെട്ട നിരക്കില്‍ ഈ ബില്ല് ഇളവ് ചെയ്തു വാങ്ങാനും വാങ്ങുന്നവര്‍ തയ്യാറാകും.

ഇന്‍റര്‍നെറ്റ് വിപണിസ്ഥലവും സാമ്പത്തിക സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തമാണ് മറ്റൊരു സാങ്കേതിക വികാസം. ഓണ്‍ലൈന്‍ വ്യാപാരിയുടെ വില്‍പ്പനയും പണമൊഴുക്കും നിരീക്ഷിക്കുന്നതിലൂടെയുള്ള വിവരങ്ങള്‍ അയാള്‍ക്ക് വായ്പയും വായ്പാതിരിച്ചടവും അനുവദിക്കുന്നതിനുള്ള അടിസ്ഥാനമാക്കാം. ശ്രീനഗറില്‍നിന്നുള്ള ഒരു പരവതാനി വില്‍പ്പനക്കാരന് ആഗോളതലത്തില്‍ ഉത്പന്നം പ്രദര്‍ശിപ്പിക്കാനും വിപണനവും അനുബന്ധ സൌകര്യങ്ങളും ധനസഹായവും ഏര്‍പ്പെടുത്താവുന്ന സാധ്യതകളെക്കുറിച്ച് ഞാന്‍ ആവേശഭരിതനാണ്.

സാമ്പത്തികമായ ഉള്‍ക്കൊള്ളല്‍
പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജന പൊതുസാമ്പത്തിക വ്യവഹാരങ്ങളില്‍ നിന്നും ഒഴിച്ചുനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ബാങ്ക് എക്കൌണ്ടുകള്‍ നല്കി. ഈ എക്കൌണ്ടുകളുമായി ബന്ധപ്പെടുത്തി അപകട, ലൈഫ് ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍, സ്കോളര്‍ഷിപ്, സബ്സിഡി തുടങിയവ ഇതിലേക്ക് നേരിട്ടയക്കല്‍  അടക്കമുള്ള പല സാമ്പത്തിക സേവനങ്ങളും സര്‍ക്കാര്‍ തുടങ്ങി. ലളിതമായ പണമിടപാടുകള്‍, പണമെടുക്കാനും അടക്കാനുമുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, സമ്പാദ്യസൂക്ഷിപ്പിനുള്ള സൌകര്യങ്ങള്‍ വ്യാപകമാക്കല്‍ എന്നിവയാകണം ഇനി അടുത്ത ലക്ഷ്യങ്ങള്‍.

വായ്പകള്‍ നല്‍കുന്നത് സാമ്പത്തികമായി ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമാക്കുമ്പോള്‍ പണം കൈകാര്യം ചെയ്യാന്‍ വേണ്ടത്ര ശേഷിയില്ലാത്തവര്‍ക്ക് നല്കി അവരുടെ ഭാരം കൂട്ടാനുള്ള സാധ്യതയുമുണ്ട്. ആദ്യം അവരെ ഈ സംവിധാനത്തിലേക്ക് കൊണ്ടുവന്ന ശേഷം വായ്പകള്‍ക്കായി ആകര്‍ഷിക്കുകയാവും നല്ലത്. സ്വയം സഹായ സംഘങ്ങള്‍ വഴി നാം വിജയകരമായി പരീക്ഷിച്ചിതാണിത്. ചെറുകിട വ്യാപരസംരംഭങ്ങള്‍ക്ക് നടത്തിപ്പ് ഉപദേശങ്ങള്‍ നല്കാന്‍ വിവിധതരം സ്ഥാപനങ്ങളും എന്‍ ജി ഒകളും നമുക്കാവശ്യമാണ്.

സാങ്കേതികവിദ്യ ഇടപാടുകള്‍ക്കുള്ള  ചെലവും കുറയ്ക്കും. വിവിധ വിദ്യാഭ്യാസ വായ്പകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന ഒരു പോര്‍ട്ടല്‍ (വിദ്യാലക്ഷ്മി) നമുക്കുണ്ട്. ഇത്തരം പോര്‍ട്ടല്‍ ചെറുകിട, ഇടത്തരം വ്യാപാരങ്ങള്‍ക്കായും നാം രൂപപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

വായ്പക്കുള്ള ഈട് എന്താണെന്നത് പ്രശ്നമാണ്. കൊടുക്കുന്ന പണം തിരിച്ചുകിട്ടും എന്നുറപ്പാക്കണം. വായ്പ ലഭിക്കുന്നത് ലളിതമാക്കാന്‍ തിരിച്ചടച്ചില്ലെങ്കിലുള്ള പ്രത്യാഘാതങ്ങള്‍ ഗുരുതരമാകണം. ആധാര്‍ കാര്‍ഡ് ഇതിനുള്ള സാധ്യത നല്കുന്നു. സുപ്രീം കോടതി ഈ വിഷയത്തില്‍ എത്രയും വേഗം തീര്‍പ്പാക്കും എന്ന് കരുതാം. ചില വിഭാഗങ്ങള്‍ക്ക് ഇത്തരം ഈടില്ലാതെയും പണം നല്കാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കുന്നത് നാം പുനപരിശോധിക്കണം. ഉദ്ദേശം നല്ലതാണെങ്കിലും, പലപ്പോഴും ഈടുണ്ടെങ്കില്‍ക്കൂടി തിരിച്ചുകിട്ടില്ല എന്ന ഭയത്താല്‍ വായ്പ നല്കാന്‍ ബാങ്കുകള്‍ മടിക്കുന്നു എന്നതാണ്. ഏറ്റവും മികച്ച ഈട് ഭൂമിയാണ്. രാജ്യത്താകെയും ഭൂമി ഉടമസ്ഥതയുടെ രേഖകള്‍ കൂടുതല്‍ കൃത്യവും ഡിജിറ്റല്‍ രൂപത്തിലും ആക്കണം.

ഉപഭോക്തൃ സംരക്ഷണവും സാക്ഷരതയും
അവസാനമായി, പുതുതായി വരുന്നവര്‍ക്കും പുറത്തുള്ളവര്‍ക്കും അന്യായമായ രീതികളില്‍ നിന്നും സംരക്ഷണം ആവശ്യമാണ്. ഇതിനുള്ള ഒരുദാഹരണമായി ആര്‍ ബി ഐ ഉപഭോക്തൃ അവകാശ രേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കാന്‍ ചട്ടക്കൂടുകള്‍ സൃഷ്ടിക്കാന്‍ ബാങ്ക് ബോര്‍ഡുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരുവര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും.

സാമ്പത്തിക പ്രാപ്യത കൂട്ടാന്‍ ഉപഭോക്താക്കള്‍ അവരേതന്നെ സംരക്ഷിക്കണം. ഇതിന് ഉന്നതവിദ്യാഭ്യാസം മാത്രം പോര. 16-ആം നൂറ്റാണ്ടിലെ കപ്പലില്‍ നിന്നും കിട്ടിയ അവകാശികളില്ലാത്ത നിധിയില്‍ നിന്നും, തെരഞ്ഞെടുക്കപ്പെട്ട ആളുകളില്‍ ഒരാളായ നിങ്ങളുടെ എക്കൌണ്ടിലേക്ക് 50 ലക്ഷം രൂപ ഇടാന്‍ IMF-ഉം RBI-യുമായി കരാറിലെത്തിയെന്നും അതിനു 20,000 രൂപ അയച്ചുകൊടുക്കണമെന്നും പറഞ്ഞു ഇ-മെയില്‍ കിട്ടും. നിങ്ങളുടെ 50 ലക്ഷം കയ്യിലിരിക്കുമ്പോള്‍ പിന്നെ ഈ 20,000 എന്തിന് എന്നൊന്നും ആലോചിക്കില്ല. പിന്നെ എന്റെ കാര്യാലയത്തിലേക്ക് വിളിയാണ്. 50 ലക്ഷം കിട്ടിയില്ലല്ലോ എന്ന്! എത്ര മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇതാവര്‍ത്തിക്കുന്നു. ഇത് തടയാന്‍ വേണ്ടത് സാമ്പത്തിക സാക്ഷരതയാണ്. സാമ്പത്തിക സാക്ഷരതയുടെ  കേന്ദ്രബിന്ദു എന്നത്,“സൌജന്യ ശാപ്പാട് എന്നൊന്നില്ല” എന്നാണ്.

ഉപസംഹാരം
സ്ഥൂലസാമ്പത്തിക സ്ഥിരതയുടെ അടിത്തറയില്‍ സാമ്പത്തിക വ്യവസ്ഥയെ നിര്‍ത്താനുള്ള ചില വഴികളാണ് ഞാന്‍ പറഞ്ഞത്. സാമ്പത്തിക സഹായത്തിന് വളര്‍ച്ചയെ പിന്തുണക്കാനെ  ആകൂ, ശരിക്കുള്ള വളര്‍ച്ച എഞ്ചിന്‍ യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയാണ്. അതിനു വഴിയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഘടനാപരമായ പരിഷ്കാരങ്ങളാണ്.

അതിന്റെ 81 വര്‍ഷത്തെ ചരിത്രത്തില്‍ ആര്‍ ബി ഐ ജീവനക്കാര്‍ എക്കാലത്തും വളരുന്ന സമ്പദ് രംഗത്തിന്റെ വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. വ്യവസ്ഥയുടെ സ്ഥിരത അപകടപ്പെടുന്ന ഘട്ടത്തില്‍ അരുത് എന്നുപറയാന്‍ നാമൊരിക്കലും മടിച്ചിട്ടില്ല. അതേസമയം ആവശ്യമായ സമയത്ത് നാം ഉദാരമായിട്ടുമുണ്ട്. ശ്രീ സി ഡി ദേശ്മുഖിനെ പോലുള്ള കഴിഞ്ഞ കാലത്തെ നേതാക്കളുടെ പാരമ്പര്യത്തില്‍ നാം ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ സഹായിക്കും. 

(സി ഡി ദേശ്മുഖ് അനുസ്മരണ പ്രഭാഷണം, നാഷണല്‍ കൌണ്സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസേര്‍ച്ച്, ജനുവരി 29, ന്യൂ ഡല്‍ഹി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍