UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യം ആവശ്യപ്പെടുമ്പോള്‍ ഞാന്‍ തിരിച്ചു വരും; രഘുറാം രാജന്‍റെ കത്തിന്റെ പൂര്‍ണരൂപം

Avatar

പ്രിയ സഹപ്രവര്‍ത്തകരെ,

ഞാന്‍ 2013 സപ്തംബര്‍ മാസത്തിലാണ് ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ 23-മത് ഗവര്‍ണറായി സ്ഥാനമേറ്റെടുത്തത്. അന്ന് രൂപയുടെ മൂല്യം  ദിനംപ്രതി താഴ്ന്നുകൊണ്ടിരുന്നു. നാണയപ്പെരുപ്പം അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. വളര്‍ച്ചാനിരക്ക് ഏറ്റവും കുറഞ്ഞനിരക്കിലുമായിരുന്നു. അന്നു ഇന്ത്യയെന്നാല്‍ എളുപ്പം തകരുന്ന അഞ്ചില്‍ ഒന്നെന്ന അവസ്ഥയിലേക്ക് വീണിരുന്നു. അന്നു ഗവര്‍ണര്‍ ആയി ചുമതല ഏറ്റെടുത്ത ആദ്യ പ്രസംഗത്തില്‍ ഞാന്‍ നിങ്ങളോടൊരു വാക്ക് പറഞ്ഞിരുന്നു. നാണയപ്പെരുപ്പം കുറയ്ക്കുവാന്‍ ഉതകുന്ന തരത്തിലുള്ള പുതിയൊരു മോണിട്ടറി ചട്ടക്കൂടിനെക്കുറിച്ചായിരുന്നു അത്. വിദേശനാണ്യ നിക്ഷേപം ഉയര്‍ത്തുക, വിശ്വസ്തരായ കമ്മറ്റികളെ നിയോഗിച്ചുകൊണ്ട് വളര്‍ന്നുവരുന്ന ബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുക, ഭാരത്‌ ബില്‍ പേമെന്റ് സിസ്റ്റം, ട്രേഡ് റിസീവബിള്‍ എക്സ്ച്ചേഞ്ച് പോലെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങുക, പണമിടപാടുകള്‍ പൂര്‍ണമായും മൊബൈല്‍ ഫോണുകള്‍ വഴിയാക്കുക. ലോണ്‍ കണക്കുകള്‍ സൂക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും ഡേറ്റ ബാങ്കുകള്‍ നിര്‍മ്മിക്കുക എന്നതൊക്കെയായിരുന്നു അന്നു ഞാന്‍ നിങ്ങളോട് പങ്കുവച്ച എന്‍റെ പ്രതീക്ഷകള്‍.  ഇതൊക്കെ നടപ്പിലാക്കാന്‍ സാധിച്ചത് വഴി നമ്മള്‍ ഭാവിയിലേക്ക് നല്ലൊരു പാലമാണ് നിര്‍മിച്ചതെന്ന് എനിക്ക് തീര്‍ച്ചയായും പറയാന്‍ സാധിക്കും. ലോകത്താകമാനം സാമ്പത്തികരംഗം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നമ്മള്‍ ഇത്രയൊക്കെ സാധിച്ചെടുത്തത് എന്നോര്‍ക്കുമ്പോഴാണ്‌ നമ്മള്‍ കൈവരിച്ച നേട്ടം വലുതാണെന്ന് ബോധ്യം വരിക.

ഇന്ന് ഞാന്‍ വളരെ അഭിമാനത്തോടെ പറയട്ടെ, നമ്മുടെ ഈ പ്രതീക്ഷകളെല്ലാം നമ്മള്‍ കൈവരിച്ചിരിക്കുന്നു. നാണയപ്പെരുപ്പം വിലയിരുത്തിക്കൊണ്ട് നമ്മള്‍ പുതിയൊരു ചട്ടക്കൂട് സാധ്യമാക്കിയിരിക്കുന്നു. ഇതോടെ നാണയപ്പെരുപ്പം നിയന്ത്രിക്കാനും നിക്ഷേപകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പലിശ നല്‍കുവാനും ബാങ്കുകളെ പ്രാപ്തരാക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു. ആദ്യം വര്‍ധിപ്പിക്കേണ്ടി വന്നെങ്കിലും പലിശനിരക്ക് 150പോയന്റോളം കുറയ്ക്കുവാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സാധിച്ചു. ഒടുവില്‍ രൂപയുടെ ചാഞ്ചാട്ടം കുറയുകയും വിദേശനാണ്യ നിരക്ക് നമ്മള്‍ പ്രതീക്ഷിച്ചതിലും ഉയരുകയും ഇപ്പോള്‍ റെക്കോഡ് നേട്ടത്തില്‍ എത്തിക്കുവാനും നമുക്ക് സാധിച്ചു. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികമേഖല നമ്മുടെ രാജ്യത്തിന്‍റേതാണ്. തകര്‍ച്ചയില്‍ നിന്നുമുള്ള ശക്തമായ കരകയറല്‍ ആയിരുന്നു നമ്മുടേത്.

അന്നത്തെ നിര്‍ദേശങ്ങളില്‍ കവിഞ്ഞ് പലകാര്യങ്ങളും നമുക്ക് ചെയ്യാന്‍ സാധിച്ചു. ബാങ്ക് ബോര്‍ഡ് ബ്യൂറോ സ്ഥാപിച്ചത് വഴി പൊതുമേഖല ബാങ്കുകളുടെ നടത്തിപ്പ് സര്‍ക്കാരിന് എളുപ്പമുള്ള കാര്യമായി. അക്കാര്യത്തില്‍ സര്‍ക്കാറിനെ സഹായിക്കാന്‍ നമുക്ക് സാധിച്ചു. പരാജയപ്പെട്ട പദ്ധതികളില്‍ നിന്നും അനുവദിച്ച പൈസ വസൂലാക്കാന്‍ ബാങ്കുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും അസെറ്റ് ക്വാളിറ്റി റിവ്യൂ വഴി കിട്ടാക്കടങ്ങള്‍ കൃത്യമായി കണ്ടുപിടിക്കാനും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു അവരെ പ്രാപ്തരാക്കുന്നതിനും നമുക്ക് സാധിച്ചു. നാഷണല്‍ പെമെന്റ്സ് കോര്‍പ്പറേഷന്‍ വഴി അന്താരാഷ്‌ട്ര ധന ക്രയവിക്രയത്തില്‍ നമ്മുടേതായ സ്ഥാനം നേടിയെടുക്കാന്‍ നമുക്ക് സാധിച്ചു. ഇതുകാരണം മൊബൈല്‍ ടു മൊബൈല്‍ പണമിടപാടുകള്‍ വര്‍ധിക്കും. അടുത്ത വര്‍ഷങ്ങളില്‍ ഇത്തരം പണമിടപാടുകള്‍ വലിയ രീതിയിലുള്ള വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

ആര്‍ബി ഐ ആഭ്യന്തരമായി വലിയ മാറ്റങ്ങള്‍ക്കാണ് ഈ കാലയളവില്‍ വിധേയമായത്. നമ്മുടെ ഓരോ ജീവനക്കാരനും അവന്‍ ചെയ്യുന്ന ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ കരുത്തും കഴിവും ആര്‍ജിച്ചു. ഇതെല്ലാം ഞങ്ങള്‍ക്ക് ചെയ്യുവാന്‍ സാധിച്ചത് പദ്മ വിഭൂഷന്‍ മഗ്സസായി അവാര്‍ഡ് ജേതാവുമായ സെല്‍ഫ് എംപ്ലോയ്ഡ വുമന്‍സ് അസോസിയേഷന്‍റെ എല ഭട്ടിനെപ്പോലെയുള്ള  കഴിവും പരിചയവുമുള്ള വ്യക്തികളുടെ സഹായം കൊണ്ടാണ്. നമ്മുടെ ആര്‍ജവവും കഴിവിലും സുതാര്യതയിലും ഞാന്‍ അഭിമാനം കൊള്ളുകയാണ്. അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാകാന്‍ സാധിച്ചത് ഒരുപക്ഷെ എന്നെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്.

ഞാനൊരു അക്കാഡമീഷ്യനാണ്. അതുകൊണ്ടുതന്നെ എന്‍റെ വീട് ആശയങ്ങള്‍ തന്നെയാണ്. എന്‍റെ മൂന്നുവര്‍ഷത്തെ സേവനം അവസാന നിമിഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മൂന്നുവര്‍ഷത്തെ ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള അവധിയിലാണെങ്കിലും എനിക്കിവിടെ ചെയ്തുതീര്‍ക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ആദ്യത്തെ ദിവസം ഞാന്‍ പറഞ്ഞുവച്ച കാര്യങ്ങളില്‍ എല്ലാം നമ്മള്‍ ചെയ്തിട്ടുണ്ട്. കൂടാതെ മറ്റുരണ്ട് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നാണയപ്പെരുപ്പം ഇപ്പോള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെയാണ്. പക്ഷേ മോണിട്ടറി പോളിസികള്‍ രൂപികരിക്കാനുള്ള മോണിട്ടറി പോളിസി കമ്മറ്റി ഇനിയും രൂപികരിക്കാന്‍ സാധിച്ചിട്ടില്ല. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിന് കൂടുതല്‍ വിശ്വാസ്യത നല്‍കാനുതകുന്ന അസ്സറ്റ്‌ ക്വാളിറ്റി റിവ്യൂ അതിന്‍റെ ഉദ്ധേശലക്ഷ്യങ്ങള്‍ നിറവേറ്റിത്തുടങ്ങിയിരിക്കുന്നു. പക്ഷേ അതാകട്ടെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തിയാണ്. ആഗോള തലത്തിലുണ്ടായ ചെറിയ ബുദ്ധിമുട്ടുകള്‍ ചെറിയ കാലത്തേക്ക് ചില തടസങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്.

ഇതുവരെയുള്ള പുരോഗതികള്‍ വിലയിരുത്തിയും സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയും ഞാനൊരു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. എന്‍റെ നിയമന കാലയളവായ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി കഴിയുന്ന സപ്തംബര്‍ മാസം 4 തിയ്യതിക്ക് ശേഷം ഞാന്‍ എന്‍റെ അക്കാദമിക്ക് കാര്യങ്ങളിലേക്ക് തിരികെ പോകുമെന്ന കാര്യം നിങ്ങളോട് പങ്കുവയ്ക്കട്ടെ. എന്‍റെ രാജ്യം എപ്പോള്‍ എന്‍റെ സേവനം ആവശ്യമാകുന്നുവോ അപ്പോഴൊക്കെ തിരികെ വരാനും രാജ്യത്തെ സേവിക്കാനും ഞാന്‍ തയ്യാറാണ്.

സഹപ്രവര്‍ത്തകരെ, കഴിഞ്ഞ മൂന്നുവര്‍ഷം സര്‍ക്കാരുമായി ചേര്‍ന്ന് മാക്രോ എക്കണോമിക്സിനുള്ള വേദിയൊരുക്കുവാനും സുസ്ഥിരതയ്ക്കും വേണ്ടി നമ്മള്‍ ഒരുമിച്ച് പ്രയത്നിച്ചു. അക്കാലയളവില്‍ കമ്പോളത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവാനും യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പിന്മാറുന്ന ഭീഷണിയും അത് വിപണിയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതികൂല സാഹചര്യം അതിജീവിക്കുവാനും നമുക്ക് സാധിച്ചു. നിങ്ങളുടെ കാര്യനിര്‍വഹണ നൈപുണ്യം കാരണം ബാങ്കിനുണ്ടായ ആത്മവീര്യം ചെറുതല്ല. നിങ്ങളും നമ്മളുണ്ടാക്കിയ നിയമങ്ങളും സര്‍ക്കാര്‍ നയങ്ങളെ അത് പുനര്‍നിര്‍ണയിക്കുമെന്നു എനിക്കുറപ്പുണ്ട്. അത് രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്ന വര്‍ഷങ്ങളില്‍ ഉണ്ടാക്കുമെന്നുതന്നെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഹായം കൂടി സ്വീകരിച്ചുകൊണ്ട് എന്‍റെ പിന്‍ഗാമി നമ്മെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയങ്ങളൊന്നുമില്ല. ഞാന്‍ അടുത്ത കുറച്ചു മാസങ്ങള്‍ കൂടി നിങ്ങളുടെ കൂടെ ഉണ്ടാകുമെങ്കിലും ഈ അവസരത്തില്‍ ആര്‍ ബിഐ കുടുംബത്തിലെ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ ആത്മാര്‍ഥമായ സഹകരണത്തിലും ജോലിയിലുള്ള ആത്മസമര്‍പ്പണത്തിനും ഞാന്‍ നന്ദി അറിയിക്കുകയാണ്. ഇതുവരെയുള്ള യാത്ര അത്രയേറെ മനോഹരമായിരുന്നു.

ആശംസകള്‍
വിശ്വസ്തതയോടെ
രഘുറാം ജി രാജന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍