UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതേ, മിസ്റ്റര്‍ രഘുറാം രാജന്‍; മാറുന്ന ഈ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ നിങ്ങള്‍ യോഗ്യനല്ല

Avatar

ടീം അഴിമുഖം

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജിവയ്ക്കാനുള്ള രഘുറാം രാജന്റെ അപ്രതീക്ഷിത തീരുമാനം ഒരു പക്ഷേ രാജ്യതലസ്ഥാനത്ത് നടക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി വീക്ഷിക്കുന്നവര്‍ക്ക് ഒട്ടും അപ്രതീക്ഷിതമല്ല എന്നു പറയേണ്ടി വരും. കാരണം ഒരു സമയത്ത് പുത്തന്‍ ജനാധിപത്യത്തിലെ പ്രഭുക്കളും അവരുടെ മൂടുതാങ്ങികളും നിറഞ്ഞിരുന്ന ഇവിടം ഇപ്പോള്‍ ഉപചാപകരും സ്തുതിപാഠകരുമായ ഒരുകൂട്ടം അസഹിഷ്ണുക്കള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. അഴിമതിക്കാരായ ഇടനിലക്കാരുടെ ഒരു താവളം തന്നെയായിരുന്നു ഇവിടം എല്ലാക്കാലത്തും, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു.

 

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യം എങ്ങോട്ടാണ് നീങ്ങുന്നതെന്നതിന്റെ വലിയ സൂചനകളിലൊന്ന് കൂടിയാണ് രാജന്റെ ഇപ്പോഴത്തെ തീരുമാനം. ജീവിതകാലം മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകനും പ്രൊപ്പഗണ്ടിസ്റ്റുമായ ഒരാള്‍, ക്യാമറക്കണ്ണുകളോടുള്ള അഭിനിവേശം മാത്രം കൈമുതലായ ഒരാളാണ് തലപ്പത്തിരിക്കുന്നത്. മറ്റെന്തെങ്കിലും ഗുണം അദ്ദേഹത്തിന് ഉണ്ടോ എന്ന് അറിയുകയുമില്ല, ഗുജറാത്ത് കലാപത്തില്‍ മോദിയുടെ മേല്‍ ആരോപിക്കപ്പെടുന്ന ഉത്തരവാദിത്തം മുതല്‍ മികച്ച ഭരണാധികാരിയെന്ന അവകാശവാദം വരെയുള്ള കാര്യങ്ങളില്‍ നമുക്ക് യാതൊരു പിടിയുമില്ല താനും.

 

എന്നാല്‍ മോദി സര്‍ക്കാരിനെ കുറിച്ച് ഇപ്പോള്‍ ഡല്‍ഹിയില്‍ എല്ലാവര്‍ക്കും മനസിലാകുന്ന ചില കാര്യങ്ങളുണ്ട്. മികച്ച ഉദ്യോഗസ്ഥര്‍, ആഗോളതലത്തില്‍ തന്നെ പ്രകീര്‍ത്തിക്കപ്പെടുന്ന ഇന്റലക്ചലുകള്‍, സാമാന്യ ബോധമെങ്കിലുമുള്ള മനുഷ്യര്‍ ഒക്കെ ഈ സര്‍ക്കാരിനെ കൈയൊഴിഞ്ഞിരിക്കുന്നു, അതു തുടരുകയും ചെയ്യുന്നു. അധികാരത്തിലെത്തി രണ്ടു വര്‍ഷം മാത്രമായ ഒരു സര്‍ക്കാരില്‍ നടക്കാന്‍ പാടില്ലാത്തതാണിത്. ഐ.എ.എസുകാരുടെ കാര്യം മാത്രമെടുക്കൂ: സാധാരണ കേന്ദ്ര സര്‍വീസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇപ്പോള്‍ ഇവിടേക്ക് വരാന്‍ താത്പര്യമില്ല. 2016 വര്‍ഷം പകുതി പൂര്‍ത്തിയാകുന്നു. ഈ സമയത്തിനിടയ്ക്ക് വെറും ഏഴ് ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമാണ് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി കേന്ദ്ര സര്‍വീസിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിനായത്. ഏറ്റവും നിര്‍ണായകമായ ജോയിന്റ സെക്രട്ടറി പദം മിക്ക വകുപ്പുകളിലും ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.

 


ഗജേന്ദ്ര ചൌഹാന്‍, വൈ സുദര്‍ശന്‍ റാവു

 

ഏറ്റവും മുകള്‍ത്തട്ട് മുതല്‍ താഴേക്ക് നോക്കിയാല്‍, കൊള്ളാവുന്ന ഉദ്യോഗസ്ഥരാരും ഈ സര്‍ക്കാരിനൊപ്പം ജോലി ചെയ്യാന്‍ താത്പര്യം കാണിക്കുന്നില്ല. ആളില്ലായ്മ ചൂണ്ടിക്കാട്ടി കൂടുതല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആ അഭ്യര്‍ഥന നടപ്പായില്ല, ഇനിയൊട്ട് നടപ്പാകുകയുമില്ല എന്നാണ് ലക്ഷണങ്ങള്‍ കാണിക്കുന്നത്.

 

സുബ്രഹ്മണ്യം സ്വാമിയേയും ജനറല്‍ വി.കെ സിംഗിനെയും പോലുള്ള ബുദ്ധികെട്ട മനുഷ്യരെ കമാന്‍ഡോ ഫോഴ്‌സായി മുന്നില്‍ നിര്‍ത്തി ഒരു സര്‍ക്കാര്‍ മറ്റുള്ളവര്‍ക്കു നേരെ അധിക്ഷേപം ചൊരിയുകയും അവരുടെ സല്‍പ്പേരിനേയും കീര്‍ത്തിയേയും ഇടിച്ചുതാഴ്ത്തുകയും വിവരക്കേട് മാത്രം പുറത്തുവിടുകയും ചെയ്യുമ്പോള്‍ ഈ കാര്യങ്ങളൊക്കെ പ്രതീക്ഷിക്കാവുന്നതാണ്.

 

അത്തരം സര്‍ക്കാരിന് തീര്‍ച്ചയായും ചില തത്പരകക്ഷികളെ തങ്ങളുടെ ഭാഗത്തേക്ക് കണ്ടെത്തിയേ മതിയാകൂ. അതിന്റെ ഒടുവിലുത്തെ ഉദാഹരണമാണ് രണ്ടു വട്ടം ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമയ ചേതന്‍ ചൗഹാനെ രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT)യുടെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള തീരുമാനം. അതായത്, ഫാഷന്‍ മേഖലയിലെ രാജ്യത്തെ പ്രീമിയര്‍ ഇന്‍സ്റ്റിറ്റിറ്റ്യൂനെ ഇനി നയിക്കുന്നത് ചേതന്‍ ചൗഹാനായിരിക്കും. കേന്ദ്ര ധനമന്ത്രിയും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ അടുപ്പക്കാരനാണ് എന്നതാണ് ഇതിനുള്ള ചൗഹാന്റെ യോഗ്യത.

 

2006-ലെ NIFT നിയമം പറയുന്നത്, പ്രമുഖരായ അക്കാദമിക്, ശാസ്ത്രജ്ഞര്‍, ടെക്‌നോളജിസ്റ്റ്, അല്ലെങ്കില്‍ ഈ മേഖലയിലെ പ്രൊഫഷണല്‍ എന്നിവരെയായിരിക്കണം കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള ഈ സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സണായി രാഷ്ട്രപതി നിയമിക്കേണ്ടത് എന്നാണ്. ഇതില്‍ ഏതാണ് ചേതന്‍ ചൗഹാന്‍?

 

നിയമനങ്ങളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ കൃത്യമായ ഒരു പാറ്റേണ്‍ ഉണ്ടാക്കിയിട്ടുള്ളത് സമ്മതിച്ചേ മതിയാകൂ. FTII ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്‍, ICHR ചെയര്‍മാനായി വൈ. സുദര്‍ശന്‍ റാവു, സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണായി പഹ്‌ലാജ് നിഹ്‌ലാനി… ഈ പട്ടിക ഇനിയും നീളും. ഇത്തരം പ്രഗത്ഭരെ വച്ച് മോദി നയിക്കുന്ന ഈ ബനാന റിപ്പബ്ലിക്കില്‍ രഘുറാം രാജനെ പോലുള്ളവര്‍ക്ക് ഇടമുണ്ടാകാതിരിക്കുക എന്നത് സ്വാഭാവികം.

 


പഹ്ലാജ് നിഹ്ലാനി, ചേതന്‍ ചൌഹാന്‍

 

R&AW-യില്‍ ജോലി ചെയ്തിരുന്ന ബഹുമാന്യനായ ഒരാളുടെ മകന്‍, ഐ.ഐ.റ്റി ഡല്‍ഹിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം, ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എ, അമേരിക്കയിലെ Massachusetts Institute of Technology in Cambridge-ല്‍ നിന്ന്‍ പി.എച്ച്.ഡി, 2003 മുതല്‍ 2006 വരെ ഐ.എം.എഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് എകണോമിസ്റ്റ്, 1991 മുതല്‍ 2013 വരെ University of Chicago Booth School of Business-ല്‍ സാമ്പത്തികശാസ്ത്ര പ്രൊഫസര്‍- ഇതൊക്കെയാണ് രാജന്റെ യോഗ്യതകള്‍. 

 

ഇങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് മോദി സര്‍ക്കാരില്‍ ജോലി ചെയ്യാന്‍ കഴിയുക? കാരണം, രൂപയെ പിടിച്ചു നിര്‍ത്തുന്നതില്‍ അദ്ദേഹം ഒട്ടൊക്കെ വിജയിച്ചു, ബാങ്കിംഗ് മേഖലയെ പരിഷ്‌കരിക്കുന്നതിലും സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനുമുള്ള നടപടികള്‍, പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി ഒരു മോണിറ്ററി ഫ്രേംവര്‍ക്ക് ഉണ്ടാക്കി, പണപ്പെരുപ്പം അഞ്ചു ശതമാനത്തിന് താഴെയാക്കി, അഞ്ചുവര്‍ഷത്തിലാദ്യമായി റിപ്പോ നിരക്ക് കുറച്ചു, ഒപ്പം, വളരെ പ്രധാനപ്പെട്ടതും, ഇവിടുത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ അപഹരിച്ചുകൊണ്ടിരിക്കുന്ന ക്രോണി ക്യാപ്പിലസ്റ്റുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

 

മോദിയുടെ കീഴില്‍ ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ഒരു ഇന്ത്യയില്‍ രാജനെപ്പോലെ ഒരാള്‍ എങ്ങനെ ജോലി ചെയ്യും?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍