UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉദാര വിപണിയുടെ കാലത്തെ ജനാധിപത്യം; ഇന്ത്യയ്ക്കുള്ള പാഠങ്ങള്‍-രഘുറാം രാജന്‍

Avatar

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഫെബ്രുവരി 20-നു ഗോവയില്‍ നടന്ന ഡി ഡി കൊസാംബി ഐഡിയാസ് ഫെസ്റ്റിവലില്‍ ‘ജനാധിപത്യം, ഉള്‍ക്കൊള്ളല്‍, അഭിവൃദ്ധി’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം. 

എന്നെ ഈ ആശയങ്ങളുടെ ഉത്സവത്തിന് വിളിച്ചതിന് നന്ദി. ഇത് ആശയങ്ങളുടെ ഉത്സവമായതിനാല്‍ ഞാന്‍ റിസര്‍വ് ബാങ്കിന്റെ ധനനയങ്ങളെ കുറിച്ചു പറഞ്ഞു നിങ്ങളെ വിഷമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച്, ഒരു ഉദാര വിപണി ജനാധിപത്യത്തിന്റെ വികാസത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്.

തങ്ങള്‍ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും  സ്വാതന്ത്ര്യമുള്ള, തങ്ങളുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അവകാശമുള്ള ഒരു രാജ്യത്ത്  സുരക്ഷിതവും ഐശ്വര്യപൂര്‍ണവുമായ ജീവിതം നയിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന സാമാന്യോക്തിയിലാണ് ഞാന്‍ തുടങ്ങുന്നത്. പക്ഷേ എങ്ങനെയാണ് രാജ്യങ്ങള്‍ രാഷ്ട്രീയ സ്വാതന്ത്ര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പ് വരുത്തുന്നത്? എന്തുകൊണ്ടാണ് രണ്ടും ഒരുമിച്ചുപോകുന്നു എന്നു തോന്നുന്നത്? ഇതൊന്നും കൂടാതെ ഇവ രണ്ടിനും വേണ്ട അടിത്തറയുണ്ടെന്ന് ഇന്ത്യ ഉറപ്പുവരുത്തേണ്ടതുണ്ടോ? ഇവ ഏറെ പ്രധാനമായ ചോദ്യങ്ങളാണ്, പക്ഷേ അവയുടെ സ്വഭാവം വെച്ച് അവ ഒരു പ്രസംഗം കൊണ്ട് പരിഹരിക്കപ്പെടില്ല. ആ സംവാദത്തിലേക്കുള്ള ഒരു സംഭാവനയാണ് എന്റെ പ്രഭാഷണം.

ഉദാര ജനാധിപത്യ രാജ്യം; ഫുകുയാമയുടെ മൂന്ന് തൂണുകള്‍
തന്റെ രണ്ടു വാല്യങ്ങളിലായുള്ള പഠനത്തില്‍ ലോകത്തെങ്ങുമുള്ള രാഷ്ട്രീയ സംവിധാനങ്ങളുടെ ഉരുത്തിരിയലിനെക്കുറിച്ച് രാഷ്ട്രീയ ഗവേഷകന്‍ ഫ്രാന്‍സിസ് ഫുകുയാമ വിശദമാക്കുന്നു. തന്റെ ഗുരു കൂടിയായ സാമുവല്‍ ഹണ്ടിംഗ്ടന്റെ ചിന്തകളുടെ ചുവടുപിടിച്ചുകൊണ്ട്, രാഷ്ട്രീയ സ്വാതന്ത്ര്യവും, സാമ്പത്തിക വിജയവും പരിപോഷിപ്പിക്കുന്നതില്‍ ഏറ്റവും വിജയിക്കുന്ന ഉദാര ജനാധിപത്യങ്ങള്‍ക്ക് പ്രധാനമായും മൂന്ന് തൂണുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വാദിക്കുന്നു: ശക്തമായ സര്‍ക്കാര്‍, നിയമ വാഴ്ച, ജനാധിപത്യപരമായ ഉത്തരവാദിത്തം.

ഫുകുയാമയുടെ ചിന്തകളെ ഞാനൊന്നു സംഗ്രഹിക്കാന്‍ ശ്രമിക്കാം. ഉദാര ജനാധിപത്യത്തെ സംപുഷ്ടമാക്കുന്ന നാലാം തൂണിനെ, സ്വതന്ത്ര വിപണിയെ അദ്ദേഹം വിട്ടുകളഞ്ഞതായി ഞാന്‍ പറയും. അവസരങ്ങളിലെ അസമത്വം മൂലം വ്യാവസായിക രാഷ്ട്രങ്ങളില്‍ ഈ തൂണുകള്‍ ദുര്‍ബ്ബലമാവുകയാണെന്നും ഞാന്‍ മുന്നറിയിപ്പ് നല്കും; ഇന്ത്യക്കും പാഠങ്ങളുണ്ടെന്നും.

ഫുകുയാമയുടെ മൂന്നു തൂണുകളെ വിശദമായി നോക്കാം. ശക്തമായ സര്‍ക്കാര്‍ എന്നാല്‍ സൈനികമായി ശക്തവും, അല്ലെങ്കില്‍ ഭരണകൂടത്തിന്റെ ശത്രുക്കളെ മണത്തറിയാന്‍ തങ്ങളുടെ രഹസ്യാന്വേഷണ സംവിധാനം ഉപയോഗിക്കുന്നതും എന്നു മാത്രമല്ല. മറിച്ച്, ശുദ്ധവും, പ്രചോദനാത്മകവുമായ രീതിയില്‍ കാര്യക്ഷമവും നീതിപൂര്‍വകവുമായ ഭരണനിര്‍വഹണം നിര്‍വഹിക്കുന്ന, മെച്ചപ്പെട്ട ഭരണനിര്‍വഹണം കാഴ്ചവെക്കുന്ന മിടുക്കുള്ള ഉദ്യോഗസ്ഥരുള്ള ഒന്നുകൂടിയാണ് ഒരു ശക്തമായ സര്‍ക്കാര്‍.

നിയമവാഴ്ചയെന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ ധര്‍മം എന്നു വിളിക്കുന്ന ഒന്നിനാല്‍-ചരിത്രപരമായും പൊതുവേ മനസിലാക്കപ്പെടുന്നതുമായ മത, സാംസ്കാരിക, നീതിന്യായ സംവിധാനം ചെലുത്തുന്ന ധാര്‍മികവും നീതിയുക്തവുമായ പെരുമാറ്റം-സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്നാണ്.

ജനാധിപത്യപരമായ ഉത്തരവാദിത്തമെന്നാല്‍ സര്‍ക്കാരിന് ജനകീയ സ്വീകാര്യതയുണ്ടാകണമെന്നും, ജനപ്രിയരല്ലാത്ത, അഴിമതിക്കാരായ, പിടിപ്പുകെട്ട ഭരണാധികാരികളെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടാകണമെന്നുമാണ്.

സാമ്പ്രദായികമായ മൂന്നു വശങ്ങള്‍-ഭരണനിര്‍വഹണ വിഭാഗം, നീതിന്യായ സംവിധാനം, നിയമനിര്‍മ്മാണ വിഭാഗം-എന്നിവ പരസ്പര സന്തുലനത്തിന് ആവശ്യമാണെന്ന ലളിത വാക്യത്തിനപ്പുറം ഉള്‍ക്കാഴ്ച്ചയുള്ള ഒരു കാര്യം ഫുകുയാമ ചൂണ്ടിക്കാട്ടുന്നു. പതിവ് തീവ്ര ഉദാരവാദികള്‍ പറയുന്ന, സ്വത്തവകാശം സംരക്ഷിക്കുകയും കരാറുകള്‍ നടപ്പാക്കുകയും ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഇടപെടലുകള്‍ നടത്തുന്ന ഒന്നാണ് നല്ല സര്‍ക്കാര്‍ എന്നതിനെയും, വര്‍ഗസമരം അവസാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ ആവശ്യം ഇല്ലാതാകുമെന്ന മാര്‍ക്സിസ്റ്റ് നിലപാടും ഫുകുയാമ സ്വീകരിക്കുന്നില്ല. ഹണ്ടിംഗ്ടനെ പോലെ, വികസിത രാജ്യത്തിലും ശക്തമായ സര്‍ക്കാരിന്റെ പ്രാധാന്യം ഫുകുയാമ ഊന്നിപ്പറയുന്നു.

ഒരു സ്വേച്ഛാധിപത്യ സര്‍ക്കാര്‍ എത്ര നിര്‍ദയവും ഏകപക്ഷീയവും ആയാലും അതൊക്കെ ദുര്‍ബലമായ സര്‍ക്കാരുകളാണ്. അവരുടെ പൊലീസിനും പട്ടാളത്തിനും നിരായുധരായ പൌരന്മാരെ ഭയപ്പെടുത്താനാകും, എന്നാല്‍ മാന്യമായ ക്രമസമാധാനം നടപ്പാക്കാനോ, ഉറപ്പുള്ളോരു സായുധ പ്രതിപക്ഷത്തെ നേരിടാനോ കഴിയില്ല. ആ ഭരണത്തിന് യുക്തിസഹമായ സാമ്പത്തിക നയമോ, നല്ല വിദ്യാലയങ്ങളോ, ശുദ്ധമായ കുടിവെള്ളമോ നല്കാന്‍ കഴിയില്ല. ശക്തമായ സര്‍ക്കാരുകളെ നയിക്കേണ്ടത് ആവശ്യമായ പൊതുസേവനങ്ങള്‍ നല്കാന്‍ കഴിവുള്ളവായിരിക്കണം-അതിന് വൈദഗ്ദ്ധ്യവും, പ്രചോദനവും, നീതിനിഷ്ഠയും ആവശ്യമാണ്. ശക്തമായ ഒരു സര്‍ക്കാരിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് വികസിത രാജ്യങ്ങള്‍ തങ്ങളുടെ ഭരണനിര്‍വഹണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കാന്‍ ബഹുമുഖ സ്ഥാപനങ്ങളോട് ആവശ്യപ്പെടാറുണ്ട്.

എന്നാലും ശക്തമായ സര്‍ക്കാരുകള്‍ ശരിയായ വഴിക്കു നീങ്ങിക്കൊള്ളണമെന്നില്ല.  ഹിറ്റ്ലര്‍ ജര്‍മ്മനിക്ക് നല്കിയത് തികച്ചും കാര്യക്ഷമമായ ഒരു ഭരണസംവിധാനമാണ്- തീവണ്ടികള്‍ ശരിയായ സമയത്തോടി, 1975-77-ലെ അടിയന്തിരാവസ്ഥക്കാലത്ത് നമ്മുടെ നാട്ടിലേതുപോലെ. അയാളുടെ ശക്തമായ സര്‍ക്കാരായിരുന്നു. പക്ഷേ ഹിറ്റ്ലര്‍ ജര്‍മ്മനിയിലെ നിയമവാഴ്ചയെ നോക്കുകുത്തിയാക്കി, തെരഞ്ഞെടുപ്പുകള്‍ വേണ്ടെന്നുവെച്ച് കാര്യക്ഷമമായി, ഉറച്ച കാല്‍വെപ്പോടെ നാശത്തിന്റെ പാതയിലാണ് നയിച്ചത്. തീവണ്ടികള്‍ സമയത്തിനോടിയാല്‍ മാത്രം പോര, അവ ശരിയായ ദിശയിലോടണം. ശരിക്കുള്ള തീവണ്ടിപ്പാതാ ശൃംഖലയെ നിയമവാഴ്ചയും, തീവണ്ടി സമയത്തെക്കുറിച്ചുള്ള അഭിപ്രായ ഐക്യം ജനാധിപത്യ ഉത്തരവാദിത്തവുമാണ്.

പക്ഷേ ശക്തമായ സര്‍ക്കാരിനെ നേരായ വഴിയില്‍ നടത്താന്‍ എന്തിനാണ് നിയമവാഴ്ചയും ജനാധിപത്യ ഉത്തരവാദിത്തവും? ഒരു സ്വേച്ഛാധിപത്യ സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ജനാധിപത്യ ഉത്തരവാദത്തിനാവുമോ? ഇല്ല! ഹിറ്റ്ലര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനി തിരിച്ചടികള്‍ നേരിടുംവരെ ഭൂരിപക്ഷ പിന്തുണയും ഉണ്ടായിരുന്നു. ജനാധിപത്യത്തില്‍ ഉണ്ടാകാനിടയുള്ള ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം തടയാനും, ഏത് സര്‍ക്കാര്‍ വന്നാലും അന്തരീക്ഷം എന്തായിരിക്കും എന്നുറപ്പു വരുത്താനാകും വിധം കളിനിയമങ്ങള്‍ സൂക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്താനും നിയമവാഴ്ച ആവശ്യമാണ്. എല്ലാ പൌരന്‍മാര്‍ക്കും നിഷേധിക്കാനാകാത്ത അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും അത് ഭൂരിപക്ഷത്തിന്റെ ന്യൂനപക്ഷത്തോടുള്ള സമീപനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ജനപ്രിയ ജനാധിപത്യ ചോദനകള്‍ക്കെതിരെ പ്രവചനാത്മകമായ ഒരു സാമ്പത്തിക പരിതസ്ഥിതി നിലനിര്‍ത്തിക്കൊണ്ട് നിയമവാഴ്ച നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ ഉറപ്പുകള്‍ നല്കുന്നു.

ഇതേ ചോദ്യം വേറൊരു രീതിയില്‍ ചോദിച്ചാലോ? നിയമവാഴ്ച മാത്രം പോരേ? പോര എന്നാണ്, പ്രത്യേകിച്ചും ഊര്‍ജസ്വലമായി വികസിക്കുന്ന ഒരു സമൂഹത്തില്‍ ! സര്‍ക്കാരിനും പൌരന്‍മാര്‍ക്കും ലംഘിക്കാനാകാത്ത സാവധാനം മാത്രം മാറുന്ന ഒരു നിയമ സംഹിതയാണ് നിയമവാഴ്ച നല്‍കുന്നത്. എന്നാലത് ഉയര്‍ന്നുവരുന്ന പുതിയ വിഭാഗങ്ങളുടെ പ്രതീക്ഷകളേയോ, പുത്തന്‍ സാങ്കേതികവിദ്യകളുടെ പരിണതഫലങ്ങളേയോ ഉള്‍ക്കൊള്ളാന്‍ മതിയാകണമെന്നില്ല. ഉയര്‍ന്നുവരുന്ന പുതു വിഭാഗങ്ങള്‍ക്കും രാഷ്ട്രീയ ഇടപെടലുകളിലൂടെയും മത്സരത്തിലൂടെയും സ്വാധീനം നേടാന്‍ അനുവദിച്ചുകൊണ്ട്, പൌരന്മാരുടെ ആഗ്രഹങ്ങളോട് സര്‍ക്കാര്‍ പ്രതികരിക്കുന്നു എന്നു ജനാധിപത്യ ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നു.

തങ്ങളുടെ പരിപാടി നടത്തിപ്പിക്കാം എന്നു ഉറപ്പിക്കാനാകില്ലെങ്കിലും നിരന്തരം സമ്മര്‍ദം ചെലുത്താന്‍ സംഘങ്ങള്‍ക്കാകുന്നു. അതുകൊണ്ട് നിയമവാഴ്ചയും ജനാധിപത്യ ഉത്തരവാദിത്തവും ചേര്‍ന്നാണ് ശക്തമായ ഒരു സര്‍ക്കാരിന്റെ പരിശോധനയും സന്തുലനവും ഉറപ്പാക്കുന്നത്.

എവിടെനിന്നാണ് ഈ മൂന്നു തൂണുകള്‍ വരുന്നത്?
വ്യത്യസ്ത സമൂഹങ്ങളില്‍ ഈ മൂന്നു തൂണുകളുടെ വികാസത്തെ അന്വേഷിക്കുകയാണ് ഫുകുയാമ തന്റെ പുസ്തകത്തില്‍ ഏറെ ഭാഗത്തും. നമ്മളിന്നു കാണുന്ന തരത്തിലുള്ള ഭരണകൂടങ്ങളെ ചരിത്രത്തില്‍ വിശാലാര്‍ത്ഥത്തില്‍ വിശദമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ചൈനയില്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെ കാലമായിരുന്നു. ഇത്തരം സൈനിക സംഘര്‍ഷങ്ങള്‍ മൂലം അപരിമിതമായ നേതാക്കള്‍ക്കൊപ്പം സംഘങ്ങള്‍ക്ക് ശ്രേണീബദ്ധമായി സംഘടിക്കേണ്ടിവരികയും ചെയ്തു. ഏതെങ്കിലും ഒരു സംഘം വിജയം നേടിയാല്‍ കുഴപ്പങ്ങള്‍ വീണ്ടും തലപൊക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രീകൃത സ്വേച്ഛാധിപത്യ ഭരണം അടിച്ചേല്‍പ്പിച്ചിരുന്നു. വിശാലമായ ഭൂപ്രദേശം ഭരിക്കാന്‍ ചൈനയില്‍ മികച്ചൊരു ഉപരിവര്‍ഗ ഉദ്യോഗസ്ഥവൃന്ദം വേണ്ടിയിരുന്നു-അതുകൊണ്ടു പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തവരാണ് ഇതില്‍ വന്നത്. അതുകൊണ്ട്, പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നും ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി  നിയമവാഴ്ച ഉറപ്പാക്കാന്‍ മതത്തിലോ സംസ്കാരത്തിലോ അധികാരസ്രോതസ് ഇല്ലാതെ,  ഐക്യത്തില്‍ ഇരുന്ന കാലത്തെല്ലാം ചൈനക്ക് കാര്യക്ഷമമായ സര്‍ക്കാരുണ്ടായിരുന്നു എന്നു ഫുകുയാമ ചൂണ്ടിക്കാട്ടുന്നു.

പടിഞ്ഞാറന്‍ യൂറോപ്പില്‍ ഭരണാധികാരി എന്തുചെയ്യണമെന്ന കാര്യത്തില്‍ ക്രിസ്ത്യന്‍ സഭ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അപ്പോള്‍, ഭരണാധികാരിക്ക് മേലുള്ള സഭാപ്രമാണ നിയന്ത്രണത്തോടൊപ്പം സൈനിക മത്സരവും കൂടിച്ചേരുമ്പോളാണ്  ശക്തമായ സര്‍ക്കാരും നിയമവാഴ്ചയും ഉണ്ടാകുന്നത്.

ഇന്ത്യയില്‍, ജാതിവ്യവസ്ഥ തൊഴില്‍ വിഭജനത്തിലേക്ക് നയിച്ചു. ഇത് മുഴുവന്‍ ജനതയും ഒന്നിച്ചു യുദ്ധത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തി. ചരിത്രത്തില്‍ ഏറെക്കാലം ചൈനയിലേതുപോലെ രൂക്ഷമായ ആഭ്യന്തര സൈനിക സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നുമില്ല. അതിന്റെ ഫലമായി സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടരുന്ന ഒരു ശക്തമായ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ചരിത്രപരമായ സമ്മര്‍ദ്ദം ഇന്ത്യയിലെ ഭരണകൂടങ്ങളുടെ മേല്‍ ഇല്ലാതെപോയി. അതേസമയം പൌരാണിക ഗ്രന്ഥങ്ങളിലെ നല്ല പെരുമാറ്റത്തെക്കുറിച്ചുള്ള സംഹിതകള്‍ ഭരണാധികാരികള്‍ ഏകപക്ഷീയമായി പെരുമാറുന്നില്ലെന്ന് നിയന്ത്രണമുണ്ടാക്കി. ഇന്ത്യക്ക് അതുകൊണ്ടുതന്നെ നിയമവാഴ്ചകൂടി നിയന്ത്രണമേര്‍പ്പെടുത്തിയ ദുര്‍ബലമായ സര്‍ക്കാരുകളാണ് ഉണ്ടായത്. ഇപ്പോള്‍ ചൈനയില്‍ നിയന്ത്രണമില്ലാത്ത എന്നാല്‍ കാര്യക്ഷമമായ സര്‍ക്കാരും, ഇന്ത്യയില്‍ ദുര്‍ബ്ബലമായ സര്‍ക്കാര്‍ നിലനില്‍ക്കുന്നതും എന്നാല്‍ സ്വേച്ഛാധിപത്യസര്‍ക്കാര്‍ അപൂര്‍വമായി മാത്രം ഉണ്ടാകുന്നതും ഈ വ്യത്യസ്ത ചരിത്രം മൂലമാണെന്ന് ഫുകുയാമ പറയുന്നു.

ഇത്തരം വലിയ സാമാന്യവത്കരണങ്ങള്‍ സംവാദ വിധേയമാക്കേണ്ടതുണ്ട്. ഫുകുയാമ ചരിത്രത്തെ വിധി എന്ന രീതിയില്‍ അവകാശപ്പെടുകയല്ല, പക്ഷേ ശക്തമായ സ്വാധീനം എന്നു സൂചിപ്പിക്കുകയാണ്. തീര്‍ച്ചയായും, താറാവ് വെള്ളത്തിലേക്കെന്നപോലെ ജനാധിപത്യത്തിലേക്കിറങ്ങിയ ചില രാജ്യങ്ങളുടെ കാര്യത്തില്‍  ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നീണ്ടനാളത്തെ സ്വാധീനങ്ങള്‍  അത്ര പ്രകടമല്ല. സചേതനമായ ഒരു ജനാധിപത്യം അഞ്ചു കൊല്ലം കൂടുമ്പോള്‍ ജനം വോട്ട് ചെയ്യുന്നു എന്നുറപ്പുവരുത്തുക മാത്രമല്ല, അന്വേഷണാത്മകമായ മാധ്യമങ്ങള്‍, രാഷ്ട്രീയ ഭയാശങ്കകളില്ലാത്ത പൊതുസംവാദം, വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പല രാഷ്ട്രീയകക്ഷികള്‍, മറ്റ് താത്പര്യങ്ങളെ പ്രതിനിധീകരിക്കുകയും സംഘടിപ്പിക്കുകയും  ചെയ്യുന്ന സര്‍ക്കാരേതര സംഘടനകള്‍ എന്നിവകൂടി അതിനാവശ്യമാണ്. സമാനമായ ചരിത്ര,സാംസ്കാരിക പശ്ചാത്തലമുള്ള പല അയല്‍ക്കാരും മറ്റ് വഴികളിലേക്ക് തിരിഞ്ഞപ്പോഴും ഇന്ത്യ എന്തുകൊണ്ട് ജനാധിപത്യം തെരഞ്ഞെടുത്തു എന്നത്  ഒരു അക്കാദമിക സംവാദമായി തുടരും.

ഞാനതില്‍ ഏറെ സമയം എടുക്കുന്നില്ല. മറിച്ച് ഫുകുയാമ നോക്കാത്ത ഒരു വ്യത്യസ്ത ചോദ്യത്തിലേക്കാണ് ഞാന്‍ തിരിയുന്നത്. ഭരണനിര്‍വഹണം മെച്ചപ്പെടാന്‍ രാജ്യങ്ങള്‍ക്ക് ശക്തമായ സര്‍ക്കാരുകള്‍ ആവശ്യമാണ്. അതുപോലെത്തന്നെ, സ്വതന്ത്ര വിപണിയും. പക്ഷേ എന്തുകൊണ്ടാണ് എല്ലാ ധനിക രാജ്യവും നിയമ വാഴ്ചക്ക് കീഴിലുള്ള ഒരു ഉദാര ജനാധിപത്യമാകുന്നത്?

ഞാന്‍ രണ്ടു കാര്യങ്ങള്‍ പറയാം; ആദ്യമായി ജനാധിപത്യ ഉത്തരവാദിത്തത്തില്‍ നിന്നും നിയമവാഴ്ചയില്‍ നിന്നും ഉരുത്തിരിയുന്ന സ്വതന്ത്ര സംരഭകത്വവും രാഷ്ട്രീയ സ്വാതന്ത്ര്യവും പരസ്പരം ശക്തിപ്പെടുത്തുന്നു. അങ്ങനെ സ്വതന്ത്ര സംരഭകത്വത്തെ ഉദാര വിപണി ജനാധിപത്യത്തിന്റെ നാലാം തൂണായി കണക്കാക്കാം. രണ്ടാമത്, ഈ നാല് തൂണുകളും നിലനില്‍ക്കുന്നത് സാമ്പത്തിക ശേഷി പൌരന്‍മാര്‍ക്കിടയില്‍ വിശാലാര്‍ത്ഥത്തില്‍ തുല്യവിതരണം ചെയ്യുന്നതിലൂടെയാണ്. വ്യാവസായിക രാഷ്ട്രങ്ങളില്‍ ആ അടിത്തറയില്‍ വിള്ളലുകള്‍ വീഴുന്നു. ഇന്ത്യയെപ്പോലുള്ള ഉയര്‍ന്നുവരുന്ന വിപണികളില്‍ അത് ശക്തിപ്പെടുത്തേണ്ടതുമുണ്ട്.

സ്വതന്ത്ര സംരംഭവും രാഷ്ട്രീയ സ്വാതന്ത്ര്യവും
എങ്ങനെയാണ് പ്രതിനിധി ജനാധിപത്യം കേന്ദ്രഘടകമായ ഒരു രാജ്യത്തെ രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളും സ്വതന്ത്ര സംരഭവും പരസ്പരം പിന്തുണക്കുന്നത്?

ഇതില്‍ ഒരു പ്രധാന സാമ്യമുണ്ട്; ഇവ രണ്ടും മത്സരം വിപുലമാക്കുന്ന സമമായ പ്രതലം സൃഷ്ടിക്കുന്നു. ജനാധിപത്യ തട്ടകത്തില്‍ രാഷ്ട്രീയ സംരഭകന്‍ തന്റെ മുന്‍ ചെയ്തികളും ഭാവി പരിപാടിയും കാണിച്ചു പൌരന്റെ വോട്ടിനായി മറ്റ് രാഷ്ട്രീയക്കാരുമായി മത്സരിക്കുന്നു. സാമ്പത്തിക രംഗത്ത് ഉപഭോക്താവിന്റെ കയ്യിലെ പണം നേടുന്നതിന് താന്‍ വില്‍ക്കുന്ന ഉത്പന്നതിന്റെ ഗുണമേന്‍മയുടെ അടിസ്ഥാനത്തില്‍ കച്ചവടക്കാര്‍ പരസ്പരം മത്സരിക്കുന്നു.

പക്ഷേ കുറഞ്ഞത് ഒരു പ്രധാന വ്യത്യാസമെങ്കിലുമുണ്ട്; ജനാധിപത്യം പ്രായപൂര്‍ത്തിയായവരെ തുല്യരായി പരിഗണിക്കുന്നു, ഒരാള്‍ക്ക് ഒരു വോട്ട്. സ്വതന്ത്ര സംരഭക സംവിധാനമാകട്ടെ ഇതിന് വിരുദ്ധമായി ഉപഭോക്താവിന്റെ വരുമാനത്തിന്റെയും സ്വത്തിന്റെയും അടിസ്ഥാനത്തില്‍ അവരെ ശാക്തീകരിക്കുന്നു. അപ്പോള്‍പ്പിന്നെ ഒരു സാധാരണക്കാരനായ സമ്മതിദായകന് വോട്ട്  ചെയ്തു ധനികരെ പുറത്താക്കി വിജയികളാകാന്‍ എന്താണ് തടസം? എന്തുകൊണ്ടാണ് ധനികര്‍ സാധാരണക്കാരന്റെ രാഷ്ട്രീയാവകാശം എടുത്തുകളയാത്തത്? സ്വതന്ത്ര സംരംഭവും ജനാധിപത്യവും തമ്മിലുള്ള അടിസ്ഥാനപരമായ ഭിന്നത കഴിഞ്ഞ യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വ്യക്തമായി. നിശ്ചലമായ സാമ്പത്തിക സാധ്യതകളുടെ പേരില്‍ മധ്യവര്‍ഗത്തിന്റെ രോഷത്തെ ബരാക് ഒബാമ അനുകൂലമാക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്‍ മസാച്ചുസെറ്റ്സ് ഗവര്‍ണര്‍ മിറ്റ് റോംനി നികുതിവര്‍ദ്ധനവിലും ആരോഗ്യസുരക്ഷ വിപുലമാക്കുന്നതിലും എതിര്‍പ്പുള്ള വ്യാപാരി സമൂഹത്തെ സ്വാധീനിക്കാനാണ് ശ്രമിച്ചത്.

ധനികരുടെ സ്വത്ത് സംരക്ഷിക്കാനും അവര്‍ക്ക് മിതമായ നികുതി നല്കാനും ഒരു സാധാരണ സമ്മതിദായകര്‍ സമ്മതിക്കുന്നതിന്റെ കാരണം, സ്വത്തിന്റെ കാര്യക്ഷമതയുള്ള സംരക്ഷകര്‍ അവരാണെന്നുള്ളതുകൊണ്ടും അതിനാല്‍ എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന തൊഴിലവസരങ്ങളും സമൃദ്ധിയും സൃഷ്ടിക്കുന്നവര്‍ അവരാണെന്ന് കരുതുന്നതുകൊണ്ടുമാകാം. അപ്പോള്‍, ന്യായമായ മത്സരത്തിലൂടെയും, സുതാര്യമായ വിപണിയിലൂടെയും ധനികര്‍ ഉണ്ടാകുമ്പോള്‍ അവരുടെ സമ്പത്തിന്റെ ഒരു ഭാഗം നികുതിയായി ലഭിക്കുന്നതിന് അവരെ ആ ധനം കൈവശം വെയ്ക്കാനും കൈകാര്യം ചെയ്യാനും സമൂഹം അനുവദിക്കുന്നു. ധനികര്‍ എത്രമാത്രം അലസരും അന്യായമായ മാര്‍ഗത്തിലൂടെ ധനസമ്പാദനം നടത്തുന്നവരും ആകുന്നുവോ സാധാരണ സമ്മതിദായകന്‍ അത്രത്തോളം കടുത്ത നിയന്ത്രണങ്ങള്‍ക്കും അവര്‍ക്കുമേല്‍ കൂടുതല്‍ നികുതി ചുമത്തലിനുമായി വോട്ട് ചെയ്യാന്‍ തയ്യാറാകും.

ഇന്നിപ്പോള്‍ ഉയര്‍ന്നുവരുന്ന പല സമ്പദ് വ്യവസ്ഥകളിലും ധനികരുടെ സ്വത്തവകാശം അത്ര ജനപ്രിയമല്ല. കാരണം ഇവരില്‍ പലരും വളഞ്ഞ വഴികളിലൂടെ സ്വത്ത് വാരിക്കൂട്ടിയവരാണെന്ന ധാരണ പ്രബലമാണ്. വ്യാപാരം നോക്കിനടത്തിയല്ല, വ്യവസ്ഥയെ ഉപയോഗിച്ചാണ് ഇവര്‍ ധനികരായത്. സര്‍ക്കാര്‍ ധനികര്‍ക്ക് പിന്നാലേ പോകുമ്പോള്‍, ധനികര്‍ അധികൃതരെ തന്‍കാര്യത്തിനായി പ്രീണിപ്പിക്കുമ്പോള്‍ ഔദ്യോഗിക ഏകപക്ഷീയതെക്കെതിരായ ശക്തമായ ഒരു തട ഇല്ലാതാകുന്നു. സര്‍ക്കാര്‍ കൂടുതല്‍ സ്വേച്ഛാധിപത്യപരമായി നീങ്ങുന്നു.

എല്ലാവര്‍ക്കും ഒരേ തലമുള്ള ഒരു സ്വതന്ത്ര സംരഭ മത്സര സംവിധാനം നോക്കിയാലോ. അത്തരമൊരു സംവിധാനത്തില്‍ പൊതുവേ കൂടുതല്‍ മിടുക്കരെ സ്വത്ത് സമ്പാദിക്കാന്‍ അനുവദിക്കും. മത്സരത്തിലെ ന്യായം സാധുതയെക്കുറിച്ചുള്ള വീക്ഷണത്തെ ശക്തിപ്പെടുത്തും. ഇതിലൂടെ മോശമായി കൈകാര്യം ചെയ്യപ്പെടുന്ന പാരമ്പര്യ സ്വത്ത് ഇല്ലാതാവുകയും പുതിയ സ്വത്ത് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. തലമുറകളായി സൃഷ്ടിക്കപ്പെട്ട വലിയ അസമത്വം വലിയ ജനകീയ അസംതൃപ്തിക്ക് വഴിവെക്കുന്നില്ല.

മറിച്ച് ഒരു ബില്‍ ഗേറ്റ്സോ നന്ദന്‍ നിലേകാനിയോ ആകുന്നത് എല്ലാവര്‍ക്കും സ്വപ്നം കാണാം. അത്തരം സാര്‍വലൌകിക  മോഹങ്ങള്‍ സാധ്യമാകും എന്നു തോന്നുമ്പോള്‍ വ്യവസ്ഥക്ക് കൂടുതല്‍ ജനാധിപത്യ പിന്തുണ ലഭിക്കുന്നു. ജനകീയ സാധുതയുടെ ആത്മവിശ്വാസത്തില്‍ ധനികര്‍ക്ക്, തങ്ങളുടെ സമ്പത്തിനോടൊപ്പമുള്ള സ്വാതന്ത്ര്യം വെച്ച് സ്വേച്ഛാപരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനു തടയിടാനും, നിയമവാഴ്ചയെ പിന്തുണക്കാനും, ജനാധിപത്യാവകാശങ്ങളെ സരക്ഷിക്കാനുമാകും. സ്വതന്ത്ര സംരഭങ്ങളും ജനാധിപത്യവും പരസ്പരം നിലനിര്‍ത്തുന്നു.

സമ്മതിദായകരെയും നിയമനിര്‍മ്മാതാക്കളെയും മുതലാളിമാര്‍ക്ക് പണമുള്ളതിനാല്‍ വിലക്കെടുക്കാം എന്നതിനേക്കാള്‍ ആഴത്തിലുള്ള കാരണങ്ങള്‍ എന്തുകൊണ്ടാണ് ജനാധിപത്യ സംവിധാനം സ്വത്തവകാശത്തെയും സ്വതന്ത്ര സംരഭത്തെയും പിന്തുണക്കുന്നത് എന്നതിനുണ്ട്. ജനപിന്തുണ ഇല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ മാത്രമേ സ്വത്ത് സംരക്ഷിക്കാനാകൂ. അന്തിമമായി അത്തരം സംവിധാനത്തിന് ഒന്നുകില്‍ ജനാധിപത്യത്തിന്റെ അല്ലെങ്കില്‍ സ്വതന്ത്ര സംരഭത്തിന്റെ ഛായ നഷ്ടമാകുന്നു.

അടിത്തറ: സാമ്പത്തിക ശേഷിയുടെ ന്യായമായ വിതരണം
എന്തായാലും വ്യാവസായികലോകത്ത് ഒരു ആശങ്ക വളരുന്നുണ്ട്. സ്വതന്ത്ര സംരഭ സംവിധാനം നന്നായി പ്രവര്‍ത്തിക്കുന്നത് എല്ലാ പങ്കാളികള്‍ക്കും വിജയത്തിനുള്ള തുല്യ അവസരം ലഭിക്കുമ്പോഴാണ്. പക്ഷേ മത്സരത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് അടിസ്ഥാനപരമായി വിഭിന്നമായ മുന്തിയ തയ്യാറെടുപ്പുകള്‍ ഇല്ലാത്തതിനാല്‍ വിജയം മുന്‍നിശ്ചയപ്രകാരമല്ല. എന്നാല്‍ ചില വിഭാഗങ്ങളുടെ സാമ്പത്തിക ശേഷികള്‍ നിശ്ചയമായും തയ്യാറെടുപ്പുകളാല്‍ വ്യത്യസ്തമാകുന്നു. ഇതോടെ കളിനിലത്തിന്റെ സമപ്രതലത്തില്‍ മാറ്റം വരുന്നു. സ്വതന്ത്ര സംരഭ സംവിധാനം നന്നായി തയ്യാറെടുത്തവരെ കൂടുതലായി സഹായിക്കുന്ന ഒന്നായി കാണുന്നു. ജനാധിപത്യം അതിനെ സഹായിക്കില്ല. ധനികരും വിജയിക്കുന്നവരും ജനാധിപത്യത്തെയും പിന്തുണക്കില്ല.

ഈ സ്ഥിതിവിശേഷം നിരവധി പടിഞ്ഞാറന്‍ ജനാധിപത്യ രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതല്ല. ധനികരാവാനുള്ള പാസ്പോര്‍ടായി ഇന്ന് കരുതുന്ന  വിദ്യാഭ്യാസം മധ്യവര്‍ഗക്കാര്‍ക്കടക്കം താങ്ങാനാവാത്തതായി വന്നിരിക്കെ സമൃദ്ധി മിക്കവര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്തതായി വരുന്നു. മികച്ച പരിശീലനകേന്ദ്രങ്ങളില്‍  ധനികരുടെ മക്കള്‍ നിറയുന്നു. അതവര്‍ അന്യായമായി കയറുന്നതല്ല, പക്ഷേ അവര്‍ക്ക് ലഭിച്ച മികച്ച ചെലവേറിയ വിദ്യാഭ്യാസവും തയ്യാറെടുപ്പുകളും അവരെ അവിടെക്കു പ്രാപ്തരാക്കിയതാണ്. മധ്യവര്‍ഗക്കാരായ മാതാപിതാക്കള്‍ക്ക് അതിനു സാധിക്കാത്തതിനാല്‍ അവര്‍ ഈ സംവിധാനത്തെ നീതിനിറഞ്ഞതായി കാണുന്നില്ല. തോമസ് പിക്കേറ്റിയുടെ Capital in 21st Century എന്ന പുതിയ പുസ്തകത്തിന്റെയൊക്കെ ജനപ്രിയത സൂചിപ്പിക്കുന്നതുപോലെ സ്വതന്ത്ര സംരഭ വ്യവസ്ഥയ്ക്കുള്ള പിന്തുണ ഒലിച്ചുപോവുകയാണ്. മത്സരം, സാമ്പത്തിക മൂലധനം, കച്ചവടം എന്നിവയ്ക്കു മേല്‍ നിയന്ത്രണമേര്‍പ്പെടുത്തും എന്നു പറയുന്ന ഇടത്, വലത് ഉദാരവാദി കക്ഷികളുടെ സ്വാധീനം ഏറുന്നു. സ്വതന്ത്ര സംരംഭത്തിന്റെയും ജനാധിപത്യത്തിന്റെയും പരസ്പര പിന്തുണ ശത്രുതയ്ക്ക് വഴിമാറുന്നു.

വര്‍ഗ വിഭജനങ്ങള്‍ പൊതുജനത്തിനിടയില്‍ ശേഷികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുമ്പോള്‍ സര്‍ക്കാരിന് മുന്നില്‍ രണ്ടു വഴികളുണ്ട്. ഒന്നു ഏറ്റവും മികച്ച ശേഷിയുള്ളവരെ തെരഞ്ഞെടുക്കുക, എന്നാല്‍ അതുവഴി വര്‍ഗപ്രാതിനിധ്യം നഷ്ടപ്പെടുത്തുക. അല്ലെങ്കില്‍, ശേഷിക്ക് മേല്‍ പ്രാതിനിധ്യത്തെ പരിഗണിക്കുക, അങ്ങനെ കാര്യക്ഷമത നഷ്ടപ്പെടുത്തുക. പക്ഷപാതപരമായാലും, പിടിപ്പുകെട്ടതായാലും സര്‍ക്കാരിന് നന്നായി ഭരിക്കാനാകില്ല.  അങ്ങനെ സര്‍ക്കാരിന്റെ ശേഷിയും അപകടത്തിലാകും.

ശേഷികളുടെ ന്യായമായ വിതരണത്തിന്റെ അടിത്തറയില്‍, വ്യാവസായിക രാഷ്ട്രങ്ങളില്‍ വിള്ളല്‍ വീണുതുടങ്ങിയതോടെ ഉദാര സ്വതന്ത്ര വിപണി ജനാധിപത്യത്തെ  താങ്ങിനിര്‍ത്തുന്ന നാല് തൂണുകളും ഉലയാന്‍ തുടങ്ങിയിരിക്കുന്നു. വരാനിരിക്കുന്ന കാലത്ത് ലോകത്തെങ്ങുമുള്ള ഭരണകൂടങ്ങളെ ആശങ്കയിലാക്കുന്ന വലിയ പ്രാധാന്യമുള്ള ഒരു വിഷയം ഇതായിരിക്കുമെന്നും ഞാന്‍ കരുതുന്നു.

ഇന്ത്യയ്ക്കുള്ള പാഠങ്ങള്‍
ഇന്ത്യയ്ക്കുള്ള പാഠങ്ങള്‍ എന്തൊക്കെയാണ് എന്നുകൂടി പറഞ്ഞു ഞാന്‍ അവസാനിപ്പിക്കാം. ബ്രിട്ടീഷ് ഭരണത്തില്‍ ഒരുതരം ജനാധിപത്യപാരമ്പര്യം ലഭിച്ച ഇന്ത്യ അതിന്റെ സജീവമായ തരത്തില്‍ സ്വന്തമാക്കി. ഫുകുയാമ പറയുന്ന മൂന്നു തൂണുകളില്‍ ഇന്ത്യയില്‍ ഏറ്റവും ശക്തം ജനാധിപത്യ ഉത്തരവാദിത്തമാണ്. നിയമവാഴ്ചയും ഇന്ത്യ വിശാലാര്‍ത്ഥത്തില്‍ പിന്തുടരുന്നു. ഫുകുയാമ ഊന്നുന്ന രീതിയില്‍ നമുക്ക് ഇനിയും ഏറെദൂരം സഞ്ചരിക്കാനുണ്ടെങ്കിലും ഭരണനിര്‍വഹണവും പൊതുസേവനങ്ങളും നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.

ഇതിനര്‍ത്ഥം നമുക്ക് മികച്ച നേട്ടങ്ങളുടെ മേഖലകളില്ലെന്നല്ല-ന്യൂ ഡല്‍ഹി മെട്രോ, തമിഴ്നാട്ടിലെ പൊതുവിതരണ സംവിധാനം, പ്രധാനമന്ത്രി ധന്‍ യോജന നടപ്പാക്കിയ വേഗം- പക്ഷേ അത്തരം മികവുകള്‍ എല്ലാ സംസ്ഥാനത്തെയും എല്ലാ താലൂക്കുകളിലും എത്തണം. കൂടാതെ സമ്പദ് രംഗം വികസിക്കുന്തോറും നമുക്ക് കൂടുതല്‍ വിദഗ്ധരെയും ആവശ്യമായി വരും.

മറ്റ് രാജ്യങ്ങളില്‍ ആദ്യം ശക്തമായൊരു സര്‍ക്കാര്‍ ഉണ്ടാവുകയും പിന്നീട് നിയമവാഴ്ചയും ജനാധിപത്യ ഉത്തരവാദിത്തവും അതിനെ നിയന്ത്രിക്കുകയുമായിരുന്നു. എന്നാല്‍ ഇന്ത്യയിലിന്നു നേരെ തിരിച്ചാണ് സ്ഥിതി. സര്‍ക്കാരിന്റെ അതിരുവിട്ട നടപടികള്‍ക്ക് തടയിടാനായി നീതിന്യായസംവിധാനം, പ്രതിപക്ഷകക്ഷികള്‍, സ്വതന്ത്ര മാധ്യമങ്ങള്‍, സര്‍ക്കാരേതര സന്നദ്ധ സംഘടനകള്‍ എന്നിവയെല്ലാം വളരെ ശക്തമാണ്. എന്നാല്‍ ആവശ്യമായ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും അതിരുവിട്ട നടപടിയും ചിലപ്പോഴൊക്കെ വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടാണ്. ശേഷി വേര് പിടിക്കും മുമ്പേ പല അടരുകളായി പരിശോധന, സന്തുലന സംവിധാനങ്ങള്‍ ഇടാനുള്ള പ്രലോഭനത്തെ അതിജീവിച്ചുകൊണ്ട് നമുക്ക് സര്‍ക്കാരിനെ ശക്തിപ്പെടുത്തണം. ഭരണസംവിധാനത്തിന് നിയന്ത്രണമില്ലാത്ത അധികാരം നല്‍കുന്നതിനും പൂര്‍ണ പ്രവര്‍ത്തനരാഹിത്യത്തിനും ഇടക്കുള്ള ഒരു സന്തുഷ്ടമായ ഇടം നാം കണ്ടെത്തണം. വികാസ സമയത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളോ അല്ലെങ്കില്‍ മറ്റ് പല ഏഷ്യന്‍ സമ്പദ് വ്യവസ്ഥകളോ ഏര്‍പ്പെട്ട പ്രവര്‍ത്തികളല്ല നമുക്ക് ചെയ്യാനുള്ളത്.

ഉദാഹരണത്തിന് വിദൂര പ്രദേശത്ത് നിരവധി സര്‍ക്കാര്‍ കണക്കെടുപ്പുകള്‍ ആവശ്യമായി വരുന്ന ഒരു വ്യാപാര അനുമതി പ്രക്രിയ വേണ്ടിവരുമ്പോള്‍ ആ കണക്കെടുപ്പുകള്‍ നടത്താനുള്ള ഭരണശേഷികൂടി കണക്കിലെടുക്കണം. അതില്ലെങ്കില്‍ മുന്നോട്ട് പോകില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിനെതിരെയുള്ള അപ്പീലുകള്‍ക്കായി പല തലത്തില്‍ അപ്പീല്‍ പ്രക്രിയ ഉണ്ടാക്കുമ്പോള്‍ സര്‍ക്കാരിന്റെ അതിക്രമങ്ങളെ തടയുക മാത്രമല്ല, അവശ്യമായ സര്‍ക്കാര്‍ നടപടികളെ സ്തംഭിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. വ്യവഹാരത്തിനായി കൂടുതല്‍ സ്രോതസുള്ളവര്‍ നിയമത്തെ അവര്‍ക്കനുകൂലമാക്കി വ്യാഖാനിപ്പിക്കുകയും ചെയ്യുന്നു. ബൃഹത്തായ ഭരണസംവിധാനമുള്ള ഒരു രാജ്യത്ത് വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനേക്കാള്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അതെങ്ങനെ സാധ്യമാക്കും എന്നാണ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ആലോചിക്കേണ്ടത്. ഞാന്‍ ആവര്‍ത്തിക്കട്ടെ, നമുക്ക് ;പരിശോധനയും സന്തുലനവും’ വേണം. പക്ഷേ പരിശോധനയിലും ഒരു സന്തുലനം വേണം. ലൈസന്‍സ് രാജില്‍ നിന്നും രക്ഷപ്പെട്ടു നാം അപ്പീല്‍ രാജില്‍ കുരുങ്ങിക്കൂട!

കൂടുതല്‍ ആളുകള്‍ മികച്ച വിദ്യാഭ്യാസം നേടുകയും മത്സരിക്കാന്‍ പ്രാപ്തരാവുകയും ചെയ്യുന്നു. രാജ്യത്തെങ്ങും വിദ്യാഭ്യാസം നമ്മുടെ യുവാക്കളെ സാമ്പത്തികമായി ചലനാത്മകതയുള്ളവരാക്കുന്നു. സ്വതന്ത്ര സംരഭത്തിനുള്ള പൊതുജനപിന്തുണ വിപുലമായിരിക്കുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും നല്‍കുന്നതിനേക്കാള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിലേക്ക് രാഷ്ട്രീയ സംവാദവും മാറി. നമ്മുടെ ഉദാരവത്കരണത്തിന്റെ വേഗം നമ്മൂടെ സാമ്പത്തിക ശേഷികള്‍ വിശാലമാക്കുന്നതിന്റെ വേഗവുമായി ക്രമപ്പെടുത്തിയാല്‍ പൊതുജനം പരിഷ്കാരങ്ങളെ പിന്തുണയ്ക്കും. നമ്മുടെ സമൃദ്ധിയേയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും താങ്ങിനിര്‍ത്തുന്ന നാല് തൂണുകളെ ശക്തമാക്കണമെങ്കില്‍ ജനങ്ങള്‍ക്കിടക്ക് സാമ്പത്തിക ശേഷികളുടെ ന്യായമായ വിതരണവും നടക്കണം. സാമ്പത്തികമായ ഉല്‍ക്കൊള്ളല്‍, അതായത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യരക്ഷ, സമ്പത്, വിപണി എന്നിവയെല്ലാം എല്ലാ പൌരന്‍മാര്‍ക്കും എളുപ്പത്തില്‍ പ്രാപ്യമാക്കുകയെന്നത് സുസ്ഥിരവളര്‍ച്ചക്ക്  അത്യാവശ്യമാണ്. അതൊരു ധാര്‍മികാദേശം കൂടിയാണ്.

Notes:
*The Origins of Political Order: From Pre-Human Times to the French Revolution by Francis Fukuyama, 2011, Farrar Straus and Giroux, New York.
*Political Order and Political Decay: From the Industrial Revolution to the Globalization of Democracy by Francis Fukuyama, 2014, Farrar Straus and Giroux
*Political Order in Changing Societies by Samuel Huntington, 1968, Yale University Press, New Haven.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍