UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധനികരെ ശിക്ഷിക്കേണ്ടി വരുമ്പോള്‍ മുട്ടിടിക്കുന്ന ഇന്ത്യ

Avatar

ടീം അഴിമുഖം

അപ്രിയസത്യങ്ങള്‍ ഉറക്കെപ്പറയാന്‍ കഴിവുള്ളയാളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. കടം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുന്ന വന്‍കിടക്കാരെ പിടികൂടി ഇന്ത്യ ദുര്‍ബലമായ രാജ്യമല്ലെന്നു തെളിയിക്കാനാണ് വര്‍ഷാവസാനം സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ രാജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

‘കുറ്റങ്ങള്‍ അന്വേഷിച്ചു കണ്ടെത്താനുള്ള ആള്‍ബലം ഇല്ല എന്നുമാത്രമല്ല ദുര്‍ബലരല്ലാത്ത കുറ്റക്കാരെ ശിക്ഷിക്കാനും നമുക്കാകുന്നില്ല എന്ന് ആരോപണമുണ്ട്. ഈ വിശ്വാസം അതില്‍ത്തന്നെ വളരുന്നു. പണക്കാരുടെയും ശക്തമായ ബന്ധങ്ങള്‍ ഉള്ളവരുടെയും കുറ്റങ്ങള്‍ക്കു പിന്നാലെ പോകാന്‍ ആരും ശ്രമിക്കുന്നില്ല. ഫലമോ അവര്‍ കൂടുതല്‍ കുറ്റങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു’.

രാജന്‍ തിരിച്ചടയ്ക്കപ്പെടാത്ത കടങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഇതാദ്യമല്ല. 2014 നവംബര്‍ 25ന് ആനന്ദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റില്‍ മൂന്നാമത് ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരകപ്രഭാഷണം നടത്തവേ ഇന്ത്യയിലെ ബാങ്കിങ് രംഗത്തിനെതിരെ രാജന്‍ കടന്നാക്രമണം നടത്തിയിരുന്നു. പിടിപ്പുകേടുകൊണ്ട് വന്‍നഷ്ടം വരുത്തുന്ന വ്യവസായികള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ പിഴയില്ലാതെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെറിയ കടക്കാരെ പിടികൂടുകയും ചെയ്യുന്ന വലപോലെയാണ് ബാങ്കിങ് രംഗം എന്നായിരുന്നു രാജന്റെ അഭിപ്രായം. പുനര്‍വിന്യസിക്കപ്പെടുന്ന കടങ്ങള്‍ പെരുകുന്നതിനെത്തുടര്‍ന്നായിരുന്നു അന്നത്തെ പരാമര്‍ശം.

2013-14ല്‍ കടം തിരിച്ചുപിടിക്കല്‍ ട്രിബ്യൂണലുകള്‍ക്ക് വീണ്ടെടുക്കാനായത് 30,590 കോടിമാത്രമാണെന്നും രാജന്‍ ചൂണ്ടിക്കാട്ടി. ആകെ കിട്ടാനുള്ളതിന്റെ 13 ശതമാനം. ഇത്തരം കേസുകളില്‍ നാലുമാസത്തിനകം തീര്‍പ്പുണ്ടാകണമെന്നാണ് നിയമം. പക്ഷേ എടുക്കുന്നത് നാലുവര്‍ഷം വരെയാണ്. വന്‍കിടക്കാരെ നിയമം അനുസരിപ്പിക്കാന്‍ കഴിയാത്തത് ക്രോണി ക്യാപിറ്റലിസം ആരോപണങ്ങള്‍ക്കു വഴിവച്ചു. ഇപ്പോള്‍ വീണ്ടും ഇക്കാര്യത്തിലുള്ള പരാമര്‍ശം കാര്യങ്ങളില്‍ പുരോഗതിയില്ലെന്നു വ്യക്തമാക്കുന്നു.

രാജന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ആരംഭിച്ച സ്ട്രാറ്റജിക് ഡെബിറ്റ് റീസ്ട്രക്ചറിങ് ഇപ്പോഴും ഫലപ്രദമായിട്ടില്ല. വായ്പ നല്‍കിയ ബാങ്കുകളെ കിട്ടാക്കടം ഇക്വിറ്റിയാക്കി മാറ്റാനും തിരിച്ചടയ്ക്കാത്ത സ്ഥാപനങ്ങളില്‍ ഭൂരിപക്ഷ ഉടമസ്ഥാവകാശം നേടാനും അനുവദിക്കുന്ന നയമാണിത്. തുടര്‍ന്ന് പുതിയ ഉടമകളെ കണ്ടെത്തി നിക്ഷേപം തിരിച്ചുപിടിക്കാനായിരുന്നു പരിപാടി. ഇതുവരെ ഒന്‍പതു കേസുകളില്‍ മാത്രമേ ഇത് നടപ്പാക്കാനായിട്ടുള്ളൂ. വായ്പ തിരിച്ചടപ്പിക്കുന്നതില്‍ ഈ നയം എത്രമാത്രം സഹായകമാണെന്ന ചോദ്യങ്ങളും ഉയരുന്നു.

സര്‍ക്കാരിനുമുന്നിലുള്ള ‘ബാങ്ക്‌റപ്റ്റ്സി കോഡ് ‘പാസാക്കിയാല്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് നടപടികള്‍ കൂടുതല്‍ ഫലപ്രദമാകും. വന്‍കിട കുറ്റവാളികള്‍ രക്ഷപ്പെടുന്നതിന്റെ പ്രധാന കാരണം വര്‍ഷങ്ങള്‍ നീളുന്ന നിയമ നടപടികളാണ്. ബാങ്ക് റപ്റ്റ്സി കോഡ് അനുസരിച്ച് 180 ദിവസത്തിനകം പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തണം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍