UPDATES

വിപണി/സാമ്പത്തികം

രഘുറാം രാജന്‍ മുതല്‍ വിരാല്‍ ആചാര്യ വരെ; മോദിയെ ഉപേക്ഷിച്ചുപോയ 5 സാമ്പത്തിക വിദഗ്ദര്‍

മോദിയുടെ കാലത്ത് ചുമതലയേറ്റവര്‍ പോലും രാജിവെച്ചുപോകുകയായിരുന്നു.

ഹാര്‍വാഡ് അല്ല ഹാര്‍ഡ് വര്‍ക്കാണ് വേണ്ടതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. നോട്ടുനിരോധനത്തെ വിമര്‍ശിച്ച നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്നിനെ പരിഹസിച്ചായിരുന്നു മോദിയുടെ പ്രസ്തവന. എന്നാല്‍ അങ്ങനെ പ്രസ്താവന നടത്തുമ്പോഴും വിദേശത്തുനിന്നുള്ള നിരവധി സാമ്പത്തിക വിദഗ്ദര്‍ നരേന്ദ്ര മോദിയോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായും റിസര്‍വ് ബാങ്കുമായുമൊക്കെ ബന്ധപ്പെട്ടിരുന്ന നിരവധി സാമ്പത്തിക വിദഗ്ദരാണ് സര്‍ക്കാരിന്റെ സമീപനവുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാജിവെച്ചുപോയത്. ഇതില്‍ ഒടുവിലെത്തേതായിരുന്നു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കില്‍നിന്ന് രാജിവെച്ചുപോയ വിരാല്‍ ആചാര്യ.

വിദേശ സര്‍വകലാശാലകളില്‍നിന്ന് വൈദഗ്ദ്യം ലഭിച്ചവരെ പരിഹസിച്ചെങ്കിലും നരേന്ദ്ര മോദി 2014 ല്‍ ഭരണം തുടങ്ങുമ്പോള്‍ സാമ്പത്തിക രംഗത്ത് മുഖ്യ സഹായികളായി ഉണ്ടായിരുന്നത് അത്തരത്തിലുളളവര്‍ തന്നെയായിരുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യവും നീതി ആയോഗിന്റെ തലപ്പത്ത് അരവിന്ദ് പനാഗ്രിയയും വിദേശത്തുനിന്നാണ് ഇന്ത്യയിലേക്ക് എത്തിയത്.

മോദി അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി, അന്താരാഷ്ട്ര തലത്തില്‍തന്നെ പ്രശസ്തനായ രഘുറാം രാജന്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ സമീപനങ്ങളോട് ആദ്യം ഉടക്കുന്നത് രഘുറാം രാജനായിരുന്നു. വിവിധ വിഷയങ്ങളില്‍ രഘുറാം രാജന്‍ എടുത്ത സമീപനമാണ് ഇദ്ദേഹത്തെ ആദ്യം ബിജെപിയുടെ ശത്രുവാക്കിയത്. ഇതോടെ അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. സുബ്രഹ്മണ്യം സ്വാമി അതിന് നേതൃത്വം നല്‍കി. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ഏജന്റായാണ് രഘുറാം രാജന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലും ആരോപിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് രണ്ടാം തവണ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് രഘുറാം രാജന്‍ അക്കാദമിക്ക് രംഗത്തെക്ക് തിരിച്ചുപോകുകയാണെന്ന പ്രഖ്യാപിക്കുകയായിരുന്നു.

അരവിന്ദ് പനാഗ്രിയയുടെ ഊഴമായിരുന്നു പിന്നീട്. നീതി ആയോഗിന്റെ തലപ്പത്ത് നിന്ന് രാജിവെച്ച് അദ്ദേഹം അമേരിക്കയിലേക്ക് പോയി. കഴിഞ്ഞവര്‍ഷം ജൂണിലാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ സ്ഥാനത്തുനിന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നുഅദ്ദേഹം പറഞ്ഞത്. അക്കാദമിക്ക് രംഗത്തേക്ക് തിരിച്ചുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് നോട്ടുനിരോധനം പോലുള്ള മോദി സര്‍ക്കാര്‍ കൈകൊണ്ട പ്രധാന നയസമീപനങ്ങള്‍ പോലും തന്നോട് ആലോചിക്കാതെയാണെന്ന് അദ്ദേഹം പരസ്യപ്പെടുത്തിയത്.  രാജ്യത്തെ സാമ്പത്തിക സൂചികകള്‍ ശാസ്ത്രീയമായല്ല തയ്യാറാക്കുന്നതെന്നുമുള്ള വിമര്‍ശനങ്ങളും അദ്ദേഹം ഈയിടെ ഉന്നയിച്ചു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായി മോദി സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഊര്‍ജ്ജിത് പട്ടേലാണ് പിന്നീട് രാജിവെച്ചത്. നോട്ടുനിരോധനം നടപ്പിലാക്കിയതിന് പിന്നില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമായിരുന്നുവെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വായ്പനയത്തിന്റെ കാര്യത്തിലടക്കം ഊര്‍ജ്ജിത് പട്ടേലെടുത്ത സമീപനങ്ങള്‍ക്കും ബിജെപിയില്‍ വലിയ സ്വീകാര്യത കിട്ടിയില്ല. അതിനിടയിലാണ് ധനക്കമ്മി കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് സര്‍ക്കാരിന് പണം നല്‍കാനുള്ള സമ്മര്‍ദ്ദം ശക്തമായത്. റിസര്‍വ് ബാങ്കിന്റെ സ്വതന്ത്ര അധികാരത്തെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന വിമര്‍ശനം ഉണ്ടായി. ഇതിനോട് യോജിപ്പില്ലാതിരുന്ന ഊര്‍ജ്ജിത് പട്ടേല്‍ ഒടുവില്‍ രാജിവെച്ചുപോയി. കാലവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവെയ്ക്കുന്ന അപൂര്‍വ വ്യക്തിയായി ഊര്‍ജ്ജിത് പട്ടേല്‍.

ഊര്‍ജ്ജിത് പട്ടേലിന്റെ നിലപാടുകളോട് യോജിപ്പുണ്ടായിരുന്ന ഡെപ്യൂട്ടി ഗവര്‍ണായിരുന്നു വിരാല്‍ ആചാര്യ. റിസര്‍വ് ബാങ്കിന്റെ ഫണ്ട് സര്‍ക്കാരിന് കൈമാറണമെന്ന ആവശ്യത്തെ ഇദ്ദേഹം പരസ്യമായി തന്നെ എതിര്‍ത്തിരുന്നു. വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്ന വിദഗ്ദരെ പരിഹസിച്ചെങ്കിലും മോദി സര്‍ക്കാര്‍ തന്നെ കൊണ്ടുവന്നതും പിന്നീട് വിട്ടുപോയവരുമായ സാമ്പത്തിക വിദഗ്ദരെല്ലാവരും വിദേശ സര്‍വകലാശാലകളില്‍ പരിശീലനം സിദ്ധിച്ചവരാണ്.

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഇനി ഹാര്‍ഡ് വര്‍ക്കുകൊണ്ട് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും സാധിക്കുമോ എന്നതാണ് അറിയേണ്ടത്. ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന ബജറ്റില്‍ അതിനുള്ള എന്തൊക്ക നിര്‍ദ്ദേശങ്ങളാവും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുയെന്നതാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതി സംബന്ധിച്ച പ്രധാനം.

Read More: കെ.എസ്.യു ജില്ലാ പ്രസിഡന്റടക്കം ജാതി വിളിച്ച് ആക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നും സെക്രട്ടറി, പരാതി ഉന്നയിച്ചയാള്‍ക്ക് സസ്‌പെന്‍ഷന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍