UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും: രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളില്‍ അടവ് നയം പയറ്റുന്ന സിപിഐഎമ്മിനും കോണ്‍ഗ്രസിനും വേണ്ടി വോട്ട് ചോദിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പര്യടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും രാഹുല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ശ്യാംപൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം സിപിഐഎം നേതാക്കളുമായി വേദി പങ്കിടുകയും ചെയ്തു.

സിപിഐഎം-കോണ്‍ഗ്രസ് സഖ്യം സംസ്ഥാനത്ത് രൂപീകരിച്ചാല്‍ തൊഴില്‍ നല്‍കുക, അഴിമതി തടയുക, ശാരദ-നാരദ അഴിമതികളില്‍പ്പെട്ടവര്‍ക്ക് എതിരെ നടപടി എന്നിവയ്ക്കാകും മുന്‍ഗണനയെന്ന് രാഹുല്‍ പറഞ്ഞു.

തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് മോദിയും മമതയുമെന്ന്‌ രാഹുല്‍ ആരോപിച്ചു. അവര്‍ ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തുവെങ്കിലും ഒരാള്‍ക്കു പോലും തൊഴില്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലിന്റെ ഭരണത്തിന്‍ കീഴില്‍ ബംഗാള്‍ ശവപറമ്പായി മാറിയെന്ന് പറഞ്ഞ രാഹുല്‍ മമത സര്‍ക്കാരിനെ അഴിമതിയുടെ പേരില്‍ വിമര്‍ശിക്കുകയും ചെയ്തു.

ശാരദ, നാരദ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മമത സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ തകര്‍ന്ന മേല്‍പ്പാലത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ നല്‍കാനുള്ള കരാര്‍ സര്‍ക്കാര്‍ നല്‍കിയിരുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണെന്നും അവര്‍ നിലവാരം കുറഞ്ഞ വസ്തുക്കള്‍ നല്‍കി. അഴിമതിയേയും തൊഴിലില്ലായ്മയേയും കുറിച്ച് മോദിയും മമതയും നുണകള്‍ പ്രചരിപ്പിക്കുകയാണ്.

വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു കൊണ്ടുവരും അഴിമതിക്ക് എതിരെ പോരാടുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒന്നും ചെയ്തില്ലെന്നും രാഹുല്‍ ആരോപിച്ചു.

ബംഗാളില്‍ മമതയും ഡല്‍ഹിയില്‍ അവരുടെ സുഹൃത്തും ഏകാധിപത്യ ഭരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ദീപക് ദാസ് ഗുപ്തയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍