UPDATES

രാഹുല്‍ തേങ്ങ ഉടയ്ക്കുമോ?

രാഹുല്‍ ഗാന്ധി ഇതാ മോദിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ച ശേഷം സംഭവിക്കുന്നത് മറ്റൊന്നാണ്.

ഇതിപ്പൊ പൊട്ടിക്കും, അടുത്ത നിമിഷം പൊട്ടിക്കും, ഇതാ പൊട്ടാന്‍ പോകുന്നു എന്ന് പറഞ്ഞ് കൂടോത്രക്കാരനെ പിടിക്കാനെത്തുന്ന ചേര്‍ക്കളം സ്വാമിയെ മറന്നിട്ടില്ലല്ലോ. ഏതാണ്ട് ഇതുപോലെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുള്ള അഴിമതിയെ പറ്റി തന്‌റെ കയ്യില്‍ വ്യക്തമായ വിവരമുണ്ടെന്നും അത് പുറത്തുവിട്ടാല്‍ ഭൂകമ്പമുണ്ടാവുമെന്നും രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി ഇതാ മോദിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ച ശേഷം സംഭവിക്കുന്നത് മറ്റൊന്നാണ്.

തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും മോദിയ്ക്കെതിരായ അഴിമതി പുറത്താകുമോ എന്നു പേടിച്ചാണിതെന്നും പ്രതിപക്ഷ നിരയെ ഒന്നടങ്കം ഒപ്പം നിര്‍ത്തി ആരോപണമുന്നയിച്ചതിന് പിന്നാലെ ഉണ്ടായ രാഹുലിന്റെ  നടപടി അടിസ്ഥാന രാഷ്ട്രീയം പോലും അറിയാത്ത ആളുകളുടെ ഭാഗത്തു നിന്നുണ്ടാകുന്നതിന് സമാനമായിരുന്നു. കാര്‍ഷിക പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ മോദിയെ കണ്ടത് പിറ്റേന്ന് മാധ്യമങ്ങളില്‍  വാര്‍ത്തകളായും  സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായും നിറഞ്ഞു. വഞ്ചിക്കപ്പെട്ടു എന്ന തോന്നലുണ്ടായതോടെ പ്രതിപക്ഷത്തെ മിക്ക കക്ഷികളും അന്ന് വൈകീട്ട് രാഷ്ട്രപതിയെ സന്ദരിശിക്കുന്നതില്‍ നിന്ന്‍ പിന്മാറി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെ കടുത്ത ആശയക്കുഴപ്പവും ഭിന്നതയുമാണ് ഇതുണ്ടാക്കിയത്. എന്താണ് രാഹുലിന്റെ രാഷ്ട്രീയ പദ്ധതികള്‍ എന്നായിരുന്നു അവരുടെ സംശയം.

എന്നാല്‍ ഇന്നലെ വീണ്ടും മോദിക്കെതിരെ രാഹുല്‍ രംഗത്തെത്തി. മോദി കൈക്കൂലി വാങ്ങിയെന്നായിരുന്നു ഗുജറാത്തിലെ മെഹ്‌സനായില്‍ നടന്ന റാലിയില്‍ രാഹുലിന്റെ ‘വെളിപ്പെടുത്തല്‍’. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് മോദി കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് രാഹുല്‍ ആവര്‍ത്തിച്ചത്. ഈ രണ്ടു കമ്പനികളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡയറികളില്‍ ഗുജറാത്ത് മുഖമന്ത്രിക്ക് പണം നല്‍കി എന്ന വിവരമാണ് അതില്‍ ഉണ്ടായിരുന്നത്. സഹാറ 40 കോടിയും ബിര്‍ള 12 കോടിയും നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു.

എന്നാല്‍ ഈ ആരോപണം പുതുതായി വന്നതല്ല. കോമണ്‍കോസ് എന്ന എന്‍ജിഒ ഈ വിഷയത്തില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണോട് സുപ്രീംകോടതി പറഞ്ഞത് വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ലെന്നായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മോദി കൈക്കൂലി വാങ്ങിയ കാര്യം ഡല്‍ഹി നിയമസഭയില്‍ ഒരുമാസം മുന്നേ ഉന്നയിച്ചിരുന്നു. 2013-ലും 2014-ലും സഹാറ, ബിര്‍ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പും സിബിഐയും നടത്തിയ റെയ്ഡുകളില്‍ ഇത് സംബന്ധിച്ച വിവരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോമണ്‍ കോസ് ഹര്‍ജി നല്‍കിയത്.

rahul-1

ഇതിനിടെയാണ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തുന്നത്. തേങ്ങ ഇപ്പോള്‍ ഉടയ്ക്കുമെന്ന മട്ടിലാണ് രാഹുലിന്‌റെ നില്‍പ്പ്. പക്ഷെ അതുണ്ടാവുന്നില്ല. ഈ രാജ്യത്ത് പ്രതിപക്ഷം എന്നൊന്നുണ്ട് എന്ന് ബോധ്യപ്പെടുത്താനുള്ള അവസരങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. പാര്‍മെന്‌റ് നടപടികള്‍ തടസപ്പെടുത്തുന്നതിന് അപ്പുറത്തേക്ക് അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുവരെയും വിജയിച്ചിട്ടില്ല. മോദിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ വരാനിരിക്കുന്നു, ഇതൊരു തുടക്കം മാത്രം എന്നെല്ലാമാണ് കോണ്‍ഗ്രസ് പറയുന്നത്. ഡിസംബര്‍ 30-ന് ശേഷം പുറത്തുവിടാന്‍ എടുത്തുവച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ പക്കലുള്ള വിവരങ്ങള്‍ എന്നാണ് സൂചന. ഇത് ഭൂകമ്പമാണോ മറ്റെന്തെങ്കിലുമാണോ ഉണ്ടാക്കാന്‍ പോകുന്നത് അല്ലെങ്കില്‍ എന്തെങ്കിലും ചലനം ഇതുണ്ടാക്കുമോ എന്നതൊക്കെ കാത്തിരുന്ന് കാണേണ്ടി വരും.

സുപ്രീംകോടതി ഇതുവരെ കോമണ്‍ കോസിന്‌റെ ഹര്‍ജി തള്ളിയിട്ടില്ല. ഇത് വച്ച് പിടിമുറുക്കാനാണ് കോണ്‍ഗ്രസിന്‌റെ ശ്രമമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മോദി വിരുദ്ധ മുഖമായാണ് രാഹുല്‍ സ്വയം ഉയര്‍ത്തിപ്പിടിക്കുന്നത്. കോണ്‍ഗ്രസ് വിരുദ്ധ, സോണിയ വിരുദ്ധ, കുടുംബാധിപത്യ വിരുദ്ധ മുഖമായി നേരത്തെ മോദി സ്വയം ഉയര്‍ത്തിപ്പിടിച്ച പോലെ. പക്ഷേ, ഇവിടെയുള്ള വിശ്വസം, ഇന്ത്യന്‍ ജനസംഖ്യയില്‍ നല്ലൊരു ശതമാനം വരുന്ന, രാഷ്ട്രീയ വ്യവഹാരങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മധ്യവര്‍ഗ വിഭാഗത്തിന് മോദി ഇപ്പോഴും പ്രിയപ്പെട്ടയാളാണ്. രാഷ്ട്രീയ തന്ത്രജ്ഞതയിലും അനുഭവസമ്പത്തിലും എന്തിന്, പ്രസംഗത്തില്‍ പോലും മോദിയുടെ അടുത്തെങ്ങും നില്‍ക്കാന്‍ ഇപ്പോള്‍ രാഹുലിന് കഴിയുന്നില്ല. ഇന്ന് ഏതെങ്കിലും വിധത്തില്‍ ഇക്കാര്യങ്ങളിലൊക്കെ മോദിക്ക് കുറച്ചെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്ന ഏക നേതാവ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാത്രമാണ്.

മോദി സ്വയം വരുത്തുന്ന പിഴവുകള്‍ കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആധിപത്യം അവസാനിക്കുമോ എന്ന കാത്തിരിപ്പാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് നോട്ട് അസാധുവാക്കലിന്റെ പുറത്തുള്ള കാര്യങ്ങള്‍. ഈ പദ്ധതിയില്‍ മോദിയുടെ പൂര്‍ണ പരാജയവും പതനവുമാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പ്രതീക്ഷിക്കുന്നത്. മോദിക്കെതിരെ ജനരോഷമുയരുക എന്നത് രാഹുലിനെ സംബന്ധിച്ച് നിര്‍ണായകമാണ്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ അതിജീവന പ്രശ്നം തന്നെയാകും അത്. എന്നാല്‍ ഇതിന് സഹായകരമായ ശ്രമങ്ങള്‍ എത്രത്തോളം തന്ത്രപരമായി രാഹുലിന്‌റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട് എന്ന ചോദ്യമുണ്ട്. നോട്ട് നിരോധന പരിപാടി മൂലം ഇന്ത്യന്‍ സമ്പദ്വവ്യവസ്ഥ തകര്‍ന്നടിയലിന്റെ വാക്കിലെത്തിയിട്ടും നൂറിലേറെ പേര്‍ മരിച്ചിട്ടും അതെതെങ്കിലും വിധത്തില്‍ രാഷ്ട്രീയ വിഷയമായി ഉയര്‍ത്താനോ സര്‍ക്കാരിന് വെല്ലുവിളി ആകാന്‍ പോലുമോ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല.

rahul-2

പാര്‍ലമെന്‌റില്‍ നോട്ട് പ്രതിസന്ധി അടക്കം ഗൗരവമുള്ള ഒരു വിഷയത്തിലും പ്രതികരിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്യാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തെ നേരിടാനാണ് രാഹുല്‍ ശ്രമിക്കേണ്ടത്. പാര്‍ലമെന്‌റിന് പുറത്തെന്ന പോലെ അകത്തും ഈ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിയേും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങളുണ്ടാവേണ്ടതാണ്. എന്നാല്‍ ബഹളവും സഭാ സ്തംഭനവും മാത്രമാണ് ശീതകാല സമ്മേളനത്തിലുണ്ടായത്. തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന രാഹുലിന്‌റെ വാദം ഏതായാലും ജനങ്ങള്‍ കാര്യമാക്കാന്‍ സാധ്യതയില്ല. മറിച്ച് മോദിയാകട്ടെ, തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പൊതുസമ്മേളനത്തില്‍ പ്രസംഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കുകയും ചെയ്തു.

ചര്‍ച്ചകള്‍ക്ക് വഴി തുറക്കാനുള്ള, രാഷ്ട്രീയ ആയുധങ്ങള്‍ ആവശ്യമുള്ളിടത്ത് പ്രയോഗിക്കാനും എതിരാളികളെ ഏതെങ്കിലും തരത്തില്‍ പ്രതിരോധത്തിലാക്കാനുമുള്ള കഴിവ് ഒരു നേതാവെന്ന നിലയില്‍ ഒരിക്കല്‍ പോലും രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചിട്ടില്ല. പ്രധാനമന്ത്രിക്കെതിരായ വ്യക്തിപരമായ ആരോപണം എന്നതില്‍ ഒതുങ്ങുന്നതല്ല സഹാറയുമായി ബന്ധപ്പെട്ട ആരോപണങ്ങളെന്നാണ് വിലയിരുത്തല്‍. മോദിയെ പോലെ വിഷയങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്നും പാര്‍ലമെന്‌റില്‍ വിശദീകരണം നല്‍കുന്നതില്‍ നിന്നും ജനാധിപത്യപരമായ തീരുമാനങ്ങളില്‍ നിന്നും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നിന്നുമെല്ലാം വിമുഖത കാണിക്കുന്ന ഒരു നേതാവിനെയാണ് രാഹുലിന് നേരിടാനുള്ളത്. മോദിയെ കളത്തിലിറക്കുക, മറുപടി പറയാന്‍ നിര്‍ബന്ധിതനാക്കുക എന്ന പ്രതിപക്ഷ ദൗത്യമുണ്ട്. ആരോപണങ്ങള്‍ വെറുതെ ആവര്‍ത്തിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടാകില്ല. ജനങ്ങളെ അത്തരത്തില്‍ ബോധ്യപ്പെടുത്താനോ പൊതുബോധത്തെ അത്തരത്തില്‍ വഴിതിരിച്ചുവിടാനോ സാധിക്കണം. രാഹുല്‍ ഗാന്ധി എന്ന നേതാവിന് അതിനു കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍