തെരഞ്ഞെടുപ്പില്‍ ഈ സഖ്യത്തിന് വേണ്ടി പ്രചരണത്തിലിറങ്ങില്ലെന്നും മുലായം സിംഗ് യാദവ്
തങ്ങള്‍ സൈക്കിളിന്റെ രണ്ട് ചക്രങ്ങളാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും. ഇന്നലെ ഇരുവരും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലും റോഡ് ഷോയിലും സംസാരിക്കുകയായിരുന്നു ഇരുവരും. ഗംഗാ-യമുന നദീസംഗമമാണ് ഇതെന്നും അവര്‍ ഉപമിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമാണ് സൈക്കിള്‍.
ഗംഗയും യമുനയും സംഗമിക്കുമ്പോള്‍ വികസനത്തിന്റെ സരസ്വതിയാണ് രൂപപ്പെടുന്നത്. കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യത്തിന്റെ ലക്ഷ്യവും വിസനമാണ്. തങ്ങള്‍ക്ക് സമാനതകളും വ്യത്യാസങ്ങളുമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമാനതകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നതാണ് തങ്ങള്‍ക്ക് വേണ്ടത്. അതുപോലെ തന്നെ വ്യത്യാസങ്ങളെ മറികടക്കാന്‍ ചില ഒത്തുതീര്‍പ്പുകള്‍ക്കും തങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. ഇത് ഹൃദയങ്ങള്‍ തമ്മിലുള്ള സഖ്യമാണ്. യുപിയെ വളര്ച്ചയിലെത്തിക്കുന്നതിലൂടെ തനിക്കും രാഹുലിനും രാജ്യത്തെയും വളര്‍ച്ചയിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന സന്ദേശമാകും തങ്ങള്‍ നല്‍കുകയെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം ഈ സഖ്യത്തിന് താന്‍ എതിരാണെന്ന് സമാജ്വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുലായം സിംഗ് യാദവ് അറിയിച്ചു. താന്‍ തെരഞ്ഞെടുപ്പില്‍ ഈ സഖ്യത്തിന് വേണ്ടി പ്രചരണത്തിലിറങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യം ചര്‍ച്ചയില്‍ വന്നപ്പോഴും അദ്ദേഹം ഇതിന് എതിരായിരുന്നു.
കോണ്‍ഗ്രസ് ദീര്‍ഘകാലം രാജ്യം ഭരിച്ച പാര്‍ട്ടിയാണെന്നും ഞങ്ങള്‍ എല്ലായ്പ്പോഴും കോണ്‍ഗ്രസിനെതിരെ പോരാടിയിട്ടുണ്ടെന്നുമാണ് അന്ന് മുലായം പറഞ്ഞത്. കൂടാതെ സമാജ്വാദി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശേഷിയുണ്ടെന്നും അന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. മുന്‍കാലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയത് ചൂണ്ടിക്കാട്ടിയാണ് അന്ന് അദ്ദേഹം അത് പറഞ്ഞത്. ഇപ്പോഴും ആ സാഹചര്യത്തിന് മാറ്റമില്ലെന്നും മുലായം പറഞ്ഞിരുന്നു.
പാര്‍ട്ടിയെ ചൊല്ലിയുള്ള ഇരുവരുടെയും തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെട്ട് അഖിലേഷിന് അനുകൂലമായി അവസാനിപ്പിച്ചിരുന്നു. പിന്നാലെ 38 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് മുലായം തന്റെ മകന് കൂടിയായ അഖിലേഷിന് നല്‍കിയെങ്കിലും അത് പൂര്‍ണമായും പരിഗണിച്ചില്ല.