UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹാറ ഗ്രൂപ്പില്‍ നിന്നും മോദി 40 കോടി വാങ്ങി ; പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ ഗാന്ധിയുടെ അഴിമതിയാരോപണം

2013-14 വര്‍ഷത്തില്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പല തവണകളായി മോദി പണം കൈപ്പറ്റിയെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അഴിമതി ആരോപണങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് സഹാറ ഗ്രൂപ്പ് അദ്ദേഹത്തിന് 40 കോടി രൂപ നല്‍കിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. 2013-14 വര്‍ഷത്തില്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പല തവണകളായി മോദി പണം കൈപ്പറ്റിയെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. ആദായനികുതി വകുപ്പ് 2014ല്‍ സഹാറയില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചതായും രാഹുല്‍ ആരോപിച്ചു. മോദി പണം വാങ്ങിയതിന് തെളിവുകളുണ്ടെന്ന് കഴിഞ്ഞ ആഴ്ച അവസാനിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആരോപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ മെഹ്‌സാനയില്‍ നടന്ന പൊതു യോഗത്തിലാണ് മോദിക്കെതിരെ രാഹുല്‍ കടന്നാക്രമണം നടത്തിയത്. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ മുഖ്യ കേന്ദ്രമായിരുന്നു മെഹ്‌സാന.

ആദായനികുതി വകുപ്പിന്റെ രേഖകള്‍ പ്രകാരം, 2013 ഒക്ടോബര്‍ 30ന് 2.5 കോടിയും നവംബറില്‍ 12ന് അഞ്ച് കോടിയും നവംബര്‍ 27ന് 2.5 കോടിയും നവംബര്‍ 29ന് അഞ്ച് കോടിയും മോദി കൈപ്പറ്റിയതായി രാഹുല്‍ പറഞ്ഞു. അതേ വര്‍ഷം ഡിസംബര്‍ ആറിന് അഞ്ച് കോടിയും ഡിസംബര്‍ 19ന് മറ്റൊരു അഞ്ചുകോടിയും മോദിക്ക് കൈമാറി. 2014 ജനുവരി 13ന് അഞ്ചുകോടി രൂപയും ജനുവരി 28ന് അഞ്ച് കോടി രൂപയും ഫെബ്രുവരി 22ന് മറ്റൊരു അഞ്ചുകോടയും മോദി കൈപ്പറ്റിയതായി രേഖകള്‍ പറയുന്നു.

നോട്ട് നിരോധനത്തിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരായല്ല സര്‍ക്കാരിന്റ നീക്കം. സത്യസന്ധരായ ദരിദ്രര്‍ക്ക് എതിരെയാണ്. കാശ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്ന കര്‍ഷകരും ദരിദ്രരുമാണ് തീരുമാനം മൂലം ഏറ്റവും ബുദ്ധിമുട്ടുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടിക സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍ കൈമാറിയിട്ടും എന്താണ് അത് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍