UPDATES

ട്രെന്‍ഡിങ്ങ്

വിമാനമയച്ച് തരാം എന്ന് പറഞ്ഞ കാശ്മീര്‍ ഗവര്‍ണറോട് രാഹുല്‍ ഗാന്ധി; “വിമാനമൊന്നും വേണ്ട, കുറച്ച് സ്വാതന്ത്ര്യം മതി”

“വിമാനമൊന്നും വേണ്ട, യാത്ര ചെയ്യാനും ജനങ്ങളെ കാണാനും മുഖ്യധാര രാഷ്ട്രീയ നേതാക്കളേയും സൈനികരേയും കാണാനും അനുമതി തന്നാല്‍ മതി”.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞത്, ഞാന്‍ നിങ്ങള്‍ക്ക് വിമാനം അയച്ചുതരാം, നിങ്ങള്‍ ഇവിടെ വന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച് മനസിലാക്കൂ. ഇതിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇങ്ങനെ – താങ്കളുടെ ക്ഷണമനുസരിച്ച് ഞാന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ഒരു സംഘം ജമ്മു കാശ്മീരും ലഡാക്കും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനമൊന്നും വേണ്ട, യാത്ര ചെയ്യാനും ജനങ്ങളെ കാണാനും മുഖ്യധാര രാഷ്ട്രീയ നേതാക്കളേയും സൈനികരേയും കാണാനും അനുമതി തന്നാല്‍ മതി.

ഓഗസ്റ്റ് അഞ്ചിന് രാജ്യസഭയില്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതായുള്ള പ്രഖ്യാപനവും സംസ്ഥാന പദവി റദ്ദാക്കി കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിക്കുന്ന പുനസംഘടനാ ബില്ലിന്റെ അവതരണവും നടക്കുന്നതിന് മുന്നോടിയായി കാശ്മീരിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫാറുഖ് അബ്ദുള്ള, ഒമര്‍ അബ്ദു, മെഹബൂബ മുഫ്തി, മുന്‍ മന്ത്രി സജ്ജാദ് ലോണ്‍ തുടങ്ങിയവരെല്ലാം ഇപ്പോളും കസ്റ്റഡിയിലാണ്. പിരിച്ചുവിട്ട നിയമസഭയില്‍ സിപിഎം എംഎല്‍എ ആയിരുന്ന മുഹമ്മദ് യൂസഫ് തരിഗാമിയടക്കമുള്ള വിവിധ കക്ഷി നേതാക്കള്‍ കസ്റ്റഡിയിലാണ്. തരിഗാമിയെ കാണാനായി ശ്രീനഗറിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും എയര്‍പോര്‍ട്ടില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ബലിപെരുന്നാളിന് മുന്നോടിയായി നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയിരുന്നെങ്കിലും പിന്നീട് ഇത് പുനസ്ഥാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍