UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍, അതൊരു അവസരമായിരുന്നു; പക്ഷെ നിങ്ങളുടേത് വെറും പാഴ്‌വേല മാത്രമാകുമ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

ആര്‍എസ് എസിനെ കുറിച്ചും മഹാത്മാ ഗാന്ധി വധത്തില്‍ ആ സംഘടനയുടെ പങ്കിനെ കുറിച്ചും രാഹുല്‍ ഗാന്ധി നടത്തിയ ഭിന്നാഭിപ്രായ പ്രകടനങ്ങള്‍ സര്‍വ്വരേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഗാന്ധി വധത്തില്‍ ആര്‍ എസ് എസിനു പങ്കുണ്ടെന്ന് രാഹുല്‍ ആദ്യം കുറ്റപ്പെടുത്തി. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം അഭിഭാഷകരെ തിരുത്തിക്കൊണ്ട് ഇപ്പോഴിതാ വീണ്ടും രാഹുല്‍ തന്റെ ആദ്യ വാദവുമായി രംഗത്തു വന്നിരിക്കുന്നു. ഈ വിഷയത്തില്‍ രാഹുലിന്റെ മലക്കംമറിച്ചിലുകള്‍ കഴിഞ്ഞ 12 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ രാഷട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രശ്‌നമാണ് പുറത്തു കൊണ്ടുവരുന്നത്. ഇത് കോണ്‍ഗ്രസ് ഉപാധ്യക്ഷനും ഹിന്ദു ദേശീയവാദികളായ ആര്‍എസ്എസും തമ്മിലുള്ള ഒരു ഏറ്റുമുട്ടലിനു കളമൊരുക്കിയിരുന്നു.

ആര്‍ എസ് എസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഒന്നുകില്‍ ഖേദപ്രകടനം നടത്തുകയോ അല്ലെങ്കില്‍ വിചാരണ നേരിടുകയോ വേണമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുലിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. രാഹുല്‍ ആര്‍ എസ് എസിനെയല്ല ആ സംഘടനുയമായി ബന്ധമുള്ള മറ്റു ചിലരെയാണ് കുറ്റപ്പെടുത്തിയതെന്നാണ് പറഞ്ഞത്.

ഇതിനെ നല്ലൊരു നിലപാടു മാറ്റമായി ബിജെപി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ രാഹുല്‍ വീണ്ടും നിലപാടു മാറ്റി. തന്റെ ഭീവണ്ഡി പ്രസംഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അതോടൊപ്പം ആര്‍ എസ് എസിന്റെ വിദ്വേഷപരവും ഭിന്നിപ്പിക്കുന്നതുമായ അജണ്ടയ്‌ക്കെതിരായ തന്റെ പോരാട്ടം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഊന്നിപ്പറയുകയും ചെയ്തു.

ശരിക്കും രാഹുലിന്റെ നിലപാട് ഇതു തന്നെയായിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇക്കാര്യം കോടതിയില്‍ പറഞ്ഞില്ല?

ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനെതിരെ സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തിക്കാണിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമായിരുന്നു രാഹുലിന് ഇത്. മഹാത്മാ ഗാന്ധിയുടെ വധത്തിനു ശേഷം 1948 ഫെബ്രുവരി നാലിന് ഗുജറാത്തുകാരനായ ഈ ഉരുക്കു മനുഷ്യനാണ് ആര്‍ എസ് എസിനെതിരെ നിരോധനം നടപ്പാക്കിയത്. 1948 സെപ്തംബര്‍ 11-ന് എഴുതിയ കത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വിദ്വേഷം ഇളക്കിവിടുന്നതായും ഗാന്ധിയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തതായും പട്ടേല്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തില്‍ ലഭിക്കുന്ന പരിമിതമായ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഇത് മറ്റൊരു പാഴ് വേല മാത്രമായിപ്പോയി. വീണ്ടും അദ്ദേഹം എല്ലാവരേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍