UPDATES

എഡിറ്റര്‍

ഞാൻ പിന്തുണക്കുന്നു, രാഹുൽ ഗാന്ധിയെ

Avatar

രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഫേസ് ബുക്കില്‍ ജാഫര്‍ കൊണ്ടോട്ടി ഇട്ട പോസ്റ്റ് വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ ഞങ്ങള്‍ അത് പുന:പ്രസിദ്ധീകരിക്കുന്നു

 

ഞാൻ പിന്തുണക്കുന്നു, രാഹുൽ ഗാന്ധിയെ..

അതൊരു കോണ്ഗ്രസ്സ് പ്രവർത്തകൻ ആയത് കൊണ്ട് മാത്രമല്ല. വൈവിധ്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യാ മഹാ രാജ്യത്തിൻറെ ആത്മാവ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈയൊരു ഘട്ടത്തിൽ, സ്വാതന്ത്ര്യത്തിൻറെ 65 ആണ്ടുകൾക്കിപ്പുറവും ദേശീയ മുഖമുള്ള ഒരു നേതാവിനെ മുന്നിൽ നിർത്താൻ രാജ്യത്തെ മറ്റൊരു മതേതര ജനാധിപത്യ പാർട്ടിക്കും ഇപ്പോഴും കഴിയാത്തത് കൊണ്ട്. 

 

ഫാസിസത്തിൻറെ വളർച്ചക്കും നിലനിൽപ്പിനും വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ചില അണിയറ പ്രവർത്തകരുടെ കുരുട്ടു ബുദ്ധിയിൽ തെളിയുന്ന രാഹുൽ എന്ന പരിഹാസ്യ കഥാപാത്രത്തിൻറെ കാർട്ടൂണുകൾ കുരുക്കറിയാതെ ആവേശത്തോടെ പോസ്റ്റുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന മതേതര ജനാധിപത്യ വിശ്വാസികളോട് ചിലത് ചോദിക്കട്ടെ..

 

എന്തൊക്കെയാണ് രാഹുൽ ചെയ്ത തെറ്റുകൾ?

 

അദ്ദേഹം എന്നെങ്കിലും രാജ്യത്തെ ജനങ്ങളെ പല തട്ടിലാക്കി മാറ്റുന്ന വിധം ഒരു വിഘടനവാദ പ്രസംഗമോ പ്രസ്താവനയോ നടത്തിയിട്ടുണ്ടോ..?. 

രാജ്യത്തിൻറെ ആത്മാഭിമാനം ചോർത്തുന്ന വിധം പ്രവർത്തിച്ചിട്ടുണ്ടോ? കഴിഞ്ഞ 10 വർഷത്തെ UPA ഭരണത്തിനിടെ എവിടെയെങ്കിലും സ്വാധീനം ചെലുത്തി എന്തെങ്കിലും അഴിമതി നടത്തിയിട്ടുണ്ടോ? മറ്റുള്ളവരെ പരിഹസിക്കൽ പ്രസംഗ ശൈലിയാക്കിയിട്ടുണ്ടോ? മോദിയെ പോലെ തൻറെ വമ്പത്തരങ്ങൾ ഘോര ഘോരം പ്രസംഗിക്കാറുണ്ടോ? അധികാരസ്ഥാങ്ങൾക്ക് കടിപിടി കൂടിയിട്ടുണ്ടോ?

 

അദ്ദേഹത്തിന് പക്വതയില്ല എന്നാണ് ചിലർ പറയുന്നത്. എങ്കിൽ ചുരുങ്ങിയത് കഴിഞ്ഞ ഒരു വർഷത്തിനിടെ കണ്ട രാഹുൽ ഗാന്ധിയെയും നരേന്ദ്ര മോദി കാട്ടിക്കൂട്ടിയ കോപ്രായങ്ങളേയും ഒന്ന് താരതമ്മ്യം ചെയ്യുക. അപ്പോൾ കിട്ടും എന്താണ് പക്വത എന്നതിൻറെ ഉത്തരം.

 

രണ്ട് മാസക്കാലത്തോളം ആത്മവിശകലനത്തിനും സ്വയം പഠനത്തിനും മാറ്റിവെച്ച് തിരിച്ചു വന്ന ശേഷം അദ്ദേഹം “ഞാൻ, ഞാൻ” എന്ന് വീമ്പ് പറഞ്ഞില്ല. രാജ്യത്തിൻറെ ആത്മാവ് തൊട്ടറിയുന്ന വിധം രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളോട് എളിമയോടെ സംവദിക്കുകയാണ് ചെയ്തത്. അതൊരു തെറ്റാണോ? അതൊരു പൊസിറ്റീവ് സിംബലല്ലേ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറാവുന്നത് ജനാധിപത്യ മഹിമയല്ലേ? കടപ്പുറത്തെ ചെറ്റക്കുടിലിൽ പാവങ്ങളോടൊപ്പം ഭക്ഷണം കഴിച്ചത് പരിഹാസ്യ രൂപത്തിൽ ആഘോഷമാക്കിയവർ ഒരു കാര്യം അറിയണം. അധികമാരും അറിയാത്ത ഒരു സംഭവം ആ ദിവസങ്ങളിൽ നടന്നതിന് ഞാൻ സാക്ഷിയാണ്.

 

രാഹുൽ കോഴിക്കോട് വരുന്നതിൻറെ തലേദിവസമാണ് കൊണ്ടോട്ടി വാഴക്കാട് സ്വദേശി വേലായുധൻ വാഹനാപകടത്തിൽ മരണപ്പെടുന്നത്. അച്ഛനെ അവസാനമായി ഒരു നോക്കുകാണാൻ ജിദ്ദയിൽ നിന്നും തൊട്ടടുത്ത ദിവസം രാവിലെ പുറപ്പെട്ട മകൻ ജിനിൻ ഉച്ചയോടെയാണ് ബോംബെ കണക്ഷൻ വിമാനത്തിൽ കരിപ്പൂരിലെത്തുന്നത്. അതേ വിമാനത്തിൽ തന്നെയാണ് രാഹുലും ഉണ്ടായിരുന്നത്. എയർപോർട്ടിലും പരിസരത്തും കനത്ത സുരക്ഷയുള്ളതിനാൽ വളരെ വൈകിയേ ജിനിന് പുറത്തിറങ്ങാനാവൂ എന്ന അവസ്ഥ. അച്ഛൻ മരിച്ചിട്ട് 24 മണിക്കൂര്‍ ആകുന്നു. എയർപോർട്ടിൽ കാത്തു നിൽക്കുന്ന എ.എകെ ആന്റണി അടക്കമുള്ള നേതാക്കളോട് കാര്യം പറഞ്ഞ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് അന്വേഷിക്കുമ്പോഴാണ്‌ ഏവരെയും അത്ഭുതപ്പെടുത്തി ജിനിൻ പുറത്ത് വരുന്നത്. കാര്യം തിരക്കിയപ്പോൾ ജിനിൻ പറഞ്ഞു. അച്ഛൻ മരിച്ച വിഷമത്തിൽ ആകെ ദു:ഖിതനായി നിൽക്കുന്ന എന്നെ കണ്ടപ്പോൾ രാഹുൽജി എൻറെ അടുത്ത് വന്നു കാര്യം തിരക്കി. ഞാൻ അച്ഛൻ മരിച്ച കാര്യവും പുറത്തിറങ്ങേണ്ട അത്യാവശ്യവും അദ്ദേഹത്തോട് പറയുമ്പോൾ തന്നെ അദ്ദേഹം വേണ്ടത് ചെയ്യാൻ ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

ആൾകൂട്ടത്തിനിടയിൽ നിന്ന് അച്ഛൻ നഷ്ടപ്പെട്ട ഒരു മകനെ ആരും പറയാതെ തന്നെ തിരിച്ചറിയാൻ കഴിയുക എന്നത് ഒരു നേതാവിൻറെ ഗുണമല്ലെങ്കിൽ പിന്നെ മറ്റെന്താണത്? 

രാഹുലിൻറെ ഈ മനസ്സിനോട് ഐക്യപ്പെടാൻ നമുക്ക് സാധിച്ചില്ലെങ്കിൽ അതിനെ ചെപ്പടി വിദ്യയായി കാണാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കുക. കാരണം മറ്റൊരു പുണ്യാളനും ഇന്ത്യയെ രക്ഷിക്കാൻ ഇന്ന് നിലവിലില്ല. ഉണ്ടായി വരുമ്പോഴേക്കും വൈജാത്യങ്ങളുടെ ഇന്ത്യ ഇല്ലാതായി പോയിട്ടുണ്ടാവും. ജയ് ഹിന്ദ്‌

 

ജാഫര്‍ കൊണ്ടോട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാന്‍: https://www.facebook.com/jahfarkk.vk/posts/776764202439646:0

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍