UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദിയാകരുത്; രാജീവ് ഗാന്ധിയും

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം


രണ്ടുമാസത്തോളം നീണ്ട ‘അജ്ഞാതവാസ’ത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാഴ്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം തന്നെയാണ്. കനത്ത ഭൂരിപക്ഷത്തിന്റെ ബലത്തില്‍ വലതുപക്ഷ അജണ്ടകള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നടപ്പാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ശക്തമായ പ്രതിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. മറ്റൊന്ന് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പൊടിതട്ടിയെടുക്കാന്‍ രാഹുലിന്റെ ‘പുതിയ മുഖ’ത്തിനു കഴിയുമോ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. 

 

എന്തായാലും മോദി സര്‍ക്കാരിനെ തത്കാലത്തേക്കെങ്കിലും പ്രതിരോധത്തിലാക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഇതൊരു താത്കാലിക പ്രതിഭാസം മാത്രമായി അവസാനിക്കുമോ എന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയടക്കം ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധി എന്ന രണ്ടു ദശാബ്ദക്കാലത്തെ സജീവ രാഷ്ട്രീയ പരിചയ സമ്പത്തുള്ളയാള്‍, നേതാവ് എന്ന നിലയിലേക്ക് ഉയരേണ്ടതിന്റെ ആവശ്യകതയും ഉയര്‍ന്നു വരുന്നത്.

 

1990-കളില്‍ ആരംഭിച്ച നിയോ ലിബറല്‍ സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയിലെ മധ്യവര്‍ഗ, സാമ്പത്തിക, കോര്‍പറേറ്റ് ശക്തികള്‍ക്ക് കൂടിയ അളവില്‍ ലഭിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. റോഡുകളും മേല്‍പ്പാലങ്ങളും ഹൈവേകളും ടെലികമ്യൂണിക്കേഷനും വാര്‍ത്താ ചാനലുകളുമെല്ലാം ഇവിടെ ഉണ്ടാവുകയും അവയൊക്കെ നിത്യജീവിതത്തിലെ ആവശ്യകതയായി മാറുകയും ചെയ്തിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്ത്യന്‍ ജനതയിലെ 70 ശതമാനവും ഇന്നും ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നത് എന്നതും ഇതിലെ തന്നെ നല്ലൊരു ശതമാനവും കാര്‍ഷികവൃത്തിയെ അടിസ്ഥാനപ്പെടുത്തിയാണ് ജീവിക്കുന്നത് എന്നതും മറന്നു പോകരുതാത്ത കാര്യമാണ്. നമ്മുടെ വിദ്യാഭ്യാസ, അടിസ്ഥാന ആരോഗ്യ മേഖലയൊക്കെ അടങ്ങുന്ന സാമൂഹികക്ഷേമ മേഖല തന്നെയാണ് ഈ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഇന്നും അന്തസോടെ ജീവിക്കാന്‍ ശേഷിയുള്ളവരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളതും.

  

 

എന്നാല്‍ മോദി അതു മറക്കുകയും ജനസംഖ്യയിലെ കാല്‍ ശതമാനം വരുന്ന സ്വാധീനശേഷിയുള്ള ജനവിഭാഗങ്ങള്‍ക്കു വേണ്ടി നയരൂപവത്ക്കരണം നടത്തുകയും ചെയ്യുന്നു എന്നിടത്താണ് രാഹുലിന്റെ പുതിയ ഇടപെടലുകള്‍ പ്രസക്തിയാര്‍ജിക്കുന്നത്. ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നവ-ഉദാരവത്കരണ, വികസന അജണ്ടകള്‍ മോദിയും സാധാരണക്കാരുമായുള്ള അകലം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അതേ സമയം അത്ര മെച്ചപ്പെട്ടതോ, പുതിയ എന്തെങ്കിലും കാര്യങ്ങള്‍ അവതരിപ്പിച്ചതോ ആയിരുന്നില്ല കഴിഞ്ഞ 19-ന് രാം ലീലാ മൈതാനത്ത് കര്‍ഷകരെ അഭിസംബോധന ചെയ്തു കൊണ്ട് രാഹുല്‍ നടത്തിയ പ്രസംഗം. എന്നാല്‍ പാര്‍ലമെന്റില്‍ രണ്ടു തവണ കാര്‍ഷിക പ്രശ്‌നങ്ങളും ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പ്രശ്‌നവും ഉയര്‍ത്തിക്കൊണ്ട് മോദി സര്‍ക്കാരിനെ സ്തബ്ധരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരുപക്ഷേ മോദി സര്‍ക്കാരിനെ ഇന്ന് വിശേഷിപ്പിക്കാന്‍ ഏറ്റവും ചേരുന്ന ‘suit boot ki sarkar’ എന്ന പദപ്രയോഗം രാഹുല്‍ നടത്തുകയും ചെയ്തു.

 

നല്ല പി.ആര്‍ ഏജന്‍സികള്‍ ഉണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ ഏത് സമയത്താണ് പ്രഹരം നടത്തേണ്ടത് എന്നും അത് എത്തേണ്ടിടത്ത് എങ്ങനെ എത്തിക്കാന്‍ കഴിയുമെന്നതും സമീപകാല ആഗോള സാഹചര്യങ്ങളും ഇന്ത്യയില്‍ നരേന്ദ്ര മോദിയും തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. പഞ്ചാബിലേക്കുള്ള രാഹുലിന്റെ ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റ് ട്രെയിന്‍ യാത്രയാണെങ്കിലും വിദര്‍ഭ മേഖലയില്‍ പൊരിവെയിലത്ത് 15 കിലോ മീറ്റര്‍ നടന്നതാണെങ്കിലും അതൊക്കെ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഗുണകരമാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ടീമിന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല; മുന്‍കാല കാര്യങ്ങളെ വച്ചു നോക്കിയാല്‍ പ്രത്യേകിച്ചും. എന്നാല്‍ കഴിഞ്ഞ 15 കൊല്ലമായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന മഹാരാഷ്ട്രയില്‍, രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ കാര്‍ഷിക ആത്മഹത്യകള്‍ നടക്കുന്ന മേഖലയിലാണ് താന്‍ സഞ്ചരിച്ചത് എന്ന വിവരം രാഹുലിന് അറിയാതിരിക്കാനും വഴിയില്ല. വിദര്‍ഭ എന്ന പരമ്പരാഗത റൂട്ടിനു പകരം ഈയിടെയായി കര്‍ഷക ആത്മഹത്യകള്‍ തുടര്‍ച്ചയായി നടക്കുന്ന മറാത്തവാദയിലേക്ക് രാഹുലിന്റെ ശ്രദ്ധ പോകാഞ്ഞതും പരിഗണിക്കേണ്ട വിഷയമാണ്.

 

കാര്‍ഷിക പ്രശ്‌നങ്ങള്‍, ഭൂമി തുടങ്ങിയവയുമൊക്കെയായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ ഒരു ‘പാക്കേജ് പ്രവര്‍ത്തന’ങ്ങള്‍ തന്നെയാണ് രാഹുല്‍ ഗാന്ധി നടത്താന്‍ ശ്രമിക്കുന്നതെന്ന് കാണാന്‍ കഴിയും, പുതിയ റിയല്‍ എസ്റ്റേറ്റ് ബില്ലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഫ്ലാറ്റ് ഉടമകളുമായി നടത്തുന്ന കൂടിക്കാഴ്ച ഉള്‍പ്പെടെ. അത് മോദി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളുടെ നേരെ മറുവശമാണ്. പരിസ്ഥിതി ആയാലും കാര്‍ഷിക മേഖലയായാലും സാധാരണക്കാരുടെ പ്രശ്‌നങ്ങളായാലും ഒറ്റ അജണ്ടയുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അത് പൊളിച്ചടുക്കാനുള്ള ഇടം ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന് രാഹുല്‍ ഗാന്ധിക്കു മുന്നില്‍ തുറന്നു തന്നിട്ടുണ്ട്. അത് അദ്ദേഹം എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കും എന്നതുകൂടി അനുസരിച്ചിരിക്കും ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെയും ഒരു പരിധി വരെ രാജ്യത്തിന്റെയും  കൂടി ഭാവി.

 

 

എന്നാല്‍ ഹിന്ദുക്കളിലെ വലിയ ഹിന്ദുവായ മോദിയേക്കാള്‍ വലിയ ഹിന്ദു ആകാനാണ് രാഹുലിന്റെ ശ്രമമെങ്കില്‍ 30 കൊല്ലത്തോളം പിന്നിലേക്കൊന്നു നോക്കിയാല്‍ മതിയാകും. കോണ്‍ഗ്രസ് പാര്‍ട്ടി ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന ഹിന്ദുത്വ ശക്തികളുടേയും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റേയും ആരോപണങ്ങളെ മറികടക്കാന്‍ കേദാര്‍നാഥ് യാത്രയിലൂടെ ശ്രമിച്ചെങ്കില്‍ അത് വലിയൊരു അബദ്ധത്തിലേക്ക് തന്നെയായിരിക്കും അദ്ദേഹത്തെ എത്തിക്കുക. ഒരു മൃദുഹിന്ദുത്വ പാര്‍ട്ടിയെന്ന വിശേഷണം ഉണ്ടെങ്കിലൂം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഇന്നും വലിയൊരളവില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന സജീവ രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് തന്നെയാണ്. 400-ലേറെ സീറ്റുകളുമായി അധികാരത്തില്‍ വരികയും ഷബാനു കേസിലെ വിധിയെ അട്ടിമറിക്കാന്‍ മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുതിയ നിയമം കൊണ്ടുവരികയും ഈ ‘പേരുദോഷം’ മറികടക്കാന്‍ വി.എച്ച്.പിയുടെ സമ്മര്‍ദ്ദഫലമായി ബാബറി മസ്ജിദ് തുറന്നു കൊടുക്കുകയും ചെയ്ത രാജീവ് ഗാന്ധി എന്ന സ്വന്തം പിതാവ് കാണിച്ച മണ്ടത്തരം ആവര്‍ത്തിക്കാതിരിക്കാനെങ്കിലും രാഹുല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആ മണ്ടത്തരങ്ങളുടെ ഫലമായി 1989-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശാകുകയും ഹിന്ദുത്വ കക്ഷികള്‍ ശക്തിയാര്‍ജിച്ച് രാജ്യം പിടിക്കുന്നതും നാം കണ്ടു. ഹിന്ദുത്വ ശക്തികളുടെ ഉണര്‍വും ബാബരി മസ്ജിദ് തകര്‍ത്തതും ഇന്ത്യന്‍ ചരിത്രത്തെ വീണ്ടും രക്തരൂക്ഷിതമായ വര്‍ത്തമാനകാല അവസ്ഥയിലേക്ക് തള്ളിവിട്ടതിനും ആ ചെയ്തികള്‍ക്ക് പങ്കുണ്ട് എന്ന കാര്യം നിഷേധിക്കാന്‍ സാധിക്കുകയില്ല. നെഹ്‌റു-ഗാന്ധി പരമ്പരയിലെ ദുര്‍ബലനെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെ നരേന്ദ്ര മോദിയെന്ന അപക്വനായ സംഘപരിവാര്‍ നേതാവും കൂട്ടരും ഈ രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ രാഹുലിന് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്; അത് രാഹുല്‍ സ്വയം തെളിയിക്കേണ്ട ഒന്നു കൂടിയാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍