UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇവിടൊരു പാര്‍ലമെന്‍റുണ്ട്; രഹസ്യാന്വേഷണക്കാരോട് മോദി പറയേണ്ട കാര്യങ്ങള്‍

Avatar

ടീം അഴിമുഖം

വമ്പന്‍ മിഥ്യാബോധങ്ങളില്‍പ്പെട്ട് കോണ്‍ഗ്രസ് കുഴപ്പത്തിലാവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. 24 വര്‍ഷം മുമ്പ് ഒരു കുതിരക്കച്ചവടത്തിലൂടെ സമാജ് വാദി ജനത പാര്‍ട്ടി (രാഷ്ട്രീയ) നേതാവ് ചന്ദ്രശേഖര്‍ നയിച്ച വെറും നാല് മാസം പ്രായമായ, തങ്ങള്‍ പിന്തുണച്ചിരുന്ന സര്‍ക്കാരിനെ മറിച്ചിട്ടതു പോലെയൊന്ന് ഇനി ആവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കില്ലെന്നും നമുക്ക് കരുതാം.

ജനതാദളില്‍ നിന്നും 50 എംപിമാരെ അടര്‍ത്തി മാറ്റി, രാജീവ് ഗാന്ധിയുടെ പിന്തുണയോടെയാണ് അന്ന് ചന്ദ്രശേഖര്‍ എസ്‌ജെപി (ആര്‍) ന് രൂപം നല്‍കിയത്.

രാജീവ് ഗാന്ധിയുടെ 10, ജനപഥിലെ വസതിക്ക് മുന്നില്‍ സംശയസ്പദ സാഹചര്യത്തില്‍ കറങ്ങി നടന്ന പ്രേം സിംഗ്, രാജ് സിംഗ് എന്ന രണ്ട് ഹരിയാന പോലീസ് കോണ്‍സ്റ്റബിള്‍മാരെ 1991 മാര്‍ച്ച് രണ്ടിന് അറസ്റ്റ് ചെയ്തു. സിവില്‍ വേഷം ധരിച്ച ഹരിയാന സംസ്ഥാന സിഐഡിമാരാണെന്ന് സമ്മതിച്ച അവര്‍, തങ്ങളെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് അയച്ചതെന്നും വെളിപ്പെടുത്തി. ഇരുവരും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ചായ കുടിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയത്.

എന്തായാലും ഈ സംഭവം ഒരു കൊടുങ്കാറ്റ് അഴിച്ചുവിട്ടു. രാജീവ് ഗാന്ധിയെ ബന്ധപ്പെടാന്‍ ചന്ദ്രശേഖര്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ വിളികള്‍ക്ക് മറുപടി ലഭിച്ചില്ല. അതൊരു പതിവ് നടപടിയാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി, സംഭവത്തെ കുറിച്ച് ഒരന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രസാദിപ്പിക്കാന്‍ ആ നടപടിക്ക് സാധിച്ചില്ല. പാര്‍ലമെന്റ് ബഹിഷ്‌കരിച്ച രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ്, പിന്നീട് ചന്ദ്രശേഖര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണയും പിന്‍വലിച്ചു.

അതോടെ 1991 മാര്‍ച്ച് ആറിന് തന്റെ രാജി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ നിര്‍ബന്ധിതനായി.

അന്നത്തെ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുമായി അകന്നു കഴിയുകയായിരുന്ന സഹോദരന്‍ രഞ്ജിത് സിംഗാണ് ചാരപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന കാര്യം രാജീവ് ഗാന്ധിയെ അറിയിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നു. ഈ വിവരം അന്നത്തെ ഹരിയാന ആഭ്യന്തര മന്ത്രി സമ്പത് സിംഗാണ്, ഫലത്തില്‍ ചൗതാല തന്നെ, രഞ്ജിത് സിംഗിന് കൈമാറിയത്.

ചൗതാലയും കോണ്‍ഗ്രസും തമ്മില്‍ ഒരിക്കലും നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. എന്നാല്‍ ഹരിയാനയിലെ ശക്തനും പ്രധാനമന്ത്രിയും തമ്മില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

എന്തൊക്കെയായാലും, തന്റെ അമ്മയുടെ മരണത്തിന്റെയും കാശ്മീരില്‍ നിന്നും സിഖ് തീവ്രവാദികളില്‍ നിന്നും തനിക്ക് നേരെ നിലനിന്നിരുന്ന ഭീഷണിയുടെയും പശ്ചാത്തലത്തില്‍, ഇങ്ങനെ ഒരു സംഭവത്തെ അത്ര നിസ്സാരമായി കണക്കാക്കാന്‍ രാജീവ് ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കഴിയുമായിരുന്നില്ല.

ആ വേനല്‍ക്കാലത്ത് ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ പ്രചാരണത്തിനെത്തിയ രാജീവ് ഗാന്ധി എല്‍ടിടിഇയുടെ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.

രാഹുല്‍ ഗാന്ധിക്കെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോണ്‍ഗ്രസ് പാര്‍ട്ടി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആക്രമണം നടത്തുന്നത് കാണുമ്പോള്‍ ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും 24 വര്‍ഷം മുമ്പുള്ള ആ ദിവസങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. കോണ്‍ഗ്രസിന് ആകെ 44 എംപിമാരെ ഉള്ളുവെന്നതും സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ ഔദാര്യത്തിലല്ല നിലനില്‍ക്കുന്നതെന്നുമാണ് ഇരു സമയങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം.

ഡല്‍ഹി പോലീസ് പറയുന്ന പ്രകാരം, ഈ മാര്‍ച്ച് മൂന്നിന് ഒരു ചോദ്യാവലിയുമായി ഷംസേര്‍ സിംഗ് എന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി. രാഹുല്‍ ഗാന്ധിയെ സംബന്ധിക്കുന്ന നിരവധി ചോദ്യങ്ങള്‍ അടങ്ങിയ ആ കടലാസ് സിംഗ് കൃത്യമായി പ്രത്യേക സുരക്ഷ സേനയെ ഏല്‍പ്പിക്കുകയും പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ചോദ്യാവലി അവിടെ വച്ചിട്ട് പൊയ്‌ക്കൊള്ളാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഷംസേര്‍ സിംഗിനോട് നിര്‍ദ്ദേശിച്ചതായി ഡല്‍ഹി പോലീസ് പറയുന്നു. രാഹുലിന്റെ ജീവനക്കാര്‍ എഎസ്‌ഐയെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കുകയും തല്ലുകയും ചെയ്തതായി ചിലര്‍ പറയുന്നു. പക്ഷെ വിശദാംശങ്ങള്‍ ലഭ്യമല്ല.

സംഭവത്തെ സംബന്ധിച്ച കോണ്‍ഗ്രസിന്റെ പ്രതികരണം ക്രോഡീകരിച്ചുകൊണ്ട് പാര്‍ട്ടി വക്താവ് അഭിഷേക് മനു സിംഗ്വി ഇങ്ങനെ പറഞ്ഞു: ‘ഒരു രാഷ്ട്രീയ എതിരാളിയുടെ മേല്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ ചാരപ്രവര്‍ത്തനവും ഒളിഞ്ഞുനോട്ടവും നിരീക്ഷണവും കടന്നുകയറ്റവും ഗുജറാത്ത് മാതൃകയായിരിക്കാം. പക്ഷെ ഏതായാലും ഇന്ത്യന്‍ മാതൃകയല്ല… പ്രശ്‌നം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും ജനാധിപത്യത്തിന്റെ വേരറക്കുന്നതും ആയതിനാല്‍ പ്രധാനമന്ത്രിയുടെയോ ആഭ്യന്തരമന്ത്രിയുടെയോ തലത്തിലുള്ള ഉത്തരവാദിത്വപ്പെട്ട ആളുകളില്‍ നിന്നും ഞങ്ങള്‍ ഉടനടി വിശദീകരണം ആവശ്യപ്പെടുന്നു.’

ഇതൊരു അതിശയോക്തി ആയിരിക്കാം. എന്നാല്‍, ഈ വിവാദത്തില്‍ നിന്നും നരേന്ദ്ര മോദിയും ഇന്ത്യന്‍ ജനാധിപത്യം ആകെ തന്നെയും പഠിക്കേണ്ട നിരവധി പാഠങ്ങള്‍ ഉണ്ട്.

താന്‍ ഭൂതകാലത്തിന്റെ അടിമ മാത്രമാണെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തെങ്കിലും ബഹുമാന്യത ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരുപാട് കറകള്‍ കഴുകി കളയേണ്ടിയിരിക്കുന്നുവെന്നും നരേന്ദ്ര മോദിയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു സന്ദര്‍ഭമാണിത്. അദ്ദേഹം ഒരു തിരഞ്ഞെടുപ്പ് ജയിച്ചിരിക്കാം, പക്ഷെ ഭൂതകാലത്തെ കഴുകി കളഞ്ഞിട്ടില്ല.

താന്‍ ഒരു മാറിയ മനുഷ്യനാണെന്ന്, ഒരു വലിയ വിഭാഗം പൊതുജനങ്ങളെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളെയും ബോധ്യപ്പെടുത്തുന്നതിനായി ഉറച്ച നടപടികള്‍ മോദി സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇതുവരെ അത്തരം സൂചനകളൊന്നും പ്രകടമല്ല. ഡിസംബര്‍ 24ന് ക്രിസ്ത്യന്‍ സമുദായനേതാക്കളോട് നടത്തിയ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളില്‍, ഘര്‍ വാപസിയെ തള്ളിക്കളയാന്‍ തയ്യാറാവാതിരിക്കുകയും പിന്നീട് പൊതുമധ്യത്തില്‍ നിലപാടില്‍ മലക്കംമറിയേണ്ടി വരികയും ചെയ്തതോ, അല്ലെങ്കില്‍ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മണ്ടത്തരങ്ങളോ അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങളോ ആകട്ടെ, ഇതൊന്നും അദ്ദേഹത്തെ സഹായിക്കാന്‍ പോകുന്നില്ല.

മോദി കൂടുതല്‍ പക്വത കൈവരിക്കുകയും മാറുകയും ചെയ്യേണ്ടിയിരിക്കുന്നു. അതിന് അദ്ദേഹത്തിന്റെ മുന്നില്‍ സമയമുണ്ട് താനും.

സുതാര്യമായ ഒരു ഭരണസംവിധാനത്തെ കുറിച്ച് മോദിക്ക് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തില്‍, പ്രത്യേകിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രക്രിയ കൈടക്കിവച്ചിരിക്കുന്ന രഹസ്യന്വേഷണ വിഭാഗത്തില്‍, സമഗ്ര പരിഷ്‌കാരങ്ങള്‍ വരുത്തുകയാണ് അദ്ദേഹം ആദ്യം ചെയ്യേണ്ടത്.

ഇന്‍റലിജന്‍സ് ബ്യൂറോയ്ക്കും റോയ്ക്കും ഒരു പാര്‍ലമെന്ററി അക്കൌണ്ടബിലിറ്റി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി ഒരു പാര്‍ലമെന്ററി സമിതിക്ക് രൂപം നല്‍കാന്‍ അദ്ദേഹം തയ്യാറായാല്‍ തന്റെ വിമര്‍ശകരുടെയെല്ലാം നാവടപ്പിക്കാന്‍ മോദിക്ക് സാധിക്കും. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പാര്‍ലമെന്റിനോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത അപൂര്‍വ ജനാധിപത്യ സംവിധാനമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ അനുവാദമില്ലാത്ത ചോര്‍ത്തലുകള്‍ വരെ നടത്തുന്നു.

രാഹുല്‍ ഗാന്ധിയുടെ വീട്ടുപടിക്കല്‍ എത്തിയത് ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥന്‍ തന്നെയായിരിക്കാം. എന്നാല്‍ പൊതുവില്‍ ഇത്തരം ചാരപ്രവര്‍ത്തനങ്ങളും ചുറ്റിത്തിരിയലുകളും നടത്തുന്നത് ഐബിക്കാരാണ്. ഈ സംസ്‌കാരത്തിന് ഒരു മാറ്റം വരുത്താന്‍ സാധിച്ചാല്‍ തന്നെ മോദിയുടെ ജനകീയ പരിവേഷത്തില്‍ നാടകീയ മാറ്റം വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍