UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധി: നല്ല തുടക്കം, പക്ഷേ ദൂരമേറെയുണ്ടിനിയും

Avatar

ടീം അഴിമുഖം

നീണ്ട മയക്കത്തിനുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച പാര്‍ലമെന്റില്‍, പ്രധാനമന്ത്രിയുടെ രീതികളെ വിമര്‍ശിച്ചുകൊണ്ട് മികച്ച പ്രകടനം നടത്തി. വിമ്മിട്ടങ്ങളും പതിവുപോലെ മോശം ഹിന്ദിയുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും വന്നെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ പാകത്തിലുള്ള കഴിവ് തനിക്കുണ്ടെന്നും ഒരുനാള്‍ കോണ്‍ഗ്രസ് കക്ഷിയെ നയിക്കാനുള്ള സാധ്യതകള്‍ തനിക്കുണ്ടെന്നും രാഹുല്‍ കാണിച്ചു.

പക്ഷേ ആ ശേഷി കൈവരിക്കാന്‍ രാഹുല്‍ ഗാന്ധി ഏറെദൂരം ഇനിയും പോകേണ്ടതുണ്ട്. ബുധനാഴ്ച്ച രാഹുല്‍ മോദിയോട് ആവശ്യപ്പെട്ടത്,“നമ്മുടെ ജനങ്ങളുടെ ശബ്ദം കേള്‍ക്കൂ… രാജ്യം നിങ്ങളോട് എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് കേള്‍ക്കൂ,” എന്നാണ്. “നമ്മുടെ ജനങ്ങളുടെ ബന്ധങ്ങളെ തകര്‍ത്തുകൊണ്ടു നിങ്ങള്‍ക്ക് ഇന്ത്യന്‍ പതാകയെ പ്രതിരോധിക്കാനാകില്ല,” എന്നും രാഹുല്‍ മോദിയോട് പറഞ്ഞു.

ലോക്സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ജെ എന്‍ യു വിവാദം, കള്ളപ്പണവിഷയത്തില്‍ സര്‍ക്കാരിന്റെ ‘ഫെയര്‍ ആന്‍ഡ് ലവ്ലി’ സമീപനം, പാകിസ്ഥാനുമായുള്ള ചായകുടി ചര്‍ച്ച എന്നിവയെല്ലാം രാഹുല്‍ പരാമാര്‍ശിച്ചു. “രാജ്യം അദ്ദേഹത്തിന് മാന്യമായി ഒരു സന്ദേശം നല്കാന്‍ ആഗ്രഹിക്കുകയാണ്. സ്വന്തം അഭിപ്രായം മാത്രം അനുസരിച്ച് പ്രധാനമന്ത്രി രാജ്യത്തെ ഭരിച്ചുകൂട. പ്രധാനമന്ത്രിയല്ല രാജ്യം.”

മുന്‍ യൂഗോസ്ലാവിയന്‍ പ്രസിഡണ്ട് സ്ലോബോദന്‍ മിലോസേവ്ച്ചിനെയും പാകിസ്ഥാന്‍ സൈനിക ഭരണാധികാരി യാഹ്യഖാനേയും പരാമര്‍ശിച്ചുകൊണ്ട്,“പതാകയെ അഭിവാദ്യം ചെയ്തവരെങ്കിലും അവരുടെ ജനത തമ്മിലുള്ള ബന്ധങ്ങളും വര്‍ത്തമാനവും നശിപ്പിച്ചവര്‍” എന്നു പറഞ്ഞ രാഹുല്‍ ഗാന്ധി,“പ്രധാനമന്ത്രി ഈ സന്ദേശം കേള്‍ക്കണം, നിങ്ങള്ക്ക് ചുറ്റുമുള്ളവരെ കേള്‍ക്കണം, രാജ്നാഥ് സിങിനെ കേള്‍ക്കണം, അദ്വാനിയെ കേള്‍ക്കണം, സുഷമ സ്വരാജിനെ കേള്‍ക്കണം, നിങ്ങളുടെ എം പിമാരെ കേള്‍ക്കണം, ഇവിടെയിരിക്കുന്ന ഞങ്ങളെ കേള്‍ക്കണം… ഞങ്ങള്‍ താങ്കളുടെ ശത്രുക്കളല്ല, ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നില്ല.”

ജെ എന്‍ യു രാജ്യദ്രോഹ കേസും ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ മരണവും പരാമര്‍ശിക്കവേ, പ്രധാനമന്ത്രി “പ്രത്യേകിച്ചും പുതിയ തലമുറയുടെ ശബ്ദം കേള്‍ക്കണമെന്നും,” അവരെ അഭിമാനത്തോടെ സംസാരിക്കാന്‍ അനുവദിക്കണമെന്നും,” രാഹുല്‍ പറഞ്ഞു. കോടതിയില്‍വെച്ചു വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ നടന്ന ആക്രമണങ്ങളെക്കുറിച്ച്  പ്രധാനമന്ത്രി പുലര്‍ത്തിയ മൌനത്തെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ വിമര്‍ശിച്ചു. “ദേശീയപതാകയെ ബഹുമാനിക്കുക എന്നാല്‍ ഓരോ ഇന്ത്യക്കാരന്റെയും അഭിപ്രായങ്ങളെ മാനിക്കുക എന്നാണ്. ഞാന്‍ ജെ എന്‍ യുവിലെത്തിയപ്പോള്‍ നിങ്ങളുടെ എ ബി വി പി പ്രവര്‍ത്തകര്‍ എനിക്കുനേരെ കരിങ്കൊടി വീശി. എന്നെ ഭര്‍ത്സിച്ചു, അധിക്ഷേപിച്ചു. ഞാന്‍ ക്ഷുഭിതനായില്ല. വാസ്തവത്തില്‍, നിങ്ങളില്‍ നിന്നും എതിരഭിപ്രായമുള്ള ആളുകള്‍ മുഖാമുഖം വരാന്‍ സാധ്യതയുള്ള ഒരു രാജ്യത്തു, ഇന്ത്യയിലാണ്, ഞാനിപ്പോഴും ജീവിക്കുന്നത് എന്നതില്‍ എനിക്കഭിമാനം തോന്നി. നിങ്ങളുടെ സ്വന്തം ജനതയെ ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ദേശീയപതാകയെ ആദരിക്കുകയല്ല ചെയ്യുന്നത്.”

ബജറ്റില്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ നികുതിയടവു പദ്ധതിയെ ഫെയര്‍ ആന്ഡ് ലവ്ലി പദ്ധതി എന്നു വിശേഷിപ്പിച്ച രാഹുല്‍ ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയാണെന്നും കുറ്റപ്പെടുത്തി. “ധനമന്ത്രി ഒരു ഫെയര്‍ ആന്ഡ് ലവ്ലി പദ്ധതി പ്രഖ്യാപിച്ചിട്ടു പറയുന്നു, കള്ളപ്പണം വെളുപ്പിക്കുന്ന ഇത് മോദിജിയുടെ പദ്ധതിയാണെന്ന്. 2014-ല്‍ മോദി പറഞ്ഞത്, ഞാന്‍ കള്ളപ്പണം അവസാനിപ്പിക്കും, കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഞാന്‍ വിജയിക്കും, കള്ളപ്പണമുള്ള ആരെയും ഞാന്‍ തടവിലാക്കും എന്നൊക്കെയാണ്. പക്ഷേ ഫെയര്‍ ആന്ഡ് ലവ്ലി പദ്ധതിക്ക് കീഴില്‍ ആരോടും ഒരു ചോദ്യവുമില്ല. അരുണ്‍ ജെയ്റ്റിലിയുടെ അടുത്ത് പോവുക, നികുതി അടയ്ക്കുക, കള്ളപ്പണം വെള്ളയാക്കി മാറ്റുക.”

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ അധികഭാഗവും മോദിക്കെതിരെയായിരുന്നു. ഭരണകക്ഷി അംഗങ്ങള്‍ക്ക് നേരെ തിരിഞ്ഞുകൊണ്ടു രാഹുല്‍ ചോദിച്ചു,“ആരുടെ അഭിപ്രായമാണ് പ്രധാനമന്ത്രി കേള്‍ക്കുന്നത്? അദ്ദേഹം നിങ്ങളുടെ അഭിപ്രായത്തെ മാനിക്കാറുണ്ടോ? അദ്ദേഹത്തിന്റെ മന്ത്രിമാരുടെ അഭിപ്രായത്തെ മാനിക്കാറുണ്ടോ? നിങ്ങള്‍ നിശബ്ദരാണ്… നിങ്ങളുടെ ഉള്ളിലെ വികാരം ഞാന്‍ മനസിലാക്കുന്നു. അത് പുറത്തുകൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. മറ്റുള്ളവരെ കേള്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കണം. പക്ഷേ അതൊക്കെ സാവധാനത്തിലെ നടക്കൂ. ആര്‍ എസ് എസിലെ നിങ്ങളുടെ അദ്ധ്യാപകര്‍ നിങ്ങളെ പഠിപ്പിച്ചത് ലോകത്ത് ഒരു സത്യമെ ഉള്ളൂ എന്നാണ്; നിങ്ങളുടേത് മാത്രം, ഈ ലോകത്തുള്ള മറ്റാരുടെയും അഭിപ്രായം കണക്കിലെടുക്കേണ്ടതില്ല. ഇതാണ് കഴിഞ്ഞ രണ്ടു വര്‍ഷം നിങ്ങള്‍ ഞങ്ങളെ കാണിച്ചുതന്നത്.”

പാകിസ്ഥാനും നാഗ കരാറും പോലുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രി ആരുടേയും അഭിപ്രായം കേള്‍ക്കാറില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനശൈലിയെ കളിയാക്കിക്കൊണ്ടു രാഹുല്‍ പറഞ്ഞു. “മോദി പ്രതിപക്ഷത്തെ വിളിച്ച് പൊടുന്നനെ പറഞ്ഞു അദ്ദേഹം നാഗ പ്രശ്നം പരിഹരിച്ചു എന്ന്. ഞങ്ങള്‍ ആശങ്കപ്പെട്ടു, കാരണം വടക്കുകിഴക്കുള്ള മുഖ്യമന്ത്രിമാര്‍ക്കൊന്നും ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. ആഭ്യന്തരമന്ത്രിക്കും അറിയില്ലായിരുന്നു. ആ കരാര്‍ ഇപ്പോള്‍ എവിടെപ്പോയി? പഫ്!! പറന്നു പോയി.”

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ ഒരു ചെറുകൂട്ടിലാക്കിയ യു പി എ സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ പരിശ്രമങ്ങളെ തന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിലൂടെ മോദി ഒറ്റയ്ക്ക് നശിപ്പിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. യു പി എ “പാകിസ്ഥാനെ കുരുക്കാന്‍ നിരന്തരം ശ്രമിച്ചു. ഞങ്ങളവരെ  അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തി. അവരെ ഒരു ഒറ്റപ്പെട്ട രാഷ്ട്രമാക്കി മാറ്റാന്‍ ഞങ്ങള്‍ ആയിരക്കണക്കിന് മണിക്കൂറുകളുടെ നയതന്ത്ര ശ്രമങ്ങള്‍ നടത്തി. ഞങ്ങളവരെ ഒരു ചെറിയ കൂട്ടില്‍ അകപ്പെടുത്തി. അവരാണ് ആഗോളഭീകരതയെ പിന്തുണക്കുന്നതെന്ന് ഞങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്തി.”

“പ്രധാനമന്ത്രി എന്താണ് ചെയ്തത്? നവാസ് ഷരീഫുമൊത്ത് ഒരു ചായ കുടിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു ആലോചനയുമില്ലാതെ, ഒരു കാഴ്ച്ചപ്പാടുമില്ലാതെ, അദ്ദേഹം പാകിസ്ഥാനിലേക്ക് വഴിതിരിഞ്ഞുപോയി ചായകുടി ചര്‍ച്ചയില്‍ മുഴുകി. പ്രധാനമന്ത്രി ഒറ്റയ്ക്ക് ഞങ്ങളുടെ ആറ് വര്‍ഷത്തെ പണി നശിപ്പിച്ചു.”

എന്തായാലും ഒരൊറ്റ പ്രസംഗം കൊണ്ടുമാത്രം ഒരു നല്ല രാഷ്ട്രീയക്കാരന്‍ ഉണ്ടാകുന്നില്ല. ഇടക്കൊക്കെ കയറിവന്നു ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തെങ്കിലും ചെയ്തുപോകുന്ന തരം രാഷ്ട്രീയശൈലി രാഹുല്‍ ഉപേക്ഷിക്കണം. ദീര്‍ഘമായ ഇടവേളകള്‍ എടുക്കുകയും തനിക്ക് തോന്നുമ്പോള്‍ പൊതുരംഗത്തെത്തുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് ശൈലിയും അയാള്‍ ഉപേക്ഷിക്കണം.

അവകാശത്തെക്കുറിച്ചുള്ള ഒരു കുടുംബാധിപത്യ ബോധവും രാഹുല്‍ ഗാന്ധി കയ്യൊഴിയേണ്ടതുണ്ട്. നേതൃത്വം കുടുംബത്തിലെ തലമുറമാറ്റങ്ങള്‍ വഴി കൈമാറേണ്ട ഒന്നല്ല എന്ന് എന്തുകൊണ്ട് അഴിമുഖം കരുത്തുന്നു എന്നത് മറ്റൊരു കുറിപ്പിനുള്ള വിഷയമാണ്. പക്ഷേ താത്ക്കാലികമായെങ്കിലും, പ്രതിപക്ഷത്തെ നേതൃരാഹിത്യം കണക്കിലെടുത്താല്‍ രാഹുല്‍ ഗാന്ധിക്ക് ഒരു പങ്ക് വഹിക്കാനുണ്ട്. അതിനേറെദൂരം സഞ്ചരിക്കേണ്ടതുമുണ്ട്. തുടക്കക്കാര്‍ക്ക്, ബുധനാഴ്ചത്തെ പ്രസംഗം ചില ശുഭപ്രതീക്ഷകള്‍ നല്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍