UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരുണ്‍ ഗാന്ധിയുടെ കുഞ്ഞിനെ കാണാന്‍ രാഹുല്‍ എത്തിയപ്പോള്‍- ഒരു സാങ്കല്‍പ്പിക കഥ

Avatar

പ്രീപ്പാ ചെല്ലപ്പൻ

 

വരുണി­­ന്റെ ഡയറി

രാവിലെ എഴുന്നേറ്റു. കാര്യമായി പണിയൊന്നുമില്ലാത്തതുകൊണ്ടുതന്നെ എങ്ങോട്ടേക്കും പോകേണ്ടതില്ല. ഇതൊക്കെയാണെങ്കിലും ജീവിതത്തിൽ ഇപ്പോൾ സന്തോഷത്തിന്റെ ദിനങ്ങളാണ്. സന്തോഷത്തിന്റെ കാരണം ഞങ്ങളുടെ കുഞ്ഞാണ്. എന്റെയും യാമിനിയുടെയും അനസൂയ. ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി. അവളുടെ കളിയും ചിരിയും കണ്ട് ഇരിക്കുമ്പോൾ ഒന്നും മനസിലേക്ക് വരില്ല. എന്റെ മണ്ഡലമായ സുൽത്താൻപൂരും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പദവിയും അങ്ങനെ ഒന്നും. എന്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം പോലും മനസിലേക്ക് കടന്നുവരില്ല.

 

സത്യത്തിൽ ഞാൻ അന്ന് മോദിയുടെ തോളിൽ തട്ടി സംസാരിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെയിരിക്കേണ്ടി വരില്ലായിരുന്നു. ആർ.എസ്.എസുകാരെക്കാൾ ഹുന്ദുത്വം തീവ്രമായി സംസാരിച്ചാണ് ഞാൻ ബി.ജെ.പിയിൽ ഇടമുണ്ടാക്കിയത്. 2006ൽ അങ്ങേര് വീണ്ടും മുഖ്യമന്ത്രിയായപ്പോൾ ഞാനും പോയിരുന്നു ആ ചടങ്ങിന്. എന്തൊക്കെയാണെങ്കിലും ഞാൻ നെഹ്‌റുവിന്റെ ചെറുമകൻ അല്ലേ. തീൻമൂർത്തി ഭവനിൽ കളിച്ചുവളർന്ന എന്റെ അച്ഛൻ ഒരു പതിറ്റാണ്ടോളം രാജ്യത്തെ ഉള്ളം കൈയ്യിലിട്ട് അമ്മാനമാടിയിട്ടുണ്ട്. എന്റെ തലവെട്ടം കാണും മുൻപ് അദ്ദേഹം ഇഹലോകവാസത്തിലെത്തിയെങ്കിലും ആ പ്രൗഡി ഇന്നും മനസിൽ നിന്ന് കുടിയിറങ്ങിപ്പോയിട്ടില്ല. അതുകൊണ്ടാകണംമോദിയുടെ തോളിൽത്തട്ടിത്തന്നെ അഭിനന്ദിച്ചു. ഇങ്ങേര് ഇത് വർഷങ്ങൾക്ക് ശേഷവും ഓർത്ത് ഇരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. സത്യം. ഇങ്ങേരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയപ്പോൾ ഞാൻ ചെന്നു കെട്ടിപ്പിടിച്ചു. അപ്പോൾ എന്റെ ചെവിയിൽ അങ്ങേര് പറഞ്ഞത് ഏഴ് വർഷം മുൻപ് അങ്ങേരുടെ തോളിൽത്തട്ടി അഭിനന്ദിച്ചത് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇപ്പോഴും അത് ഓർമ്മയുണ്ടെന്നുമാണ്. എന്തൊരു മനുഷ്യൻ. അത് കാരണം ഇനി പാർട്ടിയിൽ വലിയ സ്‌കോപ്പില്ല. ഇതൊക്കെ വീണ്ടും മനസിലേക്ക് ഓടി വരാൻ ഇന്ന് ചില കാരണങ്ങൾ ഉണ്ട്.

 

കുഞ്ഞിനെ കൈയ്യിലെടുത്ത് ഉലാത്തി നിൽക്കുമ്പോഴാണ് ഗേറ്റിന് മുന്നിൽ പൊലീസിനെയും മറ്റും കണ്ടത്. അധികം താമസിയാതെ  ഗേറ്റ് കടന്നു ഒരു വണ്ടി വരുന്നു. ഭയ്യ വണ്ടിയിൽ നിന്ന് ഇറങ്ങി. സത്യത്തിൽ ഒരുപാട് നാളായി ഭയ്യയെ കണ്ടിട്ട്. പാർലമെന്റ് സമ്മേളനത്തിന് ശേഷം ആദ്യമായി നേരിൽ കാണുകയാണ്. ടി.വിയിൽ പോലും ഇപ്പോൾ കാണാറില്ല. തിരഞ്ഞെടുപ്പിനടുപ്പിച്ച് കണ്ട അഭിമുഖമാകട്ടെ ഒന്നും മനസിലായതുമില്ല. അഭിമുഖമാകെ വിമൻ എംപവർമെന്റും ആർ.റ്റി.ഐയുമെല്ലായിരുന്നല്ലോ. ജനങ്ങളെ കൈയ്യിലെടുക്കാൻ ഭയ്യയ്‌ക്ക് അറിയില്ല. അലസനാണ്. അടുത്തിടെ പാർട്ടിയുടെ യുവജന വിഭാഗം ഭയ്യയുടെ പേര് ഉയർത്തിപ്പിടിച്ച് ഡൽഹിയിലെ തെരുവുകൾ കീഴടക്കിയിരുന്നു. പക്ഷേ എന്ത് പറയാൻ ഭയ്യ പോയില്ല. പ്രവർത്തകർക്ക് നിരാശയായി കാണും. രാജ്യത്ത് ഇല്ലായിരുന്നുവെന്ന് പിന്നീട് അറിഞ്ഞു. പാർട്ടിയെ നോക്കാൻ ഭയ്യയ്‌ക്ക് അറിയില്ല. എനിക്ക് ആണെങ്കിൽ അത് നല്ല വശമുണ്ട്. പറഞ്ഞിട്ട് എന്ത് കാര്യം. എന്റെ പാർട്ടിക്ക് എന്നെ വേണ്ട.

 

 

ഭയ്യയെ കണ്ടപ്പോൾ ഇത്രയും മനസിലൂടെ കടന്നുപോയി. ചിരിച്ചുകൊണ്ടാണ് വരവ്. ഭയ്യ ഇത്ര തുറന്നു ചിരിക്കാറില്ല. എന്റെ കൈയ്യിലിരുന്ന കുഞ്ഞിനെ ഭയ്യ എടുത്തു. ഭയ്യയുടെ കൈയ്യിലുണ്ടായിരുന്ന കളിപ്പാട്ടങ്ങൾ ഞാനും വാങ്ങി. വിവാഹം കഴിച്ചിട്ടില്ലാത്ത ഭയ്യ വാങ്ങിയ കളിപ്പാട്ടങ്ങളും ഉടുപ്പുകളും കുട്ടിക്ക് ചേരുമോയെന്ന് അറിയില്ല. ഇനി വേണം ഇട്ടു നോക്കാൻ.

 

ഇതിനിടെ വീട്ടിലേക്ക് അമ്മ (മാനേക) കയറിവരുമോയെന്ന ഭയം കടന്നുകൂടി. അമ്മ വരില്ലായിരിക്കും. മോദി മന്ത്രിസഭയിൽ അല്ലേ ജോലി. മുഴുവൻ സമയവും പവർ പോയിന്റ് പ്രസന്റേഷൻ അല്ലിയോ ജോലി. ദീദിക്കും (പ്രിയങ്ക) ഭയ്യയക്കും (രാഹുൽ) എനിക്കുമിടയിൽ പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷേ ഈ അമ്മമാർക്ക് ഭയങ്കര ഈഗോയാണ്. അതു പോട്ടെ.

 

ഭയ്യയെ കണ്ടപ്പോൾ യാമിനിക്കും സന്തോഷമായി. അവൾക്ക് ഊണ് തയ്യാറാക്കാനുള്ള തിടുക്കമായി. ഞങ്ങൾ കുഞ്ഞുമായി ആ വരാന്തയിൽ തന്നെ ഇരുന്നു. ഭയ്യയ്‌ക്ക് വലിയ തിരക്കൊന്നുമില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് പല കാര്യങ്ങളും സംസാരിച്ചു. എന്നെ ഒരുപാട് ഉപദേശിച്ചു. ഇങ്ങനെ പോയാൽ നടക്കില്ലെന്നും ഉത്തർപ്രദേശ് പിടിച്ചടക്കണമെന്നുമൊക്കെ. എങ്ങനെ പിടിച്ചടക്കാനാണ്. അവിടെ അല്ലെയോ മോദിയും കൂട്ടരും കാലുറപ്പിച്ചിരിക്കുന്നത്. അമ്മയാണെങ്കിൽ ഇതിനിടെ ഒരു വെടി പൊട്ടിച്ചു. ‌ഞാൻ മുഖ്യമന്ത്രിയാകാൻ യോഗ്യനാണ് അത്രേ. അതോടെ നമ്മുടെ മനസിലിരിപ്പ് പാർട്ടി മനസിലാക്കി. അമിത് ഷാ കാര്യങ്ങൾ മോദിക്ക് കൈമാറി. ഇനിയെന്തുണ്ടാകാൻ. ഇപ്പോൾ അശോകാ റോഡിലെ പാർട്ടി ഓഫീസിലേക്ക് പോലും കടന്നു ചെല്ലേണ്ട കാര്യമില്ല.

 

ഇതൊക്കെയാണെങ്കിലും പാർട്ടിയിലെ എന്റെ ശത്രു ഒന്നാമൻ ആണ്; മോദി തന്നെ. അങ്ങേർക്കാണ് എന്നെ കണ്ടുകൂടാത്തത്. പക്ഷേ രാഹുൽ ഭയ്യയുടെ കാര്യം അതാണോ. കേരളത്തിലെ ഏതോ ഒരു പഴയ മന്ത്രിയാണത്രെ; എ.ഐ.സി.സി മെമ്പർ എന്നൊക്കെ പുള്ളിക്കാരൻ തന്നെ അറിഞ്ഞത്നടപടി വന്നപ്പോഴാണ്. എന്താ അങ്ങേരുടെ പേര്. അത് എന്തെങ്കിലും ആവട്ടെ. അയാൾ വരെ രാഹുൽ ഭയ്യയെ വിമർശിക്കുകയല്ലേ. എന്ത് ചെയ്യാനാണ്. ഞാനായിരുന്നെങ്കിൽ പറഞ്ഞവൻ വിവരം അറിഞ്ഞേനേ.

 

സംസാരത്തിനിടെ ദീദിയെ (ചേച്ചി) ഇറക്കി പാർട്ടി ഒന്ന് ഉടച്ചുവാർത്തുകൂടെയെന്ന് ഞാൻ ഭയ്യയോട്  ചോദിച്ചു. ഭയ്യ അതിനും ചിരികൊണ്ടു മറുപടി പറഞ്ഞു. അളിയൻ ആണോ പ്രശ്നം എന്ന് ചോദിച്ചപ്പോൾ വീണ്ടും ചിരിച്ചു. ഞാൻ പിന്നെ കൂടുതുൽ കുത്തി ചോദിക്കാൻ നിന്നില്ല. കാരണം അത് തന്നെയെന്ന് മനസിലായി. ദീദിയെ ഇറക്കിയാൽ കുറച്ചൊക്കെ പിടിച്ചു കയറി വരാം. അവർക്കാണെങ്കിൽ മുത്തശ്ശിയുടെ ലുക്ക് ഉണ്ടല്ലോ.

 

ഒരു കാര്യം മറന്നു. ഇതിനിടെ അനസൂയ അവളുടെ വലിയച്ചന്റെ കുർത്തയിൽ കാര്യം സാധിച്ചു. എന്റെ കുർത്ത എടുത്തു കൊടുത്തപ്പോൾ അതൊന്നും വേണ്ട,​ ഉണ്ണി മൂത്രം പുണ്യാഹം എന്നായി ഭയ്യ.

 

 

മോദിയുടെ ഭരണമായിരുന്നു പിന്നെ ഞങ്ങളുടെ ചർച്ചാ വിഷയം. മോദി ട്വിറ്റർ തുടങ്ങുന്നതിന് എത്രയോ നാൾ മുൻപെ പാർട്ടിയിലെ നേതാക്കൾക്ക് ട്വിറ്റർ അക്കൗണ്ട് തുറക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയിരുന്നുവെന്നാണ് ഭയ്യയുടെ വേദന. എന്നിട്ടോ. എല്ലാവരും തുറന്നു. പക്ഷേ മോദി ഹിറ്റായി. അപ്പോഴാണ് എനിക്കൊരു സംശയം തോന്നിയത്. ഭയ്യ തുറന്നോ. ഇല്ലെന്നായിരുന്നു മറുപടി. അത് എന്താണെന്ന് ചോദിച്ചപ്പോൾ അതിനൊക്കെ സമയം എവിടുന്നാണെന്നും ഭയ്യ പറയുന്നു. നിർദ്ദേശം കൊടുത്താൽ മാത്രം പോരാ. അത് നടപ്പാക്കുകയും വേണം. എങ്കിലേ മറ്റുള്ളവർ അംഗീകരിക്കു. ഭയ്യയോട് പറഞ്ഞിട്ട് കാര്യമില്ല.

 

ഇതൊക്കെ പറയുമ്പോഴും എന്റെ കാര്യവും കഷ്ടത്തിലാണ്. അമ്മ കേന്ദ്രമന്ത്രിയൊക്കെയാണ്. ഒരു കാര്യവുമില്ല. പാർട്ടിയിൽ എനിക്ക് പ്ളേ ചെയ്യാനൊരു റോളുമില്ല. ഇനി ഇപ്പോ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. മോളെ വളർത്തി വലിയ ആളാക്കണം. അത്ര തന്നെ. 

 

ഭയ്യ നേതൃത്വം നൽകുന്ന പാർട്ടിയിലേക്ക് പോകാൻ പാടില്ലേയെന്നൊക്കെ ചോദിക്കുന്നവരുണ്ട്. അങ്ങനെ പോയാൽ ഈ നൂറ്റാണ്ടിലെ തന്നെ വലിയ കൂടിച്ചേരലായി അത് മാറും. പക്ഷേ ഇപ്പോഴത്തെ പോക്ക് കണ്ടിട്ട്ആ പാർട്ടി പത്ത് വർഷത്തേക്ക് ഗതിപിടിക്കുമെന്ന് തോന്നുന്നില്ല. ഞാൻ ഇപ്പോൾ നിൽക്കുന്നിടത്ത് എനിക്ക് വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും ഭരിക്കുന്ന കക്ഷിയാണല്ലോ. അതുകൊണ്ട് അതേക്കുറിച്ച് ആലോചിക്കുന്നില്ല.

 

ഭയ്യയ്‌ക്ക് മറ്റൊരു പരാതി കൂടിയുണ്ട്. എന്റെ ശത്രുവിനെക്കുറിച്ച് തന്നെ. അങ്ങേര്ആദ്യം പട്ടേലിനെ തട്ടിയെടുത്തുഇപ്പോ ഗാന്ധിയെയും. സംഭവം ശരിയാണ്. ഗാന്ധിയെ തട്ടിയെടുത്താൽ പിന്നെ അക്ബർ റോഡിലെ 24 നമ്പർ വീട് കൊണ്ടു വലിയ കാര്യമില്ല. എന്റെ കാര്യവും കഷ്ടത്തിലാകും. ഞാൻ പിടിച്ചുനിൽക്കുന്നതും ആ വാലിൽ ആണല്ലോ! 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍