UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോല്‍വി ഉറപ്പായി; സമാജ്‌വാദി പാര്‍ട്ടി ഓഫീസിന് മുന്നിലെ രാഹുലിന്റെ കട്ടൗട്ട് അപ്രത്യക്ഷമായി

മുലായം സിംഗ് യാദവിന്റെ കട്ടൗട്ട് വീണ്ടും ഇടംപിടിച്ചു

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പായതോടെ സമാജ്‌വാദി പാര്‍ട്ടി ഓഫീസിന് മുന്നില്‍ വച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ട് അപ്രത്യക്ഷമായി. അഖിലേഷ് യാദവിന്റെ കട്ടൗട്ടും രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ടുമാണ് പാര്‍ട്ടിയുടെ ആസ്ഥാന ഓഫീസായ വിക്രമാദിത്യ മാര്‍ഗില്‍ ഇന്ന് രാവിലെ വരെയുണ്ടായിരുന്നത്.

എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാറായതോടെ രാഹുലിന്റെ കട്ടൗട്ട് നീക്കം ചെയ്യുകയായിരുന്നു. പകരം പാര്‍ട്ടിയുടെ സ്ഥാപക നേതാവും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അച്ഛനുമായ മുലായം സിംഗ് യാദവിന്റെ കട്ടൗട്ട് വീണ്ടും ഇടംപിടിച്ചു. നേരത്തെ കോണ്‍ഗ്രസുമായുള്ള സഖ്യത്തെച്ചൊല്ലിയാണ് ഇരുവരും ഇടഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനും അല്ലാതെയുമുള്ള ചടങ്ങുകളില്‍ രാഹുലും അഖിലേഷും വേദി പങ്കിട്ടിരുന്നു. ഫലം പ്രതികൂലമാണെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ഓഫീസുകളില്‍ ആളൊഴിഞ്ഞ അവസ്ഥയാണ്.

അതേസമയം ഭരണം പിടിച്ചെടുക്കാനാകുമെന്ന് ഉറപ്പായ ബിജെപി സംസ്ഥാനത്ത് ആഹ്ലാദ പ്രകടനം ആരംഭിച്ചു. തൂണിലും തുരുമ്പിലും ബിജെപി, ആരുണ്ട് തോല്‍പ്പിക്കാന്‍ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആഹ്ലാദ പ്രകടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ ഉയര്‍ത്തിയാണ് പ്രകടനങ്ങള്‍ നടത്തുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് യുപിയില്‍ ബിജെപി അധികാരത്തിലെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍