അഴിമുഖം പ്രതിനിധി
ഇന്ത്യയിലെ ക്രിക്കറ്റ് ഭരണത്തെ പരിഷ്‌കരിക്കുന്നതിന് ജസ്റ്റിസ് ലോധ കമ്മിറ്റി മുന്നോട്ടു വച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിസിസിഐ രാഹുല്‍ ജോഹ്രിയെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ബിസിസിഐയുടെ ചരിത്രത്തിലെ ആദ്യ സിഇഒയാണ് രാഹുല്‍ നിയമിതനാകുന്നത്. മാധ്യമ വ്യവസായ രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും.
അദ്ദേഹത്തിന്റെ അനുഭവ പരിജ്ഞാനവും അറിവും ബോര്‍ഡിന് ഗുണകരമാകുമെന്ന് ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ പ്രസ്താവനയില്‍ അറിയിച്ചു.
15 വര്‍ഷമായി രാഹുല്‍ ഡിസ്‌കവറി നെറ്റ് വര്‍ക്‌സില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡിസ്‌കവറി നെറ്റ് വര്‍ക്‌സിന്റെ ഏഷ്യാ പെസഫിക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യയുടെ ജനറല്‍ മാനേജറുമായിരുന്നു അദ്ദേഹം.
ബിസിസിഐ സെക്രട്ടറിക്കാണ് രാഹുല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എന്നാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം അദ്ദേഹത്തിന് ബിസിസിഐ നല്‍കുമോയെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
ക്രിക്കറ്റിലെ ഭരണപരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി മൂന്നംഗ ജസ്റ്റിസ് ആര്‍ എം ലോധ കമ്മിറ്റിയെ നിയോഗിച്ചത് സുപ്രീംകോടതിയാണ്. ഈ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സിഇഒ പദവിയിലേക്ക് രാഹുലിനെ കൂടാതെ മറ്റുപലരേയും ബിസിസിഐ പരിഗണിച്ചിരുന്നു.
2005-ല്‍ ശരദ് പവാര്‍ ബിസിസിഐ തലവനായപ്പോള്‍ സിഇഒയെ നിയമിക്കുന്ന കാര്യം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്ന് അത് നടപ്പിലായില്ല.