UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബാംഗമല്ല, രാഹുലിന് ശബരിമലയില്‍ യാതൊരു അവകാശവുമില്ല: തന്ത്രി കുടുംബം പറയുന്നു

രാഹുല്‍ ഈശ്വറിന് തന്ത്രിയാകാന്‍ അവകാശമില്ലെന്ന് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബാംഗമല്ലെന്ന് തന്ത്രി കുടുംബം. ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യ തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ മകനും രാഹുല്‍ ഈശ്വറിന്റെ അമ്മയുടെ സഹോദരനുമാണ് കണ്ഠരര് മോഹനര്. മക്കത്തായ പ്രകാരമാണ് തന്ത്രിമാരെ നിശ്ചയിക്കുന്നത്, തന്ത്രിയുടെ പെണ്‍മക്കളുടെ മക്കള്‍ക്ക് തന്ത്രിയാകാന്‍ അവകാശമില്ലെന്ന് മോഹനര് ചൂണ്ടിക്കാട്ടി. ദേശീയ മാധ്യമങ്ങളിലുള്‍പ്പടെ തന്ത്രിയുടെ കൊച്ചുമകന്‍, തന്ത്രി കുടുംബാംഗം എന്നീ നിലകളിലാണ് രാഹുല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്. തന്ത്രിയാകാന്‍ അവകാശമുള്ളയാള്‍ എന്ന പ്രതീതിയാണ് രാഹുല്‍ ഈശ്വര്‍ സൃഷ്ടിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഈശ്വറിന് തന്ത്രിയാകാന്‍ അവകാശമില്ലെന്ന് അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സഹാദരിയെ മറ്റൊരു കുടുംബത്തിലേയ്ക്ക് വിവാഹം കഴിച്ച് അയച്ചതോടെ അവര്‍ ആ കുടുംബത്തിന്റെ ഭാഗമായി. രാഹുലിന് ഇവിടെ യാതൊരു അധികാരമോ അവകാശമോ ഇല്ല – മോഹനര് പറഞ്ഞു. രാഹുലിന്റെ പ്രസ്താവനകള്‍ തന്ത്രി കുടുംബത്തിന്റേതല്ലെന്നും മോഹനര് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ വിഷമമുണ്ട്. തന്ത്രി കുടുംബാംഗം എന്ന് പറഞ്ഞ് രാഹുല്‍ നടക്കുകയാണ്. അതിന്റെ തെറ്റിദ്ധാരണ കൊണ്ടായിരിക്കാം അദ്ദേഹം ഞങ്ങളെക്കുറിച്ച് ഇത്തരത്തില്‍ സംസാരിച്ചതെന്നും കണ്ഠരര് മോഹനര് പറഞ്ഞു. സര്‍ക്കാരിനോടോ ദേവസ്വം ബോര്‍ഡിനോടോ തങ്ങള്‍ക്ക് യാതൊരു വിരോധവുമില്ലെന്നും കണ്ഠരര് മോഹനര് പറഞ്ഞു. തന്ത്രിയുടെ ബ്രഹ്മചര്യത്തെ പറ്റിയൊക്കെ ഞങ്ങള്‍ക്കറിയാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചിരുന്നു. ഗുണ്ടാ നേതാവ് ശോഭ ജോണുമായുള്ള ബന്ധവും ഇടപാടുകളും ലൈംഗികാപവാദവുമെല്ലാം ഉയര്‍ന്നതിനെ തുടര്‍ന്ന് തന്ത്രിയുടെ ചുമതലയില്‍ നിന്ന് 2006ലാണ് മോഹനരെ നീക്കിയത്. മോഹനരെ തന്ത്രി സ്ഥാനത്ത് പുനര്‍നിയമിക്കാമെന്ന് ദേവ പ്രശ്‌നം പറയുകയും കഴിഞ്ഞ ജൂണില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കി സ്ത്രീ പ്രവേശനം തടയാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നു എന്ന് പറഞ്ഞ രാഹുലിനെ കലാപാഹ്വാനത്തിന്റെ പേരില്‍ രണ്ടാമതും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തന്ത്രി കുടുംബത്തിന്റെ പ്രതികരണം. സ്ത്രീകളെ ഭീഷണിപ്പെടുത്തി ശബരിമല സന്നിധാനത്തേയ്ക്ക് പോകുന്നത് തടഞ്ഞു എന്ന് പറഞ്ഞാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 14 ദിവസം റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞ ശേഷമാണ് രാഹുല്‍ പുറത്തിറങ്ങിയത്.

രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബാംഗമാണോ? ഇതാണ് വസ്തുതകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍