UPDATES

വയനാടിന്റെ റെയില്‍വേ യാഥാര്‍ഥ്യമാകുന്നത് ആര്‍ക്കാണ് പ്രശ്നം?

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയെ തഴഞ്ഞാണ് ഒരു വിധത്തിലുമുള്ള പ്രാഥമിക നടപടികളും നടത്താതെ തലശ്ശേരി-മൈസുരു പാതയെ കേരളത്തിന്റെ റെയില്‍ പദ്ധതികളുടെ മുന്‍ഗണനാപ്പട്ടികയില്‍ ചേര്‍ത്തത്

കാലമേറെയായ് വയനാട് ചൂളം വിളി കേള്‍ക്കാന്‍ കാത്ത് നില്‍ക്കുന്നു. എന്നാല്‍ വയനാടിന്റെ റെയില്‍ എന്ന ചിരകാല സ്വപ്നപദ്ധതി ഇനിയും എങ്ങുമെത്തിയിട്ടില്ല. അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് പലയിടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുമ്പോഴും വേണ്ടപ്പെട്ടവര്‍ ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കാലങ്ങളായി ജില്ല അഭിമുഖീകരിക്കുന്ന അവഗണനക്ക് ഇതില്‍ പരം മറ്റൊരു ഉദാഹരണം എടുത്തു കാണിക്കാനില്ല.

കൊച്ചിയില്‍ നിന്ന് ഏഴു മണിക്കൂര്‍ കൊണ്ട് ബെംഗളൂരു എത്താവുന്ന ലൈനാണ് നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ പാത. ഒരു മണിക്കൂര്‍ കൊണ്ട് വയനാട്ടില്‍ നിന്ന് മൈസൂരിലും മൂന്ന് മണിക്കൂര്‍ കൊണ്ട് ബെംഗളരുവിലും നാല് മണിക്കൂര്‍ കൊണ്ട് കോയമ്പത്തൂരിലും എത്താം. കേരളത്തിന് മാത്രമല്ല മൈസൂര് – കോയമ്പത്തൂര്‍ പാത കൂടിയാണിത്. നിലവില്‍ മൈസൂര് നിന്ന് റെയില്‍ മാര്‍ഗം കോയമ്പത്തൂര്‍ എത്തണമെങ്കില്‍ ബെംഗളുരു വഴിയേ എത്താന്‍ കഴിയൂ. എന്നാല്‍ നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ പാത യാഥാര്‍ത്ഥ്യമായാല്‍ ഷൊര്‍ണൂര്‍-പാലക്കാട് വഴി എളുപ്പത്തില്‍ കോയമ്പത്തൂരിലെത്താന്‍ കഴിയും.

കേരളം കമ്പനി രൂപവത്ക്കരിച്ച് നടപ്പിലാക്കാന്‍ കണ്ടെത്തിയ ഏഴ് റെയില്‍വേ പദ്ധതികളില്‍ നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ പാതക്ക് മുന്‍ഗണനാ ക്രമത്തില്‍ മൂന്നാം സ്ഥാനമാണ്. പിന്നീട് മുന്‍പ് പരിഗണിക്കപ്പെടാതിരുന്ന തലശ്ശേരി – മൈസൂര്‍ പാത കൂടി കമ്പനി രൂപവത്ക്കരിച്ച് നടപ്പാക്കാനുള്ള പദ്ധതിയില്‍ എട്ടാമതായി എഴുതിച്ചേര്‍ത്തു. ഒപ്പം ഈ പാതയുടെ പ്രാഥമിക പഠനം നടത്താനായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയെ തഴഞ്ഞാണ് ഒരു വിധത്തിലുമുള്ള പ്രാഥമിക നടപടികളും നടത്താതെ തലശ്ശേരി-മൈസുരു പാതയെ കേരളത്തിന്റെ റെയില്‍ പദ്ധതികളുടെ മുന്‍ഗണനാപ്പട്ടികയില്‍ ചേര്‍ത്തത്.

ബെംഗളരൂവില്‍ നിന്ന് കൊച്ചിയിലേക്കുള്ള എളുപ്പപാത എന്ന നിലയില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ പാത വയനാടിന്റെ ഭാവി വികസനത്തില്‍ വലിയ പങ്ക് വഹിക്കും. പ്രത്യേകിച്ച് കാര്‍ഷിക രംഗത്തും വിനോദ രംഗത്തും അത് പുത്തന്‍ ഉണര്‍വ്വ് ഉണ്ടാക്കും.

‘കേരളത്തിന്റെ ഭാവി വികസനത്തിന് നിര്‍ണായകമാണ് ഈ പാത. കൊച്ചിയില്‍ നിന്നു ബെംഗളരുവിലേക്കും വേഗത്തില്‍ എത്താന്‍ സഹായിക്കുന്നതിനൊപ്പം ഐടി, ടൂറിസം മേഖലകളില്‍ വലിയ വികസനം ഉണ്ടാക്കാന്‍ കഴിയും. പ്രത്യേകിച്ച് കൊച്ചി, വിഴിഞ്ഞം തുറമുഖ വികസനത്തിനും ഈ പാത ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല.’ : നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വെ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ. ടി.കെ റഷീദ് പറയുന്നു.

2016-17 ലെ റെയില്‍ ബജറ്റില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതക്ക് അനുമതി ലഭിക്കുകയും നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനിച്ച പദ്ധതികളില്‍ ഉള്‍പ്പെടുത്തി ‘പിങ്ക്’ ബുക്കില്‍ ചേര്‍ക്കുകയും അതില്‍ 50 ശതമാനം കേന്ദ്രത്തിന്റെ വിഹിതവും പ്രഖ്യാപിച്ചതാണ്. തുടര്‍ന്ന് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വരുത്താത്ത രീതിയില്‍ കമ്പനി രൂപവത്ക്കരിച്ച് പദ്ധതി നടപ്പാക്കാനായി കേന്ദ്രവുമായി കരാര്‍ ഒപ്പിട്ടു.

പാതക്ക് വേണ്ടി ധനസമാഹരണം നടത്തണമെങ്കില്‍ അന്തിമ സര്‍വ്വെ നടത്തി വിശദമായ പദ്ധതി രേഖ തയ്യാറാക്കണമെന്നാണ്. ഇതിനായി ഡി.എം.ആര്‍.സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍) യെ ചുമതലപ്പെടുത്തുകയും ചെലവിനായി എട്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ തുക ഡി.എം.ആര്‍.സിക്ക് നല്‍കാനായി സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം ഡി.എം.ആര്‍.സി സര്‍വ്വേക്കുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും പ്രാഥമിക ജോലിക്കുള്ള പുറം കരാറുകള്‍ നല്‍കുകയും ചെയ്ത ശേഷം കഴിഞ്ഞ ജൂലായ് 23ന് ആദ്യഘട്ടം 2 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ഡി.എം.ആര്‍.സിക്ക് പണം നല്‍കാതെ അന്തിമ സര്‍വ്വെ വൈകിപ്പിച്ച് പദ്ധതി അട്ടിമറിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

‘നിലവില്‍ വയനാട്ടില്‍ നിന്നും ബെംഗളരുവിലേക്ക് 8 മണിക്കൂര്‍ യാത്ര ഉണ്ട്.അത് വലിയ യാത്ര ക്ലേശമാണ് ഞങ്ങള്‍ക്ക് ഉണ്ടാക്കുന്നത്.പ്രത്യേകിച്ച് ബെംഗളരുവില്‍ നിന്ന് വയനാട്ടിലെ വീട്ടിലേക്ക് വരണമെങ്കില്‍ ക്ലാസ് ലീവാക്കി രാവിലെ പോരണം. പ്രതീക്ഷിച്ച വണ്ടി കിട്ടിയില്ലെങ്കില്‍ രാത്രി യാത്ര നിരോധനം ഉള്ളത് കൊണ്ട് കാട്ടില്‍ അകപ്പെടേണ്ടിയും വരും’, ബെംഗളരു രാജരാജേശ്വരി കോളേജില്‍ രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിയായ കല്‍പ്പറ്റ സ്വദേശിനി അഞ്ജന പറയുന്നു.

ഷൊര്‍ണൂരില്‍ നിന്ന് തലശ്ശേരി വഴി നിര്‍ദിഷ്ട പാതയിലൂടെ മൈസൂരിലെത്താന്‍ 344 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടി വരുമ്പോള്‍ നിലമ്പൂര്‍-നഞ്ചന്‍കോട് വഴി ഇത് 240 കിലോ മീറ്റര്‍ ദൂരം മാത്രമേ വരൂ. തലശ്ശേരി – മൈസൂരു പാതക്ക് 190 കിലോ മീറ്റര്‍ ദൂരം വരുമ്പോള്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതക്ക് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ.ശ്രീധരന്‍ നിര്‍ദ്ദേശിച്ചത് 152 കിലോ മീറ്റര്‍ അലൈന്‍മെന്റൊണ്. തലശ്ശേരിയിലെയും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കച്ചവട ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെ തഴയുന്നതെന്നുമാണ് ഈ കാര്യത്തില്‍ നീലഗിരി വയനാട് നാഷണല്‍ ഹൈവെ ആന്‍ഡ് റെയില്‍വെ ആക്ഷന്‍ കമ്മറ്റി പറയുന്നത്. കേരളത്തിന്റെ വികസനമാണ് അവര്‍ തടയുന്നത്. പ്രത്യേകിച്ച് റോഡ് മാര്‍ഗ്ഗം ബിസിനസ്സ് ചെയ്യുന്നവരാണ് അതില്‍ ഏറ്റവും പ്രധാനമെന്നും ഇവര്‍ പറയുന്നു.

എല്ലാവരും ഒത്തുപിടിച്ചാല്‍ ആറ് വര്‍ഷത്തിനുള്ളില്‍ നഞ്ചന്‍കോട് വയനാട് നിലമ്പൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാകുമെന്നാണ് ഇ.ശ്രീധരന്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ കല്‍പറ്റയില്‍ പറഞ്ഞത്. ഈ വാക്കുകള്‍ പുത്തന്‍ പ്രതീക്ഷകള്‍ വയനാട് റെയില്‍ സ്വപ്നത്തിന് നല്‍കിയിട്ടുണ്ട്. കൊങ്കണ്‍ റെയില്‍വെ 700 കിലോ മീറ്റര്‍ ഏഴു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നഞ്ചന്‍കോട് വയനാട് നിലമ്പൂര്‍ പാതക്ക് അത്രക്ക് ദൂരവുമില്ല. അനുമതി ലഭിച്ചാല്‍ ഒന്നര വര്‍ഷം കൊണ്ട് തന്നെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നും ശ്രീധരന്‍ പറയുന്നു.

നിര്‍മ്മാണ ചിലവ് കൂടുതലാണെന്നാണ് പാതക്കെതിരെയുള്ള മറ്റൊരാക്ഷേപം. എന്നാല്‍ പുതിയ അലൈന്‍മെന്റില്‍ പാതയുടെ നീളം 236 കിലോമീറ്ററില്‍ നിന്ന് 162.5 കിലോമീറ്ററില്‍ ആയി കുറച്ചിട്ടുമുണ്ട്. 101.1 കിലോമീറ്റര്‍ കേരളത്തിലൂടെയും 60.6 കിലോമീറ്റര്‍ കര്‍ണാടകത്തിലൂടെയുമാണ് പാത കടന്നുപോകുന്നത്. അതില്‍ തന്നെ ചില പരിസ്ഥിതി വാദികള്‍ പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാണിക്കുമ്പോള്‍ കേരളത്തില്‍ 22 കിലോമീറ്ററും കര്‍ണാടകത്തില്‍ 13.5 കിലോമീറ്ററും മാത്രമാണ് സംരക്ഷിത വനത്തില്‍ കൂടി കടന്ന് പോകുന്നത്. ‘പാത സാധ്യമായാല്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡില്‍ ഇല്ലാതാവും. ഇത് കേരള – കര്‍ണാടക അതിര്‍ത്തി വനത്തില്‍ വലിയ രീതിയിലുള്ള അന്തരീക്ഷ മലിനീകരണത്തെ കുറയ്ക്കാന്‍ സഹായകമാവുകയും ചെയ്യും’എന്നും അഡ്വ. ടി.കെ റഷീദ് പറയുന്നു.

റെയില്‍വെയുടെ കാര്യത്തില്‍ സര്‍വെ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ രണ്ട് സംസ്ഥാനങ്ങളും സര്‍വെ സംബന്ധിച്ച് വിജ്ഞാപനം ചെയ്ത് ജനങ്ങളെ വിവരം അറിയിക്കേണ്ടതുണ്ട്. റെയില്‍വേയെ സംബന്ധിച്ച് വലിയ ലാഭമുള്ള ഒരു പദ്ധതിയാണിത്. മറ്റ് പാതകളെ അപേക്ഷിച്ച് നിര്‍മ്മാണച്ചിലവ് കുറവും.

പാത കടന്ന് പോകുന്ന പല മേഖലകളും ആള്‍പ്പാര്‍പ്പില്ലാത്തതും തരിശ് പ്രദേശങ്ങളും ആയത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുമുണ്ട്. വയനാട്ടില്‍ എത്തിയാല്‍ തന്നെ കൂടുതലും എസ്റ്റേറ്റ് പ്രദേശങ്ങളുമാണ്. പാത കടന്ന് നിലമ്പൂരില്‍ എത്തിയാലും നിലമ്പൂര്‍ ഒരു വലിയ ടൗണ്‍ അല്ലാത്തതും പ്രശ്‌നമാകില്ല. പ്രത്യേകിച്ച് പാതയില്‍ 22 കിലോമീറ്ററോളം തുരങ്കപാതയായിട്ടായിരിക്കും ഉണ്ടാവുക; നിലവില്‍ ഇത്തരം ഘടകങ്ങള്‍ എല്ലാം നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ പാതയ്ക്ക് അനുകൂലമാണ്.

പദ്ധതി പൂര്‍ത്തീകരണത്തിന് ഏകദേശം 5000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 2500 കോടി രൂപ പൊതു കടമെടുപ്പിലൂടെയും ബാക്കി 2500 കോടി രൂപ കേരള-കര്‍ണാടക സര്‍ക്കാരുകളും റെയില്‍വെയും ചേര്‍ന്നാണ് മുതല്‍ മുടക്കേണ്ടത്. പാതയുടെ നീളം അനുസരിച്ച് മുതല്‍ മുടക്ക് കണക്കാക്കിയാല്‍ കേരളത്തിന് 800 കോടിയും കര്‍ണാടകത്തിന് 500 കോടി രൂപയും മതി. ഈ പണം ആറ് വര്‍ഷം കൊണ്ട് മാത്രം ചിലവാക്കിയാല്‍ മതി.

‘വിശദമായ പദ്ധതി രേഖ തയ്യാറാക്കാനായി ഡി.എം.ആര്‍.സിക്ക് വാഗ്ദാനം ചെയ്ത എട്ട് കോടി രൂപ അനുവദിക്കും. നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് പുതിയ ഗവണ്‍മെന്റ് എല്ലാ വിധത്തിലുമുള്ള സഹായങ്ങളും ചെയ്യും’ എന്ന് കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ പറയുന്നു.
പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമൊന്നും ചുവപ്പ് നാടയില്‍ ഒതുങ്ങിയില്ലെങ്കില്‍ വയനാട് റെയില്‍വെ യാഥാര്‍ഥ്യമാവും. ആ പച്ചക്കൊടി വയനാട്ടില്‍ വീശിയാല്‍ അത് ഒരു പുതിയ ചരിത്രവും ആവും. അതിന് ഇനി വേണ്ടത് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ.ശ്രീധരന്‍ പറഞ്ഞതുപോലെ എല്ലാവരും കൂടി ഒത്തു പിടിക്കേണ്ടിയിരിക്കുന്നു എന്നതാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍