UPDATES

ട്രെന്‍ഡിങ്ങ്

മാവോയിസ്റ്റ് വേട്ടയുടെ പേരിലെ സ്ത്രീപീഡനങ്ങള്‍ വെളിപ്പെടുത്തിയ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

അച്ചടക്കം ലംഘിച്ചെന്ന് പറഞ്ഞാണ് ഡെപ്യൂട്ടി ജെയിലറായ വര്‍ഷ ദോന്‍ഗ്രയെ സസ്‌പെന്‍ഡ് ചെയ്തത്‌

റായ്പൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി വര്‍ഷ ദോന്‍ഗ്രയെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസി പെണ്‍കുട്ടികള്‍ പോലീസ് സ്‌റ്റേഷനില്‍ കൂട്ടബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് ഇവരെ അച്ചടക്കരഹിതമായ പെരുമാറ്റത്തിന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ബസ്റ്റാറിലെ മുതലാളിത്ത വ്യവസ്ഥിതി തകരില്ലെന്നും ആദിവാസികള്‍ അവര്‍ക്ക് സ്വന്തമായ മണ്ണ് ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വര്‍ഷയുടെ പോസ്റ്റ്. ഛത്തീഗഢ് സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. സുക്മയില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു വര്‍ഷയുടെ പോസ്റ്റ്. ആദിവാസി ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെടുന്നുവെന്നും അവിടങ്ങളിലെ സ്ത്രീകള്‍ ബലാത്സംഗങ്ങള്‍ക്ക് ഇരയാകുന്നുവെന്നും അവര്‍ തന്റെ പോസ്റ്റിലൂടെ വെളിപ്പെടുത്തി.

കൂടാതെ മാവോവാദി വേട്ടയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദിവാസി പെണ്‍കുട്ടികളെ പോലീസ് സ്‌റ്റേഷനുകളില്‍ നഗ്നരാക്കി നിര്‍ത്തുന്നതായും ഈ പോസ്റ്റില്‍ പറയുന്നുണ്ട്. ജയില്‍ ഡിഐജി കെകെ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ പോസ്റ്റും ഇതിലെ വസ്തുതകളും പരിശോധിച്ചു വരികയായിരുന്നെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രി രമണ്‍ സിംഗും വര്‍ഷയുടെ വ്യക്തിപരമായ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിച്ചെന്നും ഇത്തരം പരാമര്‍ശങ്ങളുടെ അനന്തരഫലം അവര്‍ക്കറിയില്ലേയെന്ന് ചോദിച്ചെന്നും ഈ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ പരാതികള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തനിക്കെതിരെ നടപടിയുണ്ടായിട്ടും ഫേസ്ബുക്കില്‍ നിന്നും തന്റെ പോസ്റ്റ് നീക്കം ചെയ്യാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍