UPDATES

വാര്‍ത്തകള്‍

രാജ്താക്കറെ കോണ്‍ഗ്രസ് എന്‍സിപി മുന്നണിയോട് അടുക്കുന്നു; മോദിയും അമിത്ഷായും രാജ്യത്തിന് ഭീഷണി

നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി കോണ്‍ഗ്രസ് മുന്നണിയുമായി സഹകരിക്കാമെന്നാണ് രാജ്താക്കറെയുടെ പ്രതീക്ഷ

മഹാരാഷ്ട്രയില്‍ രാജ്താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി രഹസ്യ ധാരണയിലെത്തിയതായി സൂചന. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെങ്കിലും ബിജെപിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്താക്കറെ പറഞ്ഞു.

‘ഇന്ത്യയ്ക്ക് രണ്ട് ഭീഷണികളാണ് ഉള്ളത്. നരേന്ദ്ര മോദിയും അമിത് ഷായും.’ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പൊതുയോഗത്തില്‍ രാജ് താക്കറെ പറഞ്ഞു. എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരുന്നില്ലെങ്കിലും ബിജെപിക്കെതിരായ പ്രചാരണങ്ങളില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രചാരണങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിനും എന്‍സിപിയ്ക്കും നേട്ടമുണ്ടാകുന്നെങ്കില്‍ അങ്ങനെ സംഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ആക്രമണം നടന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ആക്രമികള്‍ക്ക് ആര്‍ഡിഎക്‌സ് ലഭിച്ചതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ നല്ല കാര്യങ്ങള്‍ ചെയ്യുമെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.

എന്‍സിപി കോണ്‍ഗ്രസ് നേതാക്കളുമായി വേദി പങ്കിടില്ലെങ്കിലും അവര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുമെന്നാണ് രാജ്താക്കറെ നല്‍കുന്ന സൂചന. പശ്ചിമ മഹാരാഷ്ട്രയിലും മറാത്ത് വാഡയിലുമാണ് രാജ്താക്കറെ പ്രധാനമായും പ്രചാരണം നടത്തുക. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി ധാരണയിലെത്താന്‍ കഴിയുമെന്നാണ് രാജ്താക്കറെയുടെ പ്രതീക്ഷ.

മഹാരാഷ്ട്രയില്‍ 48 സീറ്റുകളാണ് ലോക്‌സഭയിലേക്കുള്ളത്. എന്‍സിപിയും കോണ്‍ഗ്രസും 26 ഉം 22 സീറ്റുകളിലാണ് മല്‍സരിക്കുന്നത്.

കടുത്ത എതിര്‍പ്പ് നേരത്തെ പ്രകടപ്പിച്ചെങ്കിലും ശിവസേന ബിജെപിയുമായി തെരഞ്ഞെടുപ്പ് ധാരണയിലെത്തിയിരുന്നു. 25 സീറ്റില്‍ ബിജെപിയും 23 സീറ്റില്‍ ശിവസേനയുമാണ് മല്‍സരിക്കുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 23 ഉം ശിവസേനയ്ക്ക് 18 സീറ്റുകളാണ് ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍