UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശോഭ സുരേന്ദ്രനെതിരെ രാജഗോപാല്‍: യുവാക്കളുടെ വികാര പ്രകടനമായി കണ്ടാല്‍ മതിയെന്ന് നിയമസഭയില്‍

ഗവര്‍ണറെ അപമാനിക്കുകയെന്ന ലക്ഷ്യം തന്റെ പാര്‍ട്ടിക്കില്ലെന്നും രാജഗോപാല്‍

ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന ശോഭ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ ഒ രാജഗോപാല്‍ എംഎല്‍എ. യുവാക്കളുടെ വികാര പ്രകടനമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണറെ അപമാനിക്കുകയെന്ന ലക്ഷ്യം തന്റെ പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ കസേരയില്‍ നിന്നും ഇറങ്ങിപ്പോകണമെന്ന് ഇന്നലെ ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ വച്ച് ആവശ്യപ്പെട്ടിരുന്നു. പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രന്റെയും വിമര്‍ശനം ഉയര്‍ന്നത്. കണ്ണൂരിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ അദ്ദേഹത്തിന് നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രതീക്ഷ തെറ്റിച്ച് ഈ നിവേദനം കേന്ദ്ര സര്‍ക്കാരിന് കൈമാറാതെ മുഖ്യമന്ത്രിയ്ക്ക് കൈമാറുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഇതാണ് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ തിരിയാന്‍ കാരണം.

കണ്ണൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പ്രഖ്യാപിക്കണമെന്നാണ് രാജഗോപാലിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇതിനായി ഗവര്‍ണറുടെ സവിശേഷ അധികാരം ഉപയോഗിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിവേദനമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ സഹായം ആവശ്യമില്ലെന്നാണ് ബിജെപി നേതാക്കള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍