UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡെ. സ്പീക്കര്‍ തെരഞ്ഞെടുപ്പ്; രാജേട്ടന്‍ എന്തുകൊണ്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണന് വോട്ട് ചെയ്യും?

ഇന്ദു

നാളെ നടക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ആര്‍ക്കുവോട്ട് ചെയ്യും? സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പി. ശ്രീരാമകൃഷ്ണന് വോട്ട് ചെയ്ത രാജഗോപാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഫിന്റെ തന്നെ വി ശശിക്കായിരിക്കുമോ വോട്ട് ചെയ്യുക!

എന്നാല്‍ ഇത്തവണത്തെ വോട്ട് യുഡിഎഫിന് ആയിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രാജഗോപാലിന്റെ രാഷ്ട്രീയവിശ്വാസം കണക്കിലെടുത്താണ് ഇത്രമൊരു നിഗമനം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് ഐ സി ബാലകൃഷ്ണന്‍ എന്നാണ്. ബാലകൃഷ്ണന്‍ എന്നാല്‍ സാക്ഷാല്‍ കൃഷ്ണന്‍ തന്നെ. ഭഗവത്‌നാമധാരിയായ ഒരാള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് രാജഗോപാല്‍ വോട്ട് ചെയ്യേണ്ടത്! ഈശ്വരാധീനത്തില്‍ സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഡെപ്യൂട്ടി സ്പീക്കര്‍ ആയാലോ! അതില്‍പരം സുകൃതം നിയമസഭയ്ക്കുണ്ടാകാനുണ്ടോ? സാക്ഷാല്‍ മഹാവിഷ്ണുവിന്റെ അംശാവതരാങ്ങളായ രാമനും കൃഷ്ണനുമല്ലേ സഭയുടെ നാഥനും ഉപനാഥനുമായി വരിക. നൈഷ്ഠികവിശ്വാസിയായ രാജേട്ടന്റെ അടുത്ത അഞ്ചുവര്‍ഷക്കാലം ജീവിതത്തിലെ പുണ്യകാലമെന്നല്ലാതെ എങ്ങനെ വര്‍ണിക്കാന്‍. ഒരുപക്ഷേ ഇത്രയും നാള്‍ രാജേട്ടന്‍ തോറ്റു നടന്നതുപോലും ഇതുപോലെ ഈശ്വരസാന്നിധ്യമുള്ളൊരു സഭയില്‍ അംഗമാകാനായിരിക്കുമെന്ന് സംശയിക്കുന്നവരും കുറവല്ല.

പക്ഷേ രാജേട്ടനെപോലെ സാത്വികരല്ല എല്ലാ രാഷ്ട്രീയക്കാരും. വിശ്വാസരാഷ്ട്രീയത്തെക്കാള്‍ രാഷ്ട്രീയവിശ്വാസമാണ് അവര്‍ക്ക് പഥ്യം. എത്രവന്നാലും രാജഗോപാല്‍ എന്ന ബിജെപി എംഎല്‍എയുടെ വോട്ട് വേണ്ടെന്ന വാശിയിലാണ് ചില കോണ്‍ഗ്രസുകാര്‍. അവരില്‍ പ്രധാനിയാണ് തൃത്താല എംഎല്‍എ വി ടി ബലറാം. ബലറാം തന്റെ കര്‍മമണ്ഡലമായ ഫെയ്‌സ്ബുക്കില്‍ രാജഗോപാലിന് മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ബലറാമിന്റെ ഫെയ്‌സ്ബുക്ക് ഫ്രണ്ടല്ലാത്തവര്‍ക്കായി ആ പോസ്റ്റ് ഇവിടെ കൊടുക്കുന്നു;

നാളെ നടക്കാനിരിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ബിജെപി എംഎല്‍എ ശ്രീ. ഒ.രാജഗോപാലിനോട് പ്രത്യേകം അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കാരണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആളുടെ പേര് ഐ.സി. ‘ബാലകൃഷ്ണന്‍’ എന്നാണ്.

ഇത് കാര്യത്തില്‍ പറഞ്ഞതാണോ അതോ നേമം എംഎല്‍എയെ തൃത്താല എംഎല്‍എ പരിഹസിച്ചതാണോ എന്നും സംശയമുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ വോട്ടും പിന്നാലെ വന്ന വാക്കുകളും ഓര്‍ത്തിരിക്കുന്നവര്‍ക്കൊക്കെ ന്യായമായും സംശയിക്കാം നാളെ രാജേട്ടന്റെ വോട്ട് ബാലകൃഷ്ണനായിരിക്കുമെന്ന്. ത്രേതായുഗത്തിലെ രാമനും ദ്വാപരയുഗത്തിലെ കൃഷ്ണനും ചേര്‍ന്നുള്ള ശ്രീരാമകൃഷ്ണനെന്നപേരും ശ്രീത്വം വിളയുന്ന ആ മുഖവും കണ്ടിട്ടാണ് എല്‍ഡിഎഫിന് അനുകൂലമായി രാജേട്ടന്‍ തീരുമാനം എടുത്തത്. ധര്‍മത്തിന്റെ രൂപമായ രാമനും ധര്‍മം പുനസ്ഥാപിക്കാനെത്തിയ കൃഷ്ണനും ഒത്തുചേര്‍ന്നൊരാളായതുകൊണ്ടാണ് ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതെന്നു പറയാന്‍ മടികാണിക്കാതിരുന്ന രാജേട്ടന് നാളെ ബാലകൃഷ്ണനോടുള്ള ഭക്തിവാല്‍സല്യം ചുരന്നില്ലെങ്കിലാണ് അത്ഭുതം. എന്തുകൊണ്ട് യുഡിഎഫിന് വോട്ട് ചെയ്തതെന്നു ആരെങ്കിലും ചോദിച്ചാല്‍ ഭാഗവതത്തില്‍ നോക്കി ന്യായീകരണം പറഞ്ഞാല്‍ മതി.

പക്ഷേ ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നത് പേരില്‍ കൃഷ്ണനുണ്ടെങ്കിലും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള എംഎല്‍എയ്ക്ക് രാജേട്ടന്‍ വോട്ട് ചെയ്യില്ലെന്നാണ്. സ്വന്തം പാര്‍ട്ടിക്കാരനായ ഗോപിനാഥ് മുണ്ടെ മരിച്ചപ്പോഴും സ്വന്തം അണിയുടെ മൃതദേഹം വച്ച പാര്‍ട്ടിയോഫീസില്‍ ഇനി കയറില്ലെന്നു പറഞ്ഞപ്പോഴുമെല്ലാം കണ്ട രാജേട്ടനിലെ സവര്‍ണ സംഘിക്ക് ഐ സി ബാലകൃഷ്ണനെ പോലെയൊരു പട്ടിക വര്‍ഗ്ഗ വിഭാഗ എംഎല്‍എയ്ക്ക് വോട്ട് ചെയ്യാന്‍ എങ്ങനെ സാധിക്കുമെന്നാണവര്‍ ചോദിക്കുന്നത്. അതുകൊണ്ട് ബാലകൃഷ്ണനോ ശശിക്കോ വോട്ടിടാതെ രാജേട്ടന്‍ മറ്റൊരു പി സി ജോര്‍ജ് ആയി മാറുമെന്നതായിരിക്കും നാളത്തെ പ്രധാന സഭാവിശേഷമെന്ന് രാഷ്ട്രീയ ജ്യോതിഷികള്‍ പ്രവചിക്കുന്നു…പിന്നുള്ളതെല്ലാം ഇശ്വരേച്ഛ പോലെ…

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍