UPDATES

രാജന്‍ നായര്‍ അന്താരാഷ്‌ട്ര കുത്തകയായ കാഡ്ബറിയിലെ ഉദ്യോഗസ്ഥനായിരുന്നു; എന്നാലിന്ന് അവരുടെ അഴിമതിക്കെതിരെ നിയമയുദ്ധത്തിലാണ്

എല്ലാ അഴിമതി വിരുദ്ധ പോരാളികളെയും പോലെ രാജന്‍ നായരുടെ ജീവിതം വലിയ ചോദ്യചിഹ്നമായി തീരുകയാണ്.

പൊതുമേഖല സ്ഥാപനങ്ങള്‍ നടത്തുന്ന അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരാനുള്ള നിരവധി സാധ്യതകള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് ബഹുരാഷ്ട്ര കുത്തകകളെ സംബന്ധിച്ചിടത്തോളം ഇത്തരം നിയമങ്ങള്‍ ഒരിക്കലും ഫലപ്രദമാകാറില്ല. ഭോപ്പാല്‍ വാതക ദുരന്തം പോലെയുള്ള കേസുകളില്‍ ഒരു രാജ്യം മുഴുവന്‍ ഇരകളോടൊപ്പം നിന്നിട്ടും ദുരന്തത്തിന് ഉത്തരവാദിയായ ബഹുരാഷ്ട്ര കുത്തക കമ്പനി വലിയ പോറലേല്‍ക്കാതെ രക്ഷപ്പെട്ടത് ഇതിന് പ്രത്യക്ഷ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. എന്നാല്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തിലെ സുരക്ഷ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ആ കമ്പനി നടത്തിയ അഴിമതിക്കെതിരെ പോരാടിയതിന്റെ പേരില്‍ വ്യത്യസ്തനാവുകയാണ് രാജന്‍ നായര്‍ എന്ന മലയാളി. കാഡ്ബറി എന്ന സ്വന്തം കമ്പനി നടത്തിയ അഴിമതി വെളിച്ചത്ത് കൊണ്ടുവന്നു കൊണ്ടാണ് രാജന്‍ നായര്‍ പുതിയ പാത വെട്ടിത്തുറന്നത്.

ഹിമാചല്‍ പ്രദേശിലെ ബദ്ദിയില്‍ കമ്പനി ആരംഭിച്ച പുതിയ നിര്‍മ്മാണശാലയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിന്റെ അന്വേഷണത്തിലൂടെയാണ് രാജന്‍ നായര്‍ ശ്രദ്ധേയനായത്. നികുതി ഇളവുകള്‍ ലഭിക്കുന്നതിനായി ത്വരിതഗതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശാലയ്ക്ക് വേണ്ടി കമ്പനി വലിയ തുക കൈക്കൂലിയായി നല്‍കി എന്ന വാര്‍ത്ത പുറത്തുവരുന്നത് 2010 ഒക്ടോബറിലാണ്. കമ്പനിയുടെ സുരക്ഷ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആളെന്ന നിലയില്‍ ഇക്കാര്യം അന്വേഷിക്കേണ്ട ചുമതല രാജന്‍ നായരില്‍ നിക്ഷിപ്തമായിരുന്നു. സഹപ്രവര്‍ത്തകര്‍ നടത്തിയ അഴിമതി അന്വേഷിക്കുക ബുദ്ധിമുട്ടായിരുന്നെങ്കിലും അദ്ദേഹം തന്റെ ദൗത്യവുമായി സധൈര്യം മുന്നോട്ട് പോയി. ചിലര്‍ നടത്തിയ അഴിമതിക്കെതിരായ പോരാട്ടത്തില്‍ കമ്പനി തന്റെയൊപ്പം നില്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.

എന്നാല്‍ അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചത്. 2010 ജനുവരിയില്‍ വിവാദപരമായ ഒരു നീക്കത്തിലൂടെ കാഡ്ബറിയുടെ ഉടമസ്ഥത ക്രാഫ്റ്റ് എറ്റെടുത്തിരുന്നു. 2012 ഒക്ടോബറില്‍ അവര്‍ കാഡ്ബറിയുടെ പേര് മോണ്‍ഡെലസ് ഇന്റര്‍നാഷണല്‍ എന്ന് മാറ്റി. അന്വേഷണത്തിന്റെ പുരോഗതിയെ സംബന്ധിച്ച് രാജന്‍ നായര്‍ അയച്ച മെയിലുകള്‍ക്കൊന്നും സിംഗപ്പൂരിലുള്ള കമ്പനിയുടെ സുരക്ഷ വിഭാഗം തലവന്‍ അഡ്രിയാന്‍ വോംഗ് മറുപടി നല്‍കിയില്ല. നായര്‍ നടത്തുന്ന അന്വേഷണം പ്രത്യേക സാഹചര്യത്തില്‍ ഉള്ള ഒന്ന് മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല അന്വേഷണത്തിന്റെ വേഗത കുറയ്ക്കാനുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായി. മാത്രമല്ല അന്താരാഷ്ട്ര കമ്പനിയെ നിയന്ത്രിക്കുന്ന അമേരിക്കന്‍ നിയമവ്യവസ്ഥയായ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനെ (എസ്ഇസി) വിവരമറിയിക്കാനും കമ്പനി മുതിര്‍ന്നില്ല.

ഇക്കാര്യത്തില്‍ രാജന്‍ നായര്‍ വളരെ അസ്വസ്ഥനായിരുന്നുവെന്ന് കാഡ്ബറിയുടെ നിയമവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തക അനിത സിംഗ് വില്യംസ് പറയുന്നു. തായ്ലന്റിലെ കോഹ് സമൂയിയില്‍ നടന്ന കമ്പനിയുടെ പ്ലീനറി യോഗത്തിലാണ് രാജന്‍ നായരുടെ ഭീതി സത്യമാണെന്ന് തെളിഞ്ഞത്. ആ വര്‍ഷം നവംബറിലും ഡിസംബറിലുമായി നടന്ന അന്വേഷണത്തില്‍ മൂന്ന് ഡസനിലേറെ ജീവനക്കാര്‍ ചോദ്യം ചെയ്യപ്പെട്ടു. കമ്പനിയുടെ ധാര്‍മ്മികത ഏറ്റവും മോശം അവസ്ഥയിലേക്ക് താണ അവസരമായിരുന്നു അത്. എന്നാല്‍ കമ്പനി ജീവനക്കാരോടൊപ്പം നില്‍ക്കുമെന്നാണ് അന്നത്തെ മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് ക്രിപാലു പ്രഖ്യാപിച്ചത്. കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട ആഭ്യന്തര ഇ-മെയിലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രിപാലുവിനെ ബോധ്യപ്പെടുത്താന്‍ രാജന്‍ നായര്‍ ശ്രമിച്ചെങ്കിലും മാനേജിംഗ് ഡയറക്ടര്‍ അത് ചെവിക്കൊണ്ടില്ല.

ഇതിനെ തുടര്‍ന്നാണ് ജോലി ഉപേക്ഷിക്കാനും അഴിമതിക്കെതിരെ വെളിയില്‍ നിന്ന് പോരാടാനും നായര്‍ തീരുമാനിക്കുന്നത്. അങ്ങനെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കുത്തകയുടെ ഏറ്റവും വലിയ അഴിമതിയെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് എസ്ഇസിയെ നായരുടെ തീരുമാനം നയിച്ചു. തനിക്ക് ലഭിച്ച വിവരങ്ങള്‍ അദ്ദേഹം എസ്ഇസിയ്ക്കും അമേരിക്കയിലെ നീതി വകുപ്പിനും നല്‍കി. അതോടൊപ്പം ഇന്ത്യയില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനിലും സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍ ഡയറക്ടര്‍ ജനറലിനും രാജന്‍ നായര്‍ തെളിവുകള്‍ നല്‍കി. എന്നാല്‍ 2017 ജനുവരിയില്‍ മോണ്‍ഡലെസും എസ്ഇസിയും തമ്മില്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു. മോണ്‍ഡലെസ് 13 ദശലക്ഷം ഡോളര്‍ അഥവാ 89.5 കോടി രൂപ പിഴയായി നല്‍കി രക്ഷപ്പെട്ടു. കമ്പനിക്കെതിരായ നീതി വകുപ്പിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

2013ല്‍ നായര്‍ കമ്പനിയില്‍ നിന്നും രാജിവെച്ചെങ്കിലും ഇപ്പോഴും കേസുമായി മുന്നോട്ട് പോവുകയാണ്. ജീവനക്കാരെ ബലിയാടാക്കി കമ്പനി രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരില്‍ പലരും ഇക്കാര്യം സ്ഥിരീകരിച്ച് ഫോബ്‌സ് ഇന്ത്യയോട് സംസാരിച്ചു. ജീവനക്കാരുടെ കുറ്റംകൊണ്ടാല്ലാതെ അവരുടെ തൊഴിലുകള്‍ നഷ്ടപ്പെട്ടതായും ഉന്നത ഉദ്യോഗസ്ഥര്‍ ഇവരെ ബലിയാടാക്കി കൈകഴുകുകയായിരുന്നുവെന്നും നായര്‍ പറയുന്നു.

നായരും കടുത്ത സമ്മര്‍ദത്തിലാണ്. അദ്ദേഹത്തിന്റെ ജീവന് വരെ ഭീഷണി ഉയരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കുന്നതിന് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്നതാണ് മറ്റൊരു ദുരന്തം.

2008ല്‍ ക്രിപാലു കമ്പനിയുടെ തലപ്പത്ത് എത്തിയതോടെയാണ് പുതിയ ഉല്‍പാദനശാല എന്ന ആശയം ഉടലെടുത്തത്. കമ്പനിയുടെ ലാഭം ഒറ്റവര്‍ഷം കൊണ്ട് 45 ശതമാനം വര്‍ദ്ധിച്ചതായിരുന്നു കാരണം. നഗരങ്ങളിലെ ജനങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന വരുമാനവും തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് സ്ഥിരവരുമാനവും ലഭിക്കാന്‍ തുടങ്ങിയതായിരുന്നു ലാഭം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ കാരണം. അതോടെ പെട്ടെന്ന് പുതിയ ഉല്‍പാദനശാല ആരംഭിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. നികുതി ഇളവുകള്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീമമായ തുക കൈക്കൂലിയായി നല്‍കുകയും ചെയ്തു. കമ്പനിയുടെ നിയമവിഭാഗത്തിന്റെ ഉപദേശങ്ങള്‍ മറികടന്നുകൊണ്ടായിരുന്നു ഈ നീക്കങ്ങളെല്ലാം എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ നിയമോപദേശം സ്വീകരിക്കാതെ കമ്പനി വെളിയിലുള്ള ചില അഭിഭാഷകരുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് അന്നത്തെ നിയമവിഭാഗം തലവന്‍ ശിവാനന്ദ് സനാദി ഫോബ്‌സ് ഇന്ത്യയുടെ സമര്‍ ശ്രീവാസ്തവയോട് പറഞ്ഞു.

ഇപ്പോഴുള്ള ആരോപണങ്ങള്‍ മോണ്‍ഡലെസിനെ കുടുക്കാന്‍ ശേഷിയുള്ളതാണ്. എസ്ഇസിയുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇന്ത്യയിലെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പില്‍ അവര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ നടപടികളില്‍ നിന്നും അവര്‍ക്ക് രക്ഷപ്പെടാനാവില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ എല്ലാ അഴിമതി വിരുദ്ധ പോരാളികളെയും പോലെ രാജന്‍ നായരുടെ ജീവിതം വലിയ ചോദ്യചിഹ്നമായി തീരുകയാണ്. സര്‍ക്കാര്‍ ഏജന്‍സികളൊന്നും തന്നെ നായരുടെ വാദം കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. കേസിന്റെ ഇപ്പോഴത്തെ നിലയെന്താണെന്ന് പോലും അദ്ദേഹത്തിന് വ്യക്തമല്ല. ഒരു ബഹുരാഷ്ട്ര കുത്തകയ്‌ക്കെതിരെ നിയമപോരാട്ടം നടത്തിയതിനാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ സ്ഥായിയായ ഒരു തൊഴില്‍ ലഭിക്കാനും ബുദ്ധിമുട്ടുന്നു. എന്നാല്‍ ആരോപണ വിധേയരായ എല്ലാവരും മോണ്‍ഡലെസയുടെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു എന്നതാണ് ഈ കേസിലെ വൈരുദ്ധ്യവും അത് നല്‍കുന്ന അനുഭവപാഠവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍