UPDATES

സിനിമാ വാര്‍ത്തകള്‍

ഞാനൊരു നടനാണ്, രാഷ്ട്രീയക്കാരനല്ല; ശ്രീലങ്കയില്‍ പോകുന്നതു തടഞ്ഞവരോടു രജനികാന്ത്

ഇനിയൊരു അവസരം കിട്ടിയാല്‍ ഞാന്‍ ശ്രീലങ്കയില്‍ പോകും അന്നും രാഷ്ട്രീയം പറഞ്ഞ് എന്നെ തടയരുത്

രജനികാന്ത് ശ്രീലങ്ക സന്ദര്‍ശിക്കുമെന്നും പ്രസിഡന്റ് മൈത്രീപാല സിരിസേനയുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. ജ്ഞാനം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച 150 വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു രജനി ശ്രീലങ്കയില്‍ പോകാന്‍ തീരുമാനിച്ചത്. ലൈക പ്രൊഡക്ഷന്‍സിന്റെ രാജു മഹാലിംഗം ഈ വാര്‍ത്ത തന്റെ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തതോടെ രജനിയുടെ ശ്രീലങ്കന്‍ യാത്ര നടക്കുമെന്നു തന്നെ എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ രജനി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു, താന്‍ ശ്രീലങ്കയില്‍ പോകുന്നില്ലെന്ന്. എന്നാല്‍ യാത്ര റദ്ദാക്കിയതില്‍ രജനി തന്റെ അനിഷ്ടവും മറച്ചു വയ്ക്കുന്നില്ല.

ഈ കാര്യത്തില്‍ രജനികാന്തിന്റെ ഔദ്യോഗികവിശദീകരണം ഇങ്ങനെയാണ്;

വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രീലങ്കയിലേക്കു പോകാന്‍ തീരുമാനം എടുത്തിരുന്നു. ഈ യാത്രയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി കൂടിക്കാഴ്ച നടത്താനും തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ മനുഷ്യത്വരഹിതമായി കൊലപ്പെടുത്തുന്നതിനെ കുറിച്ച് ശ്രീലങ്കന്‍ പ്രസിഡന്റിനോട് സംസാരിക്കണമെന്നും ആഗ്രഹിച്ചിരുന്നു.

എന്നാല്‍ തോല്‍ തിരുമാവാളന്‍, വൈക്കോ, വേല്‍മുരുഗന്‍ തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍ ശ്രീലങ്കന്‍ യാത്ര റദ്ദ് ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അവരതിനു പറഞ്ഞ രാഷ്ട്രീയ കാരണങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലായിരുന്നുവെങ്കിലും അവരുടെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാവുകയായിരുന്നു. ശ്രീലങ്കയില്‍ പോകേണ്ടെന്നു തീരുമാനിക്കുന്നതും അതുകൊണ്ടാണ്.

പക്ഷേ ഞാന്‍ ഒരിക്കല്‍ കൂടി എല്ലാവരെയും ഓര്‍മിപ്പിക്കുകയാണ്, ഞാനൊരു നടനാണ്, രാഷ്ട്രീയക്കാരനല്ല. എന്റെ പ്രധാന ജോലി ഞാന്‍ അഭിനയിക്കുന്ന സിനിമകളിലൂടെ പ്രേക്ഷകരെ സന്തോഷിപ്പിക്കുകയാണ്. ഭാവിയില്‍ ശ്രീലങ്കയില്‍ പോയി അവിടെയുള്ള തമിഴരെ കാണാന്‍ അവസരം കിട്ടുകയാണെങ്കില്‍, ദയവായി അതൊരു രാഷ്ട്രീയപ്രശ്‌നമായി മാറ്റരുത്. എന്നെ ശ്രീലങ്കയില്‍ പോകാന്‍ അനുവദിക്കാതിരിക്കുകയും അരുത്, ഇതൊരു അഭ്യര്‍ത്ഥനയാണ്. ജയ്ഹിന്ദ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍