UPDATES

കന്നഡിഗന്‍ തമിഴ്‌നാട് ഭരിക്കണ്ട; രജനികാന്തിനെതിരേ പ്രതിഷേധം കത്തുന്നു

രജനി ബിജെപിയിലേക്ക് എന്ന സൂചനകള്‍ ശക്തമായതോടെയാണു പ്രതിഷേധങ്ങള്‍ ആളുന്നത്

ബിജെപി പ്രവേശന സൂചനകള്‍ ശക്തമായതോടെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ ഏറ്റവും അധികം ആരാധകരുള്ള സിനിമാതാരമായ രജനിയുടെ ജീവിതത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം പ്രതിഷേധങ്ങളാണ് അദ്ദേഹം ഇപ്പോള്‍ നേരിടുന്നത്. പോയസ് ഗാര്‍ഡനിലുള്ള വസതിക്കു മുന്നില്‍ രജനിയുടെ കോലം കത്തിക്കുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. കന്നഡിഗന്‍ തമിഴ്‌നാട് ഭരിക്കാന്‍ നോക്കേണ്ടെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചില തമിഴ് തീവ്ര സംഘടനകളാണ് പ്രാദേശികവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതെങ്കിലും അങ്ങനെയല്ലാത്തവരിലും നിരാശയും എതിര്‍പ്പും ഉണ്ടായിട്ടുണ്ടെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിവരം. രജനിയുടെ വസതിക്കു മുന്നില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്നു തമിഴര്‍ മുന്നേട്ര പടൈ പ്രവര്‍ത്തകര്‍ രജനിയുടെ വസതി പിക്കറ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. രജനിക്കെതിരേ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ താരത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഇടയില്‍ പുകഞ്ഞു നില്‍ക്കുന്ന വിദ്വേഷം രജനി വിഷയത്തില്‍ ആളിക്കത്തിക്കാനും തമിഴ് തീവ്രസംഘടനകള്‍ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച നടന്ന ആരാധകസംഗമത്തില്‍ തന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് സൂചനകള്‍ നല്‍കിയതോടെയാണ് രജനി പുതിയ വിവാദങ്ങളിലേക്ക് എത്തപ്പെടുന്നത്. രാഷ്ട്രീയത്തിലേക്കു വരുമെന്നു വ്യക്തമായ സൂചനകള്‍ നല്‍കിയ താരം എന്നാല്‍ താന്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്നു പറയാന്‍ തയ്യാറായില്ല. പക്ഷേ മോദി പ്രധാനമന്ത്രിപദത്തില്‍ എത്തിയ നാള്‍ മുതല്‍ രജനികാന്തിനെ ബിജെപി നോട്ടമിടുന്നുണ്ടെന്ന സൂചനകള്‍ ശക്തമായിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ച്ച ഈ സൂചനകള്‍ക്ക് ശക്തിയേകിയെങ്കിലും ഒന്നും പറയാതെ ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു താരം ചെയ്തത്. എന്നാല്‍ ജയലളിതയുടെ മരണത്തോടെ ദ്രാവിഡ രാഷ്ട്രീയത്തില്‍ അരക്ഷിതത്വം ഉണ്ടായതോടെ രജനിയുടെ രാഷ്ട്രീയപ്രവേശന ചര്‍ച്ചകള്‍ വീണ്ടും സജീവമായി. അണ്ണാ ഡിഎംകെ പിളരുകയും കരുണാനിധി ഏതാണ്ട് പൂര്‍ണമായി രാഷ്ട്രീയത്തില്‍ നിന്നു പിന്മാറിയതോടെ ഡിഎംകെ കൂടുതല്‍ തളരുകയും ചെയ്തതോടെ അടുത്ത തലൈവര്‍ ആരാകുമെന്ന ചോദ്യങ്ങള്‍ ഉയരുകയും അത് രജനിയില്‍ വന്നു നില്‍ക്കുകയും ചെയ്തു. ദ്രാവിഡ പാര്‍ട്ടികളുടെ പ്രതിരോധത്തെ തകര്‍ക്കാനാവാതെ വിഷമിച്ചു നിന്ന ബിജെപിക്ക് തമിഴ്‌നാട്ടില്‍ വേരിറക്കാന്‍ രജനിയിലൂടെ കഴിയുമെന്നു ഡല്‍ഹിനേതൃത്വം കണക്കു കൂട്ടാന്‍ തുടങ്ങിയതും അപ്പോഴാണ്. രജനിയുടെ ഇപ്പോഴത്തെ നീക്കങ്ങളെല്ലാം മോദി-ഷാ കൂട്ടുകെട്ടിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണെന്ന തോന്നലുകള്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമാകാനും കാരണം അതാണ്.

ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമൊക്കെയായി ആളുകള്‍ എന്നെ കുറിച്ച് അഭിപ്രായങ്ങള്‍ എഴുതുകയുണ്ടായി. അതൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. എന്നെ വേദനിപ്പിച്ച ഒരുകാര്യം തമിഴ് ജനങ്ങള്‍ ചില വാക്കുകള്‍ക്കു മുന്നില്‍ വളരെയേറെ വിധേയത്വം കാണിച്ചു നില്‍ക്കുന്നു എന്നതാണ്. ആളുകള്‍ എന്നെക്കുറിച്ച് നെഗറ്റീവ് ആയി സംസാരിക്കും, പക്ഷേ ഒരുതരത്തിലും ഞാന്‍ അതേ രീതിയില്‍ അവരോട് പെരുമാറില്ല. ശക്തമായ എതിര്‍പ്പുകളെ നേരിട്ടു മാത്രമെ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയൂ. എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നമ്മളെ സഹായിക്കുകയാണ്, താഴ്ത്താന്‍ നോക്കുകയല്ല; അതവര്‍ക്കും അറിയാം. എനിക്ക് ചെയ്യാന്‍ ഒരുപാട് ജോലികളുണ്ട്. അതേപോലെ നിങ്ങള്‍ക്കും. നമുക്ക് ഇപ്പോള്‍ നമ്മുടെ ജോലികള്‍ ചെയ്യാം. യുദ്ധം തുടങ്ങുന്ന നേരത്ത് അതിനെ നേരിടാം; രജനിയുടെ ഈ വാക്കുകള്‍ മേല്‍പ്പറഞ്ഞ തോന്നലുകളെ സാധൂകരിക്കുന്നതുമായിരുന്നു. എന്നാല്‍ രജനി കാത്തിരിക്കുന്ന സമയം ആകാത്തതുകൊണ്ട് പ്രത്യക്ഷത്തില്‍ ബിജെപി പ്രവേശനം എന്നത് രജനി നിഷേധിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ സ്വന്തമായി ഒരു പാര്‍ട്ടിയോ സംഘടനയോ ഉണ്ടാക്കി കൊണ്ടായിരിക്കും രജനി രാഷ്ട്രീയത്തിലേക്കു വരുന്നതെന്ന വിവരം അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇതുപോലും ഡല്‍ഹി നിര്‍ദേശത്തിന്റെ പുറത്തുള്ളതാണെന്നും രജനിയുടെ പാര്‍ട്ടി/സംഘടനയോട് സഖ്യമുണ്ടാക്കി രജനികാന്ത് എന്ന ബ്രാന്‍ഡിനെ മുന്‍നിര്‍ത്തി തമിഴ്‌നാട് ഭരിക്കാന്‍ ബിജെപി ശ്രമിക്കുമെന്നും ഇതേ വൃത്തങ്ങള്‍ സൂചന നല്‍കി. എ ഐ എ ഡി എം കെ യെ മൊത്തത്തോടെയോ ഏതെങ്കിലും ഒരു ഭാഗത്തെയോ രജനിക്കൊപ്പം കൂട്ടുകയും നേതാവായി രജനിയെ തന്നെ മുന്‍നിര്‍ത്തിയും തമിഴ്‌നാടിനെ കാവിയണിയിക്കാനും ബിജെപി ശ്രമിക്കുമെന്നും താരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വൃത്തങ്ങള്‍ പറയുന്നു. ബിജെപിയുടെ കേന്ദ്രനേതൃത്വുമായി അടുത്തു തന്നെ രജനികാന്ത് കൂടിക്കാണുമെന്ന വാര്‍ത്ത കൂടി കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ മേല്‍പ്പറഞ്ഞ സംശയങ്ങള്‍ക്കെല്ലാം ഒരുറപ്പ് വന്നു. ഇതോടെയാണു രജനികാന്തിനെതിരേ പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടാന്‍ തുടങ്ങിയതും. ഈ പ്രതിഷേധങ്ങള്‍ അണയുമോ ആളിക്കത്തുമോ എന്നു വരുംദിവസങ്ങള്‍ പറയും.

ദ്രാവിഡരാഷ്ട്രീയത്തിന്റെ രാജസദസിലേക്ക് പ്രവേശിക്കാനുള്ള ദ്വാരകവാടമായിരുന്നു എന്നും തമിഴ് സിനിമ. തന്റെ പിന്‍ഗാമികളുടെ വിജയം രജനിക്കും ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നും കാത്തിരിക്കാം. പക്ഷേ കാര്യങ്ങള്‍ ഇന്നു നടന്നതുപോലെയാണു വരും ദിവസങ്ങളിലും നടക്കുക എങ്കില്‍ അതു രജനി കാന്ത് എന്ന കള്‍ട്ട് ഫിഗറിനെ സാരമായി ബാധിക്കും. ഒരു സിനിമ പരാജയപ്പെടുന്നതുപോലെയല്ല, രാഷ്ട്രീയ പരാജയം അതിജീവിക്കാന്‍ രജനികാന്തിന് കഴിയണമെന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍