UPDATES

ട്രെന്‍ഡിങ്ങ്

യുദ്ധം ആരംഭിക്കട്ടെ, നമുക്കത് നേരിടാം; രജനികാന്ത് നിലപാടുകള്‍ വ്യക്തമാക്കുന്നു

സ്റ്റാലിനെ പുകഴ്ത്തിയും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞും രജനിയുടെ പ്രസംഗം

തന്റെ രാഷ്ട്രീയപ്രവേശന സാധ്യതകളെ കൂടുതല്‍ ചര്‍ച്ചയിലേക്ക് തുറന്നു വിടുകയാണ് രജനികാന്ത്. രാഷ്ട്രീയത്തില്‍ നിന്നും ഇനിയും മാറി നില്‍ക്കുന്നില്ല, കൂടെ നില്‍ക്കാനാണ് താത്പര്യമെന്ന ധ്വനി തന്നെയാണു രജനിയുടെ പുതിയവാക്കുകളിലും ഉള്ളത്.

ആരാധകസംഗമത്തിന്റെ അവസാനദിനത്തില്‍ രജനി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പ്രത്യക്ഷമായും പരോക്ഷമായും മുന്നോട്ടുവയ്ക്കുന്നത് ഇതേ കാര്യം തന്നെയാണ്.

ഈ സംഗമത്തിന്റെ ആദ്യദിനം ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ എന്ന അര്‍ത്ഥത്തില്‍ എന്റെ ആരാധകരോട് സംസാരിച്ചിരുന്നു. പക്ഷേ അതിത്ര വലിയ വിവാദം ആകുമെന്നു കരുതിയില്ല. സംവാദങ്ങള്‍, എതിര്‍പ്പുകള്‍, പിന്തുണ എന്തൊക്കെയുണ്ടായി. എതിര്‍പ്പുകള്‍ ഇല്ലാതെ നമുക്ക് വളരാന്‍ സാധിക്കില്ല. രാഷ്ട്രീയത്തില്‍ എതിര്‍പ്പുകള്‍ക്ക് വലിയസ്ഥാനമാണ്.

ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമൊക്കെയായി ആളുകള്‍ എന്നെ കുറിച്ച് അഭിപ്രായങ്ങള്‍ എഴുതുകയുണ്ടായി. അതൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. എന്നെ വേദനിപ്പിച്ച ഒരുകാര്യം തമിഴ് ജനങ്ങള്‍ ചില വാക്കുകള്‍ക്കു മുന്നില്‍ വളരെയേറെ വിധേയത്വം കാണിച്ചു നില്‍ക്കുന്നു എന്നതാണ്. ആളുകള്‍ എന്നെക്കുറിച്ച് നെഗറ്റീവ് ആയി സംസാരിക്കും, പക്ഷേ ഒരുതരത്തിലും ഞാന്‍ അതേ രീതിയില്‍ അവരോട് പെരുമാറില്ല. ശക്തമായ എതിര്‍പ്പുകളെ നേരിട്ടു മാത്രമെ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയൂ. എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നമ്മളെ സഹായിക്കുകയാണ്, താഴ്ത്താന്‍ നോക്കുകയല്ല; അതവര്‍ക്കും അറിയാം. എനിക്ക് ചെയ്യാന്‍ ഒരുപാട് ജോലികളുണ്ട്. അതേപോലെ നിങ്ങള്‍ക്കും. നമുക്ക് ഇപ്പോള്‍ നമ്മുടെ ജോലികള്‍ ചെയ്യാം. യുദ്ധം തുടങ്ങുന്ന നേരത്ത് അതിനെ നേരിടാം; രജനിയുടെ വാക്കുകള്‍.

തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് രജനിയുടെ ഈ വാക്കുകളെങ്കില്‍ രാഷ്ട്രീയത്തില്‍ തന്റെ നിലപാട് ഇപ്പോഴും വിശാലമാണെന്നു വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും ഇതേ പ്രസംഗത്തില്‍ രജനി പുറത്തു പറഞ്ഞു. ചില സംശയങ്ങള്‍ക്ക് ഇടനല്‍കുന്നവയാണ് അവയെങ്കില്‍ പോലും. രജനി ദേശീയരാഷ്ട്രീയത്തിന്റെ ഭാഗമാകുമോ അതോ ദ്രാവിഡ രാഷ്ട്രീയത്തില്‍ തന്നെ നില്‍ക്കുമോ എന്ന ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സ്വന്തം വാക്കുകള്‍ തന്നെ മറുപടിയാക്കുകയാണോ രജനിയെന്നാണ് പ്രസംഗത്തിലെ ഈ ഭാഗം കേള്‍ക്കുമ്പോള്‍ തോന്നുന്നത്.

രജനി പറയുന്നു;

ഞാന്‍ ആരാണ് ഈ സംസ്ഥാനം നേരെയാക്കാന്‍, അതിവിടെ വേറെയാളുകള്‍ ചെയ്യുന്നുണ്ടല്ലോ എന്നു നിങ്ങള്‍ ചോദിക്കുകയാാണെങ്കില്‍, എന്റെ ഉത്തരവും അതേ എന്നാണ്. പലപേര്‍ അതു ചെയ്യുന്നുണ്ട്. എം കെ സ്റ്റാലിനെപോലുള്ളവര്‍. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. നല്ല ഭരണാധികാരിയാകാന്‍ കഴിവുള്ളയാള്‍. ചോ രാമസ്വാമി സാര്‍ എപ്പോഴും പറയുമായിരുന്നു, അദ്ദേഹത്തിന്റെ (സ്റ്റാലിന്റെ) കൈകള്‍ സ്വതന്ത്രമാക്കുകയാണെങ്കില്‍ മഹത്തരമായ കാര്യങ്ങള്‍ ചെയ്യുമെന്ന്. നമുക്കിവിടെ അന്‍പുമണി രാംദോസ് ഉണ്ട്. മികച്ച വിദ്യാഭ്യാസമുള്ള വ്യക്തി. ഏറെ ജനപിന്തുണയുള്ള നേതാവാണ് തിരുമാവാളവാന്‍. ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം തന്റെ ശബ്ദം ഉറക്കെ മുഴക്കുന്നു. മികച്ചൊരു പോരാളിയാണ് സീമാന്‍. അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചശേഷം ഞാന്‍ ഭയപരവശനായി പോയിട്ടുണ്ട്. എല്ലാവരും തമിഴ്‌നാടിനുവേണ്ടി കാര്യങ്ങള്‍ ചെയ്യുന്നു. പക്ഷേ സിസ്റ്റം തകര്‍ന്നു കിടക്കുകയാണ്. ഈ സിസ്റ്റത്തില്‍ മാറ്റം നമ്മള്‍ കൊണ്ടുവരണം. അങ്ങനെ മാറ്റം കൊണ്ടുവന്നാല്‍ മാത്രമാണ് തമിഴ്‌നാട് പുരോഗതി നേടൂ. അതിനായി എല്ലാവരും ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കണം; അതാണ് ഏറ്റവും പ്രധാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍