UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുസ്ഥലത്ത് വിസര്‍ജ്ജിക്കുന്ന സ്ത്രീകളുടെ ചിത്രം പകര്‍ത്തുന്നത് തടഞ്ഞയാളെ ഉദ്യോഗസ്ഥര്‍ തല്ലിക്കൊന്നു

ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പറയുന്നത്

പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന സ്ത്രീകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത് തടഞ്ഞ 55കാരനായ സാമൂഹിക പ്രവര്‍ത്തകനെ മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇന്നലെ രാവിലെ രാജസ്ഥാനിലെ ബഗ്‌വാസ കച്ചി മേഖലയിലെ പ്രതാപ്ഗറിലാണ് സംഭവം.

പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ ശ്രമിച്ച കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സഫര്‍ ഖാന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ തടയുകയായിരുന്നു. മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തൊഴിക്കുകയും ഇടിക്കുകയും ചെയ്‌തെന്നും അതാണ് മരണത്തില്‍ കലാശിച്ചതെന്നാണ് എഫ്‌ഐആര്‍ പറയുന്നതെന്നും ഇദ്ദേഹത്തിന്റെ സഹോദരന്‍ നൂര്‍ മുഹമ്മദ് അറിയിച്ചു. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനത്തിനെതിരെ ബോധവല്‍ക്കരണവുമായാണ് ഉദ്യോഗസ്ഥ സംഘം ചേരിയിലെത്തിയത്. ഇതിനിടെ ഇവര്‍ പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന സ്ത്രീയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഖാന് നേരെ ആക്രമണമുണ്ടായതെന്നും നൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തെക്കുറിച്ച് അറിഞ്ഞ് ഓടിയെത്തിയ തങ്ങളാണ് സഫര്‍ ഖാനെ ആശുപത്രിയിലെത്തിച്ചതെന്നും അപ്പോഴേക്കും മരണം സംഭവിച്ചുവെന്നും നൂര്‍ മുഹമ്മദ് വ്യക്തമാക്കി.

നഗര്‍ പരിഷത് കമ്മിഷണര്‍ അശോക് ജെയ്ന്‍, കമല്‍ ഹരിജന്‍, റിതേഷ് ഹരിജന്‍, മനിഷ് ഹരിജന്‍ എന്നിവര്‍ക്കെതിരെ നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പ്രതാപ്ഗര്‍ പോലീസ് കേസ് കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതാപ്ഗര്‍ എസ്പി ശിവ്‌രാജ് മീന അറിയിച്ചു. സംഭവം നടന്ന ചേരിയില്‍ കക്കൂസ് സൗകര്യങ്ങള്‍ ഇല്ലെന്നും ഖാന്‍ വര്‍ഷങ്ങളായി ജില്ലാ ഭരണകൂടത്തിന് ഈ ആവശ്യം ഉന്നയിച്ച് പരാതി നല്‍കുന്നുണ്ടെന്നും ബന്ധു ഖയൂം വ്യക്തമാക്കി.

അതേസമയം തങ്ങള്‍ സഫര്‍ ഖാനെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അയാള്‍ തങ്ങളെ അധിക്ഷേപിക്കുകയും ശുചിത്വ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയുമായിരുന്നെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. കൂടാതെ തങ്ങള്‍ അവിടെ നിന്നും മടങ്ങുമ്പോള്‍ സഫറിന് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പറയുന്നത്. കഴിഞ്ഞമാസം അവസാനം പഞ്ചായത്ത് രാജ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം 58 ലക്ഷം കക്കൂസുകള്‍ നിര്‍മ്മിച്ചതായി അവര്‍ അറിയിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തെ 9,891 ഗ്രാമപഞ്ചായത്തുകളില്‍ 4,973 പഞ്ചായത്തുകളില്‍ നിന്നും തുറസായ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും ഇല്ലാതാക്കിയെന്നാണ് അവരുടെ അവകാശവാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍