UPDATES

സിനിമ

സംഘപരിവാര്‍ ബുദ്ധിപൂര്‍വം കളിക്കുകയാണ്; നമ്മുടെ ബുദ്ധിജീവികള്‍ മിണ്ടാത്തതെന്താണ്? രാജീവ് രവി / അഭിമുഖം

Avatar

രാജീവ് രവി/ രാകേഷ് സനല്‍

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനും ബോളിവുഡ് ചലച്ചിത്രം ഉഡ്ത പഞ്ചാബിന്റെ നിര്‍മാതാക്കളും തമ്മില്‍ ഉണ്ടായ പോരാട്ടം സമീപകാല ഇന്ത്യന്‍ രാഷ്ട്രീയ-സാംസ്കാരിക സാഹചര്യങ്ങളില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇന്ത്യയില്‍ ചലച്ചിത്രമെന്ന മാധ്യമത്തിനാണ് മറ്റ് കലാ-സാഹിത്യരൂപങ്ങളില്‍ നിന്നും ഭിന്നമായി ഇപ്പോഴും കരുത്തുള്ളതെന്നതിനാല്‍ സമൂഹസംവേദനത്തിന് ഈ സാധ്യത പ്രയോജനകരമായി ഉപയോഗിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ നേരിടേണ്ടി വന്നേക്കാവുന്ന വിലക്കുകളും ഭീഷണികളുമാണ് ഉഡ്ത പഞ്ചാബിന്റെ കാര്യത്തിലും സംഭവിച്ചത്. സിബിഎഫ്‌സിയുടെ ജോലി എന്താണെന്നും, സെന്‍സര്‍ഷിപ്പ് നടത്തേണ്ട ജോലി ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി ബോംബെ ഹൈക്കോടതി ആശ്വാസകരമായ വിധി പുറപ്പെടുവിച്ചെങ്കിലും ഭരണകൂടത്തിന്റെ ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന അധികാരസ്ഥാപനങ്ങളെ ലിബറല്‍ സ്‌പേസില്‍ നില്‍ക്കുന്നവര്‍ കരുതിയിരിക്കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് നിരന്തരമായെന്നവണ്ണം കേന്ദ്ര-പ്രാദേശിക ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡുകളില്‍ നിന്നും വരുന്ന വിലക്കു ഭീഷണികള്‍. കേരളത്തില്‍ ഇപ്പോള്‍ കഥകളി എന്ന സിനിമ സമാനരീതിയില്‍ വിലക്ക് ഭീഷണി നേരിടുകയാണ്. ചിത്രത്തില്‍ നഗ്നത പ്രദര്‍ശനമുണ്ടെന്നതാണ്  സെന്‍സര്‍ ബോര്‍ഡ് പറയുന്ന കാരണം. നഗ്നത എന്നാല്‍ അശ്ലീലമെന്ന് മാത്രം വിശ്വസിക്കുന്ന, ഒരു ചലച്ചിത്രത്തെ കലാത്മകമായി സമീപിക്കാത്ത അധികാരികള്‍ക്കുണ്ടാകുന്ന അപക്വ രാഷ്ട്രീയ സ്ഖലനമാണ് യഥാര്‍ത്ഥ അശ്ലീലമെന്ന് ചൂണ്ടിക്കാട്ടുകയാണ് രാജീവ് രവി. ഉഡ്ത പഞ്ചാബിന്റെ ഛായാഗ്രാഹകന്‍ മാത്രമല്ല, സെന്‍സര്‍ ബോര്‍ഡിന്റെ കത്രികവയ്ക്കലിന് വിധേയമാകേണ്ടി വന്ന കമ്മട്ടിപ്പാടം എന്ന മലയാള ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് രാജീവ്. സിനിമയുടെ മേലുണ്ടാകുന്ന സെന്‍സര്‍ഷിപ്പ് സിനിമയുടെ മാത്രം കാര്യമായി കാണരുതെന്നാണ് അദ്ദേഹം പറയുന്നത്.

രാകേഷ്: രാജീവ് രവി വീണ്ടും ബോളിവുഡിന്റെ തിരക്കിലേക്ക് പോയി. ഒരര്‍ത്ഥത്തില്‍ ബോളിവുഡിലെ തിരക്കേറിയ ഛായാഗ്രാഹകന്‍ എന്ന വിശേഷണമല്ലേ സുരക്ഷിതം?

രാജീവ്: അക്കരപച്ചപോലെ, അല്ലേ… എന്നോട് പലരും ചോദിക്കാറുണ്ട്, നിനക്ക് സുഖമായിട്ട് ഹിന്ദി പടം ചെയ്ത് ജീവിച്ചൂടേയെന്ന്. ഞാന്‍ എന്തിനാണ് അവിടെ മാത്രം നില്‍ക്കുന്നത്? എനിക്ക് ഇവിടെ സിനിമകള്‍ ചെയ്യണം.

രാ: പക്ഷേ ആ തീരുമാനം മണ്ടത്തരമെന്നു പറയുന്നവരായിരിക്കും കൂടുതല്‍?

രാ: മണ്ടനാണെങ്കില്‍, നിങ്ങള്‍ക്കെന്നെ അങ്ങനെ വിളിക്കാം. മണ്ടനാകുന്നതില്‍ എനിക്കും സന്തോഷമേയുള്ളൂ. അല്ലെങ്കിലും ഇവിടെ എല്ലാവരും ശ്രമിക്കുന്നത് മറ്റൊരുത്തനെ മണ്ടനാക്കാന്‍ തന്നയല്ലേ. എനിക്ക് ഇവിടെ കുറച്ച് സ്ഥലം വേണമെന്ന് സുഹൃത്തുക്കളോടു പറയുകയാണെന്നിരിക്കട്ടെ, പിറ്റേദിവസം പലയിടങ്ങളിലുള്ള പ്ലോട്ടിന്റെ വിവരങ്ങളുമായി അവരെത്തും. അതെന്നോടുള്ള സ്നേഹമാണോ? അവര്‍ക്കൊക്കെ റിയല്‍ എസ്‌റ്റേറ്റ് താത്പര്യമുള്ളതുകൊണ്ടായിരിക്കും. ഞാനൊരു തമാശ പറഞ്ഞന്നെയുള്ളൂ…

രാ: കമ്മട്ടിപ്പാടം ഒരു വിഭാഗത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. ദളിതനെ പല്ലുന്തിയവനൊക്കെയായി ചിത്രീകരിച്ചു എന്നൊക്കെ പറഞ്ഞ്…

രാ: അമര്‍ ചിത്രകഥകള്‍ വായിക്കുമ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ലല്ലോ. അസുരന്മാരൊക്കെ കൊമ്പും പല്ലുമൊക്കെയുള്ളവര്‍ തന്നെയായിരുന്നില്ലേ…

രാ: ഉഡ്ത പഞ്ചാബിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്?

രാ: നമുക്കതിനെ ഒരു സിനിമയുടെ മാത്രം കാര്യമാക്കി എടുക്കേണ്ട. 1977-ല്‍ അമൃത് നഹാത എടുത്ത സിനിമയാണ് കിസ കുര്‍സി കാ. അടിയന്തരാവസ്ഥയെ വിമര്‍ശിച്ചുകൊണ്ടുള്ള സിനിമ. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗവുമായിരുന്നു അമൃത്. അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു. ഇന്ദിരയേയും സഞ്ജയ് ഗാന്ധിയേയും വിമര്‍ശിക്കുന്ന ചിത്രമായിരുന്നു കിസ കുര്‍സി കാ. പടത്തിന്റെ മാസ്റ്റര്‍ പ്രിന്റടക്കം കണ്ടെത്തി സഞ്ജയ് കത്തിച്ചു കളഞ്ഞു. ഇപ്പോള്‍ അമൃതിന്റെ മകന്‍ ആ സിനിമ പുനര്‍നിര്‍മിക്കാന്‍ പോവുകയാണെന്നു കേട്ടു. അടിയന്തരാവസ്ഥയില്‍ ഏറെ വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വന്നവരാണ് ജനസംഘക്കാര്‍ എന്നാണ് പറയുന്നത്. ആര്‍എസ്എസ്സിന്റെ നിയന്ത്രണത്തിലുള്ള കുരക്ഷേത്ര രണ്ടു വാല്യങ്ങളിലായി അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. ഞാനത് വായിച്ചിട്ടുണ്ട്. എം എ ബേബിയും എറണാകുളത്തുള്ള എനിക്കറിയാവുന്നൊരു സതീശന്‍ ചേട്ടനും ഒരു ആര്‍എസ്എസ് നേതാവുമൊക്കെ ഒരുമിച്ചാണ് ജയിലില്‍ കിടന്നിരുന്നത്. ആര്‍എസ്എസ് നേതാവിനെ തല്ലിച്ചതയ്ക്കുമ്പോള്‍ സിപിഐഎമ്മുകാര്‍ രക്ഷിച്ച കാര്യവും കേട്ടിട്ടുണ്ട്. എനിക്ക് അടിയന്തരാവസ്ഥയെക്കുറിച്ച് നേരിയ ഓര്‍മകളെയുള്ളൂ; പിന്നീടെല്ലാം വായിച്ചറിഞ്ഞതാണ്.

 

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ മറ്റൊരു കറുത്തകാലത്തിന്റെ തുടക്കമല്ലേയെന്ന് തോന്നുന്നു.

രാ: സിബിഎഫ്‌സിയുടെ നീക്കങ്ങളൊക്കെയാണോ ഉദ്ദേശിക്കുന്നത്?

രാ: സിബിഎഫ്‌സിയേയും പഹ്‌ലജ് നിഹലാനിയേയുമാണ് നമ്മള്‍ ചീത്തവിളിക്കുന്നത്. നിഹലാനി വെറും പാവയാണ്. കളിക്കുന്നതു മുഴവന്‍ റാത്തോഡും ജയ്റ്റ്‌ലിയുമാണ്. ഇവരാണ് പിറകിലിരുന്ന് കാര്യങ്ങള്‍ നടത്തുന്നത്. ചേതന്‍ ചൗഹാനെ NIFT ചെയര്‍മാനാക്കുന്നു, ഗജേന്ദ്ര ചൗഹാനെ FTII ചെയര്‍മാനാക്കുന്നു. ഇതൊക്കെ പുറകില്‍ നിന്നുള്ള കളികളാണ്. FTII എന്നതാണ് അവരുടെ ലക്ഷ്യം. FTII എന്ന അഭിമാനകരമായൊരു പാരമ്പര്യത്തെ അവര്‍ക്ക് ഇല്ലാതാക്കണം. Leftist educated ആയിട്ടുള്ളവരെ ഇനിയീ രാജ്യത്ത് ഉണ്ടാക്കാതിരിക്കാന്‍ അവര്‍ ശ്രമിക്കും. Leftist എന്നാല്‍ സിപിഐഎം – സിപിഐ അല്ല. Left socialist ideology ആണ് അവര്‍ ലക്ഷ്യമിടുന്നത്. നെഹ്‌റു വിദ്യാഭ്യാസ മാര്‍ഗത്തിലൂടെ കൊണ്ടുവന്നതൊക്കെയും ഇല്ലാതാക്കണം. നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നവരില്‍ പലരും സോഷ്യലിസ്റ്റ്/ ലെഫ്റ്റിസ്റ്റുകളായിരുന്നു. അക്കാദമിക് / ആര്‍ട്ട് രംഗങ്ങളില്‍ നിയോഗിച്ചവരും അങ്ങനെയുള്ളവരെയായിരുന്നു. ഇപ്റ്റ ഗ്രൂപ്പില്‍ പെട്ടവരായിരുന്നു ആര്‍ട്ട് സ്‌കൂളുകളുടെ തലപ്പത്ത് ഉണ്ടായിരുന്നത്. അന്നെന്തു നടന്നോ അതിന്റെ കൗണ്ടറാണ് ഇപ്പോഴിവര്‍ ചെയ്യുന്നത്. കല്‍പ്പറ്റ നാരായണന്‍ ഒരു പ്രസംഗത്തിനിടയില്‍ പറഞ്ഞതുപോലെ, ‘നിങ്ങള്‍ക്ക് ഇത്രയും പേരുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊരു ഗജേന്ദ്ര ചൗഹാന്‍ മതി’ എന്നാണവര്‍ പറയുന്നത്. അതൊരുതരം പരിഹസിക്കലാണ്.

രാ: അക്കാദമിക് / ആര്‍ട്ട് സ്ഥാപനങ്ങളുടെ തലപ്പത്ത് വീണ്ടും വീണ്ടും അജണ്ട സംരക്ഷകരെ നിയമിക്കുന്ന രീതി വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്?

രാ: നിങ്ങളെന്ത് കരുതി അവര്‍ മണ്ടത്തരങ്ങള്‍ കാണിക്കുകയാണെന്നോ? ബുദ്ധിപൂര്‍വമായ കളിയാണ് നടക്കുന്നത്. പാവകളെ മുന്‍നിര്‍ത്തി അവരുടെ അജണ്ട പ്രചരിപ്പിക്കുകയാണ്. FTII സമരം നൂറുദിവസം പിന്നിട്ടിട്ടും ജയിച്ചത് അവര്‍ തന്നെയല്ലേ. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും നിങ്ങള്‍ നോക്കി കണ്ടോളൂ, അവരിത് തുടരും, ക്രമേണ നമ്മളവര്‍ക്കു വിധേയരാകും.

രാ: രാഷ്ട്രീയമായല്ലേ അവര്‍ ഉഡ്ത പഞ്ചാബിനെ നേരിട്ടത്?

രാ: അതെ. ആ സിനിമയെ എതിര്‍ക്കാതെ അവര്‍ക്ക് പറ്റില്ലായിരുന്നു. അടുത്ത വര്‍ഷം പഞ്ചാബില്‍ തെരഞ്ഞെടുപ്പമാണ്. അവിടെ ആം ആദ്മി പാര്‍ട്ടി മുന്നേറി വരുന്നുണ്ട്. അകാലിദളിനെ സഹായിക്കാതിരിക്കാന്‍ ബിജെപിക്ക് പറ്റില്ല. ബിജെപി-അകാലിദള്‍ ബന്ധത്തിന് ചുക്കാന്‍ പിടിക്കുന്നത് അരുണ്‍ ജയ്റ്റ്‌ലിയാണ്. ഉഡ്താ പഞ്ചാബിനെതിരെയുള്ള നീക്കത്തിനു പിന്നില്‍ വലിയ political implementation ഉണ്ടായിരുന്നു.

പത്തുവര്‍ഷമെങ്കിലും ബിജെപിക്ക് ഭരണത്തില്‍ പിടിച്ചു നില്‍ക്കണം. അഞ്ചുവര്‍ഷം പോര അവര്‍ക്ക്. അതിനു സാധിച്ചാലേ അവരുടേതായ അജണ്ടകള്‍ കൃത്യമായി നടപ്പക്കാന്‍ കഴിയുകയുള്ളൂ. അതങ്ങനെ സംഭവിച്ചെന്നിരിക്കട്ടെ, എങ്കില്‍ ഇന്ത്യയില്‍ മറ്റൊരു ജനറേഷനെയായിരിക്കും നമ്മള്‍ കാണുക. നമുക്ക് മനസിലാകാത്ത കാര്യങ്ങളായിരിക്കും നടക്കുക. അതു തടയണമെങ്കില്‍ ഓരോ നിമിഷവും പ്രതിരോധിക്കണം.

രാ: ആ പ്രതിരോധം, അതില്‍ തന്നെയാണ് സംശയം, ഒരാള്‍ ഒറ്റയ്‌ക്കൊന്നും ശ്രമിച്ചിട്ട് കാര്യമില്ലല്ലോ?

രാ: ഒരു കാര്യവുമില്ല. ഒന്നിച്ചു നില്‍ക്കാന്‍ നമുക്ക് പറ്റുന്നുണ്ടോ? കഥകളി എന്ന സിനിമയ്‌ക്കെതിരെ നീക്കങ്ങള്‍ നടക്കുന്നുവെന്ന് കാണിച്ച് അതിന്റെ സംവിധായകന്‍ എന്നെ വിളിച്ചിരുന്നു. തിരുവനന്തപുരത്ത് ഫെഫ്കയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോണമെന്നുണ്ടായിരുന്നു, പറ്റിയില്ല. സിനിമകള്‍ക്കു വേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നു. പക്ഷേ സത്യസന്ധം ആയിരിക്കണം.

രാ: അങ്ങനെയല്ലെന്ന് തോന്നുന്നുണ്ടോ?

രാ: ഇപ്പോഴത്തെ കാര്യമല്ല. പൊതുവെ പറഞ്ഞതാണ്.

രാ: നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ ഐക്യദാര്‍ഡ്യപ്പെടലൊക്കെ പൊതുവെ കുറവാണെന്നത് വാസ്തവമല്ലേ?

രാ: അതാണ് നേരത്തെ പറഞ്ഞത്, ഒന്നിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. ഇപ്പോള്‍ തന്നെ കേന്ദ്രഭരണത്തില്‍ സന്തുഷ്ടരായ ഒരു സംഘം സിനിമാക്കാര്‍ ഇവിടെയില്ലേ. അവര്‍ സന്തോഷത്തോടെയാണിരിക്കുന്നത്.

രാ: കേരളത്തില്‍ ഇടതുപക്ഷം ഭരണത്തില്‍ എത്തിയിരിക്കുന്നു. മാറ്റങ്ങള്‍ ഇവിടെയെങ്കിലും ഉണ്ടാകില്ലേ?

രാ: നല്ല രീതിയില്‍ ഭരിക്കാനാണു തീരുമാനമെങ്കില്‍ പലതും ചെയ്യാന്‍ പറ്റും. ഇടതുപക്ഷത്തിന് അതിനുള്ള കഴിവുണ്ട്. യോഗ്യരായ ആളുകളുണ്ട്. പക്ഷേ പാര്‍ട്ടയിലെ wrong force അത് take over ചെയ്യാതിരുന്നാല്‍ മതി. അങ്ങനെയൊരു വിഭാഗം പാര്‍ട്ടിയിലുണ്ട്. അവരൊന്നു മാറിനില്‍ക്കണം.

രാ: വിശ്വസിക്കാമെന്നു കരുതിയവരില്‍ പോലും പ്രതീക്ഷവയ്ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടല്ലേ?

രാ: എന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു തുടങ്ങിയത് തെരഞ്ഞെടുപ്പിന് മുമ്പ് എറണാകുളത്ത് സ്ഥാപിച്ചിരുന്ന ഒരു ഹോര്‍ഡിംഗ്‌സ് കണ്ടപ്പോഴാണ്; എല്‍ഡിഎഫ് വരും എല്ലാം ശരിയാകും. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യേണ്ട പരിപാടിയാണോ ഇത്?

എങ്കിലും കേരളത്തില്‍ നമുക്ക് ഇറങ്ങിനടക്കാനുള്ള സ്വാതന്ത്ര്യം ഉള്ളത് ഇടത് രാഷ്ട്രീയം ഉള്ളതു കൊണ്ടു തന്നെയാണ്. കോണ്‍ഗ്രസിനെയും മാറ്റി നിര്‍ത്തേണ്ടതില്ല.



രാ:
മോശം രാഷ്ട്രീയത്തെ വിമര്‍ശിക്കേണ്ടത് രാഷ്ട്രീയക്കാര്‍ മാത്രമല്ലല്ലോ, ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കുമൊക്കെ ആകാവുന്നതാണ്?

രാ: കഴിഞ്ഞ ഇരുപതു കൊല്ലമായി നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ബുദ്ധിജീവികളെ കൊണ്ട് നമുക്ക് എന്തു പ്രയോജനമാണ് ഉണ്ടായിരിക്കുന്നത്? അതില്‍ കൂടുതല്‍ ഗുണം ചെയ്തത് കിസ് ഓഫ് ലൗവ് സമരക്കാരാണ്. പരസ്പരം മനസിലാകാത്ത ഭാഷയില്‍ അങ്ങോട്ടുമിങ്ങോട്ടും ഡയലോഗ് അടിക്കുന്നവരെ കൊണ്ട് സാധാരണക്കാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? നമ്മുടെ ബുദ്ധിജീവികളെ നമുക്ക് ബോറടിച്ചു തുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ അവര്‍ നിസഹായരായിരിക്കാം. എന്നിരുന്നാലും അവരൊട്ടും ബോള്‍ഡ് അല്ല. എന്തിനെ പേടിച്ചിട്ടാണെന്നറിയില്ല, പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറയുന്നില്ല.

എത്രയൊക്കെ വിഷയം നടന്നു. നമുക്ക് എത്ര പേരുകേട്ട എഴുത്തുകാരുണ്ട്. ആരാണ് മിണ്ടിയത്. എല്ലാവരും മൗനത്തിലാണ്. മോദിയുടെ മൗനത്തേക്കാള്‍ ഭീകരമാണ് അവരുടെ മൗനം. ഇതൊക്കെ പറയുമ്പോഴും മറ്റിടങ്ങളേക്കാള്‍ ഭേദം കേരളം തന്നെയാണ്.

രാ: ഇതേ ബുദ്ധിജീവികളില്‍ പെട്ടവരും ആക്ടിവിസ്റ്റുകളും കമ്മട്ടിപ്പാടത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു?

രാ: വിമര്‍ശനങ്ങള്‍ ഉണ്ടാകട്ടെ, സന്തോഷമേയുള്ളൂ. കമ്മട്ടിപ്പാടത്തിനെതിരെ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഒറ്റ ഫോണ്‍ കോളിലൊക്കെയാണ് സിനിമയ്ക്ക് പണി തരുന്നത്.

രാ: സെന്‍സര്‍ ബോര്‍ഡിന്റെ വകയും?

രാ: അവരെ കുറിച്ച് ഒന്നും പറയുന്നില്ല. ഒരു പ്രശ്‌നം എന്താണെന്നുവച്ചാല്‍ എ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ട് സാറ്റ്‌ലൈറ്റ് റൈറ്റ് പോകാന്‍ പ്രയാസമാണ്. സാറ്റ്‌ലൈറ്റ് പോയിരുന്നെങ്കില്‍ ഞാന്‍ മാന്യമായി ഇപ്പോള്‍ അടുത്ത പടം പിടിക്കാന്‍ തുടങ്ങിയേനെ. ഇതിപ്പോള്‍ ഞാന്‍ വീണ്ടും ബോംബെയില്‍ പോയി പണിയെടുക്കേണ്ട അവസ്ഥയാണ്. കടംവീട്ടാന്‍ ഞാനിപ്പോള്‍ ബോംബെയിലെത്തി പണി തുടങ്ങുകയും ചെയ്തു. പക്ഷേ ഞാന്‍ വിടില്ല. എന്തായാലും ഇറങ്ങിത്തിരിച്ചു.

രാ: ഒറ്റയ്‌ക്കോ?

രാ: ഇവിടെ സംഘം ചേരല്‍ കുറവാണ്. ആള്‍ക്കാര്‍ തമ്മില്‍ പ്രശ്‌നമാണ്. ഈഗോ. സുഹൃത്തുക്കളാണെങ്കിലും പ്രൊഫഷണല്‍ ആയിക്കഴിഞ്ഞാല്‍ ഈഗോ ഉണ്ടാവുകയാണ്.

രാ: അതു മാറേണ്ടതല്ലേ… സിനിമയുടെ വളര്‍ച്ചയ്ക്ക് സംഘം ചേരല്‍ അത്യാവശ്യമാണ്?

രാ: ഉം… കഥകളി എന്ന സിനിമയുടെ പ്രശ്‌നം അതില്‍ നായകന്റെ പിന്‍ഭാഗത്തിന്റെ നഗ്നതപ്രദര്‍ശനം ഉണ്ടെന്നതല്ലേ, ശേഷം എന്ന സിനിമയില്‍ പത്തിരുപതുപേര്‍ ചന്തി കാണിച്ചു പോകുന്ന സീനുണ്ടല്ലോ! അന്നതു പ്രശ്‌നമല്ലായിരുന്നു. നഗ്നത അശ്ലീലമല്ലെന്നും അശ്ലീലമെന്താണെന്നും മനസിലാകാത്തതിന്റെ കുഴപ്പമാണ്…

 

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ് )

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍